UPDATES

വായന/സംസ്കാരം

ചേറിൽ വിരിയുന്ന ജീവിതങ്ങള്‍ക്ക് ഒരു ‘ആവർത്തന പുസ്തകം’

അശോകന്റെ ഈ നോവല്‍ ദാലിനെക്കുറിച്ചും അവിടുത്തെ പുലയ മിഷനെക്കുറിച്ചും പുലയ മിഷനിലൂടെ ക്രിസ്ത്യാനികളായി പരിവർത്തിതരായവരെക്കുറിച്ചുമാണ്

കെ എ ആന്റണി

കെ എ ആന്റണി

‘ഞങ്ങളുടെ മഞ്ഞ പുസ്തകം’ എന്ന ആദ്യ നോവലിലൂടെ വായനക്കാർക്കു മുന്‍പിൽ വേറിട്ട ആഖ്യാന ശൈലിയിലൂടെ ഗഹന ചിന്തയുടെയും പുതിയ വായനയുടെയും വാതിൽ തുറന്നിട്ട അശോകന്റെ ഏറ്റവും പുതിയ നോവലാണ് ഡി സി ബുക്സ് അടുത്തിടെ പുറത്തിറക്കിയ ‘ആവർത്തന പുസ്തകം’.  പുസ്തകത്തിന്റെ പേരിനെക്കുറിച്ചു ആമുഖ കുറിപ്പിൽ അശോകൻ ഇങ്ങനെ പറയുന്നു: “ഈ നോവലിന് ആവർത്തന പുസ്തകം എന്ന പേര് സ്വീകരിച്ചത് അതേ പേരിലുള്ള ബൈബിൾ പാഠത്തിൽ നിന്നാണ്. അതുകൊണ്ടുതന്നെ ആവർത്തന പുസ്തകം എന്ന പേര് അനുകരണമോ അനുവർത്തനമോ ആണ്. ബൈബിൾ പഴയ നിയമത്തിലെ പഞ്ചപുസ്തകങ്ങളിൽ അഞ്ചാമത്തേതാണ് ആവർത്തന പുസ്തകം. ആവർത്തന പുസ്തകത്തിൽ നിയമമാണ് ആവർത്തിക്കപ്പെടുന്നത്. ആയതുകൊണ്ട് നിയമാവർത്തന പുസ്തകം എന്ന പേരുകൂടി അതിനെ ഉചിതമാക്കുന്നുണ്ട്. ആവർത്തന പുസ്തകത്തിന്റെ ഉള്ളടക്കം ജാതികൾക്കും വംശങ്ങൾക്കും മേലുള്ള ദൈവീക ഉടമ്പടികൾ, കല്പനകൾ, നിയമങ്ങൾ ഇവയുടെ ആവർത്തനവും വിശദീകരണവും നടപ്പാക്കലുമാണ്. നിയമ ദാതാവും നായകനുമായ മോശ പ്രവാചകനാണ് അതങ്ങനെ ചെയ്യുന്നത്.

ഈ പുസ്തകം ദാലിനെക്കുറിച്ചും അവിടുത്തെ പുലയ മിഷനെക്കുറിച്ചും പുലയ മിഷനിലൂടെ ക്രിസ്ത്യാനികളായി പരിവർത്തിതരായവരെക്കുറിച്ചുമാണ്. ഇത് എഴുതുന്നതിനുള്ള കഥാ വസ്തുക്കൾ അന്വേഷിച്ചു ദാലിലേക്കു ചെന്ന എനിക്ക് അവിടെനിന്നും ആദ്യം കേൾക്കാനായത് ‘ഫാദർ കൈറോണി ഞങ്ങൾക്ക് മോശയാണ്’ എന്ന വിധി വാചകമായാണ്. അശോകന്റെ ആമുഖത്തിൽ നിന്നും പുറത്തു കടന്നു നോവലിലേക്കു നേരിട്ട് കടക്കുമ്പോൾ അനുഭവ വേദ്യമാകുന്നത് ചരിത്രത്തിൽ കൃത്യമായും വ്യക്തമായും രേഖപ്പെടുത്തപ്പെടാതെ പോയ ഒരു പറ്റം ആളുകളുടെ ജീവിത കഥയാണ്. ആ കഥ മിത്തുകളാലും സ്വപ്നങ്ങളാലും ജീവിത യാഥാർഥ്യങ്ങളായാലും ധന്യമായ ഒന്നാണ്. ആ കഥയിലൂടെ വായനക്കാരന് മുൻപിൽ പ്രത്യക്ഷപ്പെടുന്നവരിൽ ദാലിലെ പഴയകാല പുലയർ ഉണ്ട്. അവരെ മതപരിവർത്തനം നടത്താനായി ഇറ്റലിയിൽ നിന്നുമെത്തിയ മിഷനറിമാരും അവർക്കു അകമ്പടി സേവിച്ച കന്യാസ്ത്രികളുമുണ്ട്. അതിനുമപ്പുറം ദാലിലെ പുലയർ ആദ്യമായി രുചിച്ചും കണ്ടും അറിഞ്ഞ അക്ഷര വെളിച്ചത്തിന്റെ പൊൻ തിളക്കമുണ്ട്.

ദാൽ സ്ഥിതിചെയ്യുന്നത് പഴയങ്ങാടി പുഴക്ക് തെക്കുമാറിയുള്ള താഴ് നിലത്താണ്. കണ്ണൂരിലെ പഴയ ചിറക്കൽ ദേശത്തിന്റെ ഭാഗമാണത്. ഏറ്റിറക്ക വെള്ളത്തിൽ തെളിഞ്ഞും മറഞ്ഞും കാണപ്പെടുന്ന ചെളിമ്പ്രദേശമായ കൈപ്പാട് പൊറ്റയുടെ സമുച്ചയമായിരുന്നു ഒരുകാലത്ത് അത്. ഇറ്റലിയിൽ നിന്നും വന്ന മിഷനറിമാർ ചിറക്കൽ പുലയ മിഷന് ആരംഭം കുറിച്ചത് ദാലിലായിരുന്നു. ഫാദർ കൈറോണിയുടെയും സഹ മിഷനറിമാരുടെയും കാർമികത്വത്തിൽ 1930 കളുടെ തുടക്കത്തിൽ ആയിരുന്നു അത്. ദാലിലും പരിസര പ്രദേശത്തുമുള്ള പന്ത്രണ്ടു പുലയർ പുലയ മിഷനിലൂടെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു. അശോകൻ തന്നെ സൂചിപ്പിക്കുന്നതുപോലെ ജാതി മർദ്ദനത്തിന്റെയും ബഹിഷ്കൃത ജീവിതത്തിന്റെയും ഭൂത വർത്തമാനങ്ങളെ നേരിടാനും ജയിക്കാനുമുള്ള പുറപ്പാടായിരുന്നു അവർക്കു മത പരിവർത്തനം.
അശോകൻ ആവർത്തന പുസ്തകത്തിലൂടെ വായനക്കാരന് മുന്നിൽ വരച്ചിടുന്ന ദാൽ താഴ് നിലമാണ്. (ഇന്നും ദാൽ ഏതാണ്ടങ്ങനെയൊക്കെ തന്നെ). പുഴക്കരെ നിന്നുമാറി തോടുകളും നിരാ പൊറ്റയും എക്കൽ വിശറികളും കൈപ്പാട് പൊറ്റകളും നിറഞ്ഞ ചെളിമ്പ്രദേശമായി അത് വിസ്തരിച്ചു കിടക്കുന്നു. നോവലിസ്റ്റിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ അതിനാകെ വലിയൊരു ചതുപ്പളത്തിന്റെയും ഭാവമാണ്. “അവിടുത്തെ പുലയർ അതിന്റെ ഭാഗമോ അതുതന്നെയോ ആയിരുന്നു സംഭരിച്ചു വെക്കാത്ത, ജീവനത്തിനുമാത്രമെടുക്കുന്ന നീതിയിലായിരിക്കണം അവർ ഭൂതകാലത്തു ജീവിച്ചിട്ടുണ്ടാവുക. ഏതൊരു ചതുപ്പളത്തെയും പോലെ ദാലിലെ അമ്ല രസമുള്ള ചെളിക്കും അതിനടിയിൽ ആളുകളെയും വസ്തുക്കളെയും ആയിരക്കണക്കിന് വർഷങ്ങൾ അഴുകാതെ സൂക്ഷിച്ചു വെക്കാനുള്ള കഴിവുണ്ട്.”

നോവൽ ആരംഭിക്കുന്നത് തന്നെ ഒരു മാലാഖയെ പണി പൂർത്തിയായി വരുന്ന പള്ളിമേടയിലേക്കു വടം കെട്ടി വലിച്ചു ഉയർത്താൻ നടത്തുന്ന ശ്രമത്തിനിടയിൽ കല്ലേൻ തോമസ് കുതിച്ചു പാഞ്ഞു പോയ ഒരു തീവണ്ടി ഉണ്ടാക്കിയ ഭൂമികുലുക്കത്തിൽ മാലാഖക്കു അടിപ്പെട്ട് അബോധാവസ്ഥയിൽ ആകുന്നിടത്തു നിന്നാണ്. കല്ലേൻ തോമസ് ദാലിൽ നിന്നും ആദ്യമായി മതപരിവർത്തനം നടത്തപ്പെട്ട പതിനാറു പുലയരിൽ ആദ്യത്തെ ആളാണ്. അയാളെയും മാലാഖയെയും ഒരുമിച്ചു വീഴ്ത്തിയതാവട്ടെ ഫെർണാഡോ എന്ന എൻജിൻ ഡ്രൈവറും.

“വണ്ടിയുടെ വേഗം നിലത്തെയും പള്ളിമേടയെയും വിറപ്പിച്ചു. അതിന്റെ കൂക്കുവിളയിൽ ആളുകൾ ഭ്രമിച്ചു. എറിഞ്ഞുവന്ന അതിന്റെ വേഗത്തിലും കൂക്കുവിളിയിലും മേടയിൽ നിന്നവരുടെ കൈകളിൽ ബലമറ്റുപോയി. അവരുടെ കൈകളിൽ മുകളിലേക്ക് മരക്കപ്പിവഴി വലിച്ചുയർത്തിയ കയർ അയഞ്ഞു. ഭാരക്കുറവിൽ അവർ താഴേക്ക് വീഴാനോങ്ങി. കെട്ടഴിഞ്ഞ കയർ വിട്ടു മാലാഖ താഴേക്കു കുതിച്ചു. മാലാഖയുടെ നീട്ടിപ്പിടിച്ച ഉതുകുഴലും പാതിവിരിച്ച ചിറകും കുതിപ്പിന് കനമേകി. കുതിപ്പിൽ അതിന്റെ ദേഹത്ത് ഉച്ചവെയിൽ തിളങ്ങി. അതിന്റെ വെട്ടുന്ന വെള്ളിവെളിച്ചത്തിൽ താഴെ കണ്ടുനിന്നവരുടെ കണ്ണറച്ചു. അറച്ചുനിന്ന തോമയുടെ മേലെ മാലാഖ കൊണ്ട് പതിച്ചു. വിറപ്പിച്ചു പാഞ്ഞു പോയ വണ്ടിക്കകത്തുനിന്നു ഫെർണാഡോ പള്ളി ഗോപുരത്തിലേക്ക് നോക്കുകയുണ്ടായി. അതിൽപിന്നെ അയാൾ തന്റെ വട്ട തൊപ്പി തലയിൽ നിന്നുയർത്തി പള്ളിക്കുനേരെ ഒരിട തല കുനിച്ചു പിൻവാങ്ങി. പള്ളിസ്ഥലം പിന്നിട്ടപ്പോൾ ഫെർണാഡോവിന് മനസ്സിൽ അയവു തോന്നി. ഫെർണാഡോ ആഗ്രഹിക്കുന്നവനും അത് നിവർത്തിച്ചു കിട്ടാൻ സാഹസപ്പെടുന്നവനുമാണ്. എൻജിന്റെ കുതിപ്പും വേഗവുംകൊണ്ട് ചതുപ്പുനിലത്തെ വിറപ്പിക്കുക. അതിന്റെ വിറയലിൽ ഗോപുരമണിയുടെ ഒച്ച കേൾപ്പിക്കുക. അതിനാണവൻ വണ്ടിയെ ഇരപ്പിച്ചു സാഹസപ്പെട്ടത്. രണ്ടു നദികൾക്കിടയിലെ പ്രദേശമാണ് അതെന്ന് ഫെർണാഡോവിനറിയാം.ആദ്യ നദി കടന്നു ആറ് ഫർലോങ്, പിന്നെ പാടവും ചതുപ്പും ഉയർത്തിയാണ് പാളമിട്ടത്. ബോഗിയില്ലാത്ത എഞ്ചിൻ മെത്രാൻ ഇരപ്പിച്ചു ഓടിച്ചാലും നിലം കുടുങ്ങും “

അതേ; അത് തന്നെയാണ് ഫെർണാഡോ ചെയ്തതും. അയാളുടെ ഭ്രാന്തൻ ചിന്ത ഉണ്ടാക്കിയ പുകിലുകളിൽ നിന്നുമാണ് അശോകന്റെ ആവര്‍ത്തന പുസ്തകത്തിന്റെ തുടക്കം.
പുതുതായി വന്ന ഇറ്റാലിയൻ മിഷനറി ഫാദർ ലംബോർഡിക്ക് തോന്നിയത് അതൊരു ഭൂകമ്പമാണെന്നാണ്. വിഭ്രാന്തികൾക്കൊടുവിൽ അയാൾ കാണുന്നത് മാലാഖയും തോമയും ചേർന്ന് കിടക്കുന്നതാണ്. “കാഴ്ചക്ക് വെള്ളിയും കരിയും എന്ന് രണ്ടിനെയും വേർതിരിക്കാം” എന്ന ചുരുക്കെഴുത്തിലൂടെ അശോകൻ പുലയനെയും ഇറ്റലിക്കാരെയും വേറിട്ട വായനക്ക് രൂപപ്പെടുത്തി തരുന്നുണ്ട്.

പുളിയും കരിയും അമ്ല രസവും ഒരുമിച്ചു ഊറിയടിഞ്ഞ മണ്ണിൽ ഉരുകുന്നതത്രയും ദാലിലെ പുലയരുടെ ആദ്യ അമ്മ കരിഞ്ചയും, മകൾ ചെറിയ കരിഞ്ചയും മീൻ തേടിയിറങ്ങി ഒടുവിൽ മീനായി മാറിയ കരിന്തനും അവന്റെ പൂച്ചയും മാത്രമല്ല; മീൻ കൊത്തി പക്ഷിയും അത് നട്ട മരങ്ങളും അവയുടെ വേരുകൾക്കിടയിൽ മുട്ടയിട്ടു വിരിയുന്ന മീന്‍കുഞ്ഞുങ്ങളും മാത്രമല്ല ദാലിലെ പുലയർക്കു സുവിശേഷ വെളിച്ചം കാട്ടാൻ ഇറ്റലിയിൽ നിന്നുമെത്തി ഒടുവിൽ അവർക്കിടയിൽ അതെ ചതുപ്പിൽ അന്ത്യ വിശ്രമം സാധ്യമാക്കിയ ഫാദർ കൈറോണിയും (നോവലിൽ ഫാദർ ബർഗ്മാസ്കോ) ഉണ്ട്. അശോകൻ വിഭാവനം ചെയ്യും പോലെ അവരിൽ പലരും ഓര്‍മ്മകളായും ഓര്‍മ്മ മരങ്ങളായും നോവലിൽ ഫാദർ ബർഗ്മാസ്കോയെ മീൻ ചുട്ടു തീറ്റക്കായി തോണി തുഴഞ്ഞു കൊണ്ട് നടക്കുന്ന നോച്ചി വിഭാവനം ചെയ്യുന്ന ഒരു നൂറു മത്സ്യ, മനുഷ്യ, പറവ അവതാരങ്ങളും അവരുടെ ഒരിക്കലും മായാത്ത ഓർമകളും അവതാരങ്ങളുമായി ദാലിലെ ചെളിയിൽ ഉയിർത്തെണീൽപ്പു കാത്തു കഴിയുന്നുണ്ട്.

കല്ലേൻ തോമസിൽ നിന്ന് കല്ലേൻ പൊക്കുടനിലേക്കു എത്ര ദൂരം എന്ന് നോവൽ പറയുന്നില്ല. എങ്കിലും ദാലിലെ പുലയ ഇല്ലപ്പേരുകളിൽ കല്ലേൻ എന്ന പേര് മുഴച്ചു നിൽക്കുന്നുണ്ട്. ദാലിലെ നീരാപൊറ്റയിൽ ജീവനൊടുക്കിയ ഇരട്ടകളിൽ ഒരുവളായ ജസീന്തയുടെയും അമേരിക്കയിലേക്ക് കടൽ കടന്നു ഏകാന്തതയിൽ മരിച്ച ഇറ്റലിക്കാരി എൽവിര നോതാരിയുടെയും ഓര്‍മ്മക്കു മുന്നിലാണ് അശോകൻ തന്റെ ആവർത്തനപുസ്തകം സമർപ്പിക്കുന്നത്.

ഭാഷയുടെ കാര്യത്തിൽ അശോകൻ പതിവ് തെറ്റിക്കുന്നില്ല. ഡി സി നോവൽ കാർണിവൽ അവാർഡിന് പരിഗണിക്കപ്പെട്ട തന്റെ പ്രഥമ നോവലായ ‘ഞങ്ങളുടെ മഞ്ഞ പുസ്തക’ത്തിലൂടെ ആരംഭിച്ച അതെ പരീക്ഷണം തന്റെ ഈ നാലാമത്തെ നോവലിലും അശോകൻ വിജയകരമായിത്തന്നെ നടത്തിയിരിക്കുന്നു എന്ന് തന്നെ വേണം കരുതാൻ.
ദാലും കണ്ണൂരും അവിടുത്തെ ജീവിതങ്ങളും മാത്രമല്ല ഇറ്റലിയും അവിടുത്തെ ജീവിതവും പുക്സിനിയുടെ ‘ മാഡം ബട്ടർഫ്ളൈ’ എന്ന ഓപെറേയും മാലാഖ പുസ്തകവും ഒക്കെ നോവലിൽ കടന്നുവരുന്നുണ്ട്. കല്ലേൻ തോമയും മാലാഖയുംകെട്ടി മറിഞ്ഞു വീഴുന്നിടത്തു നിന്നും ആരംഭിച്ചു തോമയുടെ മരണം അവന്റെ ഇരട്ടക്കുട്ടികളിൽ ഒരാളായ ജെസീന്തയുടെമരണം കൊറ്റിയെ പ്രണയിച്ച കാരിഞ്ച ഫാദർ ലൊംബാർഡിയുടെ മാലാഖാ ചിന്തകൾ എന്നിങ്ങനെ പുരോഗമിച്ചു ഒടുവിൽ ഫാദർ ബർഗ്മാസ്കോയുടെ മരണത്തിൽ അവസാനിക്കുന്ന അശോകന്റെ കഥ പറച്ചിലിന് ദാലിലെയുംഏഴോത്തെയുമൊക്കെ കൈപ്പാടുകളിലെ ചേലൊത്ത ഒഴുക്കുണ്ട്. കവിത തുളുമ്പുന്ന ഭാഷയ്ക്ക് തെയ്യത്തിന്റെ തോറ്റവുംആദിമ മലയാള ബൈബിൾ ഭാഷയും ലയിച്ചുണരുന്ന ചന്തവുമുണ്ട്.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍