X

കോണ്‍ഗ്രസുകാരേക്കാള്‍ മാന്യരായ സിപിഐഎമ്മുകാര്‍ ചെറിയാന് നല്‍കിയ പരിഗണന

കെ എ ആന്റണി 

നിയമസഭയിലേക്ക് മത്സരിച്ച് ഒരു വട്ടം കൂടി തോല്‍ക്കാന്‍ ഒരുക്കമല്ലെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞതിന് പലരും പല തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ നല്‍കിയേക്കാം. എന്നാല്‍ ചെറിയാന്‍ തന്റെ ഫേസ് ബുക്കില്‍ കുറിച്ച വരികളില്‍ ഒരു യഥാര്‍ത്ഥ ഗാന്ധിയന്റെ കാപട്യമില്ലായ്മ തെളിഞ്ഞു നില്‍ക്കുന്നു.

“അഞ്ചാമത് തവണ തോല്ക്കാന്‍ മനസില്ലാത്തതിനാല്‍ ഒരിക്കലെങ്കിലും നിയമസഭാംഗം ആകാനുള്ള മോഹം ഞാന്‍ ഉപേക്ഷിച്ചിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ‘മോഹമുക്തനായ കൊണ്ഗ്രസുകാരന്‍’ എന്ന് ഇ എം എസ് എന്നെ വിശേഷിപ്പിച്ചത് ഇപ്പോള്‍ അന്വര്‍ത്ഥമായി. ജീവിതത്തിന്റെ മുഖ്യഭാഗവും എം എല്‍ എ ഹോസ് റ്റലിന്റെ ഇടനാഴികളില്‍ കഴിഞ്ഞത് കൊണ്ടാകാം എം എല്‍ എ ആകാനുള്ള യോഗം ഇല്ലാതെ പോയത്. കര്‍മ്മശേഷി നശിക്കാത്തിടത്തോളം കാലം കേരളത്തിന്റെ പൊതുജീവിതത്തില്‍ തലയുയര്‍ത്തി നില്ക്കും. ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ക്കു വേണ്ടി പ്രതികരിച്ചു കൊണ്ടിരിക്കും”, ഇത്രയുമാണ് ചെറിയാന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ചെറിയാന്റെ ഈ വരികള്‍ ശ്രദ്ധിച്ച് വായിച്ചാല്‍ അതില്‍ ഒരു കുറ്റസമ്മതം കൂടി നിഴലിക്കുന്നുണ്ടെന്ന് കാണാം. ഒരു തവണയെങ്കിലും എംഎല്‍എ ആകണമെന്ന് താന്‍ വല്ലാതെ മോഹിച്ചിരുന്നുവെന്ന് ചെറിയാന്‍ തുറന്ന് പറയുന്നു. എംഎല്‍എ മോഹം പൊലിഞ്ഞ് പോയതിലുള്ള നിരാശ മറച്ചു വയ്ക്കുന്നുമില്ല. വിജയസാധ്യതയുള്ള ഒരു സീറ്റിനുവേണ്ടി ഇത്തവണയും ചെറിയാന്‍ ആഗ്രഹിച്ചിരുന്നുവെന്നത് സത്യമാണ്. ചില ചാനലുകളിലൂടെ ഇക്കാര്യം അദ്ദേഹം തുറന്നു പറയുകയും ചെയ്തിരുന്നു. കോണ്‍ഗ്രസില്‍ നിന്നും വന്ന തനിക്ക് ഒരു ഉറച്ച സീറ്റ് നല്‍കുന്നതില്‍ സിപിഐഎം നേതൃത്വത്തിനുള്ള പരിമിതി ചെറിയാന് നന്നായി അറിയാം. അതുകൊണ്ട് തന്നെയാണ് ഇപ്പോള്‍ ഈ പിന്‍മാറ്റവും.

പാര്‍ലമെന്ററി മോഹത്തിന്റെ വലയത്തില്‍ പത്തരമാറ്റ് സഖാക്കള്‍ പോലും കുടുങ്ങിക്കിടക്കുമ്പോള്‍ ചെറിയാന്റെ ഈ തുറന്നു പറച്ചിലിനും പിന്‍മാറ്റത്തിനും ഏറെ പ്രസക്തിയുണ്ട്. ഒരു യഥാര്‍ത്ഥ ഗാന്ധിയന്റെ പാതയാണത്. ഇടതു സഹയാത്രികന്‍ കൂടിയായ ചെറിയാന്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ജനങ്ങളെ സേവിക്കാന്‍, സമൂഹത്തിന് നന്മ ചെയ്യാന്‍ ഒരാള്‍ എംഎല്‍എയോ എംപിയോ മന്ത്രിയോ ആകേണ്ടതില്ലെന്ന തിരിച്ചറിവ് കൂടിയാണ് ചെറിയാന് ഉണ്ടായിരിക്കുന്നത്. തന്റെ ഫേസ്ബുക്കിലൂടെയും ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നുവെന്ന ചാനല്‍ പരിപാടിയിലൂടെയുമൊക്കെ പൊതുജന നന്മയ്ക്കുവേണ്ടി അദ്ദേഹം പ്രവര്‍ത്തിക്കുകയും പ്രതികരിക്കുകയും ചെയ്യട്ടേയെന്ന് ആശംസിക്കുന്നു.

ഇതാദ്യമായല്ല ചെറിയാന്‍ സത്യസന്ധത കാട്ടുന്നത്. ഒരു കാലത്ത് എകെ ആന്റണിയുടേയും ഉമ്മന്‍ചാണ്ടിയുടേയും വിശ്വസ്തനായിരുന്ന ചെറിയാന്‍ കെ കരുണാകരനെ ഏറെ ദ്രോഹിച്ചിട്ടുണ്ട്. ഇക്കാര്യം തുറന്നു പറയാനും തന്റെ അപരാധങ്ങള്‍ക്ക് കരുണാകരനോട് മാപ്പ് ചോദിക്കാനുമുള്ള ആര്‍ജ്ജവം ചെറിയാന്‍ ഫിലിപ്പ് കാണിച്ചു.

1953-ല്‍ ചെങ്ങന്നൂരില്‍ ജനിച്ച ചെറിയാന്‍ ഫിലിപ്പ് കെ എസ് യുവിലൂടെയാണ് രാഷ്ട്രീയത്തില്‍ എത്തിയത്. തിരുവനന്തപുരം സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് 1967-ല്‍ കെ എസ് യുവിന്റെ സ്‌കൂള്‍ യൂണിറ്റ് പ്രസിഡന്റായിട്ടാണ് തുടക്കം. അന്ന് ഉമ്മന്‍ചാണ്ടിയായിരുന്നു കെ എസ് യു സംസ്ഥാന പ്രസിഡന്റ്. 1974-ല്‍ കേരള സര്‍വകലാശാല യൂണിയന്‍ സെക്രട്ടറിയും സെനറ്റ് അംഗവും തുടര്‍ന്ന് അങ്ങോട്ട് കെ എസ് യുവിന്റെ ജനറല്‍ സെക്രട്ടറി മുതല്‍ പ്രസിഡന്റ് വരെയായി. നിയമസഭ തെരഞ്ഞെടുപ്പില്‍ കന്നിയങ്കം കോട്ടയം മണ്ഡലത്തില്‍ നിന്നായിരുന്നു. 1991-ല്‍ സിപിഐഎം നേതാവ് ടികെ രാമകൃഷ്ണന് എതിരെ 3000-ത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. ആദ്യ തോല്‍വിക്കു ശേഷം രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമായ ചെറിയാന്‍ കേരള ദേശീയ വേദി എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു.

എകെ ആന്റണി, ഉമ്മന്‍ചാണ്ടി എന്നിവര്‍ക്കുവേണ്ടി കുഴലൂത്തു നടത്തുകയും കെ കരുണാകരനെ താഴ്ത്തിക്കെട്ടലുമായിരുന്നു സംഘടനയുടെ പ്രധാന ലക്ഷ്യം. ഇത്രയൊക്കെ ചെയ്തിട്ടും 1996-ലും 2001-ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ എ കോണ്‍ഗ്രസുകാര്‍ ചെറിയാനെ തീര്‍ത്തും അവഗണിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് 2001-ല്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് എതിരെ സ്വതന്ത്രനായി മത്സരിച്ചത്. ഇടതു മുന്നണി പിന്തുണച്ചിട്ടും തോല്‍ക്കാനായിരുന്നു വിധി. 2006-ല്‍ ഇടതു സ്വതന്ത്രനായി കല്ലൂര്‍പ്പാറയില്‍ മത്സരിച്ചുവെങ്കിലും കേരള കോണ്‍ഗ്രസ് എമ്മിലെ ജോസഫ് എം പുതുശേരിയോട് തോറ്റു. ഒടുവില്‍ 2011-ല്‍ വട്ടിയൂര്‍ക്കാവില്‍ ഇടതു സ്വതന്ത്രനായി കെ മുരളീധരനോടും പരാജയപ്പെട്ടു.

ഒരു തവണ പുറത്തു നിന്നും പിന്തുണച്ച സിപിഐഎം തുടര്‍ന്നു നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും ചെറിയാന് മത്സരിക്കാന്‍ സീറ്റ് നല്‍കി. കഴിഞ്ഞ ഇടതു സര്‍ക്കാര്‍ കാലത്ത് കെടിഡിസി ചെയര്‍മാന്‍ പദവി നല്‍കി.

2005-ല്‍ ഒരു യോഗത്തിന് ഇടയില്‍ കണ്ടുമുട്ടിയപ്പോള്‍ ചെറിയാന്‍ പറഞ്ഞു കോണ്‍ഗ്രസുകാരെക്കാള്‍ മാന്യന്‍മാരാണ് ഈ സിപിഐഎമ്മുകാര്‍. ഞാന്‍ പ്രതീക്ഷിച്ചതിലും വലിയ പരിഗണനയാണ് ഇവര്‍ എനിക്കു നല്‍കുന്നത്“.സത്യത്തില്‍ തനിക്ക് ഇതുവരെ നല്‍കി വന്നിരുന്ന പരിഗണന കൂടി കണക്കിലെടുത്താകണം ഉറച്ച സീറ്റിനുവേണ്ടിയുള്ള ശ്രമങ്ങള്‍ ഒന്നും നടത്താതെയുള്ള മാന്യമായ ഈ പിന്‍വാങ്ങല്‍.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

This post was last modified on March 22, 2016 12:41 pm