X

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്: നടപ്പിലാക്കുന്നത് രണ്ട് പതിറ്റാണ്ടിന് മുമ്പുള്ള നിര്‍ദ്ദേശം, ആദ്യം ഉയര്‍ന്നുവന്നത് കാര്‍ഗില്‍ യുദ്ധത്തിന് ശേഷം

സമാധാനകാലത്തു  മാത്രം ഉയര്‍ന്നുവരുന്ന ആവശ്യമാണ് ഇതെന്നും വിമര്‍ശനം

ഇന്ത്യയുടെ പ്രതിരോധ സംവിധാനം നിയന്ത്രിക്കുന്നതിന് മൂന്ന് സേനാവിഭാഗങ്ങള്‍ക്കും മുകളില്‍ ഒരു ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിനെ നിയമിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നത് രണ്ട് പതിറ്റാണ്ടുമുമ്പ്. കാര്‍ഗില്‍ യുദ്ധത്തിന് ശേഷം രൂപികരിച്ച റിവ്യു കമ്മിറ്റിയാണ് രാജ്യത്തിന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന തസ്തിക വേണമെന്ന് നിര്‍ദ്ദേശിച്ചത്. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന എല്‍ കെ അദ്വാനി ഈ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ തീരുമാനിച്ചെങ്കിലും പല കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഏകാഭിപ്രായം രൂപപ്പെടാത്തതും സേനയിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പുമാണ് ഇത് നടപ്പിലാക്കുന്നതിന് തടസ്സമെന്നായിരുന്നു റിപ്പോര്‍ട്ട്. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ ഇന്ത്യയ്ക്ക് ഒരു ചീഫ് ഡിഫന്‍സ് സ്റ്റാഫിനെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സുരക്ഷാ കാര്യങ്ങളില്‍ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും നേരിട്ട് ഉപദേശങ്ങളും വിവരങ്ങളും നല്‍കുന്നത് സിഡിഎസ് ആയിരിക്കും.

കാര്‍ഗില്‍ റിവ്യു കമ്മിറ്റി ശുപാര്‍ശകള്‍ക്ക് പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം നിയമിക്കപ്പെട്ട നരേഷ് ചന്ദ്ര കമ്മിറ്റിയും വിവിധ സേന വിഭാഗങ്ങളുടെ ഏകോപനത്തിന് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയെ നിയമിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.

“ഇന്ത്യയുടെ അഭിമാനമാണ് സേനാ വിഭാഗങ്ങള്‍. വിവിധ വിഭാഗങ്ങളുടെ ഏകോപനം മെച്ചപ്പെടുത്താന്‍ ചെങ്കൊട്ടയില്‍വെച്ചൊരു പ്രഖ്യാപനം നടത്തുകയാണ്. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായിരിക്കും ഇനി മുന്ന് സേനാ വിഭാഗങ്ങളുടെയും തലവന്‍” പ്രധാനമന്ത്രി പറഞ്ഞു.

കര, വ്യോമ, നാവിക സേനാ വിഭാഗത്തില്‍പ്പെട്ട ആരെയെങ്കിലുമായിരിക്കും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി നിയമിക്കുക. ദേശീയ സുരക്ഷ ആവശ്യങ്ങള്‍ക്ക് ഉതകും വിധമുള്ള തീരുമാനങ്ങള്‍ എടുക്കുക.

ഇപ്പോള്‍ ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ തലവന്‍ വ്യോമ സേനാ മേധാവി ബിരേന്ദ്ര സിങ് ധനോവയാണ്. എന്നാല്‍ അദ്ദേഹത്തിന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ അധികാരങ്ങളില്ല.

നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കര, നാവിക സേനകള്‍ ഇത്തരമൊരു തസ്തികയെ പൊതുവില്‍ അനുകൂലിച്ചപ്പോള്‍ വ്യോമ സേനയിലെ ഉദ്യോഗസ്ഥര്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു എന്നായിരുന്നു സൂചന. സേനാ വിഭാഗങ്ങളുടെ ഫലപ്രദമായ ഏകോപനത്തിന് ഇത്തരം ഒരു തസ്തികയും തിയേറ്റര്‍ കമാന്റ് എന്ന സംവിധാനവും ആവശ്യമാണെന്ന നിലപാടാണ് വിവിധ സേനാ മേധാവികള്‍ സ്വീകരിച്ചത്. രാജ്യത്തെ എല്ലാ മിലിട്ടറി സംവിധാനങ്ങളും നിയന്ത്രിക്കുന്നതിനുള്ള ഘടനാപരമായ സംവിധാനത്തെയാണ് സൈനിക ഭാഷയില്‍ തിയേറ്റര്‍ കമാന്റ് എന്ന് പറയുന്നത്.

ഇന്ത്യയുടെ പ്രതിരോധത്തിന് സേനാ വിഭാഗങ്ങളുടെ ഏകീകൃത സംവിധാനമാണ് ആവശ്യമെന്ന് പലരും ആവശ്യപ്പെട്ടപ്പോള്‍, അത്തരമൊരു പദവിയുടെ ആവശ്യമില്ലെന്ന് പറഞ്ഞ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമുണ്ട്. ഇക്കാര്യത്തില്‍ വ്യോമ സേന മേധാവികളാണ് പൊതുവില്‍ എതിരായ  നിലപാടെടുത്തത്. വ്യോമ സേനയുടെ എസ് കൃഷ്ണസ്വാമി, വ്യോമസേന വൈസ് അഡ്മിറല്‍ എയര്‍ മാര്‍ഷല്‍ വിനോദ് പറ്റ്‌നെ എന്നിവര്‍ ഇത്തരമൊരു സംവിധാനം ആവശ്യമില്ലെന്ന നിലപാടുകാരായിരുന്നു.

ഇന്ത്യന്‍ എക്‌സ്പ്രസില്‍ കഴിഞ്ഞ വര്‍ഷം എഴുതിയ ലേഖനത്തില്‍ സമാധാന കാലത്തുമാത്രം ഉയര്‍ന്നുവരുന്ന ആവശ്യമാണ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. യുദ്ധകാലത്ത് പരസ്പര ഏകീരണമില്ലാത്തതുകൊണ്ട് ഇന്ത്യയ്ക്ക് എന്തെങ്കിലും തിരിച്ചടി നേരിട്ടാതായി ആര്‍ക്കും ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കഴിഞ്ഞവര്‍ഷം എഴുതിയ ലേഖനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. യുദ്ധകാലങ്ങളില്‍ അങ്ങേയറ്റത്തെ ഏകോപനത്തോടെ മാത്രമെ ഇന്ത്യയിലെ വിവിധ സേനാവിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രീലങ്കയില്‍ ഇന്ത്യന്‍ സമാധാന സേനയുടെ പ്രവര്‍ത്തനങ്ങളില്‍ക്കിടയില്‍ ഉണ്ടായ പോരായ്മ ഏകോപന രാഹിത്യം മൂലമുണ്ടായതാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. കര-വ്യോമ സേനാ വിഭാഗങ്ങള്‍ തമ്മില്‍ ഏകോപനം ഇല്ലാത്തതുമൂലം സൈനികരുടെ ജീവനും യുദ്ധ സാമഗ്രികള്‍ക്കും നഷ്ടമുണ്ടായാതായി അന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

അതേസമയം പുതിയ സംവിധാനം കരസേനയ്ക്ക് മേധാവിത്വം കിട്ടുന്ന രീതിയിലായിരിക്കുമെന്ന സൂചനകളും ഉണ്ട്. ഏകീകൃത സംവിധാനത്തെ കുറിച്ചുള്ള പരമാര്‍ശത്തിനിടെ കരസേന മേധാവി ബിപിന്‍ റാവത്ത് ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. ‘ കരസേനയുടെ പ്രധാന്യം ഏകീകൃത സംവിധാനത്തില്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. നാവിക വ്യോമ സേനകള്‍ കരസേനയ്ക്ക് മികച്ച പിന്തുണ നല്‍കണം. എന്തു പറഞ്ഞാലും, വ്യോമ മേഖലയിലും കടലിലും ആധിപത്യം പുലര്‍ത്തിയാലും രാജ്യത്തിന്റെ കര അതിര്‍ത്തി സംരക്ഷണവും സുരക്ഷിതതവും ഉറപ്പുവരുത്തുകയാണ് ഏത് യുദ്ധത്തിന്റെയും ലക്ഷ്യം’ അദ്ദേഹം പറഞ്ഞു.

ഒന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ഉടനായിരുന്നു ബിപിന്‍ റാവത്തിന്റെ പ്രസ്തവാന.

ഇനി സുരക്ഷ കാര്യങ്ങളില്‍ പ്രധാനമന്ത്രിയെ ഉപദേശിക്കാന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവിന് പുറമെ ചിലപ്പോള്‍ അതേക്കാള്‍ പ്രാധാന്യമുള്ള മറ്റൊരു പദവി കൂടി ഉണ്ടാകുമെന്നത് കൂടിയാണ് പുതിയ പ്രഖ്യാപനത്തിന്റെ സവിശേഷത. ഇപ്പോഴത്തെ ദേശീയ സുരക്ഷ ഉപദേഷ്ടാവിന് ക്യാബിനറ്റ് മന്ത്രിയുടെ പദവിയാണുള്ളത്.

This post was last modified on August 15, 2019 3:17 pm