X

ചിന്താ ജെറോമിന്റെ മധുര മനോജ്ഞ ചൈനയും ചില സദാചാര സ്തുതിപാഠങ്ങളും

ചിന്താ ജെറോം ചൈനയില്‍ പോയിവന്നതിനു ശേഷം കൈരളി ഓണ്‍ലൈനില്‍ എഴുതിയ  ലേഖനം (നാധിപത്യത്തിന്റെ ചുംബനങ്ങള്‍; ചൈനയിലെ ആണ്‍-പെണ്‍ ജീവിതങ്ങള്‍ നടത്തുന്നത് പ്രണയത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും രണ്ടാം സാംസ്‌കാരിക വിപ്ലവം തന്നെ) കണ്ടു തരിച്ചിരിക്കുകയാണ്. ചൈനയില്‍ സ്ത്രീജീവിതങ്ങള്‍ ആഘോഷിക്കപ്പെടുന്നതിന്റെ കാഴ്ചകള്‍ ആണ് ചിന്ത ലേഖനത്തിലൂടെ പങ്കുവയ്ക്കുന്നത്. ഈ കുറിപ്പിനോടുള്ള എന്‍റെ ചില വിമര്‍ശനങ്ങള്‍ ആണ് ഇത്. സഖാവ് കെ.എൻ ബാലഗോപോൽ നയിച്ച പതിനഞ്ചംഗ പ്രതിനിധി സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായിട്ടായിരുന്നു ചിന്താ ജെറോം ചൈനയില്‍ എത്തിയത്.

ചിന്ത എഴുതുന്നു, “ചൈനയിലെ സ്ത്രീ-പുരുഷ ബന്ധങ്ങളിലെ സ്വാതന്ത്ര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്ന്‍ യാത്രയ്ക്കു മുൻപേ തീരുമാനിച്ചിരുന്നതാണ്. ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിലില്ലാത്തവണ്ണം ശക്തമായ സദാചാര പോലീസ് നിലവിലുള്ള കേരളത്തിൽ ജീവിക്കുന്നതുകൊണ്ടാകാം, ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രം ആൺ-പെൺ സൗഹൃദങ്ങളും പ്രണയ /ലൈംഗിക ജീവിതത്തെയും എങ്ങനെ കാണുന്നുവെന്ന് അന്വേഷിക്കാനുള്ള കൗതുകം വളരെയേറെയായിരുന്നു.”

പുതിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍, സംസ്കാരങ്ങളെ അടുത്തറിയാന്‍ അവസരം ലഭിക്കുമ്പോള്‍ എല്ലാം അവിടെയുള്ള ജീവിതങ്ങളെ, പ്രത്യേകിച്ച് സ്ത്രീ ജീവിതങ്ങളെ വിശകലനം ചെയ്യുക എന്നത് ഏറെ സ്വാഗതാര്‍ഹമാണ്. ഒരു രാജ്യത്തിന്‍റെ പുരോഗതി അറിയുവാന്‍ നിങ്ങള്‍ അവിടെയുള്ള സ്ത്രീ ജീവിതങ്ങളെ വിലയിരുത്തിയാല്‍ മതി എന്ന് ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞിട്ടുമുണ്ട്.

“മാവോയിൽ തുടങ്ങി എല്ലാ കമ്മ്യൂണിസ്റ്റ് ഭരണാധികാരികളും ലിംഗസമത്വത്തിൽ വിശ്വസിച്ചിരുന്നു. സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ ചൈനയിൽ വളരെ അപൂർവ്വമാണെന്ന് അന്വേഷിച്ചപ്പോൾ അറിയാൻ സാധിച്ചു. അതങ്ങനെയാവാനേ തരമുള്ളൂ. ആൺ-പെൺ ബന്ധങ്ങൾക്കും സ്ത്രീ സ്വാതന്ത്ര്യത്തിനും ഏറെ പ്രാധാന്യം നൽകുന്ന ഒരു വ്യവസ്ഥയിൽ സ്ത്രീകൾ സ്വാഭാവികമായും ബഹുമാനിക്കപ്പെടുകയാണ് പതിവ്. കേരളത്തിൽ ജിഷയുടെ ക്രൂരമായ മാനഭംഗവും കൊലപാതകവുമുയർത്തിയ മുറിവുകൾ ഞാനിതെഴുതുമ്പോഴും ശമിച്ചിട്ടില്ല. പല പ്രായത്തിലുള്ള പെൺകുട്ടികളുടെയും അമ്മാരുടെയും പീഡനകഥകളുമായാണ് മലയാളത്തിലെ പത്രങ്ങൾ പുറത്തിറങ്ങുന്നതു തന്നെ. അടിച്ചമർത്തിയ ലൈംഗികതയും കാലഹരണപ്പെട്ട സദാചാരസംഹിതകളും ചുമന്നു നടക്കുന്ന ഒരു സമൂഹത്തിൽനിന്നു വിവേകം പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലല്ലോ.”

വളരെ കൃത്യമായ നിരീക്ഷണം. കേരളത്തില്‍ ലൈംഗികത അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നുവെന്നും ഇവിടെ കാലഹരണപ്പെട്ട സദാചാര മൂല്യങ്ങള്‍ നിലനില്‍ക്കുന്നുവെന്നും പറഞ്ഞത് ശരിയാണ്. ചിന്ത 2014 ഒക്ടോബറില്‍ അശ്വമേധം എന്ന പരിപാടിയില്‍ പങ്കെടുക്കവേ, അവതാരകനായ ജിഎസ് പ്രദീപിനോട് പറഞ്ഞ ചില വാചകങ്ങള്‍ കുറിക്കട്ടെ; “അശ്ലീലത്തിന്റെ പര്യായമായി മാറുന്ന പരിപാടികളില്‍ താങ്കളെ പോലെയുള്ള ഒരു സഞ്ചരിക്കുന്ന നിഘണ്ടു ഒരിക്കലും അകപ്പെടാന്‍ പാടില്ലായിരുന്നു”. സൂര്യ ടിവിയില്‍ പ്രക്ഷേപണം ചെയ്ത മലയാളി ഹൌസിനെയാണ് അശ്ലീല പരിപാടി എന്ന് ചിന്ത അന്ന് വിശേഷിപ്പിക്കുന്നത്. കേരളത്തിലെ മിഡില്‍ ക്ലാസ്സ്‌ മൊറാലിറ്റി അഥവാ മധ്യവര്‍ഗ സദാചാരബോധമാണ് ഈ വാക്കുകളില്‍ നിഴലിച്ചു കാണാന്‍ നമുക്ക് സാധിക്കുന്നത്. അശ്വമേധം പരിപാടിക്കിടെ പലവട്ടം ചിന്ത ഈ ചുവയുള്ള വാക്കുകളില്‍ പ്രദീപിനെ ആക്ഷേപിക്കാന്‍ ശ്രമിച്ചിരുന്നു. ആ ചിന്തയില്‍ നിന്നും രണ്ടുവര്‍ഷത്തിനിപ്പുറം അടിച്ചമര്‍ത്തപ്പെട്ട കേരള ലൈംഗികതയെ കുറിച്ച് പറയാന്‍ തക്കവണ്ണം ചിന്തയുടെ ചിന്ത വളര്‍ന്നതില്‍ ശരിക്കും അഭിമാനം (ആശ്വാസം) തോന്നുന്നുണ്ട്.

ചൈനയില്‍ ചിന്തയടങ്ങുന്ന സംഘം സന്ദര്‍ശിച്ച ഒരു ക്യാമ്പസിനെ പരിചയപ്പെടുത്തിക്കൊണ്ട് ഇങ്ങനെ കുറിക്കുന്നു. “പ്രണയിക്കുന്നവർക്കും തങ്ങളുടെ സ്വാതന്ത്ര്യം ആസ്വദിക്കാം. ആശ്ലേഷിക്കുകയും ചുംബിക്കുകയും ചെയ്യുന്ന കമിതാക്കളെ ആരും തുറിച്ചു നോക്കുകയില്ല. കുറുവടികളുമായി ചാടി വീഴുമെന്ന ഭയം അവർക്കില്ലെന്നു കരുതാം. കാമ്പസിൽ മാത്രമല്ല, നഗരവീഥികളിലും തെരുവുകളിലും സ്ത്രീ-പുരുഷ ബന്ധങ്ങൾ സ്വതന്ത്രമാണ്.”

അങ്ങനെയെങ്കില്‍ അവിടെ തെരുവുകളിലും ക്യാമ്പസുകളിലും ഭീകരമായ ‘അരാജകത്വ വാഴ്ച’യാണല്ലോ? കിടപ്പറയില്‍ കാണിക്കേണ്ടത് തെരുവില്‍ കാണിച്ചാല്‍ പിന്തുണക്കില്ല എന്ന വാക്കുകളെ പിന്തുണക്കുകയും ചുംബനം സമരം ഇടതുപക്ഷം എന്ന പുസ്തകമെഴുതുകയും ചുംബനസമരക്കാര്‍ അരാജകത്വവാദികള്‍ ആണെന്നും മൊബൈല്‍ വിപ്ലവമാണ് അവരെ നയിക്കുന്നത് എന്നും യഥാര്‍ത്ഥ ജീവിതമെന്തെന്ന് അറിയാത്തവര്‍ ആണെന്നും “ഞങ്ങള്‍” ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയ്ക്ക് അത്തരം അരാജക സമരങ്ങളെ പിന്തുണക്കില്ല എന്നും ഘോരഘോരം വാദിച്ച ചിന്ത തന്നെയോ ഇത്? ഇത്തരം സാംസ്കാരിക അധ:പതനങ്ങള്‍ എങ്ങനെയാണ് ഒരു വര്‍ഷത്തിനിപ്പുറം താങ്കള്‍ക്ക് ഇത്രമേല്‍ സ്വീകാര്യവും പുരോഗമനപരവും സ്വാതന്ത്ര്യത്തിന്‍റെ അടയാളങ്ങളുമായത്? വ്യക്തികള്‍ കാലത്തിനനുസരിച്ച് മാറും എന്നറിയാം. മാറ്റങ്ങള്‍ നമ്മുടെ അനുഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതുമാണ്. അപ്പോള്‍ ഇത് താങ്കളുടെ പുതിയ നിലപാടായി ഞങ്ങള്‍ സ്വീകരിച്ചുകൊള്ളട്ടെ?

പക്ഷെ അടുത്ത വാചകത്തില്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയാണ്.

“വിദേശ രാജ്യങ്ങളെപ്പോലെ തെരുവുകളിൽ ലൈംഗിക അരാജകത്വം ചൈനയിലില്ല. എന്നാൽ സ്‌നേഹസ്പർശങ്ങളെ ചൈന വിലക്കുന്നുമില്ല. പൊതുസമൂഹത്തിൽ പ്രകടിപ്പിക്കുന്ന അതിരുകളും സ്വജീവിതത്തിൽ പുലർത്തുന്ന സ്വാതന്ത്ര്യങ്ങളും മനോഹരമായി കൂട്ടിയിണക്കുന്ന ചൈനീസ് ജനതയോട് എനിക്ക് ബഹുമാനം തോന്നി.”

മേനോന്‍  ഇപ്പഴും തെങ്ങുമ്മേല്‍ തന്നെ അല്ലേ? ഇന്ത്യയില്‍ വസിക്കുന്ന എനിക്ക് ചൈന, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, സൌദി അറേബ്യ, സിറിയ, അമേരിക്ക, യൂറോപ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എല്ലാം വിദേശരാജ്യങ്ങളാണ്. അപ്പോള്‍ ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്ന വിദേശ രാജ്യങ്ങള്‍ ഏതാണ്? ഇത്രമേല്‍ “ലൈംഗിക അരാജകത്വം” കൊടികുത്തി വാഴുന്നവ? നേരത്തെ പറഞ്ഞപ്പോള്‍ ലൈംഗിക അടിച്ചമര്‍ത്തലുകള്‍ ആണ് പീഡനഹേതു എന്നാണ് താങ്കള്‍ പറഞ്ഞത്. ഇപ്പോള്‍ പറയുന്നു ലൈംഗിക അച്ചടക്കവും അതിരും ബഹുമാനിക്കപ്പെടെണ്ടതാണ് എന്നും. ഇത് തികച്ചും വിരുദ്ധമായ  പ്രസ്താവനകള്‍ അല്ലേ?

ചൈനയിലെ സ്ത്രീ പുരുഷ വസ്ത്രധാരണത്തെപ്പറ്റി പറയുന്ന ഭാഗത്തേക്ക്‌ പോകാം;  

“ചൈനീസ് പുരുഷൻമാരുടേതിനേക്കാൾ എന്നെയാകർഷിച്ചത് സ്ത്രീകളുടെ വസ്ത്രധാരണമാണ്. തണുപ്പുകാലത്തു ശരീരം മുഴുവൻ മൂടുന്ന വസ്ത്രങ്ങളാണ് അവർ ധരിക്കുക. ചൂടുകാലത്ത് ചെറിയ ടീ ഷർട്ട്, ബനിയൻ, ഇറക്കം കുറഞ്ഞ നിക്കർ എന്നിവയാണ് പെൺകുട്ടികൾ ഉപയോഗിക്കുക. തുടകൾ പ്രദർശിപ്പിക്കുന്നതു പാപമായി കരുതുന്ന നമുക്ക് എത്രത്തോളം ചൈനീസ് പെൺകുട്ടികളുടെ വസ്ത്രധാരണം ഉൾക്കൊള്ളാനാവും എന്നും സംശയം. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ സ്ത്രീകൾ സ്വാതന്ത്ര്യമനുഭവിക്കുന്നില്ല എന്നാണല്ലോ എക്കാലത്തെയും പാശ്ചാത്യവിമർശനം. നേരിട്ടനുഭവിക്കുമ്പോൾ നമുക്കീ വിമർശനങ്ങളുടെ പൊള്ളത്തരം വ്യക്തമാകും. പാശ്ചാത്യ രാജ്യങ്ങളിലേക്കാൾ കൂടുതൽ സ്വാതന്ത്ര്യവും സുരക്ഷിതത്വവും ചൈനീസ് സ്ത്രീകൾ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനു കീഴിൽ അനുഭവിക്കുന്നു എന്നു പറയുന്നതാവും ശരിയെന്നു തോന്നുന്നു.”

സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് ചില അബദ്ധധാരണകള്‍ ഉണ്ടെന്നു തോന്നുന്നു. ഡല്‍ഹി, മുംബൈ പോലുള്ള നഗരങ്ങളില്‍ ചൂടുകാലത്ത് ചെന്നാലും ഇതേ പോലെ, തുടകള്‍ കാണിച്ചുകൊണ്ടുള്ള ധാരാളം പെണ്‍കുട്ടികളെ, സ്ത്രീകളെ കാണാം. നേരത്തെയുള്ള സമവാക്യം ഇവിടെ പ്രയോഗിച്ച് ഇന്ത്യ; സ്ത്രീകള്‍ സ്വാതന്ത്ര്യം അനുഭവിക്കുന്ന ഒരു നാടാണ് എന്ന് പറയാന്‍ ആകുമോ? ചൈന അത്തരത്തില്‍ സ്വാതന്ത്ര്യമുള്ള നാടാണ് എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. പക്ഷെ വസ്ത്രധാരണം എന്നതില്‍ സ്ത്രീയുടെ ഏജന്‍സി എത്രയുണ്ട് എന്നത് കൂടി പരാമര്‍ശിക്കാതെ എങ്ങനെയാണ് അതിനെ സ്ത്രീസ്വാതന്ത്ര്യവുമായി കൂട്ടിയിണക്കാന്‍ സാധിക്കുന്നത്? ഒരു സ്ത്രീക്ക് തന്‍റെ തീരുമാനങ്ങള്‍, അത് എന്ത് ധരിക്കണം, എന്ത് പഠിക്കണം, എങ്ങനെ, എപ്പോള്‍, ആരുടെ കൂടെ സഞ്ചരിക്കണം, വിവാഹം വേണമോ വേണ്ടയോ, കുട്ടികള്‍ വേണമോ, ഏതു ജോലി ചെയ്യണം, എങ്ങനെ രാഷ്ട്രീയത്തില്‍ ഇടപെടണം തുടങ്ങി ഓരോ ചെറിയ കാര്യത്തിലും സ്വന്തമായി അഭിപ്രായം ഉണ്ടാവുകയും അത് നടപ്പില്‍ വരുത്താനുള്ള സ്ഥിതി സമൂഹത്തില്‍ ഉണ്ടാവുകയും ചെയ്യുക എന്നതല്ലേ വിശാലമായ അര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം എന്നതുകൊണ്ട് നാം അര്‍ത്ഥമാക്കുന്നത്? ബിക്കിനി ധരിച്ചു നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയും പര്‍ദ്ദ ധരിച്ചു നില്‍ക്കുന്ന പെണ്‍കുട്ടിയും പരസ്പരം, “നോക്കൂ പുരുഷാധിപത്യ ലോകത്തിന്‍റെ ഇരയാണവള്‍” എന്ന് ചിന്തിച്ചു നില്‍ക്കുന്ന ഒരു കാര്‍ട്ടൂണ്‍ ഉണ്ട്. ഒരു കൂട്ടര്‍ക്ക് വേണ്ട സ്വാതന്ത്ര്യം അല്ല വേറൊരു കൂട്ടര്‍ക്ക്, ഒരാള്‍ക്ക് ആരാധനാലയത്തില്‍ പോകാന്‍ ഉള്ള അവകാശമാണ് വേണ്ടതെങ്കില്‍ മറ്റൊരാള്‍ക്ക്‌ നിരീശ്വരവാദി ആയിരിക്കാനുള്ള അവസ്ഥയാണ് പ്രധാനം. ബൈനറികളില്‍ കുരുക്കി സ്ത്രീ വിമോചനത്തിന്‍റെ ദീര്‍ഘമായ പോരാട്ടങ്ങളെ വിലയില്ലാതാക്കരുത്.

വിവാഹബന്ധങ്ങളെ കുറിച്ച് ചിന്ത ഇങ്ങനെ എഴുതുന്നു.

“പ്രണയ വിവാഹങ്ങൾ കൂടുന്നുവെങ്കിലും വിവാഹമോചനങ്ങൾ ചൈനയിൽ കുറവാണ്. ഇന്ത്യയിലും പാശ്ചാത്യ രാജ്യങ്ങളിലും വിവാഹമോചനങ്ങൾ വർധിക്കുമ്പോൾ ചൈനയിലെ കുടുംബബന്ധങ്ങൾ സുദൃഢമായി തുടരുന്നു. സ്ത്രീകൾ സാമ്പത്തികമായി സ്വാതന്ത്ര്യമനുഭവിക്കുന്നതാണു വർദ്ധിച്ചുവരുന്ന വിവാഹമോചനങ്ങളുടെ പ്രധാന കാരണമെന്നു കേരളത്തിൽ ഞാൻ പങ്കെടുത്ത പല ചാനൽ ചർച്ചകളിലും ഉയർന്നു കേട്ടിരുന്നു. ചൈനയിലെ സ്ത്രീ സാമ്പത്തികമായ പുരുഷനോളം സ്വാതന്ത്ര്യമനുഭവിക്കുന്നു. കുടുംബബന്ധങ്ങൾ ശിഥിലമാകുന്ന അവസ്ഥ ചൈനയിൽ അപൂർവമാണ്. ജീവിതത്തെ മഹത്തരമായ മൂല്യങ്ങൾക്കൊത്തു നിർവചിക്കുന്നവരാണ് ചൈനീസ് ജനതയെന്നു വേണം മനസിലാക്കാൻ”.

വിവാഹമോചനം എന്ന “ഭീകര പ്രശ്നം” ചൈന എന്ന രാജ്യത്തില്ല എന്നറിയാന്‍ സാധിക്കുന്നതില്‍ സന്തോഷം. (എന്താണ് ഈ വാദത്തിന്റെ അടിസ്ഥാനം എന്ന് മനസിലാക്കാന്‍ സാധിച്ചില്ല. ഗൂഗിള്‍ കണക്കുകള്‍ പറയുന്നത് മറ്റു ചിലതാണ്). അത് അവിടെ നിലവിലുള്ള ആരോഗ്യകരമായ സാമൂഹികാന്തരീക്ഷത്തിന്റെ പ്രതിഫലനമാണെങ്കില്‍ വളരെയധികം സ്വാഗതാര്‍ഹമായ ഒന്നാണ്. പക്ഷേ, താങ്കള്‍ എഴുതിയ പോലെ “ജീവിതത്തെ മഹത്തരമായ മൂല്യങ്ങൾക്കൊത്തു നിർവചിക്കുന്ന” മൂല്യബോധങ്ങള്‍ ആണ് അതിനടിസ്ഥാനം എങ്കില്‍ ഡിവോഴ്സ് ഇല്ലാതിരിക്കുന്നത് ഒട്ടും ആശാവഹമായ ഒന്നല്ല. കുടുംബ വ്യവസ്ഥിതിയില്‍ ജനാധിപത്യമുണ്ടെങ്കില്‍ അത് ആ ബന്ധത്തെ മനോഹരമായി മുന്നോട്ടു നയിക്കാന്‍ പ്രാപ്തിയുള്ള ഒന്നായിരിക്കും. അത്തരം സമൂഹത്തില്‍ വിവാഹമോചനങ്ങളെ പുരോഗമനപരമായി സ്വാഗതം ചെയ്യുകയാണ് പതിവ്. കാരണം വിവാഹം എന്നത് എപ്പോള്‍ വേണമെങ്കിലും  ഇല്ലാതായേക്കാവുന്ന ഒരു ഉടമ്പടിയാണ് എന്ന് തിരിച്ചറിയുന്ന സമൂഹത്തില്‍ ആണ് സാമൂഹികാരോഗ്യം ഉണ്ടാവുക. They lived happily there after എന്നുള്ള ചലച്ചിത്രാന്ത്യങ്ങളെക്കാള്‍ മനോഹരം, വിവാഹം എത്രമാത്രം സാധാരണമാണോ അത്രമാത്രം സാധാരണമായി വിവാഹമോചനത്തെയും  കാണാന്‍ സാധിക്കുന്ന ഒരു സമൂഹമാണ്. വിവാഹങ്ങള്‍ 50-60 കൊല്ലം തികയ്ക്കുന്നത് നല്ല കാര്യമാവുകയും ഇഷ്ടമില്ലാത്ത ബന്ധങ്ങളില്‍ നിന്ന് മോചനം നേടുക മോശമാവുകയും ചെയ്യുക എന്നത് ഒരിക്കലും സ്വീകാര്യമായ മാതൃകയല്ല.

“ചൈനയിലെ സ്ത്രീ സാമ്പത്തികമായ പുരുഷനോളം സ്വാതന്ത്ര്യമനുഭവിക്കുന്നു.” ലേഖനത്തിലെ മറ്റൊരു പ്രധാന വാചകമാണ്. പുരുഷന്‍ – സ്ത്രീ എന്ന ദ്വന്ദ വര്‍ഗീകരണമാണ് നമ്മളില്‍ പലര്‍ക്കും ലിംഗസമത്വത്തെ മനസിലാക്കുന്നതില്‍ വരുന്ന ആദ്യ പിഴവ് (എന്‍റെ ആ പിഴവ് തിരുത്തി തന്ന സുഹൃത്ത് അഫീദയെ എപ്പോഴും ഓര്‍ക്കുന്നു). ഏത് ആണിനോടൊപ്പമാണ് സ്ത്രീ സാമ്പത്തിക സമത്വം നേടുക? പുരുഷാധിപത്യ സമൂഹത്തില്‍ ആണും പെണ്ണും ട്രാന്‍സ്ജെഡറുകളും പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പുരുഷാധിപത്യ സമൂഹത്തിലെ നിയമങ്ങളും വാര്‍പ്പ് മാതൃകകളും എല്ലാം മാറ്റിയെഴുതേണ്ടതാണ്, അത് ആണിനുള്ളതായാലും പെണ്ണിനുള്ളതായാലും. അത്തരം അവസ്ഥയില്‍, ഏതു പുരുഷനോടൊപ്പമാണ് നാം സമത്വം നേടാന്‍ ഒരുങ്ങുന്നത്. ഇരട്ട ചൂഷകനായ പുരുഷന്‍, അല്ലെങ്കില്‍ ചൂഷണത്തിന് വിധേയരാകുന്ന പുരുഷന്‍ എന്ന ബിംബത്തോട്‌, തന്‍റെ സാമൂഹിക സ്ഥാനം കൊണ്ട് ലഭിച്ച അധികാരത്തെ ഉപയോഗിക്കുന്ന ചൂഷകയായ സ്ത്രീ – ഇരട്ട ചൂഷണം നേരിടുന്ന സ്ത്രീ – എന്ന ബിംബത്തെ എങ്ങനെയാണ് ചേര്‍ത്തുവച്ച് ഒരു  സമവാക്യ രൂപീകരണം സാധ്യമാവുക? അത്രമേല്‍ നിസാരമാണോ പുരുഷാധിപത്യ വ്യവസ്ഥ?

ചൈന എന്ന രാഷ്ട്രം, ചിന്ത വിവരിച്ചപോലെ മനോഹരമായ, സമത്വ – സ്വാതന്ത്ര്യ – സുരഭില രാഷ്ട്രമാണ് എന്ന് വിശ്വസിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഇതെഴുതുന്നത്. പക്ഷെ അത് സമര്‍ത്ഥിക്കുമ്പോള്‍ സാമൂഹികാന്തരീക്ഷത്തെ, സ്വാതന്ത്ര്യങ്ങളെ നിസാരമായ ദ്വന്ദങ്ങളില്‍ കുരുക്കിയിടരുത്.

ഒരു ചെറിയ കഥ കൂടി: എന്‍റെ എംഫില്‍ പഠന കാലത്ത്, എങ്ങനെയാണ് ചരിത്രങ്ങള്‍ നിര്‍മിക്കപ്പെടുന്നത് എന്ന് വിവരിക്കവേ ഉയര്‍ന്നു വന്ന ഒരു ഉദാഹരണം. “പണ്ട് രാജാക്കന്മാരുടെ കാലത്ത് ഇന്ത്യയില്‍ സമ്പല്‍സമൃദ്ധിയുടെ കാലമായിരുന്നു എന്ന അവസ്ഥയെ  മുത്തുകളും പവിഴങ്ങളും പാതയോരത്ത് കച്ചവടം നടത്തിയിരുന്നു എന്ന് ഉദാഹരിക്കുമ്പോള്‍ അവിടെ യാഥാര്‍ത്ഥ്യത്തെ ഇല്ലാതാക്കുകയാണ്. അങ്ങനെ വസ്തുതകളെ വിവരിക്കാനും രേഖപ്പെടുത്താനും തുനിഞ്ഞാല്‍ അത് അബദ്ധമാണ്. കാരണം. ഇന്നും ഹൈദരാബാദിലെ തെരുവോരങ്ങളില്‍ മുത്തുകളും പവിഴങ്ങളും വില്‍ക്കപ്പെടുന്നുണ്ട്. അതിനെ സമ്പല്‍സമൃദ്ധിയുടെ അടയാളമായി നാം കാണുന്നുണ്ടോ?” ഇത് ഒരു ചോദ്യമാണ് – ഒരു രാഷ്ട്രത്തെ പുറത്തുനിന്നു നോക്കികൊണ്ട്‌ ചരിത്രനിര്‍മിതിക്കുള്ള കുറിപ്പുകള്‍ എഴുതുന്നവര്‍ക്കുള്ള ചോദ്യം.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അനശ്വര കൊരട്ടിസ്വരൂപം

എഴുത്തുകാരി, ഇപ്പോള്‍ പുസ്തകപ്രസാധന രംഗത്ത് പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:

This post was last modified on December 12, 2016 12:10 pm