X

ക്രിസ്മസിന്റെ സമകാലികതയില്‍ ചുംബനസമരം നടത്തുന്ന പൊളിച്ചെഴുത്ത്

ഓരോ സാമൂഹിക സന്ദര്‍ഭങ്ങളിലാണ് ഓരോ ആഘോഷങ്ങളും മൂര്‍ത്തമാകുന്നത്. ഇപ്പോള്‍ ക്രിസ്മസ് ദീപങ്ങള്‍ മിഴിതുറക്കുന്നത് ചുംബനസമരത്തിന്റെ കേരളീയ വെളിച്ചത്തിലേക്കാണ്. പരമ്പരാഗതമായ കേരളീയ സ്നേഹ-പ്രണയ സങ്കല്പം ശരീരത്തെ മനസിനു കീഴെ പ്രതിഷ്ഠിക്കുന്ന, മാംസനിബദ്ധമല്ല രാഗം എന്നുറപ്പിക്കുന്ന, പ്രണയത്തില്‍ ഇടപെടുന്നവര്‍ വിശുദ്ധരായിരിക്കണമെന്നും കന്യകാത്വം ഉള്ളവരാകണമെന്നും പഠിപ്പിക്കുന്നതാണ്. ശരീരത്തെയും കാമത്തെയും രണ്ടാംകിടയായി കാണുന്ന, ഈ പ്രണയ സങ്കല്പം പുരുഷാധിപത്യപരമായ ലൈംഗികതയെ കേന്ദ്രസ്ഥാനത്തു നിര്‍ത്തുകയും സ്ത്രീയുടെ സ്വയം നിര്‍ണയാവകാശത്തെയും ലൈംഗികതാ സാധ്യതകളെയും അമര്‍ത്തുകയും ചെയ്യുന്നു. ആണിന്റെ കന്യകാത്വത്തെയും ശരീരത്തെയും കുറിച്ച് നമ്മുടെ പ്രണയത്തില്‍ ഒന്നും കാണുന്നില്ല. അതേസമയം പെണ്ണിന്റെ ശരീരത്തിന് എന്തെങ്കിലും കേടുവന്നാല്‍ അവള്‍ ആത്മഹത്യ ചെയ്യണമെന്നും ഈ പ്രണയ വ്യവഹാരങ്ങള്‍ ആവര്‍ത്തിക്കുന്നു. ഇതിലൂടെ പ്രണയത്തിന്റെ കര്‍തൃത്വം പുരുഷനിലാവുകയും പെണ്ണ് പുരുഷന്റെ പ്രണയം അനുസരിക്കേണ്ടവളോ ഏറ്റുവാങ്ങേണ്ടവളോ മാത്രമായി തീരുകയും ചെയ്യുന്നു. ഇതിന്റെ തുടര്‍ച്ചയിലാണ് നമ്മുടെ കുടുംബ സങ്കല്പം കെട്ടപ്പെട്ടിരിക്കുന്നത്.

ഈ പ്രണയരാഷ്ട്രീയം പലനിലകളിലും കാലത്തും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. അടുത്തകാലത്ത് കേരളത്തില്‍ ശക്തമായ ചുംബനസമരം പ്രണയത്തിന്റെയും കാമത്തിന്റെയും രാഷ്ട്രീയത്തെ പുതിയരീതയില്‍ നിര്‍വചിക്കുന്നു. പുരുഷന്റെ ആധിപത്യത്തില്‍, സ്വകാര്യതയില്‍ നടത്തണം എന്നു കല്പിക്കപ്പെട്ടിരുന്ന ചുംബനത്തെ-സ്നേഹത്തെ രണ്ട് പങ്കാളികളുടെ സ്വയം നിര്‍ണയാവകാശത്തിലൂടെ പരസ്യമായി പ്രകടിപ്പിക്കുന്നു എന്നു പറയുമ്പോള്‍ ആധുനികത സാധ്യമാക്കിയ സ്നേഹ, പ്രണയ കാല്പനികതകളെല്ലാം റദ്ദാക്കപ്പെടുകയാണ്. ആണത്തത്തിന്റെയും പെണ്ണത്തത്തിന്റെയും നിലവിലെ മാതൃകകളെല്ലാം ഉലച്ചുകൊണ്ടാണ് ഉമ്മസമരത്തിന്റെ സ്നേഹം പ്രവര്‍ത്തനക്ഷമമാകുന്നത്. ശാരീരിക വികാരങ്ങളെ അമര്‍ത്തണമെന്നും അതൊക്കെ ആരും കാണാത്ത സ്വകാര്യതയിലേ പാടുള്ളൂവെന്നും കല്പിക്കുന്ന സാമൂഹ്യഘടന വിവാഹത്തെ കേവലം പ്രത്യുല്പാദനപരമായി മാത്രമാണ് കാണുന്നത്. അതിശക്തമായ (സുറിയാനി) പുരുഷത്വം കേന്ദ്രസ്ഥാനത്തു നിര്‍ത്തുന്ന കേരളീയ ക്രിസ്ത്യാനികളുടെ പ്രണയവും സ്നേഹവും കുടുംബം എന്ന സ്ഥാപനത്തെ സാധൂകരിക്കുന്ന കേവലമായ ‘പ്രത്യുല്പാദന’ത്തെ മാത്രം ലക്ഷ്യമിടുന്ന പ്രവര്‍ത്തനമാണ്. ഈ കുടുംബസ്നേഹത്തെ, വിവാഹം, പ്രസവം, അതിനുശേഷമുള്ള കുടുംബം എന്നീ സങ്കല്പങ്ങളെ ആഖ്യാനിക്കുന്ന ക്രിസ്മസിന്റെ ദൈവശാസ്ത്രം വല്ലാതെ പോറലേല്‍പ്പിക്കുന്നു എന്നതാണ് ക്രിസ്മസിന്റെ സമകാലികതയെ സംഗതമാക്കുന്നത്. 

 

 

1
പല ആഖ്യാനങ്ങള്‍ ഉണ്ടെങ്കിലും പൊതുവില്‍ പ്രചരിക്കുന്ന ക്രിസ്മസ് കഥയെ ശ്രദ്ധിച്ചാല്‍ ആഴമുള്ളൊരു സ്നേഹരാഷ്ട്രീയം കാണാം. ജോസഫും മറിയയും പ്രണയിച്ചതായി ബൈബിള്‍ പറയുന്നില്ല. വീട്ടുകാര്‍ മറിയയെ ജോസഫിനു നിശ്ചയിക്കുകയായിരുന്നുവെന്നാണ് കാണുന്നത്. സാമ്പ്രദായികമായൊരു വിവാഹ ബന്ധത്തിലേക്കാണ് അത് നീളുന്നത്. ക്രിസ്മസിന്റെ വേര് അവിടെയാണ്. എന്നാല്‍ മറിയ ഗര്‍ഭിണിയാണെന്ന വിവരം അറിയുന്ന ജോസഫ് അവളെ ആരുമറിയാതെ, ഗൂഡമായി ഉപേക്ഷിക്കുവാന്‍ നിശ്ചയിക്കുന്നു. അതായത് ജോസഫ് തന്റെ വധുവിനെ ‘കന്യക’യായി കണ്ടിരുന്ന ഒരു സാദാ പുരുഷന്‍ മാത്രമായിരുന്നു. അവനു സ്നേഹം, വിവാഹ ബന്ധത്തിലൂടെ സാധ്യമാകുന്ന ഭര്‍ത്താവ് എന്ന പദവിയായിരുന്നു. അതാണ് അവളുടെ ഗര്‍ഭം തകര്‍ത്തത്. എന്നാല്‍ ദൈവം ഇവിടെ ഇടപെട്ടു എന്നാണ് ബൈബിള്‍ പറയുന്നത്.

 

മറിയയെ ഉപേക്ഷിക്കാനുള്ള ജോസഫിന്റെ പദ്ധതി ദൈവം തകര്‍ത്തു. സ്വപ്നത്തിലാണ് ദൈവം പ്രത്യക്ഷപ്പെട്ടത്. സ്വപ്നത്തില്‍ നടക്കുന്ന കാര്യങ്ങളൊക്കെ വിശ്വസിക്കാനുള്ള ബുദ്ധിയേ അവനുണ്ടായിരുന്നുള്ളോ? പരിശുദ്ധാത്മാവില്‍ ഉല്പാദിതമായതാണ് അവളിലെ ഗര്‍ഭം എന്നു സ്വപ്നദര്‍ശനം ഉണ്ടായപ്പോഴേ അവന്‍ ആദ്യ തീരുമാനത്തില്‍ നിന്നു മാറിയത്രേ. ഇത്, രണ്ട് തരത്തില്‍ മനസിലാക്കാവുന്നതാണ്. ഒന്ന്, ഇത് ജോസഫിന്റെ മനസില്‍ നടന്ന സംഘര്‍ഷങ്ങളാകാനാണ് വഴി. അവനിലെ പുരുഷത്വത്തിനകത്ത് സംഘട്ടനം ഉണ്ടാകുന്നു. അവന്‍ പഠിച്ചെടുത്ത, ശരിയെന്നു കരുതുന്ന അധികാരിയായ, ഭിന്നലൈംഗികനായ പുരുഷനും അധികാരരഹിതനായ, പെണ്‍കോന്തനായ പുരുഷനും തമ്മിലുള്ള സംഘര്‍ഷത്തില്‍ അധികാരരഹിതനായ അവനിലെ പുരുഷ സങ്കല്പം വിജയിക്കുന്നതാണ് ഇവിടെ കാണുന്നത്.

 

മറിയയുടെ ശരീരത്തെ ലൈംഗികമായല്ല ഇപ്പോള്‍ അവന്‍ കാണുന്നത്. ഒരു വ്യക്തിത്വമായാണ്.
രണ്ട്, ബൈബിളിലെ ദൈവം -പ്രത്യേകിച്ച് പഴയനിയമത്തിലെ- അതിശക്തിമാനായ അധികാരിയാണ്. രാജാവ്, പിതാവ്, സൈന്യങ്ങളുടെ യഹോവ മുതലായ ബിംബങ്ങള്‍ സൂചിപ്പിക്കുന്നത് ഇതാണ്. ‘പാപം’ ചെയ്ത ഹവ്വയെയും ആദത്തെയും പുറത്താക്കിയ കര്‍ക്കശക്കാരനായ ദൈവമാണിത്. ഈ സങ്കല്പത്തിനു നേര്‍വിപരീതമാണ് ഇവിടുത്തെ ദൈവം. സാമ്പ്രദായികമായ സ്ത്രീ പുരുഷ പ്രണയത്തെയോ അധികാരമുള്ള ആണത്തത്തിന്റെ ഭാഷ്യത്തെയോ അല്ല ഇവിടെ ദൈവം മുന്നോട്ടുവയ്ക്കുന്നത്. ‘അന്യ’ബീജത്താല്‍ ഗര്‍ഭിണിയായ മറിയയെ സ്നേഹിക്കുവാനാണ് ദൈവം ജോസഫിനോട് ആവശ്യപ്പെടുന്നത്. അതായത് പുരുഷ നിര്‍മിതമായ ആണത്തത്തെ ദൈവം റദ്ദാക്കുന്നു. പുരുഷാധിപത്യത്തിന്റെ ശരീര, ലൈംഗിക കാഴ്ചപ്പാടുകളെ വെല്ലുവിളിക്കുന്നു. പ്രണയവും സ്നേഹവും പുതുക്കി നിര്‍വചിക്കുന്നു.

 

 

2
ക്രിസ്മസിന്റെ കേന്ദ്രം മറിയയാണ്. പക്ഷേ അവളെ അവതരിപ്പിക്കുന്നത് അടങ്ങിയൊതുങ്ങി ജീവിച്ച സ്ത്രീയായാണ്. ക്രിസ്മസ് കാര്‍ഡുകളിലൊക്കെ വിനീതയും ലജ്ജാവിവശയുമായ കുടുംബിനിയെന്ന മട്ടിലാണ് മറിയയുടെ ദൃശ്യഭാഷ. ഈ ചിത്രം ബൈബിള്‍ അത്ര പിന്താങ്ങുന്നില്ലെന്നു പറയേണ്ടിവരും. ലൂക്കോസിന്റെ സുവിശേഷത്തില്‍ മറിയയുടെ വ്യക്തമായ സൂചനകള്‍ കാണാം. മറിയയ്ക്കു ദൈവദൂതന്‍ പ്രത്യക്ഷനാകുന്നതും അവള്‍ ഗര്‍ഭിണിയായി മകനെ പ്രസവിക്കുമെന്നു പറയുന്നതു മുതല്‍ ലൂക്കോസ് പറയുന്നു. മറിയ അവന്റെ വാക്കുകള്‍ അംഗീകരിക്കുന്നു (ലൂക്ക്- 1:26-38). അതായത് മറിയയുടെ ഗര്‍ഭധാരണം അവളുടെ സ്വയം നിര്‍ണയാവകാശമായിരുന്നു.

തുടര്‍ന്ന് മറിയ ഗര്‍ഭിണിയായ എലീസബേത്തിനെ കാണുന്നതും മൂന്നുമാസം അവളോടൊപ്പം താമസിക്കുന്നതും ലൂക്കോസ് വിവരിക്കുന്നു. ഇവിടെയാണ്, പ്രഭുക്കന്മാരെ സിംഹാസനങ്ങളില്‍ നിന്നും ഇറക്കി താണവരെ ഉയര്‍ത്തിയിരിക്കുന്നു, വിശന്നിരിക്കുന്നവരെ നന്മകളാല്‍ നിറച്ചു സമ്പന്നന്മാരെ വെറുതെ അയച്ചു കളഞ്ഞിരിക്കുന്നു എന്ന മറിയയുടെ പാട്ട് വരുന്നത്. വളരെ പ്രധാനപ്പെട്ട ഒന്നാണ് ഗര്‍ഭിണിയായ മറിയയുടെ പാട്ട്. സാമൂഹ്യ വിപ്ലവത്തെയാണ് ഇവിടെ മറിയ പാടുന്നത്. ക്രിസ്തുവിന്റെ സാമൂഹ്യദര്‍ശനത്തിന്റെ അടിത്തറ ഇതാണ്.

ഈ മറിയയും എലീസബേത്തും അടങ്ങുന്ന കൂട്ടായ്മ കേവലമായി ചാര്‍ച്ചക്കാരുടെ ബന്ധമല്ല, മറിച്ച് അവിടെയുണ്ടായിരുന്ന സ്ത്രീകളുടെ കൂട്ടുപ്രവര്‍ത്തനമാണ് അടയാളപ്പെടുത്തുന്നതെന്നു കാണാം. അവരുടെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടാണ് മറിയയുടെ പാട്ടിലൂടെ വെളിവാകുന്നത്. അക്കാലത്തെ രാജ- അധിനിവേശ ഭരണ പ്രക്രിയകളോടു് വിയോജിച്ചുകൊണ്ടാണ് ഈ രാഷ്ട്രീയം പ്രവര്‍ത്തിച്ചിരുന്നതെന്നും കാണാം. തുടര്‍ന്ന് ക്രിസ്തുവിന്റെ ശിഷ്യകളായി ഈ കൂട്ടായ്മ നീങ്ങുന്നത് ലൂക്കോസ് തന്നെ പിന്നീട് വിവരിക്കുന്നുണ്ട് (ലൂക്ക്. 8). സ്ത്രീകളുടെ ഈ രാഷ്ട്രീയത്തിലേക്കു കണ്ണി ചേരുകയാണ് ജോസഫ്. അല്ലെങ്കില്‍ ദൈവം ജോസഫിനെ കണ്ണിയാക്കുകയാണ്. ഈ നിലയില്‍ നോക്കുമ്പോള്‍ ക്രിസ്മസ് യാദൃശ്ചികമായ ചില സംഭവങ്ങളുടെ കൂട്ടമല്ല, മറിച്ച് അക്കാലത്തെ ചില സ്ത്രീകളുടെയും പുരുഷന്മാരുടെയും ബോധപൂര്‍വമായ ഇടപെടലിന്റെ ആകെത്തുകയാണത്. നിലവിലിരുന്ന വ്യവസ്ഥിതിയെ ചോദ്യം ചെയ്യാനും മാറ്റിമറിക്കാനും ചിലര്‍ സ്വപ്നം കണ്ടതിന്റെ ഫലമാണത്. അതിന്റെ പൊരുളാകട്ടെ വര്‍ത്തമാനകാലത്തില്‍ അടിച്ചേല്പിക്കപ്പെടുന്ന സദാചാര വിരുദ്ധ രാഷ്ട്രീയത്തോടു കണ്ണിചേരാനുള്ള ആഹ്വാനമാണ്.

 

 

3
സാമ്പ്രദായികമായ വിവാഹ- പ്രണയ കാഴ്ചപ്പാടെന്നത്, ആരും തൊടാത്ത കന്യകയെ ഒരു പുരുഷന്‍ പ്രണയിക്കുക, സ്വീകരിക്കുക എന്നതാണ്. അവളെ സ്വന്തം ബീജത്താല്‍ ഉര്‍വരതയാക്കി മകനെ പ്രസവിപ്പിച്ച് അച്ഛന്റെ അധികാരം നിലനിര്‍ത്തി കുടുംബത്തിന്റെ പരിപാവനത ഉറപ്പിക്കുക എന്നതാണതിന്റെ ചിട്ട. ഇതാണ് നിലവിലെ പുരുഷത്വം എന്ന സങ്കല്പത്തിന്റെ അടിസ്ഥാനം. നമ്മുടെ സദാചാരത്തിന്റെ മൂലവും. ഇതിന് പുറത്തുള്ളതോ, ഇതിനെ ചോദ്യം ചെയ്യുന്നതോ സദാചാരം അംഗീകരിക്കുന്നില്ല. കടുംബത്തിന്റെ ആ പുരുഷ യുക്തിയെ തകര്‍ത്തുകൊണ്ട് ദൈവം-ക്രിസ്മസ് പുതിയ സ്നേഹ കാഴ്ചപ്പാട് അവതരിപ്പിക്കുന്നു. ശരീരത്തിന്റെ പുരുഷ ലൈംഗികതയുടെ അക്രമോത്സുകമായ അധികാരത്തെ മായിച്ചുകൊണ്ട് ആഴമുള്ള കരുതലിന്റെയും പ്രണയത്തിന്റെയും ദീപ്തമായ ദര്‍ശനം നിര്‍വചിക്കുന്നു. നിലവിലുള്ള ആണത്തത്തെയും പെണ്ണത്തത്തെയും പൊളിച്ചു കളയുന്ന ആഴമുള്ള സ്നേഹത്തെയും പ്രണയത്തെയും സാധ്യമാക്കുന്ന സ്വപ്നത്തിന്റെ നക്ഷത്രമാണ് ക്രിസ്മസ് ഉയര്‍ത്തുന്നത്. സദാചാരത്തിന്റയും കുടുംബമഹിമയുടെയും കോട്ടയായ കേരളീയ സുറിയാനി ക്രൈസ്തവ വീടുകളില്‍ ഗര്‍ഭിണിയായ മറിയയെ സ്വീകരിക്കുന്ന, സ്നേഹിക്കുന്ന ജോസഫ് എന്ന പുരുഷന്റെ ചെയ്തി ഉയര്‍ത്തുന്ന സന്ദേശം എന്താണ്? നമ്മുടെ വീടുകളിലും പള്ളികളിലും തെരുവുകളിലും ഉയരുന്ന ക്രിസ്മസ് നക്ഷത്രത്തിന്റെ ദീപ്തിക്ക് ഈ സ്നേഹചുംബനത്തിന്റെ ചൂടും ചുവപ്പുമുണ്ടോ? 

 

യാക്കോബ് തോമസ്

പത്തനംതിട്ട സ്വദേശി, ഇപ്പോള്‍ കൊടുങ്ങല്ലൂർ കെ കെ ടി എം കോളേജില്‍ അദ്ധ്യാപകന്‍, എഴുത്തുകാരന്‍

More Posts

Follow Author:

This post was last modified on December 16, 2016 11:13 am