X

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലാഭവിഹിതം 27.84 കോടി സര്‍ക്കാരിന് കൈമാറി

സിയാലില്‍ കേരള സര്‍ക്കാരിന് 32.4 % ഓഹരിയാണുള്ളത്

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (സിയാല്‍) ലാഭവിഹിതം 27.84 കോടി സംസ്ഥാന സര്‍ക്കാരിന് കൈമാറി. സിയാല്‍ ഡയറക്ടര്‍ കൂടിയായ മന്ത്രി മാത്യു ടി തോമസാണ് മുഖ്യമന്ത്രി പിണറായി വിജയന് ലാഭവിഹിതം കൈമാറിയത്. 2015-2016 സാമ്പത്തിക വര്‍ഷത്തെ സിയാലിന്റെ വരുമാനം 524.5 കോടി രൂപയും നികുതി കിഴിച്ചുള്ള ലാഭം 175.22 കോടി രൂപയുമാണ്.

ലോകത്തെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ മൊത്ത വരുമാനം 26.71 ശതമാനവും അറ്റാദായം 21.19 ശതമാനവും വര്‍ദ്ധിച്ചിട്ടുണ്ട്. നിക്ഷേപകര്‍ക്ക് 25 ശതമാനം ലാഭവിഹിതമാണ് നല്‍കുന്നത്. നിക്ഷേപകര്‍ക്ക് ഇതുവരെ മൊത്തം മുടക്കുമുതലിന്റെ 178 ശതമാനത്തോളം ലാഭവിഹിതമായി നല്‍കിയിട്ടുണ്ട്.

ലോകത്തിലെ 36 രാജ്യങ്ങളില്‍ നിന്നായി 18,200 നിക്ഷേപകരാണ് സിയാലിനുള്ളത്. കേരള സര്‍ക്കാരിന് 32.4 % ഓഹരിയാണുള്ളത്. 1999-ല്‍ പ്രവര്‍ത്തനമാരംഭിച്ച എയര്‍പോര്‍ട്ടില്‍ ഇപ്പോള്‍ 7,500 പേരാണ് ജോലിചെയ്യുന്നത്. അന്താരാഷ്ട്ര യാത്രികരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ നാലാംസ്ഥാനത്തും മൊത്തം യാത്രികരുടെ എണ്ണത്തില്‍ ഏഴാം സ്ഥാനത്തുമാണ് കൊച്ചി എയര്‍പോര്‍ട്ട്.

2015-2016 വര്‍ഷത്തില്‍ 77.71 ലക്ഷം പേരാണ് കൊച്ചി എയര്‍പോര്‍ട്ടിലുടെ യാത്രചെയ്തത്. 1,100 കോടി രൂപ ചെലവഴിച്ച് 15 ലക്ഷം ചതുരശ്രയടിയില്‍ നിര്‍മ്മിച്ച പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ വൈകാതെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

This post was last modified on December 31, 2016 3:07 pm