X

കഴുത്തറപ്പന്‍ സിനിമാ ലോകത്ത് പിടിച്ചുനില്‍ക്കാന്‍ വിമര്‍ശനങ്ങള്‍ സഹായിച്ചു-അഭിഷേക് ബച്ചന്‍

അനുരാഗ് കശ്യപിന്റെ മാന്‍മര്‍സിയാനിലൂടെ ബോളിവുഡില്‍ തിരച്ചുവരവിന് ഒരുങ്ങി അഭിഷേക് ബച്ചന്‍

അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന മാന്‍മര്‍സിയാനിലൂടെ ബോളിവുഡിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് അഭിഷേക് ബച്ചന്‍. സെപ്റ്റംബര്‍ 14-ന് സിനിമ പുറത്തിറങ്ങുന്ന പശ്ചാത്തലത്തില്‍ താന്‍ സമ്മര്‍ദ്ദത്തിലാണെന്നാണ് അഭിഷേക് പറയുന്നത്. എന്നാല്‍ ഒരു കലാകാരന് വളരാന്‍ സമ്മര്‍ദ്ദങ്ങള്‍ ആവശ്യമാണെന്നാണ് അഭിഷേക് കരുതുന്നത്. തനിക്കെതിരെയുള്ള എല്ലാ വിമര്‍ശനങ്ങളെയും ഗൗരവത്തോടെയാണ് കണ്ടിരുന്നതെന്നും കഴുത്തറപ്പന്‍ സിനിമാ ലോകത്ത് പിടിച്ചുനില്‍ക്കാന്‍ ഈ വിമര്‍ശനങ്ങളാണ് തന്നെ സഹായിച്ചതെന്നും താരം പറയുന്നു.

‘ഞാന്‍ വിമര്‍ശനങ്ങളെ ഗൗരവത്തോടെ എടുക്കാനുള്ള കാരണം അത് സ്വയം മെച്ചപ്പെടാന്‍ സഹായിക്കുന്നുവെന്നതാണ്. ഒരു അഭിനേതാവ് എന്ന നിലയില്‍ എന്റെ പ്രകടനം എങ്ങനെയുണ്ടെന്ന് എനിക്ക് മറ്റൊരാളില്‍ നിന്നും അറിഞ്ഞേ പറ്റൂ. ഗുണപരമായ വിമര്‍ശനങ്ങളും ആക്ഷേപങ്ങളും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ എനിക്ക് കഴിയും. ഏതൊരു പുതിയ കാര്യം ചെയ്യുമ്പോഴും വെല്ലുവിളികളെ നേരിടാന്‍ കഴിഞ്ഞാല്‍ മാത്രമേ ഒരാള്‍ക്ക് വളരാന്‍ കഴിയുകയുള്ളൂ.

ഭൂരിപക്ഷം വരുന്ന പ്രേക്ഷകരും ആഘോഷിക്കുന്ന തരത്തില്‍ വിജയകരമായ ഒരു സിനിമ ഉണ്ടാക്കണമെങ്കില്‍ അതിന് ഒരു കൂട്ടം ആളുകളുടെ അസാമാന്യമായ കഴിവുകള്‍ കൂടിയേതീരൂ. പ്രേക്ഷകര്‍ക്ക് സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ആ സിനിമ ഉണ്ടാക്കിയതില്‍ എന്തോ കുഴപ്പം പറ്റിയിട്ടുണ്ട്. ഞാന്‍ പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് അഭിനയിക്കുന്നത്.’

2000-ല്‍ റഫ്യൂജി എന്ന സിനിമയിലൂടെയാണ് അഭിഷേക് ബച്ചന്‍ അഭിനയ ജീവിതം തുടങ്ങുന്നത്. യുവ, കഭി അല്‍വിദാ നാ കഹ്നാ, ബണ്ടി ഓര്‍ ബബ്ലി, ദോസ്താനാ, ഗുരു എന്നീ സിനിമകള്‍ പ്രേക്ഷക ശ്രദ്ധ നേടിയെങ്കിലും കരിയറിന്റെ മോശം അവസ്ഥകളെ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. മുന്‍കാല ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ വിജയിക്കാത്തതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയാണ്.

‘പ്രേക്ഷകരുടെ സമ്മതിയാണ് ഒരു നടന്റെ പ്രകടനത്തിന്റെ അടിസ്ഥാനം. അവരില്‍ ഒരു ഭൂരിപക്ഷം അതിനെ എതിര്‍ക്കുകയാണെങ്കില്‍ നമ്മള്‍ അതിനെ അംഗീകരിക്കണം. സിനിമാ നിരൂപകരുടെ അഭിപ്രായത്തേക്കാളും സിനിമ കാണാന്‍ പണം മുടക്കുന്ന പ്രേക്ഷകരുടെ അഭിപ്രായത്തെയാണ് ഞാന്‍ മാനിക്കുന്നത്.

എന്റെ സമയവും ഊര്‍ജവും നിക്ഷേപിക്കാന്‍ മാത്രം അത് എന്റെ ഹൃദയത്തെ തൊടുന്നുണ്ടോയെന്നതാണ് ഒരു തിരക്കഥ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം. എന്നപ്പോലെ പ്രേക്ഷകരും കഥ ഇഷ്ടപ്പെടുമോ എന്നതായിരിക്കും അടുത്തതായി പരിഗണിക്കുക.’

ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ് എന്ന കബഡി ടീമും ചെന്നൈ ഫുട്‌ബോള്‍ ക്ലബും സ്വന്തമാക്കി കായികരംഗത്തും അഭിഷേക് ബച്ചന്‍ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. മത്സരാന്തരീക്ഷം കൂടി വരുന്ന സിനിമാരംഗത്ത് പിടിച്ചുനില്‍ക്കാന്‍ പുതുതലമുറയിലെ അഭിനേതാക്കള്‍ കൂടുതല്‍ സജ്ജരാണെന്നാണെന്നും പൊരുതാന്‍ തനിക്ക് ശക്തിയും പ്രചോദനവുമായത് സ്‌പോര്‍ട്‌സുമായുള്ള ബന്ധമാണെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു.

തന്റെ പുതിയ ചിത്രമായ മന്‍മര്‍സിയാനെ കുറിച്ചും അഭിഷേക് വാചലനായി- ‘രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും തമ്മിലുള്ള പ്രണയത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് മന്‍മര്‍സിയാന്‍. കനിക ധില്ലോണിന്റെ തിരക്കഥ പ്രതീക്ഷകള്‍ക്ക് അപ്പുറം പോകുന്ന തരത്തിലുള്ളതാണ്.’ തപ്‌സി പന്നൂ, വിക്കി കൗശല്‍ എന്നീ അഭിനേതാക്കളും ചിത്രത്തില്‍ അഭിഷേകിനൊപ്പം അഭിനയിക്കുന്നുണ്ട്.

IANS

This post was last modified on September 5, 2018 12:56 pm