X

കാന്‍ ചലച്ചിത്രമേള മേയ് എട്ട് മുതല്‍: ഇത്തവണ നേട്ടം കൊയ്യുന്നത് ആരൊക്കെയാകും?

ഏതൊക്കെ സിനിമകളായിരിക്കും ഇത്തവണ നേട്ടം കൊയ്യുക എന്നതെല്ലാം സംബന്ധിച്ച് ചര്‍ച്ചകള്‍ ഇപ്പോള്‍ തന്നെ സജീവമായിക്കഴിഞ്ഞു. ഓസ്‌ട്രേലിയന്‍ നടി കേറ്റ് ബ്ലാന്‍ചെറ്റ് ആണ് ഇത്തവണ ജൂറി ചെയര്‍പേഴ്‌സണ്‍.

ഈ വര്‍ഷത്തെ കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മേയ് എട്ടിന് തുടങ്ങും. 71ാമത് കാന്‍ ചലച്ചിത്ര മേളയാണ് ഇത്തവണത്തേത്. മേയ് എട്ട് മുതല്‍ 19 വരെയാണ് ഫെസ്റ്റിവല്‍. ആരൊക്കെയായിരിക്കും, ഏതൊക്കെ സിനിമകളായിരിക്കും ഇത്തവണ നേട്ടം കൊയ്യുക എന്നതെല്ലാം സംബന്ധിച്ച് ചര്‍ച്ചകള്‍ ഇപ്പോള്‍ തന്നെ സജീവമായിക്കഴിഞ്ഞു. ഓസ്‌ട്രേലിയന്‍ നടി കേറ്റ് ബ്ലാന്‍ചെറ്റ് ആണ് ഇത്തവണ ജൂറി ചെയര്‍പേഴ്‌സണ്‍. ബാബല്‍, ദ ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിന്‍ ബട്ടന്‍, എലിസബത്ത്, ബ്ലൂ ജാസ്മിന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയാണ് കേറ്റ് ബ്ലാന്‍ചെറ്റ്. ബ്ലൂ ജാസ്മിനിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം അവര്‍ നേടിയിരുന്നു.

നൂറി ബില്‍ഗേ സിലാന്റെ The Wild Pear Tree (തുര്‍ക്കി), പാവ്‌ലോ സറന്റിനോയുടെ Loro (ഇറ്റലി), മൈക് ലീ സംവിധാനം ചെയ്ത ബ്രിട്ടീഷ് ചിത്രം Peterloo, ഇറാനിയന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദിയുടെ Everybody knows, കാനഡയില്‍ നിന്നുള്ള സേവിയര്‍ ഡൊളാന്റെ The Death and Life of John F Donovan, ജിയ സാംഗ്‌കെയുടെ ചൈനീസ് ചിത്രം Ash Is Purest White, ലാസ്ലോ നീംസ് സംവിധാനം ചെയ്ത ഹംഗേറിയന്‍ ചിത്രം Sunset, ഗ്രീക്ക് ചിത്രം The Favourite (സംവിധാനം – യോര്‍ഗസ് ലാന്തിമോസ്), ഉക്രൈനില്‍ നിന്നുള്ള Donbass (സെര്‍ജി ലോസ്‌നിത്സ), Where Life is Born (കാര്‍ലോസ് റിഗാഡസ്, മെക്‌സിക്കോ), ഫ്രഞ്ച് ചിത്രം The Sisters Brothers (ജാക്വസ് ഓഡിയാഡ്), ജാപ്പനീസ് ചിത്രങ്ങളായ Vision (നവോമി കവാസെ), Shoplifters (ഹിരോകാസു കൊറീദ) എന്നീ ചിത്രങ്ങള്‍ ശ്രദ്ധേയമാകും. കൂടാതെ മെക്‌സിക്കോയില്‍ നിന്നുള്ള Roma (അല്‍ഫോണ്‍സോ ക്വാറണ്‍), സ്റ്റീവ് മക്വീന്റെ ബ്രിട്ടീഷ് ചിത്രം Windows from the UK, വിഖ്യാത സംവിധായകന്‍ ജീന്‍ ലുക് ഗൊദാര്‍ദിന്റെ The Image Book, ടെറന്‍സ് മാലികിന്റെ അമേരിക്കന്‍ ചിത്രം റേഡ്ഗന്‍ഡ് തുടങ്ങിയവയുമുണ്ട്.

വെനീസ്, ബെര്‍ലിന്‍ ചലച്ചിത്ര മേളകളില്‍ നിന്ന് വ്യത്യസ്തമായി ചിത്രങ്ങളുടേയും സംവിധായകരുടേയും തിരഞ്ഞെടുപ്പില്‍ ഒരു ഘടനാപരമായ തുടര്‍ച്ച കാന്‍ നിലനിര്‍ത്തുന്നുണ്ട എന്ന നിരീക്ഷണം ചലച്ചിത്രപ്രവര്‍ത്തകര്‍ക്കുണ്ട്. അതേസമയം എല്ലാ തവണത്തേയും പോലെ റെഡ് കാര്‍പ്പറ്റില്‍ ഇന്ത്യന്‍ താരങ്ങളുണ്ടാകാം എങ്കിലും സ്‌ക്രീനില്‍ എത്ര ഇന്ത്യന്‍ ചിത്രങ്ങള്‍ ഇത്തവണ പ്രദര്‍ശനത്തിനുണ്ടാകും എന്ന കാര്യത്തില്‍ സംശയമുണ്ട്. കഴിഞ്ഞ തവണ ഒരു ഇന്ത്യന്‍ ചിത്രം പോലും കാനില്‍ പ്രദര്‍ശിപ്പിച്ചിരുന്നില്ല.

This post was last modified on March 2, 2018 6:11 pm

Related Post
Leave a Comment