X

ഡോക്യുമെന്ററി ചലച്ചിത്രോത്സവം: ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണങ്ങളെക്കുറിച്ച് പറയുന്ന ആനന്ദ് പട്‌വര്‍ദ്ധന്റെ ‘വിവേക്’ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍

സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് വിവേക് പ്രദര്‍ശിപ്പിക്കുന്നത് ഫെസ്റ്റിവലിന്റെ അവസാന ദിവസത്തേയ്ക്ക് മാറ്റിവച്ചിരിക്കുകയാണ് സംഘാടകരായ കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി.

കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം ആനന്ദ് പട്‌വര്‍ദ്ധന്റെ വിവേക് (Reason) എന്ന ഡോക്യുമെന്ററി, തിരുവനന്തപുരത്ത് നടക്കുന്ന കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി ചലച്ചിത്രോത്സവത്തില്‍ (IDSFFK) പ്രദര്‍ശിപ്പിക്കുന്നതിന് തടസം. ഹിന്ദുത്വ തീവ്രവവാദികള്‍ സ്വതന്ത്രചിന്തകര്‍ക്ക് നേരെയും മതേതരത്വത്തിന് നേരെയും നടത്തുന്ന ആക്രമണങ്ങളാണ് നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയുടെ പ്രമേയം. സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ‘വിവേക്’ പ്രദര്‍ശിപ്പിക്കുന്നത് മാറ്റിവച്ചിരിക്കുകയാണ് സംഘാടകരായ കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അനുമതി പ്രത്യക്ഷത്തില്‍ നിഷേധിച്ചിട്ടില്ല. എന്നാല്‍ ചിത്രത്തിന്റെ സിനോപ്‌സിസ് സംബന്ധിച്ച് കൂടുതല്‍ പരിശോധിക്കണം എന്നാണ് മന്ത്രാലയം പറയുന്നത് എന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ഇതുവരെ ഇക്കാര്യത്തില്‍ ഐ ആന്‍ഡ് ബി മന്ത്രാലയത്തില്‍ നിന്ന് പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നും തീരുമാനം കാത്തിരിക്കുകയാണ് എന്നും ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍പേഴ്‌സണും ഡോക്യുമെന്ററി ഫെസ്റ്റിന്റെ ചുമതല വഹിക്കുന്നയാളുമായ ബീന പോള്‍ അഴിമുഖത്തോട് പറഞ്ഞു. ഇതുവരെ അനുമതി ലഭിക്കാത്തത് കാരണം വിവേക് പ്രദര്‍ശിപ്പിക്കുന്നത് അവസാനദിവസമായ ശനിയാഴ്ചത്തേയ്ക്ക് മാറ്റിവച്ചിരിക്കുകയാണ്. സെന്‍സര്‍ എക്‌സംപ്ഷന്‍ തരില്ല എന്ന് ഐ ആന്‍ഡ് ബി മന്ത്രാലയം ഇതുവരെ പറഞ്ഞിട്ടില്ല. അനുമതി നിഷേധിക്കുകയാണ് എങ്കില്‍ കോടതിയെ സമീപിച്ച് പ്രദര്‍ശനാനുമതി തേടുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്നും ബീന പോള്‍ പറഞ്ഞു.

ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. അതേസമയം ഐ ആന്‍ഡ് ബി മന്ത്രാലയത്തിന്റെ സെന്‍സര്‍ എക്‌സംപ്ഷന്‍ വേണം. ഇത് നല്‍കിയിട്ടില്ല. ഐ ആന്‍ഡ് ബി മന്ത്രാലയം ഐഡിഎസ്എഫ്എഫ്‌കെയിലും ഐഎഫ്എഫ്‌കെയിലുമായി മൂന്ന് സിനിമകളുടെ പ്രദര്‍ശനം സെന്‍സര്‍ എക്‌സംപ്ഷന്‍ നല്‍കാതെ തടഞ്ഞിട്ടുണ്ട്. 2016 ഐഎഫ്എഫ്‌കെയില്‍ ജയന്‍ ചെറിയാന്റെ കാ ബോഡി സ്‌കേപ് പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞു. 2017 ഐഡിഎസ്എഫ്എഫ്‌കെയില്‍ കാത്തു ലൂക്കോസ് ലംവിധാനം ചെയ്ത, ജെഎന്‍യു വിദ്യാര്‍ത്ഥി പ്രക്ഷോഭവും കാശ്മീരിലെ അസ്വസ്ഥതകളും രോഹിത് വെമുല പ്രശ്‌നവും ചര്‍ച്ച ചെയ്ത March, March, March എന്ന സിനിമ, 2018ല്‍ മജീദ് മജീദിയുടെ മുഹമ്മദ് ദ മെസഞ്ചര്‍ (മുഹമ്മദ് നബിയെക്കുറിച്ചുള്ള സിനിമ) എന്നിവയുടെ പ്രദര്‍ശനം ഇത്തരത്തില്‍ തടഞ്ഞിരുന്നു. ഹൈക്കോടതിയുടെ അനുമതി വാങ്ങിയാണ് മുഹമ്മദ് ഒഴികെയുള്ള സിനിമകള്‍ പിന്നീട് പ്രദര്‍ശിപ്പിച്ചത്.

ആനന്ദ് പട്‌വര്‍ദ്ധന്റെ ‘വിവേക്’ ഇതാദ്യമായാണ് ഇന്ത്യയില്‍ ഒരു ചലച്ചിത്രോത്സവത്തിനെത്തുന്നത്. അതേസമയം വിദേശ ചലച്ചിത്രോത്സവങ്ങളില്‍ വലിയ നിരൂപക പ്രശംസ, ചിത്രം ഇതിനോടകം നേടിയിട്ടുണ്ട്. 31ാമത് ആംസ്റ്റര്‍ഡാം അന്താരാഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ ലെംഗ്ത് ഡോക്യുമെന്ററിയായി വിവേകിനെ തിരഞ്ഞെടുത്തിരുന്നു. സനാതന്‍ സന്‍സ്ഥ, അഭിനവ് ഭാരത് തുടങ്ങിയ ഹിന്ദുത്വ തീവ്രവാദി സംഘടനകളെക്കുറിച്ചും പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലകളെക്കുറിച്ചും വിവേക് പറയുന്നു. വിവിധ ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമുകളില്‍ വിവേക് ഇതിനോടകം ലഭ്യമായിട്ടുണ്ട്.

അടിയന്തരാവസ്ഥയെക്കുറിച്ചുള്ള പ്രിസണേര്‍സ് ഓഫ് കോണ്‍ഷ്യന്‍സ് (1978), ബാബറി മസ്ജിദ് തകര്‍ത്തതിനെക്കുറിച്ചുള്ള രാം കേ നാം (1992), നര്‍മ്മദ ബച്ചാവോ ആന്ദോളനെക്കുറിച്ചുള്ള നര്‍മ്മദ ഡയറി (1996), ദലിത് പ്രസ്ഥാനങ്ങളേയും അംബേദ്കര്‍ രാഷ്ട്രീയത്തേയും കുറിച്ചുള്ള ജയ് ഭീം കോമ്രേഡ് (2011), വാര്‍ ആന്‍ഡ് പീസ് (2002), ഫാദര്‍, സണ്‍ ആന്‍ഡ് ഹോളി വാര്‍ (1995) തുടങ്ങി സാമൂഹ്യ, രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന നിരവധി അന്താരാഷ്ട്ര ശ്രദ്ധ നേടിയ ഡോക്യുമെന്ററികള്‍ ഒരുക്കിയ ചലച്ചിത്രകാരനാണ് ആനന്ദ് പട്‌വര്‍ദ്ധന്‍. ഹിന്ദുത്വ രാഷ്ട്രീയത്തെ നിരന്തരം നിശിതമായി വിമര്‍ശിക്കുന്നയാളും.

This post was last modified on June 27, 2019 10:05 am