X

ഫോണ്‍ വഴി മാധ്യമ പ്രവര്‍ത്തകന്‍ അശ്ലീല വീഡിയോ അയച്ചു: നടി

ശ്രീ റെഡ്ഡിയുടെ തമിഴ് പതിപ്പാണ് ഇതെന്ന് ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകന്‍

മുതര്‍ന്ന മാധ്യമപ്രവര്‍ത്തകനായ പ്രകാശ് എം സ്വാമിയില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടെന്ന പരാതിയുമായി ചെന്നൈയില്‍ നിന്നുള്ള നടി ഗായത്രി സായി. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രകാശ് സ്വാമി തന്നെ ലൈംഗികമായി തേജോവധം ചെയ്യുകയാണെന്നും ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കാണിച്ചാണ് 42 കാരിയായ ഗായത്രി രംഗത്തു വന്നിരിക്കുന്നത്. പ്രകാശ് സ്വാമിക്ക് നിയമപരമായ ശിക്ഷ നല്‍കണമെന്നാണ് ഗായത്രിയുടെ ആവശ്യം.

പ്രകാശ് സ്വാമിക്കെതിരേ പരാതിയുമായി പൊലീസിനെ ആദ്യം സമീപിച്ചപ്പോള്‍ അവര്‍ എഫ് ഐ ആര്‍ ഫയല്‍ ചെയ്യാന്‍ സമ്മതിച്ചില്ലെന്നും കമ്യൂണിറ്റ് സര്‍വീസ് രജിസ്റ്ററില്‍ മാത്രമാണ് തന്റെ പരാതി രജിസ്റ്റര്‍ ചെയ്തതെന്നും ഗായത്രി ആരോപിക്കുന്നു. താന്‍ നിരന്തരം പൊലീസ് സ്റ്റേഷനില്‍ ചെല്ലുകയും തന്റെ പരാതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ അപേക്ഷിക്കുകയും ചെയ്തപ്പോള്‍ കേസ് ഫയല്‍ ചെയ്യാന്‍ കമ്മിഷണ്‍ ഓഫിസേല്ക്ക് പോകാനായിരുന്നു നിര്‍ദേശിച്ചതെന്നും ഗായത്രി പറയുന്നു. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ താന്‍ നേരിട്ട അനുഭവങ്ങള്‍ ഗായത്രി വിവരിക്കുന്നുണ്ട്.

ഹോങ്കോംഗില്‍ വച്ച് തന്റെ ഭര്‍ത്താവ് ഹൃദയസ്തംഭനം വന്ന് മരണപ്പെട്ടതിനു പിന്നാലെയാണ് പ്രകാശ് സ്വാമി കടന്നു വരുന്നതെന്നും മകന്റെ പാസ്‌പോര്‍ട്ട് സംബന്ധമായ ചില പ്രശ്‌നങ്ങള്‍ അടക്കമുള്ള ചില കാര്യങ്ങളില്‍ പ്രകാശ് സ്വാമി സഹായം ചെയ്തിരുന്നെന്നും ഗായത്രി പറയുന്നു. എന്നാല്‍ ഇതിനു ശേഷം പ്രകാശില്‍ നിന്നും തനിക്ക് മോശമായ അനുഭവങ്ങളാണ് ഉണ്ടായതെന്നും തന്റെ വീട്ടില്‍ വച്ച് ്അപമര്യാദയായി പെരുമാറാന്‍ നോക്കിയതിന് പ്രകാശിനോട് ഇറങ്ങിപ്പോകാന്‍ പറയേണ്ടി വന്നെന്നും ഗായത്രി പറയുന്നു. എന്നാല്‍ അതിനുശേഷവും പ്രകാശ് സ്വാമിയില്‍ നിന്നും മോശം അനുഭവങ്ങള്‍ തുടര്‍ന്നു. ഫോണ്‍ വഴിയും ഇന്റര്‍നെറ്റ് വഴിയും പ്രകാശ് അശ്ലീലവീഡിയോകള്‍ അയക്കാന്‍ തുടങ്ങി. തന്നെ സമൂഹത്തിനു മുന്നില്‍ കരിവാരിത്തേക്കുമെന്നും അയാള്‍ ഭീഷണിപ്പെടുത്തി. ഭര്‍ത്താവിന്റെ മരണത്തിന് കാരണം താന്‍ ആണെന്നു പറഞ്ഞ് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. തന്റെ മകളെക്കുറിച്ചും മോശം പ്രചാരണങ്ങള്‍ നടത്തി. തനിക്ക് നീതി കിട്ടാന്‍ കോടതിയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം; ഗായയത്രി പറയുന്നു. പ്രകാശ് സ്വാമിക്കെതിരേ താന്‍ രംഗത്തു വന്നതിനുശേഷം നിരവധി സ്ത്രീകള്‍ തന്നെ ബന്ധപ്പെട്ട് ഇതേ മാധ്യമപ്രവര്‍ത്തകനില്‍ നിന്നും അവര്‍ക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തുകയുണ്ടായി എന്നും ഗായത്രി സായി പറയുന്നു. പ്രകാശ് സ്വാമി തീര്‍ച്ചയായും ശിക്ഷിക്കപ്പെടണമെന്നാണ് തന്റെ ആവശ്യമെന്നും ഗായത്രി സായി പറയുന്നു.

അതേസമയം ഗായത്രി സായിയുടെ ആരോപണങ്ങള്‍ എല്ലാം നിഷേധിച്ചിരിക്കുകയാണ് പ്രകാശ് സ്വാമി. ശ്രീ റെഡ്ഡിയുടെ ഒരു പുതിയ പതിപ്പ് ചെന്നൈയില്‍ കറങ്ങി നടക്കുന്നുണ്ട്, സൂക്ഷിക്കുക എന്നാണ് ഗായത്രിയുടെ ആരോപണങ്ങളെ പരിഹസിച്ചുകൊണ്ട് പ്രകാശ് സ്വാമി ഫെയ്‌സ്ബുക്ക് പോസ്റ്റ് ചെയ്തത്. ബിജെപി നേതാക്കളോടും കേന്ദ്രമന്ത്രിമാരോടും അടുപ്പമുള്ള പ്രകാശ് സ്വാമി പ്രധാനമന്ത്രി മോദിയുടെ ആരാധകനാണെന്നും ഗായത്രി സായി പറയുന്നുണ്ട്.

This post was last modified on September 29, 2018 7:00 pm