X

എം.ടിയെ സ്തുതിച്ചോളൂ, പക്ഷെ മറ്റുള്ളവരുടെ സംഭാവന കാണാതെ പോകരുത്: ഹരിഹരന്‍

'രണ്ടാമൂഴം സിനിമയാക്കാനായി എംടിയുമായും നിര്‍മാതാവ് ഗോകുലം ഗോപാലനുമായും ചര്‍ച്ച നടന്നിരുന്നതാണ്'-ഹരിഹരന്‍

മലയാള സിനിമലോകത്ത് ഹരിഹരന്‍ എന്ന സംവിധായകന്‍ എത്തിയിട്ട് അരനൂറ്റാണ്ടായി. അറുപതുകളുടെ അവസാനത്തോടെയാണ് ഹരിഹരന്‍ ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. സ്വതന്ത്ര സംവിധായകനായി 1973-ല്‍ ലേഡീസ് ഹോസ്റ്റല്‍ എന്ന പ്രേംനസീര്‍ ചിത്രത്തോടെ തുടങ്ങിയ ഹരിഹരന്‍ അന്‍പതോളം ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചു. സിനിമാലോകത്ത് അമ്പത്ത് വര്‍ഷം പൂര്‍ത്തീകരിച്ച ഹരിഹരന്‍, മാതൃഭൂമി ദിനപത്രത്തിലെ അഭിമുഖത്തിലാണ് തന്റെ മനസ്സ് തുറന്നത്. തന്റെ കലാജീവിതത്തെ കുറിച്ച് ഒട്ടേറ കാര്യങ്ങള്‍ സംസാരിച്ച ഹരിഹരന്‍ തനിക്ക് അനശ്വര വിജയങ്ങള്‍ സമ്മാനിച്ച ചിത്രങ്ങളുടെ തിരക്കഥാകൃത്ത് എം.ടി വാസുദേവന്‍ നായരുമായുള്ള കൂട്ടുക്കെട്ടിനെ കുറിച്ചും സംസാരിച്ചു.

എം.ടിയുമായി ചെയ്യുന്ന ചിത്രങ്ങളുടെ എല്ലാ ക്രെഡിറ്റും എംടിക്ക് മാത്രം നല്‍കുന്നതിനെ കുറിച്ച് ഹരിഹരന്‍ പറഞ്ഞത്- ‘ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച- എന്ന ചിത്രത്തിലായിരുന്നു എം.ടിയുമായി ഒരുമിക്കുന്നത്. പടം സൂപ്പര്‍ഹിറ്റാവുകയും ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും കിട്ടുകയും ചെയ്തു. പക്ഷേ, നിരൂപകപണ്ഡിതന്‍മാര്‍ അതിനെക്കുറിച്ച് എഴുതിയത് അതില്‍ ഹരിഹരനൊന്നും ചെയ്യാനുണ്ടായിരുന്നില്ല എന്നാണ്. കഥാപാത്രങ്ങളുടെ മാനസികവ്യാപാരത്തിലേക്ക് കടന്നുചെല്ലാനും ആ വികാരങ്ങള്‍ ചോര്‍ന്നുപോവാതെ കാഴ്ചക്കാരിലെത്തിക്കാനും ഒരു സംവിധായകന്‍ എന്തെല്ലാം ചെയ്യണമെന്നും ചെയ്യുന്നുണ്ടെന്നും അറിയാത്തതുകൊണ്ടാണ് ഇത്തരം അബദ്ധങ്ങള്‍ ഇവര്‍ എഴുതിവയ്ക്കുന്നത്. എം.ടിയെ സ്തുതിച്ചോളൂ, പക്ഷെ മറ്റുള്ളവരുടെ സംഭാവന കാണാതെ പോകരുത് എന്നേ പറയാനുള്ളൂ.’

എംടിയുടെ രണ്ടാംമൂഴം ബിഗ്ബഡ്ജറ്റില്‍ മോഹന്‍ലാലിനെ നായകനാക്കി എടുക്കുന്ന കാര്യത്തിലും ഹരിഹരന്‍ പ്രതികരിച്ചിരുന്നു- ‘രണ്ടാമൂഴം സിനിമയാക്കാനായി എം.ടിയുമായി വിശദമായ ചര്‍ച്ച നടന്നതാണ്. നിര്‍മാതാവ് ഗോകുലം ഗോപാലനുമായും ചര്‍ച്ച നടത്തി. ആ സമയത്ത് എം.ടി ഇത് ഒരു സിനിമയായി എടുക്കാന്‍ പറ്റില്ല, രണ്ടു ചിത്രമാക്കണം എന്നും ബഡ്ജറ്റും വളരെ ഉയര്‍ന്നതായിരിക്കുമെന്നും ധരിപ്പിച്ചു. പിന്നെ ഗോകുലം ഗോപാലന്‍ ഇതേപ്പറ്റി ഒന്നും പറഞ്ഞില്ല. അങ്ങനെ അതിന്റെ ചര്‍ച്ച തത്കാലം നിന്നു. ഇപ്പോള്‍ ശ്രീകുമാര്‍ മേനോന്‍ അത് സിനിമയാക്കുന്നു. അതില്‍ വിഷമമൊന്നുമില്ല. എനിക്കുള്ള സിനിമ എനിക്കു തന്നെ വരും.’ എന്നാണ്

സിനിമ കാണുന്നവരുടെ ശ്രദ്ധ സാങ്കേതികവിദ്യകളിലേക്ക് പോകാതെ ആ കഥയിലേക്ക് ഇഴുകിച്ചേരാനും സിനിമ കണ്ടുകഴിയുമ്പോ അവരുടെ മനസ്സില്‍ എന്തെങ്കിലും ബാക്കിനിര്‍ത്താനും കഴിയണം എന്നതാണ് തന്റെ സിനിമാസങ്കല്പമെന്നും പറഞ്ഞ ഹരിഹരന്‍ സാമൂഹിക പ്രതിബദ്ധത ഒരു മുദ്രാവാക്യമല്ലാതെതന്നെ ഓരോ സിനിമയിലും ഉണ്ടാവണമെന്നും വ്യക്തമാക്കി. തങ്ങളുടെ സൃഷ്ടികളില്‍ സാമൂഹിക പ്രതിബദ്ധത വേണമോ എന്ന് അവനവന്‍ തന്നെയാണ് വിചാരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹരിഹരനുമായി മാതൃഭൂമി നടത്തിയ അഭിമുഖത്തിന്റെ ലിങ്ക്-  https://goo.gl/zWNJSv

This post was last modified on August 27, 2017 4:53 pm