X
    Categories: സിനിമ

താരശരീരങ്ങളുടെ സംരക്ഷകരോട്; ദുല്‍ഖറിന്റെ പ്രായമല്ല മമ്മൂട്ടിക്ക്

കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ ഒഴിച്ചാല്‍ ബാക്കി ചിത്രങ്ങളിലെല്ലാം മമ്മൂട്ടി, തന്റെ ആരാധകരുടെ തൃപ്തിക്കെന്നവണ്ണം സുന്ദരനായ, പ്രായത്തെ തോല്‍പ്പിക്കുന്ന, ഗ്ലാമര്‍ ആയ മമ്മൂട്ടിയായി തന്നെയാണ് വരുന്നത്.

മതവിശ്വാസങ്ങളുടെ ദൈവപ്രതീകങ്ങള്‍ തൊട്ട് ഗാന്ധിയെപോലുള്ള ചരിത്രനേതാക്കന്മാര്‍ വരെ ട്രോളാവുന്ന ഒരു നാട്ടില്‍ ഒരു താരശരീരത്തിന് എതിരായെന്ന തോന്നലില്‍ ഒരഭിപ്രായം ഉണ്ടായാല്‍ അതിനെതിരേ വാളെടുക്കുന്നവരെ ഫാന്‍സ് എന്നല്ല ഫനറ്റിക്കുകള്‍ എന്നാണ് വിളിക്കേണ്ടത്.

എംജിആറിനും ശിവാജിക്കും രജനിക്കും വില്ലനെ കൊല്ലാന്‍ കൊടുവാള്‍ എറിഞ്ഞുകൊടുത്ത ‘പാണ്ടി’യെ പരിഹസിച്ച മലയാളിക്ക് അറുപതു കടന്ന ഒരു നടനെ അയാളുടെ മകന്റെ പ്രായമുള്ളൊരാള്‍ അങ്കിള്‍ എന്നു വിളിച്ചാല്‍ നാവു ചെറിയുന്നുണ്ടെങ്കില്‍ അവനെ ആരാധകന്‍ എന്നല്ല, ആഭാസന്‍ എന്നാണു വിളിക്കേണ്ടത്.

ആരാധകര്‍ വെട്ടുകിളികളെ പോലെയാണെന്നു പറഞ്ഞ സരോജ് കുമാറിനു കൈയ്യടി. നാസി പടയാളികളുടെ മനോഭാവം ഒരു കാലകാരന്റെ ആസ്വാദകര്‍ക്ക് ഉണ്ടാവരുത്. അത് നിങ്ങള്‍ ആ കലാകാരനോട് ചെയ്യുന്ന അനീതിയാണ്; കലയോടും.

സിനിമാനടന്‍ മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിക്ക് പ്രായം 66 ആയി. അതൊരു വാസ്തവം ആണ്. ഒരുപക്ഷേ അയാളുടെ ജനതികഘടനയുടെയും ഒപ്പം ലക്ഷങ്ങള്‍ വിലവരുന്ന സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെയും സഹായത്തോടെ 66 ന്റെ പ്രായം അയാളുടെ മുഖത്തെങ്കിലും കാണാതിരിക്കുന്നുണ്ടാവാം. പക്ഷേ അദ്ദേഹത്തിന് പ്രായം 66 ആയി.

അഭിനയമാണോ സൗന്ദര്യമാണോ ഒരു അഭിനേതാവിനു ഉണ്ടായിരിക്കേണ്ട ഗുണം? മലയാള സിനിമയിലെ ഏറ്റവും സുന്ദരനായ നടന്‍ ആരാണെന്നു ചോദിച്ചാല്‍ ഇന്നേവരെയുള്ള അതിന്റെയുത്തരം പ്രേം നസീര്‍ എന്നാണ്. നസീറിന്റെ സമകാലീനനായിരുന്ന സത്യന്‍ സൗന്ദര്യത്തിന്റെ താരതമ്യത്തില്‍ നസീറിന്റെ ഏഴയലത്തു വരില്ല. എന്നാല്‍ ഇന്നോളം മലയാള സിനിമയിലെ അഭിനയചക്രവര്‍ത്തിയാരാണെന്നു ചോദിച്ചാല്‍ സത്യന്‍ എന്ന ഉത്തരത്തിനും എത്രയോ ദൂരെയാണ് നസീര്‍ നില്‍ക്കുന്നത്. ലോകസിനിമയില്‍ തന്നെ പരിഗണിക്കേണ്ട അഭിനേതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന മോഹന്‍ലാല്‍ ഒരു സുന്ദരനായ നടന്‍ എന്ന് പറയുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ? രൂപത്തിലും അഭിനയത്തിലും ഒരുപോലെ സൗന്ദര്യം ഉണ്ടായിരുന്ന നടനായിരുന്നു സുകുമാരന്‍. മമ്മൂട്ടിയും അതേ നിലവാരത്തില്‍ ഉള്ള നടനാണ്. ഒരുപക്ഷേ നടനെന്ന നിലയില്‍ തന്റെ കഴിവു പ്രകടിപ്പിക്കാന്‍ സുകുമാരനെക്കാള്‍ അവസരം കിട്ടിയ മമ്മൂട്ടി ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരു ബിംബമായി വളര്‍ന്നു. മൂന്നു ദേശീയ അവാര്‍ഡുകള്‍ വാങ്ങി. ഫഌക്‌സിബിലിറ്റിയുടെ കാര്യത്തില്‍ സുകുമരനും മമ്മൂട്ടിയും ഏതാണ്ട് തുല്യരാണെങ്കിലും മമ്മൂട്ടിയോളം ഭാഗ്യം സുകുമാരന് സിനിമയില്‍ കിട്ടിയില്ല. മലയാളത്തില്‍ നിന്നും ഭരത് അവാര്‍ഡുകള്‍ വാങ്ങിയ ഏതെങ്കിലും ഒരു നടനെ സൗന്ദര്യത്തിന്റെ അളവുകോലു കൊണ്ട് ഇന്നോളം ഒരാളും അളന്നിട്ടില്ല(മമ്മൂട്ടിക്കും മോഹന്‍ലാലിനും ഭരത് കിട്ടിയിട്ടില്ല) മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ അച്ചന്‍ കുഞ്ഞിന് സൗന്ദര്യം ഉണ്ടായിരുന്നോ? അതവരുടെ ഭാഗ്യം. ഒരുപക്ഷേ താരാധിപത്യ സിനിമാക്കാലത്ത് അവര്‍ക്കതിന്റെ ഭാഗമാകേണ്ടി വന്നില്ല എന്നുള്ളതുകൊണ്ടാവാം.

നാളെ മമ്മൂട്ടി വിശേഷിപ്പിക്കപ്പെടുന്നത് എങ്ങനെയായിരിക്കും സുന്ദരനായ നടനെന്നോ? അതോ ഗോപിക്കും പ്രേംജിക്കും പി ജെ ആന്റണിക്കുമെല്ലാം നല്‍കുന്ന ബഹുമതികളോടെയോ? കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ ഒഴിച്ചാല്‍ ബാക്കി ചിത്രങ്ങളിലെല്ലാം മമ്മൂട്ടി, തന്റെ ആരാധകരുടെ തൃപ്തിക്കെന്നവണ്ണം സുന്ദരനായ, പ്രായത്തെ തോല്‍പ്പിക്കുന്ന, ഗ്ലാമര്‍ ആയ മമ്മൂട്ടിയായി തന്നെയാണ് വരുന്നത്. അതാ നടന്റെ കഴിഞ്ഞകാല നേട്ടങ്ങളെയെല്ലാം അപ്രസക്തമാക്കുകയേയുള്ളൂ. ജോണി എന്ന ചിത്രത്തിന്റെ പരാജയത്തിനുശേഷം രജനികാന്ത് എടുത്ത തീരുമാനമാണ് പിന്നീട് അദ്ദേഹത്തെ ഒരു സറ്റൈല്‍ മന്നന്‍ ആക്കി തീര്‍ത്തത്. അതൊരു പോസിറ്റീവ് ഫാക്ടര്‍ ആണോ? ഒരിക്കലുമല്ല, ഒരു നടന്‍ ഇല്ലാതായിക്കൊണ്ട് ഒരു താരം മാത്രമായി രജനി മാറുകയായിരുന്നു. മൂന്നുതവണ ദേശീയ പുരസ്‌കാരം നേടിയ ഒരു നടന് മലയാളത്തില്‍ സംഭവച്ചികൊണ്ടിരിക്കുന്നതും അതേ വിധിയാണ്. പക്ഷേ രജനിയെപോലെയോ അമിതാഭ് ബച്ചനെപോലെയൊരു ഒരു അവസ്ഥയിലേക്ക് അദ്ദേഹം എത്തുമോ? അതിനും ആകുന്നില്ലെങ്കില്‍ കുറ്റപ്പെടുത്തേണ്ടത് അദേഹത്തെ മാത്രമല്ല, ആ ഫാന്‍സ്‌കാരെ കൂടിയാണ്. ഒരു മികച്ച നടനെ ഒരു താരമാക്കി, അയാളിലെ നടനത്തെ ഇല്ലാതാക്കി കളഞ്ഞ ഫാന്‍സിനോട്. ഫാന്‍സിനോട് ചോദിച്ചാട്ടാണോ മമ്മൂട്ടി അഭിനയിക്കുന്നതെന്നു ചോദിക്കാം, അല്ലായിരിക്കാം, പക്ഷേ അവര്‍ക്കു വേണ്ടിയെന്നവണ്ണമാണ് മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ അഭിനയം. സംവിധായകനും തിരക്കഥാകൃത്തിനുംവേണ്ടി, നല്ല സിനിമയ്ക്കു വേണ്ടി ഇവരൊക്കെ ഒരുകാലത്ത് അഭിനയിച്ചിരുന്നു. ആ കാലത്തിന്റെ സുകൃതമാണ് ഇന്നും ഫാന്‍സ് അല്ലാത്തവരും ഈ നടന്മാരോട് കാണിക്കുന്ന സ്‌നേഹം എന്നോര്‍ക്കു.

നസീര്‍ , സത്യന്‍, ഗോപി, കൊട്ടാരക്കര, സുകുമാരന്‍ എന്നിവരൊക്കെ(ഒരുകാലത്ത് മമ്മൂട്ടിയും മോഹന്‍ലാലും) ചലച്ചിത്രനിരൂപകരുടെ വിമര്‍ശനങ്ങള്‍ക്ക് ഇരയായിട്ടുള്ളവരാണ്. ലോകമറിയുന്ന സാഹിത്യകാരന്മാര്‍ വരെ വിമര്‍ശനപാത്രങ്ങളായിട്ടില്ലേ. പക്ഷേ അവര്‍ക്കൊന്നും കിട്ടാതെപോയ ചാവേര്‍ പോരാളികളെ, ഫാന്‍സുകാരെ ഇപ്പോള്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊക്കെ കിട്ടിയിട്ടുണ്ട്. ഒരുപക്ഷേ അവരുടെ അനുമതിയോടെയോ അറിവോടെയോ ആകില്ല ഇതൊന്നും(കഴിഞ്ഞിടയ്ക്ക് വിജയ് ഫാന്‍സ് ഒരു മാധ്യമപ്രവര്‍ത്തകയെ ഭള്ള് പറഞ്ഞതിനു നടന് തന്നെ നേരിട്ട് ഇടപെട്ട് ഖേദം പറയേണ്ടി വന്നിരുന്നു) പക്ഷേ ഫാന്‍സ് എന്ന വര്‍ഗം കാട്ടിക്കൂട്ടുന്നതൊന്നും അവര്‍ അറിയാതെ പോകുന്നില്ല. അവരെ നിയന്ത്രിക്കാനും ശാസിക്കാനും ഏട്ടനായാലും ഇക്കാക്കയ്ക്കായും അവകാശമുണ്ടല്ലോ.

അന്ന രേഷ്മ രാജന്‍ എന്ന  യുവനടി, ഒന്നോ രണ്ടോ സിനിമകളില്‍ മാത്രം അഭിനയിച്ച നടി, താന്‍ പറഞ്ഞുപോയൊരു കുസൃതിക്ക് പരസ്യമായി കണ്ണീരോടെ മാപ്പ് പറയേണ്ടി വന്നിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകന്റെ ഒരു ചെറിയ തന്ത്രത്തില്‍ അവര്‍ വീണുപോയതാണ്. ഹെഡ്ഡിംഗ്‌ ജേര്‍ണലിസത്തിലെ ബ്രോക്കര്‍മാര്‍ അതിനെ വേണ്ടരീതിയില്‍ വിറ്റഴിച്ചപ്പോള്‍ ആ നടിക്ക് കേള്‍ക്കേണ്ടി വന്ന അസഭ്യങ്ങള്‍ക്ക് കണക്കില്ലാതെ പോയി. ഇന്നലെ വന്ന ഒരു നടിക്ക് മമ്മൂട്ടിയെ കുറിച്ച് ഇങ്ങനെ പറയാന്‍ അവകാശമുണ്ടോ എന്ന കണ്ണുരുട്ടല്‍. ആരാണീ ഫാന്‍സുകാര്‍? ക്രിമിനലുകളോ? ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ അനുസാരിയായി ഇന്ത്യയില്‍ അക്രമപ്രവര്‍ത്തനം നടത്തുന്ന സംഘടനയോളം തരം താഴരുത് ഒരു നടന്റെ ആരാധകര്‍. മമ്മൂട്ടിയുടെ ഉള്ളില്‍ ഇപ്പോഴും ആ പഴയ നടന്‍ ഉണ്ടെങ്കില്‍ ഈ പറഞ്ഞ പെണ്‍കുട്ടിയുടെ അച്ഛനായും അഭിനയിക്കണം. കൗരവരും അമരവുമൊന്നും കണ്ട് ഒരു പ്രേക്ഷകനും അയ്യേ എന്നുവച്ചിട്ടില്ല. പക്ഷേ ഇനിയൊരു കൗരവരോ അമരമോ ഇവിടെ ഉണ്ടാവുകയുമില്ല. ആ താരത്തിനും അതിനു താതപര്യമുണ്ടാവില്ല, അയാളുടെ ആരാധകര്‍ക്കും. പക്ഷേ അങ്ങനെയൊരു സിനിമ വന്നാല്‍ അതുകണ്ട് മമ്മൂട്ടിയെന്ന നടനെ ആസ്വദിക്കുമായിരുന്ന ഒരുപറ്റം പ്രേക്ഷകര്‍ ഇവിടെയുണ്ട്. ആ ഗണത്തില്‍പ്പെട്ട പ്രേക്ഷകരെയെല്ലാം  മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊക്കെ നഷ്ടപ്പെടുകയാണ്.

ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കളക്ഷന്‍ കണക്കു പറഞ്ഞ് പരസ്പരം മത്സരിക്കുന്ന ഒരുത്തനും ഒരു നല്ല പ്രേക്ഷകനല്ല. ബോക്‌സ് ഓഫിസ് വിജയം കണ്ടൊന്നുമല്ല നിങ്ങളുടെ താരദൈവങ്ങളെയൊന്നും ആദ്യകാലത്ത് പ്രേക്ഷകര്‍ പ്രോത്സാഹിപ്പിച്ചത്. അന്നത്തെ പ്രോത്സാഹനവും പിന്തുണയുമൊക്കെയാണ് അവര്‍ക്ക് ഇവിടെ വരെ എത്താന്‍ സഹായമായതും. അല്ലാതെ ആദ്യദിവസത്തെ ഷോയില്‍ കയറി ചെന്നു ആര്‍പ്പുവിളച്ച് അര്‍മാദിച്ചിട്ടൊന്നുമല്ല. താരത്തെ വിമര്‍ശിച്ചാല്‍, അയാളുടെ സിനിമയെ വിമര്‍ശിച്ചാല്‍ ഉടനെ തെറിവിളികളുമായി ഇറങ്ങുന്ന അല്‍പബുദ്ധികള്‍ക്ക് ഈ പറഞ്ഞതൊക്കെയും കൂടി രക്തയോട്ടം കൂട്ടാനുള്ള കാരണമാകട്ടെ. പക്ഷേ സിനിമ എന്ന കലയെ നശിപ്പിക്കുന്ന നിങ്ങളോട് ഒരു തരത്തിലും സന്ധി ചെയ്യാന്‍ ഒരുക്കമല്ല. നിങ്ങള്‍ സംരക്ഷിക്കാന്‍ നോക്കുന്ന താരശരീരങ്ങളെ ഞങ്ങള്‍ക്കു വേണ്ടെന്നു തന്നെ പറയും.

This post was last modified on September 26, 2017 10:07 am