X

നിങ്ങളുടെ കൈവശം മികച്ച ആശയങ്ങളുണ്ടോ? സ്ത്രീകള്‍ക്ക് സംവിധായകരാകാന്‍ അവസരം

തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് പേര്‍ക്ക്‌ നിര്‍മ്മാതാവിനെ കണ്ടെത്താനുള്ള എല്ലാ സഹായവും കാഴ്ച ഫിലിം ഫോറം നല്‍കും

സനല്‍കുമാര്‍ ശശിശധരന്റെ ഒരാള്‍പ്പൊക്കം, ജിജി ആന്റണിയുടെ എലി എലി ലാമ സബാച്താനി എന്നിവയ്ക്ക് പിന്നാലെ കാഴ്ച ഫിലിം ഫോറം പൊതുജനങ്ങളില്‍ നിന്നും സംഭാവന സ്വീകരിച്ച് മറ്റൊരു ചിത്രം കൂടി ഒരുക്കുന്നു. ഇക്കുറി ഒരു വനിതയെയാണ് കാഴ്ച സംവിധായികയായി തേടുന്നത്. എഡിറ്റര്‍, സൗണ്ട് റെക്കോര്‍ഡിസ്റ്റ്, സിനിമാട്ടോഗ്രാഫര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ തുടങ്ങിയ പ്രധാന അണിയറ പ്രവര്‍ത്തകരെല്ലാം സ്ത്രീകളായിരിക്കും.

നവാഗതരായ സംവിധായികമാരെയാണ് കാഴ്ച അന്വേഷിക്കുന്നത്. അഞ്ച് പേജില്‍ ആശയങ്ങള്‍ തയ്യാറാക്കി സമര്‍പ്പിക്കണമെന്നാണ് കാഴ്ചയുടെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്. പത്ത് അംഗങ്ങളുള്ള വിദഗ്ധ സമിതി പത്ത് ആശയങ്ങളാണ് തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെടുന്ന എഴുത്തുകാര്‍ക്ക് കാഴ്ചയില്‍ നിന്നും ചര്‍ച്ചയ്ക്കുള്ള ക്ഷണം ലഭിക്കും. വികസിപ്പിച്ചെടുത്ത തിരക്കഥകള്‍ അടുത്ത തെരഞ്ഞെടുപ്പ് ഘട്ടത്തിലേക്ക് പരിഗണിക്കും.

പത്ത് മിനിറ്റ് വീഡിയോ ഷൂട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍ കാഴ്ച ഫിലിം ഫോറം നല്‍കുകയും ചെയ്യും. തെരഞ്ഞെടുക്കപ്പെടുന്ന ഒരു തിരക്കഥയുടെ നിര്‍മ്മാണം കാഴ്ച ഫിലിം ഫോറം നിര്‍വഹിക്കും. രണ്ട് സിനിമകള്‍ക്ക് നിര്‍മ്മാതാവിനെ കണ്ടെത്താനും ഇവര്‍ സഹായിക്കും. ആശയങ്ങള്‍ 2018 ജനുവരി 31ന് മുമ്പായി kfftvm@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് അയയ്ക്കുക. വിഷയം ‘Concept for Kazhcha Production’ എന്ന് വ്യക്തമാക്കിയാണ് മെയില്‍ അയക്കേണ്ടത്.

This post was last modified on December 22, 2017 6:04 pm