X
    Categories: സിനിമ

സിനിമയുണ്ടാകുന്നതെങ്ങനെ? യുവസംവിധായകരോട് കുറസോവ പറഞ്ഞത് (വീഡിയോ)

നിങ്ങള്‍ ഒരു പര്‍വതം കയറുമ്പോള്‍ മുകളിലേക്ക് നോക്കാതിരിക്കൂ. ശ്രദ്ധ നിങ്ങളുടെ കാല്‍ച്ചുവട്ടിലേക്കാവട്ടെ. എപ്പോളും മുകളിലേക്ക് നോക്കിക്കൊണ്ടിരുന്നാല്‍ മോഹഭംഗമുണ്ടാവും.

ലോക സിനിമയെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോള്‍ കുറസോവ, ബര്‍ഗ്മാന്‍, ഫെലിനി, ഗൊദാര്‍ദ്, തര്‍ക്കോവ്‌സ്‌കി ഇങ്ങനെയൊക്കെയായിരിക്കും മിക്കവരും പറഞ്ഞുപോവുക. മാസ്റ്റര്‍ ഡയറക്ടര്‍മാരുടെ പട്ടിക തുടങ്ങുന്നത് കുറസോവയില്‍ നിന്നോ ബര്‍ഗ്മാനില്‍ നിന്നോ ആയിരിക്കും. ഇവരെയൊന്നും തമ്മില്‍ അളന്നുനോക്കി നിലവാരം തിട്ടപ്പെടുത്താനും മാര്‍ക്കിടാനും കഴിയില്ലെങ്കിലും. റാഷമോണ്‍ അടക്കമുള്ള മഹത്തായ കലാസൃഷ്ടികളിലൂടെ അനശ്വരത നേടിയ വിഖ്യാത സംവിധായകന്‍ അന്തരിക്കുന്നത് 1998ലാണ്. അകിര കുറസോവയുടെ 90കളിലെ ഒരു ജാപ്പനീസ് ടിവി അഭിമുഖത്തിലെ അവസാനഭാഗമാണിത്. സംവിധാന രംഗത്തേയ്ക്ക് വരുന്ന യുവാക്കള്‍ക്ക് എന്തെങ്കിലും ഉപദേശം നല്‍കാനുണ്ടോ എന്നാണ് അവസാനത്തെ ചോദ്യം. സംവിധായകനാകണമെങ്കില്‍ ആദ്യം തിരക്കഥകളെഴുതണം എന്നാണ് കുറസോവ പറയുന്നത്.

സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ സംബന്ധിച്ച് പരന്ന വായന എത്രത്തോളം പ്രധാനമാണെന്ന് വെര്‍ണര്‍ ഹെര്‍സോഗ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കുറസോവയും അന്ന് ഇത് തന്നെയാണ് പറഞ്ഞത്. എഴുത്തില്‍ അനിവാര്യമായ ക്ഷമയെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. ഒരിക്കലും മടുത്ത് പിന്മാറരുത്. ആവശ്യമുള്ളത് കിട്ടുന്നത് വരെ ശ്രമം തുടരണം. നിങ്ങള്‍ ഒരു പര്‍വതം കയറുമ്പോള്‍ മുകളിലേക്ക് നോക്കാതിരിക്കൂ. ശ്രദ്ധ നിങ്ങളുടെ കാല്‍ച്ചുവട്ടിലേക്കാവട്ടെ എന്നും കുറസോവ ഉപദേശിക്കുന്നു. ഓരോ അടിയും ശ്രദ്ധയോടെ വച്ച് കയറുന്ന പോലെ വേണം എഴുത്തും. എപ്പോളും മുകളിലേക്ക് നോക്കിക്കൊണ്ടിരുന്നാല്‍ മോഹഭംഗമുണ്ടാവും. യുവാക്കളെ സംബന്ധിച്ച് അല്‍പ്പം മുന്‍വിധിയോടെയല്ലേ അദ്ദേഹം സംസാരിക്കുന്നത് എന്ന് തോന്നാമെങ്കിലും പറയുന്ന കാര്യങ്ങള്‍ക്ക് പ്രസക്തിയുണ്ട്.

വീഡിയോ കാണാം:

This post was last modified on August 31, 2017 4:01 pm