X

സ്വന്തം കൈയില്‍ നിന്ന് 10 ലക്ഷം രൂപ മുടക്കിയാണ് പരിപാടികള്‍ അവതരിപ്പിച്ചത്; ലോക കേരളാ സഭയില്‍ സര്‍ക്കാരിന്റെ ധൂര്‍ത്താണെന്ന് പ്രചരിപ്പിച്ചതില്‍ ദു:ഖമുണ്ടെന്ന് ആശാ ശരത്

'എന്റെ കീഴിലുള്ള കൈരളി കലാകേന്ദ്രത്തിലെ നൂറിലേറെ കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇവര്‍ക്കെല്ലാം നൃത്ത ഉടയാടകള്‍ക്ക് മാത്രം ലക്ഷങ്ങളായിരുന്നു വേണ്ടിവന്നത്.' ആശാ ശരത്ത്

ലോക കേരളാ സഭയില്‍ നൃത്ത പരിപാടികള്‍ അവതരിപ്പിച്ചത് സൗജന്യമായിട്ടാണെന്നും തനിക്ക് പൈസ തന്നു സര്‍ക്കാര്‍ ധൂര്‍ത്ത് കാണിച്ചെന്ന പ്രചരണത്തില്‍ ദു:ഖമുണ്ടെന്നും നടിയും നിര്‍ത്തകയുമായ ആശാ ശരത്ത്. ആശാ ശരത്ത് ലോക കേരളാ സഭയില്‍ നൃത്ത പരിപാടികള്‍ അവതരിപ്പിച്ചത് ഏഴ് ലക്ഷം രൂപ കൈപ്പറ്റിയാണെന്ന് പ്രചരണമുണ്ടായിരുന്നു. ഇതിനെതിരെ മനോരമ ഓണ്‍ലൈനിനോടാണ് താരം പ്രതികരിച്ചത്.

‘എന്റെ നാടിനോടുള്ള സ്‌നേഹമാണ് ഞാനും എന്റെ കുട്ടികളും പ്രകടിപ്പിച്ചത്. അതെന്റെ ബാധ്യതയാണെന്നും കരുതുന്നു. ഞാന്‍ ഏഴ് ലക്ഷം രൂപ കൈപ്പറ്റിയാണ് പരിപാടി അവതരിപ്പിക്കുന്നതെന്നും സര്‍ക്കാരിന്റെ ധൂര്‍ത്താണ് ഇതെന്നും പ്രചരിപ്പിച്ചതില്‍ ദുഃഖമുണ്ട്. അരലക്ഷം ദിര്‍ഹം (10 ലക്ഷത്തോളം രൂപ) സ്വന്തം കൈയില്‍ നിന്ന് ചെലവഴിച്ചാണ് ഞാന്‍ പരിപാടി അവതരിപ്പിച്ചത്. എന്റെ കീഴിലുള്ള കൈരളി കലാകേന്ദ്രത്തിലെ നൂറിലേറെ കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇവര്‍ക്കെല്ലാം നൃത്ത ഉടയാടകള്‍ക്ക് മാത്രം ലക്ഷങ്ങളായിരുന്നു വേണ്ടിവന്നത്.’ എന്നായിരുന്നു ആശാ ശരത്ത് പറഞ്ഞത്.

ഗള്‍ഫ് മലയാളികളുടെ പ്രശ്‌നങ്ങളെക്കുറിച്ച് കഴിഞ്ഞവര്‍ഷം ഞങ്ങള്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളോട് വളരെ ക്രിയാത്മകമായ നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിട്ടുള്ളതെന്നും ലോക കേരളാ സഭാ അംഗം കൂടിയായ ആശാ ശരത്ത് അഭിപ്രായപ്പെട്ടു. കൂടാതെ ലോക കേരളാ സഭ വളരെ ഭംഗിയായി നടന്നുവരുകയാണെന്നും ഈ വര്‍ഷവും കലാസാംസ്‌കാരിക സംബന്ധമായ ഒത്തിരി കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ സാധിച്ചുവെന്നും ആശാ ശരത്തി കൂട്ടിച്ചേര്‍ത്തു.

This post was last modified on February 17, 2019 8:44 am