X

മഹാനടി വിവാദത്തില്‍; ജെമിനി ഗണേശനെ മോശമായി ചിത്രീകരിച്ചുവെന്ന ആരോപണവുമായി മകള്‍

സാവിത്രിക്ക് ആദ്യമായി മദ്യം നല്‍കിയത് എന്റെ അച്ഛനല്ല. അവരെ മദ്യപാനിയാക്കിയതും അദ്ദേഹമല്ല

അന്തരിച്ച തെന്നിന്ത്യന്‍ നടി സാവിത്രിയുടെ സംഭവ ബഹുലമായ ജീവിത കഥപറയുന്ന യുവ സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ തെലുങ്ക് ചിത്രം മഹാനടി വിവാദത്തില്‍. തന്റെ പിതാവിനെ ചിത്രത്തിലുടനീളം അപമാനിക്കുകയാണ് മഹാനടിയുടെ അണിയറ പ്രവര്‍ത്തകര്‍ ചെയ്തതെന്ന് ആരോപിച്ച് രംഗത്തു വന്നിരിക്കുകയാണ് മകള്‍ കമല സെല്‍വരാജ്. ജെമിനി ഗണേശന് ആദ്യ ഭാര്യ അലമേലുവിലുണ്ടായ മകളാണ് കമല.

‘എന്റെ അച്ഛനെ മഹാനടിയുടെ അണിയറ പ്രവര്‍ത്തകര്‍ മോശമായി ചിത്രീകരിച്ചുവെന്ന് അറിഞ്ഞപ്പോള്‍ സത്യത്തില്‍ ഹൃദയം തകര്‍ന്നു. സാവിത്രിയെ കാണാനായി മാത്രം സെറ്റുകള്‍ തോറും ജോലിയൊന്നുമില്ലാതെ അലഞ്ഞു നടക്കുന്ന ആളായി അവര്‍ അദ്ദേഹത്തെ ചിത്രീകരിച്ചു. എന്നാല്‍ സത്യാവസ്ഥ എന്താണ് ആ കാലഘട്ടത്തില്‍ എന്റെ അച്ഛന്‍ മാത്രമായിരുന്നു ഏറ്റവും വലിയ താരം.”

‘പിന്നെ സാവിത്രിക്ക് ആദ്യമായി മദ്യം നല്‍കിയത് എന്റെ അച്ഛനല്ല. അവരെ മദ്യപാനിയാക്കിയതും അദ്ദേഹമല്ല. സംവിധായകന്‍ അത്തരത്തില്‍ കാണിച്ചത് എന്നെ ശരിക്കും വേദനിപ്പിച്ചു. സാവിത്രി പ്രാപ്തം എന്ന സിനിമ ചെയ്യുന്ന അവസരത്തില്‍ ഞാന്‍ എന്റെ അച്ഛനോടൊപ്പം അവരുടെ വീട്ടില്‍ പോയിട്ടുണ്ട്. അന്ന് അവരുടെ ബന്ധുക്കളും കാവല്‍ക്കാരും ഞങ്ങളെ വീടിനകത്തേക്ക് കടത്തിവിട്ടില്ല. അതിനു ശേഷം ഞാന്‍ ആ വീട് കണ്ടിട്ടില്ല’ കമല പറഞ്ഞു.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രം സാവിത്രിയെ അവതരിപ്പിക്കുന്നത് കീര്‍ത്തി സുരേഷ് ആണ്. ചിത്രം ഇതിനോടകം മികച്ച പ്രേക്ഷക അഭിപ്രായങ്ങള്‍ നേടി മുന്നേറുകയാണ്.

 

This post was last modified on May 18, 2018 6:38 pm