X

ദേശീയ അവാര്‍ഡ്; ഒറ്റുകാരെ കുറ്റപ്പെടുത്തിയും ബഹിഷ്‌കരണവാദികളെ പരിഹസിച്ചും മലയാള സിനിമാലോകം

ഭൂരിഭാഗം പേരും യേശുദാസിനും ജയരാജിനുമെതിരേ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്

രാഷ്ട്രപതി പുരസ്‌കാരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ നിന്ന് വിട്ട് നിന്നവരെ പിന്തുണച്ചും വിമര്‍ശിച്ചും മലയാള സിനിമാ ലോകം. പുരസ്‌കാര ചടങ്ങില്‍ നിന്ന് വിട്ടു നിന്നവരെ പിന്തുണച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ സംവിധായകന്‍ കമല്‍ അവാര്‍ഡ് ഏറ്റുവാങ്ങിയ യേശുദാസിന്റെയും ജയരാജിന്റെ നിലപാട് ദൗര്‍ഭാഗ്യകരമെന്നായിരുന്നു പറഞ്ഞത്. മന്ത്രി സ്മൃതി ഇറാനിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു കമല്‍. ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ നിന്ന് വിട്ടുനിന്നവരുടെ വികാരത്തിന് കേന്ദ്ര മന്ത്രി സ്മ്യതി ഇറാനി പുല്ലുവിലയാണ് കല്‍പ്പിച്ചത്. മന്ത്രിയുടെ ധാര്‍ഷ്ഠ്യം കുറച്ചുകാലമായി ചലച്ചിത്ര മേഖല കണ്ടുവരികയാണ്. ഗോവന്‍ ഫിലിം ഫെസ്റ്റിവലിലും അനാവശ്യ ഇടപെടല്‍ നടത്തി ഫെസ്റ്റിവല്‍ പ്രതിസന്ധിയിലാക്കിയതും ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതാണ്; കമല്‍ പറഞ്ഞു.

എല്ലാ അവര്‍ഡുകളും രാഷ്ട്രപതി തന്നെ നല്‍കണമായിരുന്നു എന്നായിരുന്നു ബീനാ പോള്‍ പ്രതികരിച്ചത്. ജയരാജും യേശുദാസും അവാര്‍ഡ് സ്വീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും ബീന പോള്‍ അഭിപ്രായപ്പെട്ടു. ഏത് മാനദണ്ഡത്തിന്റെ പുറത്താണ് 11 പേരെ തെരഞ്ഞെടുത്തെന്ന് അറിയില്ലെന്നും ബീനാ പോള്‍ പറഞ്ഞു. പുരസ്‌കാര വിതരണം വിവാദമാക്കിയത് ഒരു മന്ത്രിയുടെ അഹങ്കാരമാണെന്നായിരുന്നു സംവിധായകന്‍ മേജര്‍ രവി പറഞ്ഞത്. ദേശീയ അവാര്‍ഡ് രാഷ്ട്രപതിയില്‍ നിന്ന് വാങ്ങാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും. മാത്രമല്ല ഏതൊരു അച്ഛനും അമ്മയും തങ്ങളുടെ മക്കള്‍ പ്രഥമ പൗരനില്‍ നിന്ന് പുരസ്‌കാരം വാങ്ങുന്നത് കാണാന്‍ ആഗ്രഹിക്കും. ആ നിമിഷത്തിന്റെ സന്തോഷം അനുഭവിച്ചവര്‍ക്ക് മാത്രമേ അറിയൂ. രാഷ്രപതിയുടെ ചുമതലയില്‍പ്പെട്ട കാര്യം മാറ്റി മറിക്കാന്‍ ഒരു മന്ത്രിക്ക് എന്ത് അവകാശമെന്നും മേജര്‍ രവി ചോദിക്കുന്നു.

യേശുദാസിനേയും ജയരാജിനെയും ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നായിരുന്നു സംവിധായകന്‍ സിബി മലയില്‍ പ്രതികരിച്ചത്. കലാകാരന്മാരുടെ ആത്മാഭിമാനം അടിയവറയ്ക്കാതിരുന്ന സഹപ്രവര്‍ത്തകര്‍ക്ക് തന്റെ അഭിനന്ദനവും സിബി മലയില്‍ അറിയിച്ചു. യേശുദാസിനേയും ജയരാജിനേയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഇരുവര്‍ക്കുമെതിരേ കടുത്ത ഭാഷയിലാണ് സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരി പ്രതികരിച്ചത്. ഏത് ഉടയതമ്പുരാനായാലും തൊഴുത്തില്‍ കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തുമെന്നായിരുന്നു പരോക്ഷമായുള്ള ലിജോയുടെ ആക്ഷേപം. കലാകാരന്‍ തിരസ്‌കരിച്ച ദേശീയ അവാര്‍ഡിന് ആക്രിയുടെ വില പോലും ഇല്ലെന്നുള്ളതാണ് സത്യം. ഏത് ഉടയതമ്പുരാനായാലും തൊഴുത്തില്‍ കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തും. പടക്കം പൊട്ടുന്ന കയ്യടി സ്വര്‍ണ്ണപൊതി വലിച്ചെറിഞ്ഞവരുടെ ചങ്കുറ്റത്തിന്. കാറി നീട്ടിയൊരു തുപ്പ് മേല്‍ പറഞ്ഞത് പൊള്ളുന്നവരുടെ മുഖത്ത്. ഉരുക്കിന്റെ കോട്ടകള്‍, ഉറുമ്പുകള്‍ കുത്തി മറിക്കും. കയ്യൂക്കിന്‍ ബാബേല്‍ ഗോപുരം, പൊടിപൊടിയായ് തകര്‍ന്നമരും. അപമാനിക്കപ്പെട്ട കലാകാരന്മാര്‍ക്ക് ഐക്യദാര്‍ഢ്യം; എന്നായിരുന്നു ലിജോ ജോസ് പല്ലിശ്ശേരി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്.

യേശുദാസിനെയും ജയരാജിനെയും പേരെടുത്ത് പറഞ്ഞ് ഒറ്റുകാരെന്ന് വിളിക്കുകയായിരുന്നു തിരക്കഥാകൃത്തും സംവിധായകനുമായ നജീം കോയ. ദാസേട്ടാ…ജയരാജ്, നിങ്ങള്‍ രണ്ടാളും കൗശലക്കാരായ ഒറ്റുകാരാണ്…നിങ്ങള്‍ക്ക് പ്രശസ്തി വാനോളമുണ്ട്, എന്നിട്ടും നിങ്ങള്‍ ഞങ്ങളെ ഒറ്റുകൊടുത്തു…പാലം കടന്നപ്പോ നിങ്ങള്‍ക്കു കൂരായണ… നജീം കോയ പറയുന്നു…

യൂ ടൂ ദാസേട്ടാ…കഷ്ടം എന്നു പറഞ്ഞായിരുന്നു നടന്‍ ഷമ്മി തിലകന്‍ യേശുദാസിനോടുള്ള തന്റെ എതിര്‍പ്പ് പ്രകടിപ്പിച്ചത്.

അതേസമയം പുരസ്‌കാര ചടങ്ങ് ബഹിശ്കരിച്ചവരെ വിമര്‍ശിച്ചും പരിഹസിച്ചും സിനിമാമേഖലയില്‍ നിന്നും ചിലര്‍ രംഗത്തു വന്നിട്ടുണ്ട്. പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാത്തവരെ വിമര്‍ശിച്ചാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ജോയ് മാത്യു സംസാരിച്ചത്. അച്ചാര്‍ കച്ചവടക്കാരില്‍ നിന്നും അടിവസ്ത്ര വ്യാപാരികളില്‍ നിന്നും യാതൊരു ചമ്മലുമില്ലാതെ കുനിഞ്ഞു നിന്ന് പുരസ്‌കാരങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക ്‌കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കാന്‍ കഴിയില്ല എന്ന് പറയുന്നതിന്റെ യുക്തി തനിക്ക് മനസിലാകുന്നില്ലെന്നായിരുന്നു ജോയ് മാത്യു ചോദിച്ചത്. കത്വ സംഭവത്തിലോ വംശവെറിയിലോ പ്രതിഷേധിച്ച് അവാര്‍ഡ് നിരസിച്ചിരുന്നെങ്കില്‍ അതിന് അഗ്‌നിശോഭയുണ്ടായേനെ. ഇതു കുട്ടികള്‍ കളിപ്പാട്ടം കിട്ടാതെ കരയുന്നതുപോലെയായിപ്പോയി. അടുത്ത ദിവസം തലയില്‍ മുണ്ടിട്ട് അവാര്‍ഡ് തുക വാങ്ങിക്കാന്‍ പോകില്ലായിരിക്കും എന്നും ജോയ് മാത്യു പരിഹസിക്കുന്നു.

ചാനല്‍ മുതലാളിമാരുടെ സകല കോമാളിത്തരങ്ങളും മണിക്കൂറുകളോളം സഹിച്ച് ഊരും പേരും അറിയാത്ത സ്‌പോണ്‍സര്‍മാരുടെ മുന്നില്‍ വിനീത വിധേയരായി നിന്ന് അവാര്‍ഡുകള്‍ വാങ്ങുന്നവരാണ് എല്ലാവരും എന്ന് ഓര്‍ത്താല്‍ നന്നെയായിരുന്നു നടന്‍ ഹരീഷ് പേരാട് യേശുദാസിനെയും ജയരാജിനെയും പിന്തുണച്ചുകൊണ്ട് പറഞ്ഞത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി പുരസ്‌കാരങ്ങള്‍ കൈമാറിയതുകൊണ്ട് അതിന്റെ തിളക്കം നഷ്ടപ്പെടുന്നില്ലെന്നും ഹരീഷ് പേരാടി പറയുന്നു. ഏതെങ്കിലും മൂന്നാംകിട ചാനല്‍ കൊടുക്കുന്ന അവാര്‍ഡ് ആയിരുന്നേല്‍ ആര് കൊടുത്താലും ഇവര്‍ ഇളിച്ച് കൊണ്ടുപോയി വാങ്ങുമായിരുന്നുവെന്നായിരുന്നു ചടങ്ങ് ബഹിഷ്‌കരിച്ച പുരസ്‌കാര ജേതാക്കളെ പരിഹസിച്ചുകണ്ട് നടന്‍ സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്.

അതേസമയം ജോയി മാത്യുവിനെ പോലുള്ളവരുടെ പ്രതികരണങ്ങളെ വിമര്‍ശിച്ചുകൊണ്ട് സിനിമാമേഖലയിലുളളവര്‍ രംഗത്തു വന്നു. തന്റെ സിനിമയ്ക്ക് അവാര്‍ഡ് കിട്ടാത്തതിന്റെ ദേഷ്യത്തില്‍ ജൂറിയംഗം ആയിരുന്ന തന്നെ വിളിച്ച് തെറി പറയുകയും ജാതിയധിക്ഷേപം നടത്തുകയം ചെയ്തയാളാണ് ജോയ് മാത്യു എന്നാണ് സംവിധായകന്‍ ഡോ. ബിജു പറഞ്ഞത്.

എന്നാല്‍ പുരസ്‌കാരം നിഷേധിച്ചിട്ടില്ല അത് ആ വേദിയില്‍ സ്വീകരിച്ചില്ല എന്ന് മാത്രമേയുള്ളുവെന്നു സംവിധായകന്‍ വി സി അഭിലാഷ് പറയുന്നു. ‘ഇത് ഞങ്ങള്‍ക്ക് വേണ്ടി മാത്രമല്ല, വരും തലമുറയ്ക്ക് വേണ്ടി കൂടിയാണ്. കേന്ദ്രമന്ത്രിയില്‍ നിന്ന് ആ പുരസ്‌കാരം സ്വീകരിച്ചിരുന്നെങ്കില്‍ ഓരോ ദിവസവും ആ പുരസ്‌കരം കാണുമ്പോള്‍ ലജ്ജിച്ച് തല താഴ്‌ത്തേണ്ടി വരുമായിരുന്നുവെന്നും അഭിലാഷ് ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.