X

ഓസ്‌കാര്‍ ജേതാവ് നതാലിയോട് പരസ്യമായി മാപ്പുപറഞ്ഞ് മോബി

നതാലിയോട് ആരാധനയാണെന്നും, അവരുടെ ബുദ്ധിയോടും, സര്‍ഗ്ഗവൈഭവത്തോടും, മൃഗാവകാശ പ്രവര്‍ത്തനങ്ങളോടും വലിയ ബഹുമാനമുണ്ടെന്നും മോബി കൂട്ടിച്ചേര്‍ത്തു.

ഓസ്‌കാര്‍ ജേതാവ് നതാലി പോര്‍ട്ടമാനോട് പരസ്യമായി മാപ്പുപറഞ്ഞുകൊണ്ട് സംഗീതജ്ഞനായ മോബി രംഗത്ത്. ചെറുപ്പത്തില്‍തന്നെ മോബി തന്നോട് വളരെ വിചിത്രമായ രീതിയിലാണ് പെരുമാറിയിരുന്നതെന്ന് നതാലി പറഞ്ഞിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ തന്റെ ഓര്‍മ്മക്കുറിപ്പില്‍ മോബി, നതാലിയോടൊത്ത് ഡേറ്റിംഗില്‍ ആയിരുന്ന ചുരുങ്ങിയ കാലത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു.

‘മോബിയുമായി ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ച് ഞാന്‍ വ്യത്യസ്തമായ രീതിയിലാണ് ഓര്‍ക്കുന്നതെന്നും, അദ്ദേഹത്തിന്റെ രചനകളില്‍ വസ്തുതാപരമായ അനേകം പിശകുകളും, കണ്ടുപിടിത്തങ്ങളും ഉണ്ടെന്നും നതാലി ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘എനിക്ക് അദ്ദേഹത്തെ പരിചയമുണ്ടായിരുന്ന ചുരുങ്ങിയ കാലത്തെ ‘ഡേറ്റിംഗ്’ എന്നൊക്കെ വിളിക്കുന്നതില്‍ അത്ഭുതം തോന്നുന്നു. കാരണം, എന്റെ ഓര്‍മ്മയില്‍, ഞാന്‍ ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് എന്നോട് വളരെ വിചിത്രമായി പെരുമാറിയ പ്രായം കൂടുതലുള്ള ഒരാളാണ് അദ്ദേഹം. മോബി പറയുന്നത് അന്നെനിക്ക് 20 വയസ്സ് പ്രായം ഉണ്ടാകും എന്നാണ്. അതെങ്ങനെ സംഭവിക്കും? അന്ന് ഞാനൊരു കൗമാരക്കാരിയാണ്’ നതാലി വിശദമാക്കി.

നതാലിയ്‌ക്കെതിരെ ശക്തമായ മറുപടിയുമായി മോബി ആദ്യം രംഗത്തുവന്നിരുന്നു. ‘ഞാനുമായി ഒരു ബന്ധവും ഉണ്ടായിട്ടില്ലെന്ന അവരുടെ വാക്കുകള്‍ കേട്ട് ഞാനാകെ ആശയക്കുഴപ്പത്തിലാണ്’ എന്നാണ് മോബി പറഞ്ഞത്. അവര്‍ ഡേറ്റിംഗില്‍ ആയിരുന്നുവെന്ന് ആവര്‍ത്തിക്കുകയും ചെയ്തു.

എന്നാല്‍, ഇപ്പോള്‍ എല്ലാറ്റിനും മാപ്പു പറഞ്ഞിരിക്കുകയാണ് മോബി. തനിക്കെതിരെയുള്ള എല്ലാ വിമര്‍ശങ്ങളും ‘ന്യായ’മുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. നതാലിയെ കുറിച്ച് എഴുതുന്നതിനു മുന്‍പ് അവരോട് ചോദിക്കണമായിരുന്നു എന്നും, അവരുടെ പ്രതികരണത്തെ മാനിക്കണമായിരുന്നു എന്നും ഇന്‍സ്റ്റഗ്രാമില്‍ എഴുതിയ കുറിപ്പിലൂടെ മോബി പറഞ്ഞു. നതാലിയോട് ആരാധനയാണെന്നും, അവരുടെ ബുദ്ധിയോടും, സര്‍ഗ്ഗവൈഭവത്തോടും, മൃഗാവകാശ പ്രവര്‍ത്തനങ്ങളോടും വലിയ ബഹുമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

This post was last modified on May 26, 2019 3:10 pm