X

സംവിധായകന്‍ ബെര്‍ണാഡോ ബെര്‍ട്ടലൂച്ചി അന്തരിച്ചു

ദ ലാസ്റ്റ് എംപറര്‍ (1987) വഴി ഹോളിവുഡില്‍ ചുവടുറപ്പിച്ചു. മികച്ച ചിത്രത്തിനും സംവിധായകനുമടക്കം ഒമ്പത് ഓസ്‌കാര്‍ പുരസ്‌കാരങ്ങളാണ് ഈ സിനിമ നേടിയത്.

ബിഫോര്‍ ദ റെവലൂഷന്‍, ലാസ്റ്റ് ടാംഗോ ഇന്‍ പാരീസ്, ദ ലാസ്റ്റ് എംപറര്‍, ദ ഡ്രീമേഴ്‌സ് എന്നിവയടക്കം നിരവധി ശ്രദ്ധേയ ഇറ്റാലിയന്‍, ഹോളിവുഡ് സിനിമകളൊരുക്കിയ വിഖ്യാത സംവിധായകന്‍ ബെര്‍ണാഡോ ബെര്‍ട്ടലൂച്ചി അന്തരിച്ചു. 77 വയസായിരുന്നു. 2003ല്‍ ഹെര്‍ണിയേറ്റഡ് ഡിസ്‌കിലെ ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം വീല്‍ ചെയറിലായിരുന്നു. കാന്‍സര്‍ ബാധിതനായിരുന്നു. മൈക്കലാഞ്ചലോ അന്റോണിയോണി, ഫെഡറികോ ഫെല്ലിനി, പിയര്‍ പൗലോ പസോളിനി എന്നിവര്‍ക്കൊപ്പം ഇറ്റാലിയന്‍ നവതരംഗ സിനിമയുടെ പ്രമുഖ വക്താക്കളിലൊരാളായിരുന്നു ബെര്‍ണാഡോ ബെര്‍ട്ടലൂച്ചി.

1941ല്‍ ഇറ്റലിയിലെ പാര്‍മയിലാണ് ജനനം. 1961ല്‍ പസോളിനിയുടെ അസിസ്റ്റന്റ് ആയാണ് സിനിമ രംഗത്തേക്ക് വരുന്നത്. 1962ല്‍ ദ സ്‌കിന്നി ഗോസിപ്പ് (ലാ കൊമ്മാരേ സെക്ക) എന്ന ഇറ്റാലിയന്‍ സിനിമയിലൂടെ സംവിധായകനായി. അങ്ങനെ 21 വയസില്‍ സ്വതന്ത്ര സംവിധായകനായി. നിരവധി ശ്രദ്ധേയ തിരക്കഥകള്‍ രചിച്ചു. ബിഫോര്‍ ദ റെവലൂഷന്‍ (1964), ദ കണ്‍ഫോമിസ്റ്റ് (1970) തുടങ്ങിയ സിനിമകള്‍ വലിയ നിരൂപക പ്രശംസ പിടിച്ചുപറ്റി. ദ ലാസ്റ്റ് എംപറര്‍ (1987) വഴി ഹോളിവുഡില്‍ ചുവടുറപ്പിച്ചു. മികച്ച ചിത്രത്തിനും സംവിധായകനുമടക്കം ഒമ്പത് ഓസ്‌കാര്‍ പുരസ്‌കാരങ്ങളാണ് ഈ സിനിമ നേടിയത്. ലാസ്റ്റ് ടാംഗോ ഇന്‍ പാരീസില്‍ മാര്‍ലന്‍ ബ്രാന്‍ഡോയും മരിയ ഷ്‌നീഡറുമടക്കമുള്ളവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2011ല്‍ കാന്‍ ചലച്ചിത്ര മേളയില്‍ ഓണററി പാം ഡി ഓര്‍ പുരസ്‌കാരം നേടി. 2012ല്‍ പുറത്തിറങ്ങിയ മീ ആന്‍ഡ് യു ആണ് അവസാന സിനിമ.

This post was last modified on November 26, 2018 10:03 pm