X

വെന്നീസിലെ റെഡ് കാർപ്പെറ്റിൽ മുണ്ടുടുത്ത് ജോജു, മലയാളത്തിനും, ‘ചോല’യ്ക്കും അഭിമാന നിമിഷം

ചോലയുടെ ആദ്യ ഷോയാണ് വെനീസിൽ നടന്നത്.

നാടൻ വേഷത്തിൽ മുണ്ടുടുത്ത് ജോജു ജോർജ്ജ്, കേരളത്തിലല്ല അങ്ങ് വെന്നീസ് രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളത്തെ സംബന്ധിച്ചടത്തോളം അഭിമാന നിമിഷമായിരുന്നു ജോജുവിന്റെ സാന്നിധ്യം. വർഷങ്ങള്‍ക്ക് ശേഷം വെനീസ് മേളയിലേക്ക് തിരഞ്ഞെടുത്ത മലയാള സിനിമായായ ചോല മേളയിൽ പ്രദർശിപ്പിച്ചു. ചിത്രത്തിന്റെ പ്രദർശനം കാണാനായിരുന്നു സനൽ കുമാർ ശശിധരൻ, ജോജു ജോർജ്, നിമിഷ സജയൻ, സിജോ വടക്കൻ , അഖിൽ വിശ്വനാഥ് എന്നിവർ റെഡ് കാർപ്പറ്റിൽ എത്തിയത്.

റെഡ്കാർപ്പെറ്റിൽ കൈയ്യടികളോടെയാണ് കാണികൾ ഇവരെ വരവേറ്റത്. ചോലയുടെ ആദ്യ ഷോയാണ് വെനീസിൽ നടന്നത്. മേളയിലെ മത്സരവിഭാഗങ്ങളില്‍ ഒന്നായ ‘ഓറിസോന്‍റ്റി കോംപറ്റീഷനിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിൽ ജോജു തന്നെയാണ് ഇതിന്റെ വീഡിയോ പങ്കുവച്ചത്.

ലോകത്തിലെ മൂന്ന് പ്രധാന ചലച്ചിത്ര മേളകളിൽ ഒന്നായ വെനീസിൽ മൽസര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു ഇന്ത്യൻ ചിത്രം കുടിയാണ് ചോല. കഴിഞ്ഞ വർഷം മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ചിത്രമായ ചോലയിലൂടെയാണ് മികച്ച നടിക്കുള്ള പുരസ്കാരം നിമിഷ സജയനെ തേടിയെത്തിയത്.

കെ.വി. മണികണ്ഠൻ, സനൽ കുമാർ ശശിധരൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്‌ഷൻ ഹൗസിന്റെ ബാനറിൽ ജോജു തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഷാജി മാത്യു, അരുണാ മാത്യു എന്നിവർ ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍ ആണ്. ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 7 വരെ വെനീസ് ലഗൂണിലെ ലിഡ ദ്വീപിലാണ് മേള നടക്കുന്നത്.