X

നിഷ സാരംഗ് ഉപ്പും മുളകില്‍ തുടരുമെന്ന് ഫ്‌ളവേഴ്‌സ് ചാനല്‍

ഇന്ന് വിഷയം ചര്‍ച്ചയായതോടെ ചാനല്‍ മാനേജ്‌മെന്റ് നിഷയുമായി മീറ്റിംഗ് നടത്തിയിരുന്നു

ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ ഉപ്പും മുളകില്‍ നിഷ സാരംഗ് തന്നെ തുടരുമെന്ന് ഫ്‌ളവേഴ്‌സ് ചാനല്‍ മാനേജ്‌മെന്റ്. ചാനലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇന്നലെയാണ് നിഷ സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ തന്റെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തിയത്. പീന്നീട് ഉണ്ണികൃഷ്ണനൊപ്പം ജോലി ചെയ്യാന്‍ തനിക്കാകില്ലെന്ന് വ്യക്തമാക്കിയിരുന്നു.

അതേസമയം ഇന്ന് വിഷയം ചര്‍ച്ചയായതോടെ ചാനല്‍ മാനേജ്‌മെന്റ് നിഷയുമായി മീറ്റിംഗ് നടത്തിയിരുന്നു. ഈ മീറ്റിംഗിലാണ് ഉപ്പും മുളകിലെ കേന്ദ്ര കഥാപാത്രമായി നിഷ തന്നെ തുടരുമെന്ന കാര്യത്തില്‍ തീനുമാനമായത്. സംവിധായകന്‍ ഉണ്ണികൃഷ്ണനെ മാറ്റുമെന്ന ഉറപ്പ് തനിക്ക് ചാനല്‍ അധികൃതരില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്ന് നിഷ അഴിമുഖത്തോട് പ്രതികരിച്ചു. ഫ്‌ളവേഴ്‌സ് ചാനലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ:

“പ്രശസ്ത ചലച്ചിത്ര – ടി.വി. താരം നിഷ സാരംഗിനെ ഉപ്പും മുളകും പരമ്പരയില്‍ നിന്ന് മാറ്റിയെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സത്യമല്ലെന്ന് ഫ്‌ളവേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു. അറുന്നൂറ്റി അമ്പതോളം എപ്പിസോഡുകള്‍ പിന്നിട്ട ഉപ്പും മുളകും പരമ്പരയിലെ ‘നീലു’വെന്ന കഥാപാത്രത്തെ നിഷ സാരംഗ് തന്നെ തുടര്‍ന്നും അവതരിപ്പിക്കും. നിഷ സാരംഗുമായി ചാനല്‍ മാനേജ്‌മെന്റ് ഇന്ന് രാവിലെ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചക്കൊടുവിലാണ് വരും ദിവസങ്ങളില്‍ ഉപ്പും മുളകും പരമ്പരയുടെ ചിത്രീകരണം കൊച്ചിയില്‍ തുടരാന്‍ തീരുമാനിച്ചത്”.