X

ഈമയൗ ശവത്തിന്റെ മോഷണമല്ല: എന്‍എസ് മാധവന്‍

തീരദേശവാസികള്‍ക്ക് ഒന്നും അന്തസായി ചെയ്യാന്‍ പറ്റില്ലെന്ന ഈമയൗവിന്റെ അന്തര്‍ലീനമായ സന്ദേശം തന്നെ ദുഃഖിപ്പിച്ചതായും എന്‍എസ് മാധവന്റെ ട്വീറ്റ്

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ഈമയൗ എന്ന ചിത്രം ശവത്തിന്റെ മോഷണമൊന്നും അല്ലെന്ന് എന്‍എസ് മാധവന്റെ ട്വീറ്റ്. മരണച്ചടങ്ങുകളുടെ പൊതുസ്വഭാവം വച്ച് അങ്ങനെ പറയുന്നത് ശരിയല്ലെന്നും സിനിമ എന്ന നിലയില്‍ ശവത്തിന്റെ സൂക്ഷ്മത എന്നെ കൂടുതല്‍ ആകര്‍ഷിച്ചുവെന്നും എന്‍എസ് മാധവന്‍ പറയുന്നു.

അതേസമയം തീരദേശവാസികള്‍ക്ക് ഒന്നും അന്തസായി ചെയ്യാന്‍ പറ്റില്ലെന്ന ഈമയൗവിന്റെ അന്തര്‍ലീനമായ സന്ദേശം തന്നെ ദുഃഖിപ്പിച്ചതായും അദ്ദേഹത്തിന്റെ ട്വീറ്റില്‍ വ്യക്തമാക്കുന്നു. കഥാതന്തു എന്ന കൃത്രിമത്വം കൊണ്ട് ബന്ധിപ്പിക്കാത്ത മരണവീട്ടിലെ ഒരു തുണ്ടം ജീവിതമാണ് ഡോണ്‍ പാലത്തറയുടെ ശവം എന്ന സിനിമയെന്നും അദ്ദേഹം നിരീക്ഷിച്ചു.

ശവം എന്ന സിനിമയും ഈമയൗവും ഒരേ കഥയാണ് പറയുന്നതെന്ന വിവാദമുയര്‍ന്നിരുന്നു. അതേസമയം മരണവീട്ടിലെ കഥ പറയുന്ന ചിത്രമായതിനാല്‍ രണ്ട് സിനിമയ്ക്കും സാമ്യം തോന്നുന്നതാണെന്ന വിശദീകരണവും പലരും മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇരുചിത്രങ്ങളും തമ്മിലുള്ള സാമ്യവും വിശദീകരിച്ച് ഡോണ്‍ പാലത്തറ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്തോടെയാണ് സംഭവം വിവാദമായത്. ലിജോ ചെയ്തത് ക്രൂരതയാണെന്ന് സംവിധായകനും എഴുത്തുകാരനുമായ സതീഷ് പി ബാബു ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതോടെ വിവാദം കൊഴുക്കുകയും ചെയ്തു.

 

This post was last modified on May 8, 2018 12:39 pm