X

‘എല്ലാവരും കൃത്യനിഷ്ഠയുള്ളവര്‍’ സൗത്ത് ഇന്ത്യന്‍ സിനിമാ ലോകം ബോളിവുഡിനെക്കാള്‍ മികച്ചത് : അക്ഷയ് കുമാര്‍

നവാഗതര്‍ ബോളിവുഡില്‍ വരുന്നതിന് മുമ്പ് ദക്ഷിണേന്ത്യന്‍ സിനിമകളില്‍ അഭിനയിക്കണമെന്നും അക്ഷയ് പറയുന്നു.

ശങ്കര്‍-രജനികാന്ത് ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0 തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് ആരാധകര്‍ക്ക് ഉള്ളത്. രജനികാന്ത് നായകനായി എത്തുന്ന ചിത്രത്തില്‍ ബോളിവുഡ് താരം അക്ഷയ് കുമാറാണ് വില്ലന്‍. ചിത്രത്തില്‍ പ്രവര്‍ത്തിച്ചപ്പോള്‍ നേരിട്ട അനുഭവങ്ങള്‍ വെളിപ്പെടുത്തുകയാണ് ബോളിവുഡ് സ്റ്റാര്‍ അക്ഷയ്കുമാര്‍.

‘ബോളിവുഡിലേതിനേക്കാള്‍ കൃത്യനിഷ്ഠതയുള്ള അഭിനേതാക്കളാണ് സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ഉള്ളതെന്നാണ് അക്ഷയ്കുമാറിന്റെ അഭിപ്രായം.  നവാഗതര്‍ ബോളിവുഡില്‍ വരുന്നതിന് മുമ്പ് ദക്ഷിണേന്ത്യന്‍ സിനിമകളുടെ ഭാഗമാവണമെന്നും അദ്ദേഹം പറയുന്നു. നവാഗതരായി ബോളിവുഡിലെത്തുന്നവര്‍ സൗത്ത് ഇന്ത്യയില്‍ അഞ്ച് സിനിമകളില്‍ എങ്കിലും അഭിനയിക്കണം.  ബോളിവുഡിനെക്കാള്‍ പ്രഫഷണല്‍ താരങ്ങള്‍ സൗത്ത് ഇന്ത്യന്‍ സിനിമയിൽ‌ ഉള്ളത്. അവിടുള്ള താരങ്ങള്‍ക്ക് ആഢംബര സൗകര്യങ്ങള്‍ ഒരുക്കിയില്ലെങ്കിലും സാഹചര്യങ്ങക്കൊത്ത് മുന്നോട്ട് പോകുമെന്നും അക്ഷയ്കുമാര്‍ പറയുന്നു.

7.30നാണ് ചിത്രീകരണം ആരംഭിക്കുമെന്ന് പറഞ്ഞാല്‍ കൃത്യസമയത്ത് തന്നെ ഷൂട്ടിംഗ് തുടങ്ങിയിരിക്കും. എന്നാല്‍ ഇത് ബോളിവുഡിലാണെങ്കില്‍ 9.30നായിരിക്കും താരങ്ങള്‍ എത്തുക. അവരുടെ സൂപ്പര്‍സ്റ്റാറുകള്‍ കൃത്യസമയത്ത് സെറ്റിലെത്തും’ അക്ഷയ് പറഞ്ഞു. രജനികാന്തിന്റെ അഭിനയ വൈവിധ്യത്തെയും അക്ഷയ് കമാർ പുകഴ്ത്തി. ‘അദ്ദേഹം വലിയൊരു മനുഷ്യനാണ്. കിട്ടുന്ന സംഭാഷണം എത്ര മനോഹരമായാണ് അദ്ദേഹം തന്റേതായ ശൈലിയിലേക്ക് മാറ്റുന്നത്. ഓരോ വരിയിലും രസകരമായ ശൈലി കൊണ്ടുവരും’ അക്ഷയ് പറഞ്ഞു.
കേരളത്തിൽ മാത്രം  ഏകദേശം 450 തിയേറ്ററുകളില്‍ ത്രിഡിയിലും 2ഡിയിലും ചിത്രം പ്രദര്‍ശനത്തിലാണ്. ലോകമൊട്ടാകെ 10,000 സ്‌ക്രീനുകളില്‍ ചിത്രം റിലീസിനെത്തുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം ആദ്യദിനം തന്നെ തിയേറ്ററുകളിലെത്തും. ശങ്കര്‍, ജയമോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മലയാളി താരങ്ങളായ കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

രജിനികാന്തിന്റെ 2.0 നിരോധിക്കണമെന്ന് മൊബൈൽ ഫോൺ സേവനദാതാക്കൾ; അശാസ്ത്രീയ ധാരണകൾ പരത്തുന്നുവെന്ന് ആക്ഷേപം