X

സൂപ്പർ ഡീലക്‌സ്: സര്‍ഗ്ഗാത്മകതയുടെ നട്ടപ്പിരാന്ത്; പുലിയാണ് ത്യാഗരാജൻ കുമാരരാജ

കൊച്ചി മുസിരിസ് ബിനാലെയിലെ ഓരോ ഇൻസ്റ്റലേഷനാണ് ഓരോ ഫ്രയിമും

സൂപ്പർഡീലക്‌സ് എന്ന് കേൾക്കുമ്പോൾ പെട്ടെന്ന് ഓർമ്മ വരിക ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ കോണ്ടത്തിന്റെ പഴയ എക്സ്ട്രാ ലൂബ്രിക്കേഷൻ വേർഷൻ ആണ്. സൂപ്പർ ഡീലക്‌സ് എന്ന പേരിൽ തന്നെ ഒരു വിദേശ ബ്രാൻഡും ഉറകളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നതായി ഓർക്കുന്നു. ത്യാഗരാജൻ കുമാരരാജയുടെ പുതിയ സിനിമയുടെ ശീർഷകം മാത്രമല്ല അതെഴുതിയിരിക്കുന്ന ഫോണ്ടും സിനിമ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്ന പൊളിറ്റിക്‌സും എല്ലാം ആ ഓർമ്മയെ സാധൂകരിക്കുന്നുണ്ട്.

ത്യാഗരാജൻ കുമാരരാജ എന്ന സംവിധായകൻ പുലിയാണ്. ആദ്യസിനിമ ആരണ്യകാണ്ഡത്തിന്റെ മേക്കിങ്ങിലൂടെ തെന്നിന്ത്യൻ സിനിമാപ്രേമികളെ പുളകം കൊള്ളിച്ച നിയോനോയിർ_ഡയറക്ടർ സിങ്കം. എട്ടുകൊല്ലം കഴിഞ്ഞ് വരുന്ന സൂപ്പർഡീലക്സിൽ ലൂബ്രിക്കേഷൻ ആവോളമുണ്ട്. അൽമദോവറിനെയും ഗാസ്പർനോയെയും ഒക്കെയാണ് സമൂലം അരച്ചുകലക്കി ഫ്രയിമുകളാക്കി നിരത്തിവെക്കുന്നത്. ഒരു സിനിമ ഇന്റലക്ഷ്വൽ സർക്കിളുകളിൽ ക്ലച്ച് പിടിച്ചാൽ പിന്നെ അടുത്ത ഘട്ടത്തിൽ ഇന്റർനാഷണൽ തലം തേടി ചാടുന്നത് മികച്ച ഒരു യിതാണ്.

നാലഞ്ചാറ് ലെയറുകളും കഥാഗതികളും ഒക്കെ പാരലലായി കൊണ്ടുപോവുന്നുണ്ട് കുമാരരാജ സൂപ്പർ ഡീലക്സിൽ. ഫഹദ്, സാമന്താ അക്കിനെനി, വിജയ് സേതുപതി, രമ്യകൃഷ്ണൻ, ഭഗവതി പെരുമാൾ, മിഷ്കിൻ തുടങ്ങിയ ഘടാഘടിയന്മാർ ആണ് സ്‌ക്രീനിൽ പല പോർഷനുകളിൽ പടനയിക്കുന്നത്. മിന്നിത്തിളങ്ങുന്ന പെർഫോമൻസ് ആണ് എല്ലാരും. പ്രത്യകിച്ച് ഫഹദ്, രാസുകുട്ടി, എസ്‌ഐ ബെർലിൻ…

ഫഹദ് (മുകിൽ) രണ്ട് മണിക്കൂർ ആക്ടിംഗ് ക്ളാസിന്ന് പുറത്തുപോയ തക്കത്തിൽ ഭാര്യയായ സാമന്ത അക്കിനെനി ജാരനെ വിളിച്ച് വരുത്തുകയും സെക്‌സ് ചെയ്യിക്കുകയുമാണ് ഓപ്പണിംഗ് ഷോട്ടിൽ. ദയനീയമായൊരു രതിക്കൊടുവിൽ ജാരേട്ടൻ അവിടെ കിടന്ന് മരിക്കുന്നു. ഏറെ വൈകാതെ കടന്നുവന്ന ഫഹദ് ഫ്രിഡ്ജിനുള്ളിൽ ടിയാനെ കണ്ടെത്തുകയും പിന്നീട് ഭാര്യയും ഭർത്താവും ചേർന്ന് ആ ബോഡി ഡിസ്‌പോസ് ചെയ്യാൻ നടത്തുന്ന വെപ്രാള പാച്ചിലുമായി ആ പോർഷൻ മുന്നോട്ട് പോവുന്നു.

കഥ പറഞ്ഞഞ്ഞെന്നും പറഞ്ഞ് ആരും എങ്ങലടിച്ച് കരയണ്ട. പടത്തിന്റെ കണ്ടന്റ് കിടക്കുന്നത് ഘദയിലല്ല.

മിസ്സിംഗ് ആയി ഏഴാം കൊല്ലവും മാണിക്യം എന്ന ഭർത്തതാവിനെ കാത്തുനിൽക്കുന്ന ഭാര്യയുടെ മുന്നിലേക്ക് സിൽപ എന്ന ട്രാൻസ്ജെന്ഡറായി പരിവർത്തനപ്പെട്ട സേതുപതി കടന്നുവരുന്നതാണ് അങ്ങേരുടെ പാർട്ടിന്റെ ഓപ്പണിംഗ്. കിടുങ്ങിപ്പോവും പ്രേക്ഷകർ. വിസി അഭിലാഷിന്റെ ആളൊരുക്കം കണ്ടവർ പ്രത്യേകിച്ചും. (നൈസായ ഒരു ചുരണ്ടൽ)

വീട്ടിൽ ആളില്ലാത്ത നേരം നോക്കി ‘കമ്പിപ്പടം’ കാണാനിരുന്ന ഒരു കൂട്ടം കുമാരകന്മാരുടെ ടിവിയിലേക്ക് അതിലൊരുവന്റെ അമ്മയായ രമ്യാകൃഷ്ണൻ തന്നെ പോണ്‍ സ്റ്റാറായി അവതരിക്കുമ്പോഴുള്ള പുകിലാണ് അടുത്തത്. രമ്യയുടെ ക്യാരക്റ്റർ ആയ ലീലയുടെ ഭർത്താവ് അർപ്പുതത്തിന്ന് ഭക്തി മൂത്ത് പ്രാന്തായതുമായി ബന്ധപ്പെട്ട എപ്പിസോഡ് ആണ് ഇനിയൊന്ന്. പ്രശസ്ത സംവിധായകൻ മിഷ്ക്കിൻ ആണ് അർപുതം. സ്‌ക്രിപ്റ്റിങ്ങിലും മിഷ്ക്കിന് പങ്കുണ്ട്. നളൻ കൂമരസ്വാമിക്കും.

കുമാരരാജയ്ക്ക് വേണ്ട ഓരോ ഫ്രയിമുകളും ലൈറ്റിംഗും ഒരുക്കാൻ കലാസംവിധായകന്റെയും ഛായാഗ്രാഹകന്റെയും ക്രൂ ചെയ്തെടുക്കുന്ന പണി അല്ലെങ്കിൽ കഠിനാധ്വാനം സമാനതകൾ ഇല്ലാത്തതാണ്. കൊച്ചി മുസിരിസ് ബിനാലെയിലെ ഓരോ ഇൻസ്റ്റലേഷനാണ് ഓരോ ഫ്രയിമും.സര്‍ഗ്ഗാത്മകയുടെ നട്ടപ്പിരാന്ത്.

ശബ്ദവിന്യാസങ്ങളുടെ കാര്യവും അങ്ങനെതന്നെ. ആ മേഖലയിൽ പണിയെടുത്തവരെയും കുമ്പിടണം. തച്ചിന് പണിയാണ്.. യുവാൻ ശങ്കർ രാജയാണ് സംഗീതം വിഭാഗത്തിന്റെ അമരക്കാരൻ.

ഓരോരോ ഡിപ്പാർട്ട്മെന്റ് തരം തിരിച്ചിട്ടാൽ എല്ലാം തന്നെ എക്സലന്റ്. എല്ലാം കൂടി കൂട്ടിവെച്ചാലോ എന്ന് ചോദിക്കരുത്..
ചോദിച്ചാൽ ഞാൻ പറയും. യു മസ്റ്റ് വാച്ച് ബിഫോർ യു ഡൈ.. എന്ന്.

സൂര്യാഘാതകാലമൊക്കെയല്ലേ.. 110രൂപ കൊടുത്താൽ മൂന്നുമണിക്കൂർ (yes മൂന്നുമണിക്കൂർ തികച്ച്) ഫസ്റ്റ്ക്ളാസ് എ സിയിൽ ഇരിക്കാനുള്ള മറ്റെന്ത് സംവിധാനം ഉണ്ടിവിടെ. വളരെ ആള് കുറവായിരുന്നു സൂപ്പർ ഡീലക്‌സ് കണ്ടപ്പോൾ.. അതാ ഇങ്ങനെ ഒക്കെ എഴുതിപോവുന്നത്

ശൈലന്‍

കവി, സിനിമാ നിരൂപകന്‍. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മഞ്ചേരി സ്വദേശി

More Posts

This post was last modified on April 3, 2019 11:54 pm