ആദ്യമായല്ല വി.കെ.പി മലയാളികളെ ഞെട്ടിക്കുന്നത്. പരസ്യരംഗത്തെപ്പോലെ തന്നെ നവീന ടെക്നോളജികൾ സ്വീകരിച്ച് വികെപി മലയാളത്തിലും സിനിമകൾ ഒരുക്കിയിട്ടുണ്ട്. ഉദാഹരണങ്ങളായി പൊലീസ്, മൂന്നാമതൊരാൾ, സൈലൻസ് എന്നീ ചിത്രങ്ങൾ. മലയാളത്തിൽ ആദ്യമായി സ്ലോമോഷൻ ക്യാമറ ഉപയോഗിച്ച് 13 വർഷങ്ങൾക്കുമുൻപ് ചിത്രീകരിച്ച പൊലീസ് എന്ന ചിത്രം വ്യത്യസ്തമായിരിക്കുമ്പോൾത്തന്നെ, 2006-ൽ ജയറാം, ജ്യോതിർമയി, സംവൃത സുനിൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ ഹൊറർ ചിത്രമായ ‘മൂന്നാമതൊരാൾ’ ഇന്ത്യൻ സിനിമയിൽത്തന്നെ ആദ്യമായി എച്ച് ഡി ക്യാമറയിൽ ഷൂട്ട് ചെയ്ത് ഡിജിറ്റലി പ്രൊജെക്റ്റ് ചെയ്യപ്പെട്ട ചിത്രമായിരുന്നു.
ഏറെ ചർച്ച ചെയ്യപ്പെട്ട ഈ ചിത്രത്തിനുശേഷം ചെറുക്യാമറകൾ വച്ച് ചിത്രീകരിച്ച സൈലൻസും വി.കെ പ്രകാശ് എന്ന സംവിധായകന്റെ വേറിട്ട സാങ്കേതികവിദ്യകൾ കൊണ്ടുവരുവാനുള്ള ശ്രമത്തിന്റെ അടയാളങ്ങളായിരുന്നു. ഇപ്പോഴിതാ ലോകത്താദ്യമായി സിങ്ക് സറൗണ്ട് അവതരിപ്പിക്കുകയാണ് പ്രാണ എന്ന തന്റെ പുതിയ ചിത്രത്തിലൂടെ വി.കെ പ്രകാശ്. നിത്യ മേനോൻ നായികയാകുന്ന പ്രാണയിൽ സിങ്ക് സറൗണ്ട് സൗണ്ടാണ് നായകൻ. മലയാളം,തെലുങ്ക്, കന്നഡ,ഹിന്ദി തുടങ്ങി നാല് ഭാഷകളില്‍ വി കെ പ്രകാശ് അണിയിച്ചൊരുക്കുന്ന പ്രാണ ഒരു കഥാപാത്രത്തിലൂടെ കഥ പറയുന്ന ശൈലിയിലുള്ള ചിത്രമാണ്.വി കെ പ്രകാശ്, പി സി ശ്രീറാം, ലൂയിസ് ബാങ്ക്സ്, റെസൂൽ പൂക്കുട്ടി എന്നീ പ്രതിഭകളുടെ സംഗമം കൂടിയാണ്. എന്ന് നിന്‍റെ മോയ്ദീനു ശേഷം എസ് രാജ് പ്രൊഡക്ഷന്സിന്‍റെ ബാനറില്‍ സുരേഷ് രാജാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം 2019 ജനുവരി 18 ന് തീയേറ്ററിൽ എത്തും.
Leave a Comment