X

സിനിമ മേഖലയെ തകർത്തത് 100 കോടിക്ക് വേണ്ടിയുള്ള മത്സരം: റസൂൽ പൂക്കുട്ടി

നൂറു കോടി മത്സരം ഇവിടെ കൊണ്ടു വന്ന വ്യക്തിയെ ഞാൻ വെറുക്കുകയാണെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു.

സിനിമയിലെ ‘നൂറു കോടി ക്ലബ്’ പ്രവണതയെ രൂക്ഷമായി വിമർശിച്ച് ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി. സിനിമയുടെ കളക്ഷൻ നൂറു കോടിയിലെത്തിക്കാനുള്ള മോശം പ്രവണത സിനിമാ മേഖലയെ തന്നെ നശിപ്പിച്ചിരിക്കുകയാണെന്ന് ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസി’ന് നൽകിയ അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞു.

സിനിമാ നിർമ്മാണത്തിൽ പുതിയ കാര്യങ്ങൾ കൊണ്ടു വരുന്നതിൽ ആരും ശ്രമിക്കുന്നില്ല. നമ്മുടെ ഫിലിം മേക്കിംഗിൽ വ്യക്തമായ പ്ലാനിംഗിന്റെ കുറവും ഇന്നുണ്ട്. എന്നാൽ ഇതൊരു വലിയ ബിസിനസ് ആക്കി മാറ്റുന്നതിൽ നമുക്ക് എന്തെന്നില്ലാത്ത ആവേശമാണ്. വെസ്റ്റേൺ സിനിമകളിൽ നിന്നും നാം ഉൾക്കൊണ്ട ഏക സംഗതിയും ഇത് മാത്രമായിരിക്കും. അവർ മൾട്ടി മില്യൺ ഡോളറിന്റെ കണക്കുകൾ പറയുമ്പോൾ നാം കരുതി, കോടികളുടെ കണക്കുകള്‍ പറയുന്നത് വലിയ എന്തോ കാര്യമാണെന്ന്. വാസ്തവത്തിൽ, ‘നൂറു കോടി ക്ലബ്’ ബിസിനസ് നമ്മൾ തുടങ്ങിയതോടു കൂടി സിനിമാ മേഖലയെ പിന്നോട്ട് വലിക്കുകയാണ് നാം ചെയ്തിരിക്കുന്നത്. നൂറു കോടി മത്സരം ഇവിടെ കൊണ്ടു വന്ന വ്യക്തിയെ ഞാൻ വെറുക്കുകയാണെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു.

ബോളിവുഡിലും തമിഴ് സിനിമയിലും സമീപ വർഷങ്ങളിൽ നൂറു കോടി തികക്കുന്ന സിനിമകൾ ഒരു പതിവ് കാഴ്ചയായിരുന്നു, മലയാളത്തിലും ഒന്നിലധികം ചിത്രങ്ങൾ ഇതേ നേട്ടം കൈ വരിച്ചു. എന്നാൽ 100 കോടി എന്ന മാജിക് നമ്പറിന് വേണ്ടി വലിയ ബഡ്‌ജറ്റ്‌ചെലവഴിക്കുന്നതും, വലിയ പ്രമോഷൻ പരിപാടികൾ സംഘടിപ്പിക്കുന്നതും സിനിമ വ്യവസായത്തെ വലിയ പരിക്കേൽപ്പിച്ച വര്ഷം കൂടിയാണ് കടന്നു പോയത്. നേരത്തെ സംവിധായകരും മറ്റും സിനിമയുടെ കണക്കുകൾ പെരുപ്പിച്ച് കാണിച്ച് നിർമാതാക്കളെ വൻ പ്രതിസന്ധിയിലേക്ക് ആണ് തള്ളി വിടുന്നതെന്ന് പ്രശസ്ത നിർമാതാവ് സുരേഷ് കുമാർ ആരോപിച്ചിരുന്നു. ഈ അവസരത്തിലാണ് റസൂലിന്റെ പ്രതികരണം.

സിനിമാ നിർമ്മാണത്തിന് പിന്നിലെ നല്ല ഉദ്ദേശ്യങ്ങളെ ഈ നുറു കോടി ബിസിനസ് അപ്രസക്തമാക്കി. അന്നത് തുടങ്ങി വെച്ച ആൾ അയാളുടെ മെെലേജിന് വേണ്ടി ഉപയോഗിച്ചതാകാം, പക്ഷേ അത് സിനിമക്ക് തിരിച്ച് നൽകിയത് അത്ര നല്ല കാര്യങ്ങളല്ല. സിനിമാ നിർമ്മാണത്തിന്റെ ആദ്യാവസാനം മുതൽ എല്ലാവരുടെയും ഇടപെടലുകൾ ഉണ്ടായിരിക്കേണ്ടതുണ്ട്. നടന്മാർക്ക് സ്ക്രിപ്റ്റ് പോലും നൽകാത്ത ചില സംവിധായകരെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. സെറ്റിൽ വെച്ച് കഥ പറഞ്ഞ് മനസ്സിലാക്കുമെന്നതാണ് അവർ തന്ന മറുപടി. ഞാൻ ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു.