X

മോഹന്‍ ലാലിനെ ജനങ്ങള്‍ ക്യൂവില്‍ നിര്‍ത്തിച്ചോ? എന്താണ് വാസ്തവം?

അതേസമയം മോഹന്‍ലാല്‍ ഇത് കന്നി വോട്ടാണോ ചെയ്തതെന്ന് വ്യക്തമല്ല. അതിനെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രതികരണമൊന്നും ലഭ്യമായിട്ടുമില്ല

നടന്‍ മോഹന്‍ലാല്‍ ഇന്ന് പൂജപ്പുരയിലെ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്തുവെന്നത് ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്. രാഷ്ട്രീയം പറയാതെ തന്നെ താന്‍ വോട്ട് ചെയ്തുവെന്നും നിങ്ങളും അവകാശം ഉപയോഗിക്കൂവെന്നുമാണ് മോഹന്‍ലാല്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചത്. തിരുവനന്തപുരം മണ്ഡലത്തില്‍ വോട്ട് ചെയ്യുന്ന മോഹന്‍ലാലിനെ കാണാന്‍ കഴിഞ്ഞ ദിവസം തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി എത്തിയിരുന്നു. ആര്‍ക്ക് വോട്ട് ചെയ്യുമെന്ന് ചോദിച്ചപ്പോള്‍ അങ്ങനെയൊക്കെ ചോദിക്കാമോയെന്നായിരുന്നു ലാലിന്റെ മറുപടിയും.

നേരത്തെ തിരുവനന്തപുരം മണ്ഡലത്തില്‍ മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയും ഈ വാര്‍ത്തകള്‍ക്ക് കരുത്ത് പകര്‍ന്നു. എന്നാല്‍ അഭ്യൂഹങ്ങളെല്ലാം തള്ളിക്കളഞ്ഞ ലാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പിന്നീട് വ്യക്തമാക്കുകയും ചെയ്തു. ഇന്ന് വോട്ട് ചെയ്യാനെത്തിയപ്പോഴും അഭ്യൂഹങ്ങള്‍ അവസാനിക്കുന്നില്ല. മോഹന്‍ലാല്‍ തന്റെ കന്നി വോട്ടാണ് ചെയ്തതെന്നായിരുന്നു ആദ്യം വാര്‍ത്ത പരന്നത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സെബാസ്റ്റ്യന്‍ പോള്‍ ഇതിനെതിരെ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. ചില താരങ്ങള്‍ കന്നി വോട്ട് ചെയ്തതായി വാര്‍ത്ത കണ്ടു മോഹന്‍ലാലും ടൊവിനോ തോമസും അക്കൂട്ടത്തില്‍ പെടുന്നു എന്നു തുടങ്ങിയായിരുന്നു സെബാസ്റ്റ്യന്‍ പോളിന്റെ വിമര്‍ശനപരമായ കുറിപ്പ്. ഇവര്‍ക്ക് ഇപ്പോഴായിരിക്കും പ്രായപൂര്‍ത്തിയായതെന്ന് എന്നായിരുന്നു തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ പരിഹാസം. പോളിങ് ബൂത്തിലേക്ക് വരാന്‍ വൈമുഖ്യമുള്ളവര്‍ ദേശാഭിമാനികളും രാജ്യസ്നേഹികളുമായി വാഴ്ത്തപ്പെടുന്നുവെന്നും സിവില്‍ ബഹുമതിയും സൈനിക ബഹുമതിയും നല്‍കി അവരെ ആദരിക്കുന്നുവെന്നും പദ്മങ്ങള്‍ അവര്‍ക്കായി വിടരുന്നുവെന്നും സെബാസ്റ്റ്യന്‍ പോള്‍ ഈ കുറിപ്പില്‍ കുറ്റപ്പെടുത്തുന്നുമുണ്ട്. അതേസമയം ടൊവിനോ ഇത് തന്റെ കന്നി വോട്ടല്ലെന്ന് വ്യക്തമാക്കി ടൊവിനോ സെബാസ്റ്റിയന്‍ പോളിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.

അതേസമയം മോഹന്‍ലാല്‍ ഇത് കന്നി വോട്ടാണോ ചെയ്തതെന്ന് വ്യക്തമല്ല. അതിനെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രതികരണമൊന്നും ലഭ്യമായിട്ടുമില്ല. ഇതിനിടയില്‍ മോഹന്‍ലാല്‍ ക്യൂവില്‍ നില്‍ക്കാതെ വോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന വാര്‍ത്തയും പരക്കുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസാണ് ഈ വിധത്തില്‍ ആദ്യം വാര്‍ത്ത നല്‍കിയത്. ക്യൂ നില്‍ക്കുന്നവരെ മറികടന്ന് പോലീസുകാര്‍ ലാലിനെ ബൂത്തിലേക്ക് പ്രവേശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ നാട്ടുകാര്‍ എതിര്‍ത്തതോടെ ലാല്‍ ഒന്നര മണിക്കൂര്‍ ക്യൂ നിന്ന് വോട്ട് ചെയ്ത് മടങ്ങിയെന്നുമാണ് ഏഷ്യാനെറ്റിന്റെ വാര്‍ത്ത പ്രചരിച്ചത്.

അതേസമയം മാതൃഭൂമി, മനോരമ, മീഡിയ വണ്‍ എന്നിവരുടെ ഓണ്‍ലൈന്‍ വിഭാഗങ്ങള്‍ മറ്റൊരു വിധത്തിലാണ് ഈ വാര്‍ത്ത കൊടുത്തിരിക്കുന്നത്. അത് പ്രകാരം മോഹന്‍ലാല്‍ രാവിലെ ആറരയ്ക്ക് തന്നെ വോട്ട് ചെയ്യാനെത്തിയെങ്കിലും വോട്ടിംഗ് യന്ത്രം തകരാറിലായതിനാല്‍ കാത്തുനില്‍ക്കുകയായിരുന്നു. പിന്നീട് ആളുകള്‍ ആദ്യം വോട്ട് ചെയ്യാന്‍ മോഹന്‍ലാലിനെ അനുവദിച്ചെങ്കിലും ലാല്‍ അതിന് തയ്യാറായില്ലെന്നും ഇവരുടെ വാര്‍ത്തകളില്‍ പറയുന്നു. അതേസമയം ലാല്‍ മറ്റുള്ളവരെ മറികടന്ന് വോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണം തെളിയിക്കാന്‍ ഏഷ്യാനെറ്റ് വീഡിയോ ആണ് പുറത്തുവിടുന്നത്. ഇതില്‍ ആളുകള്‍ ബഹളമുണ്ടാക്കുന്നുണ്ടെങ്കിലും സൂപ്പര്‍താരത്തിനെ കണ്ടതിന്റെ ആവേശമാണ് അതെന്നാണ് ചിലര്‍ പറയുന്നത്.

This post was last modified on April 23, 2019 6:29 pm