X

ഒരു സിനിമപോലും ചെയ്യാതെ എട്ടുവര്‍ഷത്തോളം ആ സംവിധായകന്‍ ഇവിടെയുണ്ടായിരുന്നു; ഐ വി ശശിയുടെ വിയോഗത്തില്‍ കണ്ണീരൊഴുക്കുന്ന സൂപ്പര്‍താരങ്ങള്‍ക്കെതിരേ വിനയന്‍

അങ്ങയുടെ വിയോഗത്തില്‍ അശ്രുപൊഴിക്കുന്ന ജീവിക്കുന്ന മേരുക്കളും നക്ഷത്രങ്ങളും ആണ് യഥാര്‍ത്ഥത്തില്‍ *ശശി* ആയിരിക്കുന്നത്

ഐവി ശശിയോട് മലയാള സിനിമലോകം തികഞ്ഞ അവഗണനയാണ് കാണിച്ചതെന്നു സംവിധായകന്‍ വിനയന്‍. ഇന്ന് വാവിട്ടുകരയുന്ന പ്രഗത്ഭര്‍ ഒന്ന് സപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍ ഒരു പത്മ അവാര്‍ഡെങ്കിലും വര്‍ഷം പത്തിലധികം സിനിമചെയ്ത സംവിധായകനെ തേടിയെത്തിയേനെ. മരണം കൈപ്പിടിയിലൊതുക്കിയാല്‍ വിശേഷണങ്ങളും വിവരണങ്ങളും കൊണ്ട് വീര്‍പ്പുമുട്ടിക്കുന്നവര്‍ തന്നെയാണ് അര്‍ഹിച്ച അംഗീകാരങ്ങള്‍ നല്‍കാതെ യാത്രയയക്കുന്നതെന്നും ഒരു സുഹൃത്ത് അയച്ചു തന്നെ കുറിപ്പ് ഷെയര്‍ ചെയ്തുകൊണ്ട് വിനയന്‍ ശരിവയ്ക്കുന്നു.

വിനയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

സിനിമയൊന്നും ചെയ്യാതെ ഏകദേശം എട്ടുവര്‍ഷത്തോളം നൂറ്റിയന്‍പതോളം സിനിമകള്‍ ചെയ്തസംവിധായകന്‍ I.V Sasi ഇവിടെ ഉണ്ടായിരുന്നു.അന്ന് സിനിമാലോകം മാദ്ധ്യമലോകം അദ്ദേഹത്തിനൊരു കരുതല്‍ നല്‍കിയിരുന്നെങ്കില്‍…, ഇന്ന് വാവിട്ടുകരയുന്ന പ്രഗത്ഭര്‍ ഒന്ന് സപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍ ഒരു പത്മ അവാര്‍ഡെങ്കിലും വര്‍ഷം പത്തിലധികം സിനിമ ചെയ്ത സംവിധായകനെ തേടിയെത്തിയേനെ. മരണം കൈപ്പിടിയിലൊതുക്കിയാല്‍ വിശേഷണങ്ങളും വിവരണങ്ങളും കൊണ്ട് വീര്‍പ്പുമുട്ടിക്കുന്നവര്‍ തന്നെയാണ് അര്‍ഹിച്ച അംഗീകാരങ്ങള്‍ നല്‍കാതെ യാത്രയയക്കുന്നതും. കാളിങ് ബെല്ലടിക്കുമ്പോള്‍ ഇനി സീമാചേച്ചി കതക്തുറന്നുകൊണ്ട് ചിരിമാഞ്ഞ മുഖത്തോടെ പറയും ‘ശശിയേട്ടന്‍ സ്വര്‍ഗ്ഗത്തിലാ…’.

ഇനിയും പ്രതിഭകള്‍ ഒളിച്ചിരിക്കുന്നുണ്ടിവിടെ.. തമ്പിസാറിനെയും കെ .ജി . ജോര്‍ജിനെയും പോലുള്ളവര്‍. .. സിനിമയ്ക്ക് വേണ്ടി ജീവിതമുഴിഞ്ഞുവെച്ച പ്രഗത്ഭര്‍. അവരെ ജീവിച്ചിരിക്കുമ്പോള്‍ തന്നെ പരിഗണിക്കൂ. ഇവരാണ് മാറ്റങ്ങള്‍ കൊണ്ടുവന്നത്. ഇവര്‍ നിര്‍ത്തിയിടത്തുനിന്നാണ് നമ്മള്‍ തുടങ്ങിയിരിക്കുന്നത്. അത് മനസ്സിലാക്കാത്ത ഒരുപാട് സിനിമാക്കാര്‍ ഇവിടുണ്ട്. മരണത്തിന്റെ കൈതൊട്ടാല്‍ പിന്നെ ആദരവ് വെറും കണ്ണുനീര്‍ത്തുള്ളി മാത്രമാവും.

ടെക്‌നോളജി വളരും മുന്നേ സിനിമയെ ചുമലിലേറ്റിയ ഈ കലാകാരന്മാരല്ലേ നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയനക്ഷത്രങ്ങളെ സൃഷ്ടിച്ചത്. പലപ്പോഴും അര്‍ഹിക്കാത്ത കരങ്ങളിലേയ്ക്ക് പുരസ്‌കാരങ്ങള്‍ നീങ്ങുന്നത് നോക്കിനില്‍കുവാന്‍ മാത്രമാവരുത് ആ കലാകാരന്മാരുടെ ജന്മം.

മലയാളത്തില്‍ മാത്രമാണ് ഇങ്ങനെയൊരു അവഗണയും വിലയില്ലായ്മയും കൂടുതലായി കണ്ടുവരുന്നത്. ശ്രീ ഐ .വി ശശി എന്ന മഹാമേരുവിനോടുള്ള സകല ബഹുമാനത്തോടുകൂടിയും പറയുന്നു. അങ്ങയുടെ വിയോഗത്തില്‍ അശ്രുപൊഴിക്കുന്ന ജീവിക്കുന്ന മേരുക്കളും നക്ഷത്രങ്ങളും ആണ് യഥാര്‍ത്ഥത്തില്‍ *ശശി* ആയിരിക്കുന്നത്.

(ഒരു സുഹൃത്ത് അയച്ചുതന്ന ഈ കുറിപ്പ് നൂറു ശതമാനം ശരിയും സത്യസന്ധവും ആണന്നു തോന്നിയതിനാല്‍ ഇവിടെ പോസ്‌ററ് ചെയ്തതാണ്)..