നടന്‍ നവാസുദീന്‍ സിദ്ദിഖിക്കെതിരെ ലൈംഗികാതിക്രമ ആരോപണവുമായി മുന്‍ മിസ് ഇന്ത്യ നിഹാരിക സിംഗ് രംഗത്ത്. നടനുമായി ലൈംഗികബന്ധം പുലര്‍ത്തിയിട്ടുണ്ടെന്നും ഇത് പിന്നീട് ലൈംഗികചൂഷണത്തിലേയ്ക്ക് നീങ്ങിയതോടെ താന്‍ ഉപേക്ഷിച്ചതായും നിഹാരിക സിംഗ് പറയുന്നു. എന്നാല്‍ ബന്ധമുപേക്ഷിച്ച ശേഷം വീണ്ടും ശാരീരിക ബന്ധത്തിന് തയ്യാറാകാതിരുന്നപ്പോള്‍ സിനിമ ഇന്‍ഡസ്ട്രിയിലും പുറത്തും തന്നെക്കുറിച്ച് അപവാദ പ്രചാരണങ്ങള്‍ നടത്തുകയാണ് നവാസുദീന്‍ സിദ്ദിഖി ചെയ്തതെന്ന് നിഹാരിക കുറ്റപ്പെടുത്തുന്നു. തനിക്ക് സിനിമകളില്‍ അവസരം കിട്ടില്ലെന്ന് ഉറപ്പാക്കാന്‍ നവാസുദീന്‍ ശ്രമിച്ചതായി നിഹാരിക ആരോപിക്കുന്നു.
2013ല്‍ ബുദ്ധദേബ് ദാസ് ഗുപ്തയുടെ അന്‍വര്‍ കാ അജബ് കിസ്സ എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്യാന്‍ നവാസുദീന്‍ ക്ഷണിച്ചിരുന്നു. മൂന്ന് ദിവസത്തെ ഷൂട്ടിംഗ്. ഞാന്‍ ഷിമുല്‍ടാട്ടയില്‍ ഷൂട്ടിംഗിന് പോയി. നവാസുദീന്‍ സെക്‌സിലേര്‍പ്പെടാന്‍ എന്നെ നിര്‍ബന്ധിച്ചു. എന്നാല്‍ സുഹൃദ് ബന്ധം മാത്രമേ തുടരാന്‍ താല്‍പര്യമുള്ളൂ എന്ന് ഞാന്‍ അറിയിച്ചു. 2014ല്‍ മിസ് ലവ്‌ലി എന്ന ചിത്രത്തിന്റെ റിലീസിനിടെ ഞാന്‍ നവാസുദീനെ വീണ്ടും കണ്ടു. വളരെ ധാര്‍ഷ്ട്യത്തോടെയുള്ള, വളരെയധികം മോശമായ പെരുമാറ്റമായിരുന്നു. അഹമ്മദാബാദില്‍ ഒരു പ്രൊമോഷന്‍ പരിപാടിക്കിടെ വീണ്ടും നവാസുദീന്‍ എന്നെ കടന്നുപിടിക്കാന്‍ നോക്കി. അന്‍വര്‍ കാ അജബ് കിസ തീയറ്ററുകളിലെത്തിയില്ല. നവാസുദീന്‍ എന്നെക്കുറിച്ച് നടത്തിയ അപവാദ പ്രചാരണങ്ങളെപ്പറ്റി അറിഞ്ഞു. അതിന് ശേഷം എനിക്ക് അവസരങ്ങള്‍ കാര്യമായൊന്നും കിട്ടിയില്ല – നിഹാരിക പറയുന്നു.
സിനിമ, മോഡലിംഗ് മേഖലകളില്‍ ലൈംഗികാതിക്രമങ്ങള്‍ സ്വാഭാവികവത്കരിക്കപ്പെടുകയും ന്യായീകരിക്കപ്പെടുകയുമാണെന്ന് നിഹാരിക ആരോപിക്കുന്നു. അഭിനേതാക്കളുടെ ജാതി പശ്ചാത്തലവും വിവേചനത്തിന് കാരണമാകുന്നുണ്ട്. താന്‍ ഒരു ദലിത ആയത് കൂടുതല്‍ വിവേചനത്തിന് കാരണമാകുന്നുണ്ട് എന്നും നിഹാരിക പറയുന്നു. 2017ല്‍ An Ordinary Life എന്ന പേരില്‍ നവാസുദീന്‍ സിദ്ദിഖി ഓര്‍മ്മക്കുറിപ്പുകളെഴുതിയിരുന്നു. ബന്ധങ്ങളെക്കുറിച്ച് പറയുന്ന അധ്യത്തില്‍ തന്റെ സമ്മതമില്ലാതെ താനുമായുള്ള ബന്ധത്തെക്കുറിച്ച് നവാസുദീന്‍ എഴുതിയതിനെതിരെ നിഹാരിക രംഗത്തുവന്നിരുന്നു. ഇതുപോലുള്ള നുണകള്‍ എഴുതിപ്പിടിപ്പിക്കുന്നത് പണ്ട് തന്നെ നവാസുദീന്റെ ശീലമാണെന്ന് സ്‌കൂള്‍ ഓഫ് ഡ്രാമ കാലം മുതല്‍ അദ്ദേഹത്തെ പരിചയമുള്ള നടി സുനിത രാജ്വര്‍ പറഞ്ഞിരുന്നു. സംവിധായകന്‍ അനുരാഗ് കശ്യപ് അടക്കമുള്ള നവാസുദീന്റെ സുഹൃത്തുക്കള്‍ ലൈംഗികാതിക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്തതെന്നും നിഹാരിക ആരോപിക്കുന്നു. ഫെമിനിസ്റ്റുകള്‍ക്ക് സവര്‍ണ, സമ്പന്ന പശ്ചാത്തലമുള്ള സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ മാത്രമേ താല്‍പര്യമുള്ളൂ എന്നും നിഹാരിക വിമര്‍ശിച്ചു. നന്ദിത ദാസും കവിത കൃഷ്ണനും അടക്കമുള്ളവര്‍ ഇത്തരത്തിലാണ് പെരുമാറുന്നതെന്നും അവര്‍ ആരോപിച്ചു.
This post was last modified on November 10, 2018 3:30 pm
Leave a Comment