തന്റെ ‘മൈ സ്റ്റോറി’ സിനിമയ്‌ക്കെതിരെ ആസൂത്രിതമായ ഓണ്‍ലൈന്‍ ആക്രമണം നടക്കുന്നതായും എന്നാല്‍ ഇതിനെതിരെ പ്രതിരോധവുമായി സിനിമയുടെ പ്രചാരണം ഊര്‍ജ്ജിതമാക്കാന്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പൃഥ്വിരാജും പാര്‍വതിയും സഹായിക്കുന്നില്ലെന്നും റോഷ്‌നി ദിനകര്‍ കുറ്റപ്പെടുത്തുന്നു. താന്‍ ഒരു സ്ത്രീയായിട്ടും ഡബ്ല്യുസിസി സഹായിച്ചില്ല. തങ്ങള്‍ പരാതികളൊന്നും സ്വീകരിക്കാറില്ല എന്നാണ് ഡബ്ല്യുസിസി അംഗം സജിത മഠത്തില്‍ പറഞ്ഞതെന്നാണ് റോഷ്‌നി പറയുന്നത്. 18 കോടി രൂപ മുടക്കി രണ്ട് വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കിയ സിനിമയാണ്.
സിനിമയുടെ പാട്ടുകളും ടീസറും പുറത്തിറക്കിയത് മുതല്‍ സൈബര്‍ ആക്രമണം തുടങ്ങിയതായി റോഷ്‌നി പറയുന്നു. ‘സിനിമയ്ക്ക് ആദ്യഘട്ടത്തില്‍ പ്രതിസന്ധി വന്നപ്പോള്‍ ഡബ്യുസിസിയോട് പരാതി പറഞ്ഞിരുന്നു. എന്നാല്‍ അന്ന് സജിത മഠത്തില്‍ പറഞ്ഞത് ‘ഞങ്ങള്‍ പരാതിയൊന്നും സ്വീകരിക്കാറില്ലെന്നാണ്’. ഞാന്‍ ഒരു സ്ത്രീയായിട്ടും അവര്‍ എന്നെ സഹായിച്ചില്ല. സിനിമയുടെ പ്രചാരണ പരിപാടികള്‍ക്ക് പൃഥ്വിരാജും പാര്‍വതിയും സഹകരിക്കുന്നില്ലന്നും റോഷ്നി ആരോപിച്ചു. ‘ഓണ്‍ലൈനില്‍ കൂടി അവര്‍ പ്രമോട്ട് ചെയ്യാം എന്നുപറഞ്ഞു. എന്നാല്‍ അങ്ങനെ പോലും അവര്‍ സഹകരിക്കുന്നില്ല. ഞാന്‍ ഇവര്‍ക്കായി പ്രത്യേക കരാര്‍ ഒന്നും ഒപ്പിട്ടിട്ടില്ല. എനിക്ക് വേണ്ടത് മുഴുവന്‍ സിനിമാലോകത്തിന്റെയും പിന്തുണയാണ്. ലാലേട്ടന്റെയും മമ്മൂക്കയുടെയും പാര്‍വതിയുടെയും പൃഥ്വിരാജിന്റെയും ഉള്‍പ്പെടെ സിനിമാ ഇന്‍ഡസ്ട്രിയുടെ മുഴുവന്‍ പിന്തുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സ്വന്തം സിനിമയാണ് ഇങ്ങനെ നശിച്ചുപോകുന്നതെന്ന് ഓരോരുത്തരും അറിയണം’ – റോഷ്‌നി ദിനകര്‍ പറഞ്ഞു.
‘മൈ സ്റ്റോറി എന്ന പേജില്‍ വൃത്തികെട്ട ഭാഷയിലാണ് പാര്‍വതിയെക്കുറിച്ച് പലരും പ്രചാരണം നടത്തുന്നത്. ചിത്രത്തില്‍ അഞ്ച് ലിപ് ലോക്ക് സീനുകളുണ്ട്. ഇതിനെ പാര്‍വതിയുടെ അഴിഞ്ഞാട്ടമെന്നൊക്കെയാണ് സോഷ്യല്‍മീഡിയയില്‍ പലരും എഴുതി വിട്ടിരിക്കുന്നത്. അത്രയും പണം മുടക്കി എടുത്ത ചിത്രമാണ്. അതിങ്ങനെ നശിച്ചു പോകുന്നതില്‍ വിഷമമുണ്ട്.’-റോഷ്‌നി പറഞ്ഞു. റോഷ്‌നിയും ഭര്‍ത്താവ് ഒവി ദിനകറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. പോര്‍ച്ചുഗല്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലാണ് ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.
ഡബ്ല്യുസിസി അംഗമായ പാര്‍വതിയുടെ നിലപാടുകളുടെ പേരിലാണ് സിനിമയെ ആക്രമിക്കുന്നത് എന്നും റോഷ്നി പറഞ്ഞു. മോഹന്‍ലാലിനോട് ഇതേക്കുറിച്ച് പറഞ്ഞു. സിനിമ നല്ലതാണെന്ന് വ്യാപകമായി പ്രചരിപ്പിക്കുകയാണ് വേണ്ടതെന്നാണ് അദ്ദേഹത്തം പറഞ്ഞത്. എന്നാല്‍ സിനിമയില്‍ അഭിനയിച്ചവര്‍ ഇതിനോട് സഹകരിക്കുന്നില്ല. ഈ അനുഭവം നാളെ ആര്‍ക്ക് വേണമെങ്കിലും വരാം. അതുകൊണ്ടുതന്നെ മലയാള സിനിമാരംഗത്തുള്ള എല്ലാവരും ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ രംഗത്ത് വരണം – റോഷ്‌നി ദിനകര്‍ അഭ്യര്‍ത്ഥിച്ചു.
This post was last modified on July 10, 2018 2:58 pm
Leave a Comment