X

#മീ ടൂ: അര്‍ജ്ജുന്‍ ലൈംഗികാതിക്രമം നടത്തിയെന്ന് മലയാളിയായ കന്നഡ താരം ശ്രുതി ഹരിഹരന്‍

ആ സംഭവത്തിന് മുമ്പോ ശേഷമോ മറ്റൊരു നടനില്‍ നിന്നും എനിക്ക് ഇത്തരം പെരുമാറ്റം നേരിടേണ്ടി വന്നിട്ടില്ല.

താന്‍ പലപ്പോഴും ലൈംഗികാതിക്രത്തിന് ഇരയായിട്ടുണ്ടെന്ന് മലയാളിയായ കന്നഡ നടി ശ്രുതി ഹരിഹരന്‍. തമിഴ് നടന്‍ അര്‍ജുന്‍ തന്നോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും ലൈംഗികാതിക്രമത്തിന് ശ്രമിച്ചിട്ടുണ്ടെന്നും ശ്രുതി ഫേസ് ബുക്കില്‍ വെളിപ്പെടുത്തി. നേരത്തെ തന്നെ സാന്‍ഡല്‍വുഡിലെ (കന്നഡ സിനിമ ഇന്‍ഡസ്ട്രി) കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ശ്രുതി ആരോപിച്ചിട്ടുണ്ട്. വിസ്മയ എന്ന ദ്വിഭാഷ ചിത്രത്തിനിടെയാണ് അര്‍ജ്ജുന്‍ ലൈംഗികാതിക്രമത്തിന് ശ്രമിച്ചതെന്ന് ശ്രുതി പറയുന്നു. പലരും തങ്ങള്‍ നേരിട്ട ലൈംഗികാതിക്രമം ചെറുതെന്ന് വിചാരിച്ച് പുറത്തുപറയാറില്ല. എന്നാല്‍ ലൈംഗികാതിക്രമം അധികാരവും പദവിയും പ്രിവിലേജുകളുമായി ബന്ധപ്പെട്ടതാണ്. ഓരോ ഇരയും ഇത്തരം അതിക്രമം വെളിപ്പെടുത്തുന്നതിലൂടെ മറ്റ് പെണ്‍കുട്ടികളേയും സ്ത്രീകളേയും ചിലപ്പോള്‍ രക്ഷിക്കാനായേക്കും. ആഗോള തലത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള മീ ടൂ കാംപെയിന്‍ ഇരകള്‍ക്കള്‍ തങ്ങള്‍ നേരിട്ട ലൈംഗികാതിക്രമങ്ങളും പീഡനങ്ങളും ദുരനുഭവങ്ങളും തുറന്നുപറയാനുള്ള ധൈര്യം നല്‍കിയിട്ടുണ്ടെന്നും ശ്രുതി പറയുന്നു.

അര്‍ജുന്‍ സര്‍ജയുടെ സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ഞാന്‍ വളരെ ആവേശത്തോടെയാണ് കണ്ടിരുന്നത്. ഷൂട്ടിംഗിന്റെ ആദ്യ ദിവസങ്ങള്‍ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷമായിരുന്നു എനിക്ക് ഈ സിനിമയില്‍. ഒരു ചെറിയ ഡയലോഗിന് ശേഷം ഞങ്ങള്‍ രണ്ട് പേരും കെട്ടിപ്പിടിക്കുന്നൊരു സീനുണ്ട്. എന്നാല്‍ റിഹേഴ്‌സലിനിടെ സമ്മതമില്ലാതെ അര്‍ജ്ജുന്‍ എന്റെ പിന്‍ഭാഗത്ത് കൈ കൊണ്ട് തടവാന്‍ തുടങ്ങി. എന്നെ ദേഹത്തേയ്ക്ക് വലിച്ചടുപ്പിച്ചു. ഈ ഫോര്‍ പ്‌ളേ (ലൈംഗികബന്ധത്തിന് മുമ്പുള്ള കാമപ്രകടനം) ഉപയോഗിച്ചാലോ എന്ന് അര്‍ജുന്‍ സംവിധായകനോട് ചോദിച്ചു. ഞാന്‍ ഞെട്ടിപ്പോയി. സിനിമയില്‍ റിയലിസം വരുന്നതിനോട് എനിക്ക് യോജിപ്പാണ്. എന്നാല്‍ ഇത് ഒട്ടപും ശരിയല്ലാത്ത രീതിയായി എനിക്ക് തോന്നി. പ്രൊഫഷണല്‍ അഭിനയ താല്‍പര്യമായിരുന്നില്ല ആ സമയം അര്‍ജുന്‍ കാണിച്ചത്. എന്ത്് പറയണമെന്ന് അറിയാത്തവിധം ദേഷ്യം തോന്നി.

ഇത്തരത്തില്‍ ഇന്റിമേറ്റ് ആയ ഒരു സീന്‍ ചെയ്യുമ്പോള്‍ അത് എന്നോട് മുന്‍കൂട്ടി പറയേണ്ടതായിരുന്നു. ആ സംഭവത്തിന് മുമ്പോ ശേഷമോ മറ്റൊരു നടനില്‍ നിന്നും എനിക്ക് ഇത്തരം പെരുമാറ്റം നേരിടേണ്ടി വന്നിട്ടില്ല. സംവിധായകന് എന്റെ ബുദ്ധിമുട്ട് മനസിലായിരുന്നു. ഞാന്‍ എന്റെ ജോലി ചെയ്യുന്നതിനിടയില്‍ അമ്പതോളം പേര്‍ക്ക് മുന്നില്‍ വച്ചായിരുന്നു ഈ സംഭവം. ജോലിക്ക ശേഷം അര്‍ജ്ജുന്‍ മുറിയിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. അര്‍ജ്ജുന്‍ സര്‍ജ താരമെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രിവിലേജ് ഇനി ആര്‍ക്ക് നേരെയും ഇത്തരത്തില്‍ ദുരുപയോഗം ചെയ്യാന്‍ പാടില്ല. ഇതുകൊണ്ടാണ് എന്റെ അനുഭവം തുറന്നുപറയുന്നത്. സ്ത്രീകളായാല്‍ ലൈംഗികാതിമമൊക്കെ നേരിടേണ്ടി വരുമെന്ന ധാരണയും രീതിയും ഇനി വച്ചുപൊറുപ്പിക്കാനാവില്ല – ശ്രുതി വ്യക്തമാക്കി.

This post was last modified on October 20, 2018 1:42 pm

Related Post
Leave a Comment