X

സംവിധായകന്‍ വിവേക് അഗ്നിഹോത്രി തന്നെ പീഡിപ്പിച്ചതായി തനുശ്രീ ദത്ത

2005ല്‍ ചോക്കളേറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് വിവേക് അഗ്നി ഹോത്രി ലൈംഗിക ചൂഷണത്തിന് ശ്രമിച്ചത്. തുണിയുരിഞ്ഞ് നൃത്തം ചെയ്യാന്‍ വിവേക് അഗ്നി ഹോത്രി ആവശ്യപ്പെട്ടു.

ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമുകളിലെ വ്യാജ പ്രചാരണങ്ങളിലൂടെയും വര്‍ഗീയ പ്രചാരണങ്ങളിലൂടെയും ശ്രദ്ധേയനുമായ ബോളിവുഡ് സംവിധായകന്‍ വിവേക് അഗ്നിഹോത്രിക്കെതിരെ ലൈംഗികാതിക്രമ ആരോപണവുമായി നടി തനുശ്രീ ദത്ത. നടന്‍ നാന പടേക്കറിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് വിവേക് അഗ്നിഹോത്രിക്കെതിരെ തനുശ്രീ രംഗത്തെത്തിയിരിക്കുന്നത്. വിവേക് അഗ്നിഹോത്രി തന്നോട് അപമര്യാദയായി പെരുമാറിയതായും ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായും തനുശ്രീ ആരോപിക്കുന്നു.

2005ല്‍ ചോക്കളേറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് വിവേക് അഗ്നി ഹോത്രി ലൈംഗിക ചൂഷണത്തിന് ശ്രമിച്ചത്. തുണിയുരിഞ്ഞ് നൃത്തം ചെയ്യാന്‍ വിവേക് അഗ്നി ഹോത്രി ആവശ്യപ്പെട്ടു. ഈ സമയത്ത് നടന്മാരായ സുനില്‍ ഷെട്ടിയും ഇര്‍ഫാന്‍ ഖാനുമാണ് തനിക്ക് പിന്തുണ നല്‍കിയതെന്നും അവര്‍ ഡിഎന്‍എയോട് പറഞ്ഞു. ഇര്‍ഫാന്‍ ഖാന്റെ ക്ലോസ് അപ്പ് ഷോട്ട് ആണ് എടുത്തുകൊണ്ടിരുന്നത്. ഞാന്‍ ആ ഷോട്ടില്‍ പോലും ഉണ്ടായിരുന്നില്ല – തനുശ്രീ പറഞ്ഞു. തനുശ്രീ നൃത്തം ചെയ്യാതെ തന്നെ തനിക്ക് ആ രംഗത്ത് അഭിനയിക്കാന്‍ കഴിയുമെന്ന് പറഞ്ഞ് ഇര്‍ഫാന്‍ ഖാന്‍ ആ നീക്കം തടഞ്ഞു. സെറ്റിലുണ്ടായിരുന്ന സുനില്‍ ഷെട്ടിയും തന്നെ പിന്തുണച്ചുകൊണ്ട് സംസാരിച്ചതായി തനുശ്രീ പറഞ്ഞു.

ഹോളിവുഡിലെ മീ ടു കാംപെയിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ നേരിട്ട ലൈംഗികാതിക്രമം സംബന്ധിച്ച് പറഞ്ഞപ്പോള്‍ ബോളിവുഡില്‍ തന്നെ ആരും പിന്തുണച്ചില്ലെന്ന് തനുശ്രീ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തന്നെ ആക്രമിച്ച നടന്‍ നാന പടേക്കര്‍ ആണെന്നും അവര്‍ പറഞ്ഞിരുന്നു. നടിയും നടന്‍ അക്ഷയ് കുമാറിന്റെ ഭാര്യയുമായ ട്വിങ്കില്‍ ഖന്ന അടക്കമുള്ള തനുശ്രീക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം നാന പടേക്കര്‍ ആരോപണം നിഷേധിച്ചിരുന്നു. തനുശ്രീക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് നാന പടേക്കര്‍ പറയുന്നത്.

This post was last modified on September 29, 2018 7:59 pm

Related Post
Leave a Comment