X

സിനിമകള്‍ ഒഴിവാക്കിയതില്‍ പ്രതിഷേധം: സുജോയ് ഘോഷിന് പിന്നാലെ ഐഎഫ്എഫ്ഐയില്‍ നിന്ന് രണ്ട് രാജി കൂടി

സനല്‍കുമാര്‍ ശശിധരന്റെ മലയാള ചിത്രം എസ് ദുര്‍ഗ (സെക്‌സി ദുര്‍ഗ), രവി ജാദവിന്റെ മറാത്തി ചിത്രം നൂഡ് എന്നിവയാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഇടപെട്ട് ഐഎഫ്എഫ്‌ഐയില്‍ നിന്ന് ഒഴിവാക്കിയത്.

ഐഎഫ്എഫ്‌ഐ (ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം) ഇന്ത്യന്‍ പനോരമ ജൂറിയില്‍ നിന്ന് ചെയര്‍മാനായിരുന്ന സംവിധായകന്‍ സുജോയ് ഘോഷിന് പിന്നാലെ രണ്ട് പേര്‍ കൂടി രാജി വച്ചു. ഇന്ത്യന്‍ പനോരമയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ രണ്ട് സിനിമകള്‍ നീക്കം ചെയ്തതാണ് പ്രതിഷേധത്തിന് കാരണം. സംവിധായകന്‍ ഗ്യാന്‍ കോറിയ, എഡിറ്റര്‍ അപൂര്‍വ അസ്രാനി എന്നിവരാണ് പ്രതിഷേധം രേഖപ്പെടുത്തി രാജി വച്ചത്. സനല്‍കുമാര്‍ ശശിധരന്റെ മലയാള ചിത്രം എസ് ദുര്‍ഗ (സെക്‌സി ദുര്‍ഗ), രവി ജാദവിന്റെ മറാത്തി ചിത്രം നൂഡ് എന്നിവയാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഇടപെട്ട് ഐഎഫ്എഫ്‌ഐയില്‍ നിന്ന് ഒഴിവാക്കിയത്. നവംബര്‍ ഒമ്പതിനാണ് സ്മൃതി ഇറാനിയുടെ മന്ത്രാലയം ഈ രണ്ട് ചിത്രങ്ങള്‍ ഫെസ്റ്റിവലില്‍ നിന്ന് പിന്‍വലിച്ചത്.

ചെയര്‍പേഴ്‌സണ്‍ എടുത്തിരിക്കുന്ന നിലപാടിനെ പിന്തുണക്കുന്നതായി അപൂര്‍വ അസ്രാനി പറഞ്ഞു. ചില ചിത്രങ്ങളോട് നമുക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ട്. ആ കാര്യത്തില്‍ നമ്മള്‍ പരാജയപ്പെട്ടിരിക്കുന്നു. ഈ ഫെസ്റ്റിവലില്‍ ജൂറിയുടെ ഭാഗമായി പങ്കെടുക്കാന്‍ എന്റെ മനസാക്ഷി അനുവദിക്കുന്നില്ല – അസ്രാനി പറഞ്ഞു. പ്രതിഷേധവുമായി സംവിധായകരായ സനല്‍കുമാര്‍ ശശിധരനും രവി ജാദവും രംഗത്തെത്തിയിരുന്നു. സനല്‍കുമാര്‍ ശശിധരന്‍ ഐ ആന്‍ഡ് ബി മന്ത്രാലയത്തിനെതിരെ കേരള ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

അതേസമയം കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ച് ഐഎഫ്എഫ്‌ഐ പ്രിവ്യൂ കമ്മിറ്റി ചെയര്‍മാനും സംവിധായകനുമായ വിവേക് അഗ്നിഹോത്രി രംഗത്തെത്തി. സൂജോയ്ക്കും അപൂര്‍വയ്ക്കും കമ്മിറ്റിയില്‍ നിന്ന് രാജി വയ്ക്കാനും സനലിന് കോടതിയില്‍ പോകാനും അവകാശമുണ്ടെങ്കില്‍ സര്‍ക്കാരിന് സിനിമ പിന്‍വലിക്കാനും അവകാശമുണ്ടെന്നാണ് വിവേക് അഗ്നിഹോത്രിയുടെ വാദം. നൂഡ് എന്ന സിനിമ അപൂര്‍ണമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. സെക്‌സി ദുര്‍ഗ മതവികാരം വ്രണപ്പെടുത്തുമെന്നും വാദിക്കുന്നു.

This post was last modified on November 15, 2017 12:48 pm