X

സിഐഎസ്എഫ് ജവാന്‍ നാല് സഹപ്രവര്‍ത്തകരെ വെടിവച്ച് കൊന്നു

വെടിയുതിര്‍ത്തത് അവധി അനുവദിക്കാത്തതില്‍ കുപിതനായി

കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ക്ക് നേരെ സിഐഎസ്എഫ് ജവാന്‍ നടത്തിയ വെടിവയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ബിഹാറിലെ ഔറംഗബാദ് ജില്ലയിലുള്ള നവിനഗര്‍ പവര്‍ ജെനറേറ്റിംഗ് കമ്പനിക്ക് സമീപമാണ് സംഭവം.

ഉത്തര്‍പ്രദേശിലെ അലിഗഡ് സ്വദേശിയായ ബല്‍വീര്‍ സിംഗ് എന്ന സൈനികനാണ് വെടിയുതിര്‍ത്തത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ബച്ച ശര്‍മ്മ, എന്‍ മിശ്ര, അരവിന്ദ് കുമാര്‍, ജിഎസ് റാം എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

അവധി അനുവദിക്കാത്തതില്‍ കുപിതനായ ജവാന്‍ തന്റെ സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നെന്ന് ജില്ലാ പോലീസ് മേധാവി സത്യപ്രകാശ് അറിയിച്ചു. രണ്ട് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ രണ്ട് പേരെ തൊട്ടടുത്തുള്ള റൊഹ്താസ് ജില്ലാ ആശുപത്രിയിലും പിന്നീട് നാരായണ്‍ മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പുലര്‍ച്ചെ 12.30ഓടെയാണ് സംഭവമുണ്ടായത്.

സംഭവത്തില്‍ സിഐഎസ്എഫ് അന്വേഷണം പ്രഖ്യാപിച്ചു. എന്‍ടിപിസിയും ബിഹാര്‍ സര്‍ക്കാരും സംയുക്തമായി നടപ്പാക്കുന്ന താപനിലയത്തിന്റെ നിര്‍മ്മാണത്തില്‍ സുരക്ഷ ഒരുക്കാനാണ് ഇവിടെ സിഐഎസ്എഫ് സൈനികരെ വിന്യസിച്ചിരുന്നത്.

 

Leave a Comment