ചെ ഗുവേര കേരളത്തിലെ യുവാക്കള്‍ക്ക് അക്രമത്തിന് പ്രചോദനമാണെന്ന് പറഞ്ഞ ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണനെ തിരുത്തി മുതിര്‍ന്ന നേതാവ് സി കെ പദ്മനാഭന്‍. ചെ ഗുവേരയെക്കുറിച്ച് ഒന്നും മനസിലാക്കാതെ മുന്‍വിധിയോടുള്ള പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതെന്ന് സി കെ പദ്മനാഭന്‍ അഭിപ്രായപ്പെട്ടു. അധികാരവും മന്ത്രിസ്ഥാനവും ഉപേക്ഷിച്ച് ലാറ്റിനമേരിക്കന്‍ വിപ്ലവത്തിന് പ്രവര്‍ത്തിച്ചയാളാണ് ചെ ഗുവേര. ഇവിടുത്തെ ഗാന്ധിയന്‍ സമരം തന്നെയാണ് അവിടുത്തെ സായുധ സമരം. യുവാക്കള്‍ ചെയെ കണ്ട് പഠിക്കണം. താന്‍ ഇത് പണ്ടും പറഞ്ഞിട്ടുണ്ടെന്നും കൈരളി പീപ്പിളിന് നല്‍കിയ അഭിമുഖത്തില്‍ പദ്മനാഭന്‍ പറഞ്ഞു.
എംടി വാസുദേവന്‍ നായര്‍ ഹിമാലയത്തിന് തുല്യനാണ്. എംടിയെ കല്ലെറിഞ്ഞ് സംതൃപ്തി കണ്ടെത്തുന്നവര്‍ അത് കണ്ടെത്തട്ടെ. സംവിധായകന്‍ കമലിന്‌റെ ദേശസ്‌നേഹത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നും സികെ പദ്മനാഭന്‍ അഭിപ്രായപ്പെട്ടു. എംടിയെ രൂക്ഷമായി വിമര്‍ശിച്ച എഎന്‍ രാധാകൃഷ്ണന്‍, കമല്‍ പാകിസ്ഥാനിലേയ്ക്ക് പോകട്ടെ എന്നും പറഞ്ഞിരുന്നു. ബിജെപിയ്ക്കകത്ത് തന്നെ രാധാകൃഷ്ണന്‌റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് അഭിപ്രായഭിന്നത ശക്തമായിട്ടുണ്ട്. രാധാകൃഷ്ണന്‍ പറഞ്ഞത് അദ്ദേഹത്തിന്‌റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നാണ് എംടി രമേഷ് പറഞ്ഞത്. എന്നാല്‍ കമല്‍, എംടി വിഷയങ്ങളില്‍ രാധാകൃഷ്ണനെ അനുകൂലിക്കുന്ന തരത്തില്‍ ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തി.
This post was last modified on January 14, 2017 11:39 am
Leave a Comment