X

ചെറുപ്പക്കാരിലും മധ്യവയസ്‌കരിലും കോളോ-റെക്ടല്‍ ക്യാന്‍സര്‍ കൂടുന്നു

അര്‍ബുദ നിരക്ക് ഒന്നു മുതല്‍ രണ്ട് ശതമാനം വരെ വര്‍ധിച്ചതായി നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിട്യൂട്ടിന്റെ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു

കുടലിലും മലാശയത്തിലും അര്‍ബുദം ബാധിക്കുന്ന ചെറുപ്പക്കാരുടെയും മധ്യവയസ്‌കരുടെയും എണ്ണം കുത്തനെ ഉയരുകയാണെന്ന് ഒരു യു എസ് പഠനം. അന്‍പത് വയസിനു മുന്‍പേ തന്നെ അര്‍ബുദ പരിശോധനകള്‍ നടത്തേണ്ടതുണ്ടോ എന്ന ചോദ്യവും ഗവേഷകരെ അമ്പരപ്പിക്കുന്നു. ഇരുപത് മുതല്‍ മുപ്പത്തൊന്‍പത് വയസ് വരെ പ്രായമുള്ളവരില്‍ ഓരോ വര്‍ഷവും കുടലിലെ അര്‍ബുദ നിരക്ക് ഒന്നു മുതല്‍ രണ്ട് ശതമാനം വരെ വര്‍ധിച്ചതായി നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിട്യൂട്ടിന്റെ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. മധ്യവയസ്‌കരിലെ നിരക്കും ഉയര്‍ന്നു എങ്കിലും ഇത് സാവധാനത്തിലാണെന്ന് കണ്ടു.

അടുത്ത ദശകങ്ങളില്‍ മലാശയ അര്‍ബുദ (Rectal cancer) നിരക്ക് ഇതിലും വേഗമാണ് ഉയര്‍ന്നത്. ഇരുപത് മുതല്‍ മുപ്പത്തൊന്‍പത് വയസ് വരെ പ്രായമുള്ളവരില്‍ വര്‍ഷം തോറും മൂന്ന് ശതമാനവും നാല്പത് മുതല്‍ അന്‍പത്തി നാല് വയസ് വരെ ഉള്ളവരില്‍ രണ്ട് ശതമാനവും ആണ് നിരക്ക് ഉയര്‍ന്നത്. അന്‍പത്തഞ്ച് വയസില്‍ താഴെ പ്രായമുള്ളവരില്‍ പത്തില്‍ മൂന്നു പേര്‍ക്ക് എന്ന തോതിലാണ് ഇപ്പോള്‍ മലാശയ അര്‍ബുദം ഉണ്ടെന്ന് കണ്ടെത്തുന്നത്. ഇത് 1990-ല്‍ ഉണ്ടായിരുന്നതിന്റെ ഇരട്ടി ആണ്. എന്നാല്‍ ഇതിന് വിരുദ്ധമായി അന്‍പത്തഞ്ച് വയസിനു മുകളില്‍ പ്രായമുള്ളവരില്‍ നാലു ദശാബ്ദമായി റെക്ടല്‍ കാന്‍സര്‍ നിരക്ക് വളരെ കുറഞ്ഞു.

ചെറുപ്പക്കാരിലും മധ്യവയസ്‌കരിലും കോളോറെക്ടല്‍ കാന്‍സര്‍ കൂടി വരുന്നതിന്റെ തോത് ഞെട്ടി ക്കുന്നതായിരുന്നു എന്ന് പഠനത്തിന് നേതൃത്വം നല്‍കിയ അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി ഗവേഷകയായ റെബേക്ക സെയ്ഗല്‍ പറയുന്നു പൊണ്ണത്തടി കൂടാന്‍ കാരണമായ ഭക്ഷണത്തിലെ മാറ്റം, അധിക സമയവും ഇരുന്ന് കൊണ്ടുള്ള ജീവിതരീതി, അമിതഭാരം, നാരുകള്‍ അടങ്ങിയ ഭക്ഷണത്തിന്റെ കുറഞ്ഞ ഉപയോഗം എന്നീ കാരണങ്ങള്‍ തന്നെയാകാം ഈ മാറ്റത്തിനു കാരണം എന്നാണ് സെയ്ഗലിന്റെ അനുമാനം.

വന്‍കുടലിലോ (Colon) മലാശയത്തിലോ (Rectum) ഉണ്ടാകുന്ന അര്‍ബുദമാണ് കോളോറെക്ടല്‍ കാന്‍സര്‍. ഉള്‍ഭിത്തിയില്‍ ചെറിയ വളര്‍ച്ചകള്‍ ആയാണ് മിക്ക അര്‍ബുദവും ആരംഭിക്കുന്നത്. മിക്കവയും അപകടകരമല്ല. എന്നാല്‍ കാലക്രമത്തില്‍ ഇത് അര്ബുദമായി മാറിയേക്കാം. 2017-ല്‍ 95,000 പേര്‍ക്ക് കുടലിലെ അര്‍ബുദവും 40,000 പേര്‍ക്ക് മലാശയ അര്‍ബുദവും ബാധിച്ചതായാണ് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി യുടെ കണക്ക്. ഈ വര്‍ഷം അമേരിക്കയില്‍ 50,000 പേര്‍ കുടലിലെ അര്‍ബുദം മൂലം മരിക്കും എന്നാണ് ഇവര്‍ കണക്ക് കൂട്ടുന്നത്.

1974-നും 2013-നും ഇടയില്‍ ഇരുപതു വയസിനു മുകളില്‍ പ്രായമുള്ള നാലു ലക്ഷത്തി തൊണ്ണൂറായിരം പേരിലാണ് ഉപദ്രവകരമായി വ്യാപിക്കുന്ന കോളോ റെക്ടല്‍ കാന്‍സര്‍ നിര്‍ണയിക്കപ്പെട്ടത്. ഒരേ പ്രായത്തിലുള്ള വ്യത്യസ്ത തലമുറയില്‍ പെട്ടവരെ താരതമ്യം ചെയ്തപ്പോള്‍ 1990 നടുത്ത കാലഘട്ടത്തില്‍ (Millenials )കോളോ റെക്ടല്‍ കാന്‍സര്‍ സാധ്യത ഇരട്ടിയും 1950 നടുത്ത് ജനിച്ചവരില്‍ (Gen X) റെക്ടല്‍ ക്യാന്‌സറിനുള്ള സാധ്യത നാലിരട്ടിയും ആണെന്ന് കണ്ടു.

ചെറു പ്പക്കാരുടെ ഇടയില്‍ കോളോറെക്ടല്‍ കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട് എങ്കിലും അവയുടെ തോത് ഉയരുന്നില്ല എന്നാണ് ജോണ്‍ ഹോപ്കിന്‍സ് കിമ്മല്‍ കോം പ്രിഹെന്‍സീവ് കാന്‍സര്‍ സെന്ററിലെ ഓങ്കോളജിസ്റ്റായ നിലോഫര്‍ ആസാദ് പറയുന്നത്. പ്രായം അറുപതുകളുടെ തുടക്കത്തിലുള്ള ഒരു ലക്ഷം പേരില്‍ അന്‍പത് പേര്‍ക്ക് രോഗം ബാധിക്കുമ്പോള്‍ ഇരുപതുകളില്‍ പ്രായം ഉള്ള ഒരു ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രമാണ് രോഗം ബാധിക്കുന്നത്.

അര്‍ബുദത്തിന്റെ കുടുംബ ചരിത്രം ഉള്ളവര്‍ അന്‍പത് വയസ് ആകുമ്പോള്‍ തന്നെ കൊളനോസ്‌കോപ്പി യോ മറ്റ് പരിശോധനകളോ നടത്തണമെന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി യും മറ്റ് വിദഗ്ധ ഗ്രൂപ്പുകളും നിര്‍ദേശിക്കുന്നു.

സഹന ബിജു

ജേണലിസത്തിൽ ബിരുദാനന്തര ബിരുദം, എം ഫിൽ. മനോരമ ഓൺലൈനിൽ വെബ്‌ അസോസിയേറ്റ് ആയിരുന്നു. ഇപ്പോൾ സ്വതന്ത്ര മാധ്യമപ്രവർത്തക.

More Posts

This post was last modified on March 8, 2017 5:17 pm