X

കെ മുരളീധരനിലൂടെ ഉമ്മന്‍ ചാണ്ടിയുടെ ഒളിപ്പോര്; കോണ്‍ഗ്രസ്സിലെ രണ്ടാം രാഷ്ട്രീയ ചാണക്യന്റെ ഗൃഹപാഠങ്ങള്‍

കോണ്‍ഗ്രസ്സില്‍ കളി മുറുകുകയാണ്

കേരളത്തിൽ രണ്ടേ രണ്ടു രാഷ്ട്രീയ ചാണക്യന്മാരെ ഉണ്ടായിട്ടുള്ളൂ എന്നാണ് പൊതു ധാരണ. ഇ എം എസ് നമ്പൂതിരിപ്പാടും കെ കരുണാകരനും. എന്നാൽ സമീപ കാല കേരള രാഷ്ട്രീയം സസൂഷ്മം പരിശോധിച്ചാൽ ഇവരുടെ ഗണത്തിൽ പെടുത്താൻ എന്തുകൊണ്ടും യോഗ്യനായ മറ്റൊരാൾ കൂടിയുണ്ടെന്ന് മനസ്സിലാകും. ആൾ മറ്റാരുമല്ല പുതുപ്പള്ളിക്കാരൻ കുഞ്ഞൂഞ്ഞ് എന്ന ഉമ്മൻ ചാണ്ടി തന്നെ. കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ രൂപം കൊണ്ട ഐ ഗ്രൂപ്പ് സത്യത്തിൽ കെ (കരുണാകരൻ) ഗ്രുപ്പും എ ഗ്രൂപ്പ് ആന്റണി ഗ്രൂപ്പുമായി പൊതുവെ അറിയപ്പെട്ടു പോന്നിരുന്നു. എന്നാൽ 1990 കളുടെ തുടക്കത്തിൽ തന്നെ എ ഗ്രൂപ്പ് ഒ (ഉമ്മൻ) ഗ്രൂപ്പായി മാറിത്തുടങ്ങിയിരുന്നു എന്നതാണ് യാഥാർഥ്യം. 1991 ൽ നടന്ന കെ പി സി സി തിരഞ്ഞെടുപ്പിൽ മറുകണ്ടം ചാടിയ വയലാർ രവിയോട് പരാജയപ്പെട്ട ആന്റണി തുടർന്ന് രാജ്യ സഭയിൽ എത്തുകയും കേന്ദ്രത്തിൽ ഭഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയാവുകയും ചെയ്തതോടുകൂടിയായിരുന്നു ഇത്.

ആന്റണി ഡൽഹിയിൽ ഒതുങ്ങിയപ്പോൾ കേരളത്തിൽ കരുണാകരനെതിരെ പട നയിക്കാനുള്ള യോഗം ഉമ്മൻ ചാണ്ടിക്ക് വന്നുചേർന്നു. വീണു കിട്ടിയ ഐ എസ് ആർ ഓ ചാരക്കേസ്സ് പിടിവള്ളിയാക്കി ഉമ്മൻ ചാണ്ടി ആ ജോലി ഭംഗിയായി നിര്‍വഹിക്കുന്നതാണ് പിന്നീട് കണ്ടത്. ചാരക്കേസിന്റെ മറ പിടിച്ചു ഉമ്മനും സംഘവും നടത്തിയ കടന്നാക്രമണത്തിൽ കരുണാകരൻ വീണു. 1995ൽ അദ്ദേഹം രാജിവെച്ചപ്പോൾ പകരം ആരെന്ന ചോദ്യത്തിന് ഉമ്മൻ ചാണ്ടി തന്നെ ഉത്തരവും കണ്ടെത്തി- എ കെ ആന്റണി. മുസ്ലിം ലീഗിനും ഇക്കാര്യത്തിൽ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ അന്ന് പഞ്ചസാര കുംഭകോണ ആരോപണത്തെ തുടർന്ന് രാജിവെച്ചു നിൽക്കുകയായിരുന്ന ആന്റണിയെ ചാർട്ടേർഡ് വിമാനത്തിൽ കേരളത്തിൽ എത്തിച്ചു മുഖ്യമന്ത്രിയാക്കി. ലീഗിന്റെ സഹായത്തോടെ തിരൂരങ്ങാടിയിൽ ഉപ തിരഞ്ഞെടുപ്പ് ഉണ്ടാക്കി അവിടെ നിന്നും ആന്റണിയെ വൻ ഭൂരിപക്ഷത്തിന് വിജയപ്പിച്ചെടുത്തു.

ഉമ്മൻ ചാണ്ടിയുടെ ആന്റണി ഭക്തിയെ പ്രശംസിച്ചവർക്കൊക്കെ 2004 ആയപ്പോഴേക്കും ഈ ഭക്തിക്ക് പിന്നിലെ കുരുട്ടു ബുദ്ധി പിടികിട്ടി. ജോൺ മത്തായി അനുസ്മരണ പ്രഭാഷണത്തിൽ മത ന്യൂനപക്ഷങ്ങൾക്കെതിരെ ആന്റണി ആഞ്ഞടിച്ചുവെന്നു പറഞ്ഞു ലീഗിന്റെ പിന്തുണയോടെ ആന്റണിയെ വീണ്ടും ഡൽഹിക്കു കെട്ടുകെട്ടിച്ചു. അന്ന് പുറത്തു പറയാൻ ഉമ്മനും കൂട്ടർക്കും മറ്റൊരു കാരണം വീണു കിട്ടി – മുത്തങ്ങ വെടിവെപ്പ്. അങ്ങനെ ആന്റണി ഒഴിഞ്ഞ മുഖ്യമന്ത്രി കസേരയിൽ ഉമ്മൻ ചാണ്ടി എത്തി. ആ പദവിയിലേക്കെത്താൻ ഉമ്മൻ ചാണ്ടി കണ്ടെത്തിയ സൂത്രപ്പണി ആയിരുന്നു കരുണാകരനെ കെട്ടുകെട്ടിക്കലും ആന്റണിയെ വാഴിക്കലുമൊക്കെ.

അതിനുവേണ്ടി അന്ന് ഉമ്മൻ ചാണ്ടി തന്റെ ചുണ്ടയിൽ കൊരുത്ത ഇര ആന്റണി ആയിരുന്നവെങ്കിൽ ഇന്നിപ്പോൾ കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പോടെ ഏറെ ശോഷിച്ചുപോയ തന്റെ ഗ്രൂപ്പിനെ ശക്തമാകുന്നതിനു വേണ്ടി ഉമ്മൻ ചാണ്ടി മറ്റൊരു ഇര കരുണാകര പുത്രൻ കെ മുരളീധരനിൽ കണ്ടെത്തിയെന്നു വേണം അദ്ദേഹത്തിന്റെ സമീപ കാല നീക്കങ്ങൾ കാണുമ്പോൾ കരുതാൻ. ഒരിക്കൽ താനൊക്കെ ചേർന്ന് വെറുമൊരു കിങ്ങിണികുട്ടനാക്കി മാറ്റിയ മുരളീധരനെ മുന്നിൽ നിര്‍ത്തിയാണ് ഉമ്മൻ ചാണ്ടി ഇപ്പോൾ കെ പി സി സി പ്രസിഡന്റ് വി എം സുധീരനെയും ഐ ഗ്രൂപ്പ് നേതാവും പ്രതിപക്ഷ നേതാവും ആയ രമേശ് ചെന്നിത്തലയേയും ഒരുമിച്ചു നേരിടുന്നത്. കേരളത്തിൽ ഇപ്പോൾ പ്രതിപക്ഷം ഇല്ലെന്നും ഭരണപക്ഷവും പ്രതിപക്ഷവുമെല്ലാം ഇടതുപക്ഷം തന്നെ എന്ന് പറഞ്ഞു സുധീരനും രമേശിനുമെതിരെ ആഞ്ഞടിച്ചു കൊണ്ട് കളി ആരംഭിച്ച മുരളിക്ക് ആദ്യ പിന്തുണ ലഭിച്ചത് ഉമ്മൻ ചാണ്ടിയുടെ വലം കൈ ആയ കെ സി ജോസഫിൽ നിന്നുമായിരുന്നു. ഇപ്പോൾ ലോ അക്കാദമിക്ക് മുൻപിൽ മുരളി സത്യാഗ്രഹം കിടക്കുമ്പോൾ പിന്നിൽ നിന്നും ചരട് വലിക്കുന്നതും ഉമ്മൻ ചാണ്ടി തന്നെയെന്ന് കരുതുന്നവർ ധാരാളം.

തന്നെ മുന്നിൽ നിറുത്തി ഉമ്മൻ ചാണ്ടി നടത്തുന്ന കളിയിൽ മുരളി ഒന്നും കാണാതെ നിന്ന് കൊടുക്കുന്നു എന്ന് കരുതിയാൽ തെറ്റി. ഒരു പാലം ഇടുമ്പോൾ അങ്ങോട്ട് മാത്രം പോരാ ഇങ്ങോട്ടും വേണമെന്ന കാര്യമൊന്നും മുരളിക്ക് ഇന്നിപ്പോൾ ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. തിരുവനന്തപുരം തനിക്കു ഒരു സുരക്ഷിത താവളമല്ലെന്നു മുരളിക്ക് നന്നായി അറിയാം. സിറ്റിംഗ് സീറ്റായ വട്ടിയൂർക്കാവിൽ നിന്നും ആദ്യം തന്നെ മാറ്റാൻ ശ്രമിച്ചതും അത് നടക്കാതെ വന്നപ്പോൾ കാലുവാരാൻ ശ്രമിച്ചതുമൊക്കെ മുരളി മറന്നിട്ടില്ല. സി പി എമ്മുകാർ ടി എൻ സീമക്ക് എട്ടിന്റെ പണി കൊടുത്തിരുന്നില്ലയെങ്കിൽ ഇക്കുറി വട്ടിയൂർക്കാവിൽ മുരളി തോറ്റു തുന്നം പാടുമായിരുന്നു. ഇക്കാര്യം മുരളിക്കും നന്നായി അറിയാം. മുരളിയുടെ കണ്ണിപ്പോൾ തന്റെ പഴയ തട്ടകമായ കോഴിക്കോട് തന്നെയാണ്. മുരളിക്കുവേണ്ടി ഉമ്മൻ ചാണ്ടി പറഞ്ഞാൽ ലീഗ് തിരുവമ്പാടി വിട്ടുകൊടുക്കും. കഴിഞ്ഞ തവണ സഭയോട് ഏറ്റുമുട്ടി ഒരു ഉറച്ച മണ്ഡലം വിട്ടുകളഞ്ഞതിൽ ലീഗിനും അല്പം മനസ്താപം ഉണ്ട്. വേണമെങ്കിൽ കെ സി ജോസഫ് സ്ഥിരം മത്സരിക്കുന്ന ഇരിക്കൂർ പോലും മുരളിക്ക്‌ പ്രതീക്ഷിക്കാം. സതീശൻ പാച്ചേനി സുധാകര പക്ഷം ചേർന്ന് ഐ ഗ്രൂപ്പിലേക്ക് പോയതോടെ മലബാർ മേഖലയിൽ ഉമ്മൻ ചാണ്ടി വിഭാഗത്തിന് ഒരു നല്ല നേതാവില്ല. ആകെയുള്ള ആര്യാടൻ മുഹമ്മദിന് ഇനി ഒരു അങ്കത്തിനു ശേഷിയുണ്ടോ എന്ന സംശയവും ബാക്കി നിൽക്കുന്നു. അങ്ങനെ വരുമ്പോൾ മുരളിയെ മലബാറിൽ കൊണ്ട് വന്നു സംരക്ഷിക്കുന്നതുകൊണ്ട് തനിക്കും തന്റെ ഗ്രുപ്പിനും ഗുണമേ ഉണ്ടാകുകയുള്ളൂ എന്നു ഉമ്മൻ ചാണ്ടി കരുതിയാൽ കുറ്റം പറയാൻ ആവില്ല.

പാര്‍ട്ടി പ്രവര്‍ത്തനവുമായി നിസ്സഹകരിച്ചു മുന്നോട്ട് പോകുന്ന ഉമ്മന്‍ ചാണ്ടി യഥാര്‍ത്ഥത്തില്‍ ഒന്നും ചെയ്യാതിരിക്കുകയായിരുന്നില്ല. അടുത്ത പോരിനുള്ള ഗൃഹപാഠം ചെയ്യുകയായിരുന്നു ഈ ദിവസങ്ങളില്‍.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

This post was last modified on February 4, 2017 11:51 am