X

കിങ്ങിണിക്കുട്ടനില്‍ നിന്നും ഏറെ ദൂരമെത്തിയ കെ മുരളീധരന്‍

കെ എ ആന്റണി

ഭരണം നഷ്ടമായാലും പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ ഉത്തമനായ ഒരാള്‍ തന്നെ വേണം പട നയിക്കാന്‍. ഭരിക്കുന്നവര്‍ക്ക് രാജ്യത്തെ സമ്പല്‍സമൃദ്ധിയിലേക്ക് നയിക്കുകയോ കട്ട് മുടിച്ച് വെളുപ്പിച്ച് എടുക്കുകയോ ചെയ്യാം. എന്നാല്‍ ജനാധിപത്യ സംവിധാനത്തില്‍ പ്രതിപക്ഷ നേതാവാണ് യഥാര്‍ത്ഥ ഹീറോ. ഇക്കാര്യം മകന്‍ എഴുതിയെന്ന് പറയപ്പെടുന്ന ഒരു കുറിപ്പിന്റെ പേരില്‍ ചില്ലറ പൊല്ലാപ്പുകളില്‍ വീണു പോയ വിഎസ് സഖാവ് രണ്ട് ഘട്ടങ്ങളിലായി തെളിയിച്ചതാണ്. ചുരുക്കി പറഞ്ഞാല്‍ ഭരിക്കുന്നവനേക്കാള്‍ ജാഗ്രവത്താകേണ്ടവന്‍ പ്രതിപക്ഷത്തെ നയിക്കേണ്ടവനാണ്. ജനാധിപത്യ സംവിധാനത്തിന്റെ ആണിക്കല്ലുകളില്‍ പരമപ്രധാനം തന്നെയാണ് ക്രിയാത്മക പ്രതിപക്ഷം.

ഇക്കുറി തോറ്റമ്പിപ്പോയ യുഡിഎഫില്‍ പ്രത്യേകിച്ചും മുന്നണി നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതാവ് ആരാകണം എന്ന കാര്യത്തില്‍ തര്‍ക്കം ഉദിച്ചു. കോണ്‍ഗ്രസില്‍ തര്‍ക്കം പതിവുള്ള വിനോദ ഇനമോ സദ്യവട്ടത്തില്‍ പരമപ്രധാനമോ ആയ ഒന്നാകയാല്‍ ജനം അത്രയങ്ങ് ശ്രദ്ധിച്ചു കാണാന്‍ ഇടയില്ല. തങ്ങള്‍ അധികാരത്തിലേറ്റിയ പിണറായി സര്‍ക്കാര്‍ ഇനിയെന്തൊക്കെ തങ്ങള്‍ക്കായി വാരി വിതറുമെന്നും എന്തൊക്കെ ദ്രോഹങ്ങള്‍ വരുത്തിവയ്ക്കുമെന്നുമുള്ള ചിന്തയില്‍ മുഴുകുമ്പോള്‍ ആര്‍ക്കുവേണം ഈ ചത്ത യുഡിഎഫ് വീട്ടിലെ മുറുമുറുപ്പും നിലവിളിയും.

ജനം കാതോര്‍ത്തില്ലെങ്കിലും ഇന്നലെ യുഡിഎഫ് തറവാട്ടിലും ഒരു വാഴിക്കല്‍ നടന്നു. ജനകീയനെന്ന് സ്വയം പാടി നടന്ന പുതുപ്പള്ളിക്കാരന്‍ കുഞ്ഞൂഞ്ഞിനെ മാറ്റി രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കി. ആര്‍ എസ് എസ്, ബിജെപി, ബിഡിജെഎസ് തുടങ്ങിയവരും ഇതര ജാതി പരിഷകളും ചേര്‍ന്നാണ് ഇക്കുറി യുഡിഎഫ് വോട്ട് ബാങ്കില്‍ കയ്യിട്ടു വാരി തറവാട് കുളം തോണ്ടിയതെന്ന് മഷി നോട്ടത്തില്‍ കണ്ട മാത്രയില്‍ തന്നെ തീരുമാനിച്ചിരുന്നു പുതിയ കാലത്ത് യുഡിഎഫിന് നയിക്കാന്‍ ശ്രേഷ്ഠനായ ഒരു നായര്‍ തന്നെ വേണമെന്ന്. മഷി നോട്ടത്തില്‍ ഒന്നു കൂടി കണ്ടുവത്രേ, മ്ലേച്ഛന്‍മാര്‍ തറവാട് ഭരണത്തില്‍ എത്താതെ പോയത് തലനാരിഴയ്ക്കാണെന്ന്. എന്തായാലും പ്രാഹ്മികരുടെ (പ്രശ്‌നം വയ്ക്കുന്നവര്‍) സഹായമില്ലാതെ കാര്യങ്ങള്‍ നടന്ന സംതൃപ്തിയില്‍ ഏവരും തീര്‍പ്പാക്കി 22 കാരറ്റ് നായരായ ചെന്നിത്തല തന്നെ നയിക്കട്ടെ പടയെന്ന്.

അണിയറയിലെ കുശുമ്പും കുന്നായ്മയും മുറുമുറുപ്പും വകവയ്ക്കാതെ പഴയ ഡല്‍ഹി മഹാറാണി ഷീല ദീക്ഷിതും മുകുള്‍ വാസ്‌നികും അടക്കമുള്ള സഹകാര്‍മ്മികരും എല്ലാം അങ്ങ് പെട്ടെന്ന് തീരുമാനിക്കുകയായിരുന്നു. രാജ്യം നഷ്ടപ്പെട്ട ശ്രീരാമനെ പോലെ വനവാസത്തിനല്ല പകരം ജനവാസത്തിനാണ് താനെന്ന് പറഞ്ഞ് കുഞ്ഞൂഞ്ഞ് ഒഴിഞ്ഞു. വീഴ്ച പാഠമാക്കൂവെന്ന് പറഞ്ഞ് സുധീരന്‍ ഗാന്ധി മാറി നിന്നു കാര്യങ്ങള്‍ വലിയ കുഴപ്പമില്ലാതെ നീങ്ങുന്നതിന് ഇടയിലാണ് കരുണാകര പുത്രന്റെ രംഗപ്രവേശനം. മാലോകര്‍ ലീഡര്‍ എന്ന് ഓമനപ്പേരിട്ട് വിളിച്ച കെ കരുണാകരന്റെ ഏക പുത്രന്‍ തറവാട്ടില്‍ ജീവനോടെ ഇരിക്കുമ്പോള്‍ ആശ്രിതനായി വന്ന് കയറിയ നായര്‍ ചെക്കനെ അരിയിട്ട് വാഴിച്ചതിലാണ് മുരളിക്ക് ഖേദമത്രയും.

അല്ലെങ്കിലും മുരളി ഇങ്ങനെയൊക്കെ തന്നെയാണ്. പണ്ടും. കെ എസ് യുവില്‍ പ്രവര്‍ത്തിക്കാതെ സേവാദള്‍ ചെയര്‍മാനായപ്പോള്‍ ചാര്‍ത്തിക്കിട്ടിയ കിങ്ങിണി കുട്ടന്‍ എന്ന പേര് മുരളി പാടേ മറന്ന മട്ടുണ്ട്. അല്ലെങ്കിലും ശരിയാണ് ലീഡര്‍ക്ക് മകന്റെ സുരക്ഷയായിരുന്നു പ്രധാനം. വെയിലും മഴയും കൊള്ളാതെ കാത്ത് പോറ്റിയ മകന്‍ ആശ്രിതന്‍മാര്‍ തറവാട് കൊള്ളയടിക്കുന്നത് കണ്ടപ്പോള്‍ പൊറുത്തില്ല. ആകെ ഉണ്ടായിരുന്ന സ്‌നേഹം ത്രിമൂര്‍ത്തികളിലൊരാളായ ജി കാര്‍ത്തികേയനോട് മാത്രമായിരുന്നു. അച്ഛന്റെ ഇലയില്‍ നിന്നും മക്കളേക്കാള്‍ അധികാരത്തോടെ ഇഡ്ഢലിയെടുത്ത് കഴിക്കാന്‍ കഴിഞ്ഞിരുന്ന കാര്‍ത്തികേയനേയും ചെന്നിത്തലയേയും ഷാനവാസിനേയും മുരളി ശത്രുപക്ഷത്ത് നിര്‍ത്തിയെങ്കില്‍ അയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പിന്നീട് ഒത്തു തീര്‍പ്പുകളുടെ ഭാഗമായി എംപിയും കെപിസിസി പ്രസിഡന്റുമായപ്പോള്‍ പഴയ കണക്കുകളൊക്കെ അട്ടത്ത് വച്ചിരുന്നു മുരളി. മറവിയുടെ പുസ്തകത്തില്‍ നിന്നും ഈ കണക്കുകള്‍ അത്രയും പുറത്തേക്ക് വലിച്ചിട്ടത് രാജ് മോഹന്‍ ഉണ്ണിത്താനും ശരത് ചന്ദ്ര പ്രസാദും ചേര്‍ന്നായിരുന്നു. അവിടേയും തോല്‍വി സമ്മതിക്കാതിരുന്ന മുരളി പെട്ടെന്ന് ഒരു നാള്‍ സംസ്ഥാന മന്ത്രിയാകുകയും വടക്കാഞ്ചേരിയില്‍ തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തതോടു കൂടിയാണ് വടക്കനായ മാരാര്‍ പയ്യന് തെക്കന്മാരായ നായര്‍ പയ്യന്‍മാരോട് ദേഷ്യം കൂലംകുത്തിയൊഴുകിയത്. ഇതിന്റെ തുടര്‍ച്ചയായിരുന്നു സോണിയ ഗാന്ധിയെ അച്ഛന്‍ കരുണാകരന്‍ മദാമ്മയെന്ന് വിളിച്ചപ്പോള്‍ മകന്‍ മുരളി ഒരു പടി കൂടെ കടന്ന് അഹമ്മദ് പട്ടേലിനെ അലുമിനിയം പട്ടേല്‍ എന്ന് വിളിച്ച് ആക്ഷേപിച്ചിരുന്നത്.

കരുണാകരന്റെ സദസ്സില്‍ അന്നും ആളൊഴിഞ്ഞിരുന്നില്ല. കെ എന്‍ കോടോത്ത് രാജ്യസഭയിലേക്ക് കരുണാകര നോമിനിയായി ചാവേറായി മടങ്ങി. ശോഭന ജോര്‍ജ്ജും സംഘവും രായ്ക്കുരായ്മാനം യുഡിഎഫ് എംഎല്‍എ കൂടാരത്തില്‍ നിന്നും പടിയിറങ്ങി. പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധിയായാലും കുബുദ്ധിയായാലും എല്ലാം മുരളിയുടേതായിരുന്നു. അപ്പോഴേക്കും ലീഡര്‍ വെറും കാഴ്ച്ചക്കാരനായി മാറിയിരുന്നു. കോണ്‍ഗ്രസിലെ പിളര്‍പ്പ് അസഹനീയമെന്ന് വിചാരിച്ചു നിന്ന കരുണാകരനെ ഒടുവില്‍ മുരളി ഡിഐസികെ പാളയത്തില്‍ എത്തിച്ചു. തേക്കിന്‍കാട് മൈതാനം സാക്ഷ്യം വഹിച്ച ആ സമ്മേളനത്തില്‍ കരുണാകരന്റെ കണ്ണില്‍ നിന്നും അടര്‍ന്നു വീണ കണ്ണീര്‍ തുള്ളികള്‍ ഒരു പക്ഷേ മുരളി പോലും കണ്ടുണ്ടാകില്ല. ഒടുവില്‍ കരുണാകരനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്ത് കോണ്‍ഗ്രസ് പതാക പുതപ്പിച്ചപ്പോഴും മുരളി പുറത്തു തന്നെയായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രനും ജി കാര്‍ത്തികേയനും രമേശ് ചെന്നിത്തലയും ഒക്കെ ഒത്തുപിടിച്ചിട്ടാണ് മുരളിയെ തിരിച്ചെടുക്കാന്‍ ഹൈക്കമാന്‍ഡിനെ നിര്‍ബന്ധിതമാക്കിയത്.

എങ്കിലും മുരളി പറയുന്നതിലും ചില കാര്യങ്ങളുണ്ട്. തിരുവനന്തപുരത്ത് സ്ഥിര താമസമാക്കിയ മുരളിക്ക് ഇക്കുറി വട്ടിയൂര്‍ക്കാവ് സീറ്റ് നിഷേധിക്കാനുള്ള ചില അണിയറ നീക്കങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നില്‍ സുധീരനും ചെന്നിത്തലയുമൊക്കെ ഉണ്ടായിരുന്നുവെന്ന് മുരളി ഒരു പക്ഷേ കരുതുന്നുണ്ടാകാം. അവിടേയും തീര്‍ന്നില്ല പ്രശ്‌നങ്ങള്‍ കരുണാകരന്‍ കൈപിടിച്ചു ഉയര്‍ത്തി കൊണ്ടു വന്ന വിഎസ് ശിവകുമാറിന്റെ വിജയം ഉറപ്പു വരുത്താന്‍ നടത്തിയ ചില അണിയറ നീക്കങ്ങളില്‍ ഒരു പക്ഷേ മുരളിയും ബലിയാട് ആകുമായിരുന്നു. പഴയ കിങ്ങിണി കുട്ടനില്‍ നിന്നും മികവുറ്റ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറിയ മുരളിയുടെ ചെറുത്ത് നില്‍പ്പിന്റെ വീരഗാഥ കൂടിയാണ് ഇത്തവണത്തെ വട്ടിയൂര്‍ക്കാവിലെ വിജയം എന്ന് ഗ്രൂപ്പ് ഭേദമെന്യേ കോണ്‍ഗ്രസുകാര്‍ പോലും അംഗീകരിക്കുന്നുണ്ട്.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

This post was last modified on May 30, 2016 3:32 pm