X

കൊടിയ അഴിമതിയില്‍ തദ്ദേശസ്വയംഭരണ വകുപ്പ്, റവന്യൂവും പൊതുമരാമത്തും തൊട്ടുപിന്നില്‍; ഭേദം മുഖ്യമന്ത്രിയുടെ വകുപ്പുകള്‍

അഴിമതിയുടെ വ്യാപ്തി പരിശോധിക്കാന്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ സര്‍വേയിലാണ് ഈ വിവരങ്ങള്‍

സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ അഴിമതിയുടെ വ്യാപ്തി പരിശോധിക്കാന്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ സര്‍വേയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മുന്നില്‍. മൊത്തം അഴിമതിയുടെ 10.34 ശതമാനവും തദ്ദേശസ്വയംഭരണ വകുപ്പിലാണു നടക്കുന്നത്. തൊട്ടുപിന്നില്‍ റവന്യു വകുപ്പാണ് (9.24). പൊതുമരാമത്ത് വകുപ്പാണു മൂന്നാംസ്ഥാനത്ത് (5.32). ഏറ്റവും കുറവ് അഴിമതി നടക്കുന്നത് വിവരസാങ്കേതിക വകുപ്പിലാണ്. മുഖ്യമന്ത്രിയാണ് ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത്. ഈ വകുപ്പില്‍ 0.22 ശതമാനം മാത്രമാണ് അഴിമതി നടക്കുന്നതായി സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്.

അതേസമയം പിണറായി തന്നെ ഭരിക്കുന്ന ആഭ്യന്തര വകുപ്പ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. പൊലീസിനിടയില്‍ നടക്കുന്ന അഴിമതിയുടെ ശതമാനം 4.66 ആണ്. വിജിലന്‍സിലേക്ക് ലഭിച്ച പരാതികളുടെയും ഓണ്‍ലൈന്‍ അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇത്തരമൊരു സര്‍വേ നടത്തിയത്. സര്‍വേയുടെ പകര്‍പ്പ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിട്ടുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിന്റെ ഭാഗമായി അഴിമതി സംബന്ധിച്ച സ്ഥിതിവിര കണക്കുകള്‍ മുഖ്യമന്ത്രി വിജിലന്‍സിനോട് ആവശ്യപ്പെട്ടിരുന്നു.

കൊടിയ അഴിമതി നടക്കുന്നവ, അഴിമതി ശക്തമായവ, ഇടത്തരം അഴിമതി നടക്കുന്നവ, കുറഞ്ഞതോതില്‍ അഴിമതി നടക്കുന്നവ, വളരെ കുറച്ച് അഴിമതി നടക്കുന്നവ എന്നിങ്ങനെ തരംതിരിച്ചാണ് വിജിലന്‍സ് സര്‍വേ നടത്തിയത്. ഇതില്‍ കൊടിയ അഴിമതി നടക്കുന്നവയിലാണ് കെ ടി ജലീലിന്റെ തദ്ദേശസ്വയംഭരണ വകുപ്പ് (10.34) ഉള്‍പ്പെട്ടിരിക്കുന്നത്. ഈ കാറ്റഗറിയില്‍ അവസാനം നില്‍ക്കുന്നത് സുനില്‍ കുമാറിന്റെ കൃഷി വകുപ്പാണ്(2.50).

അഴിമതി ശക്തമായി നടക്കുന്ന വകുപ്പില്‍ ഒന്നാം സ്ഥാനത്ത് പി തിലോത്തമന്റെ ഭക്ഷ്യസുരക്ഷയും (2.23) പിന്നില്‍ മേഴ്‌സികുട്ടിയമ്മയുടെ ഫിഷറീസുമാണ് (1.01).

ഇടത്തരം അഴിമതി നടക്കുന്നവയില്‍ മുന്നില്‍ കായിക യുവജനക്ഷേമ വകുപ്പും (.88) പിന്നില്‍ ഇന്‍ഷുറന്‍സ് വകുപ്പുമാണ് (.62).

കുറഞ്ഞതോതില്‍ അഴിമതി നടക്കുന്നതില്‍ ഒന്നാം സ്ഥാനത്ത് എ കെ ബാലന്‍ കൈകാര്യം ചെയ്യുന്ന നിയമവകുപ്പാണ് (.59) പിന്നില്‍ വ്യവസായപരിശീലന വകുപ്പും (.44) ഐടി വകുപ്പും (.22) ആണ്.

മന്ത്രിമാര്‍ തങ്ങളുടെ വകുപ്പുകളില്‍ അഴിമതി ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോഴും അതു പലപ്പോഴും അവരുടെ മേല്‍നോട്ടം ചെല്ലുന്ന മുകള്‍ത്തട്ടില്‍ മാത്രമാണ് അഴിമതി ഇല്ലാതാകുന്നത്, താഴേത്തട്ടില്‍ ഇപ്പോഴും ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഇതു നിര്‍ബാധം തുടരുകയാണെന്നുമാണ് വിജിലന്‍സ് സര്‍വേ തെളിയിക്കുന്നത്. അഴിമതിക്കെതിര സന്ധിയില്ലാ സമരം പ്രഖ്യാപിച്ച ജി സുധാകരന്റെ പൊതുമരാമത്ത് വകുപ്പ് അഴിമതിയുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നതും ഇതിനു തെളിവാണ്. ജനങ്ങളുമായി ഏറെ അടുത്തു നില്‍ക്കുന്നൊരു വകുപ്പായ പൊതുമരാമത്തില്‍ ഇത്രയേറെ അഴിമതി നടക്കുന്നത് ഗൗരവതരമായി കാണേണ്ടതാണെന്നു വിജിലന്‍സ് പറയുന്നുണ്ട്. എന്നാല്‍ താഴെത്തട്ടില്‍ നടക്കുന്ന അഴിമതി ഏതുരീതിയില്‍ തടയാന്‍ മന്ത്രിക്ക് കഴിയുമെന്നാണ് ചോദ്യം.

മുഖ്യമന്ത്രി തന്നെ നേരിട്ട് സര്‍ക്കാരിലെ അഴിമതിക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കുമെതിരേ പോരാട്ടം നടത്തുമ്പോഴും വിവധി വകുപ്പുകളില്‍ വ്യാപകമായി അഴിമതി തുടരുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ മോശമായി ബാധിക്കുകയാണ്. സാധാരണ ജനങ്ങളുമായി അടുത്തുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കിടയിലാണ് ഏറ്റവുമധികം അഴിമതി നടക്കുന്നതെന്നതു തന്നെ ജനങ്ങള്‍ ഇപ്പോഴും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പിടിച്ചുപറിയില്‍ തന്നെ കുടുങ്ങിക്കിടക്കുകയാണെന്നതിന്റെ തെളിവാണ്.

 

This post was last modified on March 23, 2017 9:54 am