X

പശുരാഷ്ട്രീയം ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെയുള്ള കലാപമാകുന്ന വിധം

അഴിമുഖം പ്രതിനിധി

ഗുജറാത്തിലെ അംറേലി ജില്ലയിലെ ഉനയ്ക്കടുത്ത മോട്ട സമാധ്യാല എന്ന ചെറുഗ്രാമം വാര്‍ത്തകളില്‍ കയറിപ്പറ്റിയത് തെറ്റായ കാരണങ്ങള്‍ക്കാണ്. ജൂലൈ 11നു ചത്ത പശുവിന്റെ തോലുരിച്ച നാലു ദളിതരെ ഗോ രക്ഷകര്‍ എന്നവകാശപ്പെട്ട ചിലര്‍ മര്‍ദിച്ചതിനെത്തുടര്‍ന്ന് പ്രദേശത്താകെ ക്രമസമാധാനപാലനത്തിന് പൊലീസുകാരെ നിയോഗിച്ചിരിക്കുകയാണ്.

മോട്ട സമാധ്യാലയിലെ ഈ സംഭവം ഗുജറാത്തിലുടനീളം ദളിത് പ്രതിഷേധം ഉയര്‍ത്തി. ഭരണകൂടത്തെ പിടിച്ചുകുലുക്കി ഡല്‍ഹി വരെയെത്തി അത്. പുതിയതും പഴയതുമായി ദളിതര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുമ്പോഴായിരുന്നു ഇത്.

കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നശേഷം രാജ്യമെമ്പാടും ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. അക്രമങ്ങള്‍ അഴിച്ചുവിടാനുള്ള കാരണമായി മാത്രം ഉപയോഗിക്കപ്പെടുന്ന ഒന്നാണ് ഗോരക്ഷാ വാദം. പശുക്കളുടെ സംരക്ഷണവും ഇതുമായി ബന്ധമൊന്നുമില്ല. ഗുജറാത്തില്‍ മാത്രം ഇരുനൂറോളം ഗോരക്ഷ സംഘങ്ങള്‍ പൊട്ടിമുളച്ചിട്ടുണ്ടെന്നാണു കണക്ക്.

തുകല്‍ നിര്‍മാണത്തിനായി നാലു ദളിതര്‍ ചത്ത പശുവിന്റെ തോലുരിച്ചപ്പോഴായിരുന്നു മോട്ട സമാധ്യാല സംഭവം. ബോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കും വിധമായിരുന്നു മര്‍ദനം. മര്‍ദനത്തിനുശേഷം വാഹനത്തിന്റെ പിന്നില്‍ വച്ചുകെട്ടി നാലുപേരെയും ഉന പൊലീസ് സ്റ്റേഷനിലെത്തിച്ചാണ് അക്രമികള്‍ സ്ഥലം വിട്ടത്. ഗോക്കളെ തൊടുന്നവര്‍ക്കുള്ള മുന്നറിയിപ്പായി സ്വന്തം പ്രവൃത്തിയുടെ വീഡിയോ പ്രചരിപ്പിക്കാനും അവര്‍ മറന്നില്ല.

ബിജെപി ഭരിക്കുന്ന ഹരിയാനയില്‍ പശുവിറച്ചി കൊണ്ടുപോയെന്നാരോപിച്ച് രണ്ടുപേരെ മൂത്രം കലര്‍ന്ന ചാണകം തീറ്റിച്ചത് മറ്റൊരു സംഘം ഗോരക്ഷക്കാരാണ്. ഉന സംഭവത്തിന് ഏതാനും ആഴ്ച മുന്‍പായിരുന്നു ഇത്. മാധ്യമങ്ങള്‍ സംഭവം പുറത്തുകൊണ്ടുവരുന്നതുവരെ പൊലീസ് ഇവര്‍ക്കെതിരെ നടപടിയെടുത്തില്ല. അന്നുമുതല്‍ ഗോരക്ഷക്കാര്‍ സ്ഥിരമായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി.

മാര്‍ച്ചില് രണ്ട് കന്നുകാലി കച്ചവടക്കാരെ മര്‍ദ്ദിച്ച് മരത്തില്‍ കെട്ടിത്തൂക്കിയത് ബിജെപി ഭരിക്കുന്ന ഝാര്‍ഖണ്ഡിലാണ്. കഴിഞ്ഞ വര്‍ഷം ദാദ്രിയില്‍ 55 വയസുള്ള മുസ്ലീം വൃദ്ധനെ അടിച്ചു കൊലപ്പെടുത്തുകയും അയാളുടെ മകനെ മര്‍ദിച്ച് അവശനാക്കുകയും ചെയ്തതിനു പിന്നിലും ഗോരക്ഷയായിരുന്നു. മാര്‍ച്ചില്‍ ഗുഡ്ഗാവില്‍ മാത്രം ഇത്തരം എട്ടു കേസുകളാണു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജൂണില്‍ ഗോ രക്ഷക് ദള്‍ എന്ന ഗ്രൂപ്പിന്റേതായി വന്ന വീഡിയോയില്‍ രണ്ടുപേരെ ചാണകം, ഗോമൂത്രം, പാല്‍, തൈര്, നെയ്യ് എന്നിവ കഴിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു. പശുവിറച്ചി കൈവശം വച്ചെന്നായിരുന്നു ആരോപണം.

ഗോരക്ഷയുടെ പേരിലുള്ള ആക്രമണങ്ങള്‍ക്കെതിരെ ബിജെപിക്കു നേരിടേണ്ടിവരുന്ന ആദ്യ ദളിത് പ്രതിഷേധമാണ് ഗുജറാത്തിലേത്. ബിജെപിയുടെ ഗോരക്ഷാ അജണ്ടയ്‌ക്കെതിരെയുള്ള വന്‍ പ്രതിഷേധമായി ഇത് വളരാം. കാരണം രാജ്യമെമ്പാടും പല സമുദായങ്ങളുടെയും ഭക്ഷണരീതിക്കും ജീവനോപാധിക്കും ധനസമ്പാദനത്തിനും എതിരെയുള്ള ഒന്നാണ് ഗോരക്ഷ അജന്‍ഡ. പൊതുജനരോഷം ആളിയതോടെ ഗുജറാത്തിലെ ഗോരക്ഷാസമിതികള്‍ ചുവടുമാറ്റാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. അറിയപ്പെടുന്ന ഒരു ഗോരക്ഷാസമിതിയുടെ അഹമ്മദാബാദ് സമിതിയുടെ അഭിപ്രായത്തില്‍ ‘ഗുജറാത്ത് സര്‍ക്കാര്‍, ഗോ രക്ഷക്കാര്‍, ദളിതര്‍ എന്നിവരെ തമ്മിലടിപ്പിക്കാനുള്ള ശിവസേനയുടെ ശ്രമമാണ് ഉന സംഭവം.’

ഗോവധ നിരോധനം
ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഗോവധം നിരോധിച്ചിരിക്കുകയാണ്. ആന്ധ്രപ്രദേശ്, തെലങ്കാന, അസം, ബിഹാര്‍, ചണ്ഡീഗഡ്, ഛത്തീസ്ഗഡ്, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മിസോറം, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഗോവധം നിരോധിച്ചിരിക്കുന്നു. എന്നാല്‍ ഏറ്റവുമധികം പശുമാംസം ഭക്ഷിക്കുന്നവരുള്ളത് മുസ്ലിം ഭൂരിപക്ഷമുള്ള ജമ്മു കശ്മീരല്ല, മേഘാലയയാണ്. ഇവിടെ 80ശതമാനം പേരും പശുവിറച്ചി കഴിക്കുന്നു.

ഏറ്റവും ഒടുവിലത്തെ നാഷനല്‍ സാമ്പിള്‍ള്‍ സര്‍വേ ഓഫിസിന്റെ കണക്കനുസരിച്ച് 13 ഇന്ത്യക്കാരില്‍ ഒരാള്‍ – ഏതാണ്ട് 800 ലക്ഷം പേര്‍-പശുവിറച്ചി കഴിക്കുന്നവരാണ്. മുസ്ലിങ്ങളാണ് ഇവരില്‍ ഭൂരിപക്ഷം. പട്ടികജാതി, പട്ടിക വര്‍ഗക്കാരാണ് തൊട്ടുപിന്നില്‍. ഹിന്ദുക്കളില്‍ ബീഫ് കഴിക്കുന്നവരില്‍ 70 ശതമാനത്തിലേറെ പട്ടികജാതി, പട്ടിക വര്‍ഗക്കാരാണ്. 21 ശതമാനം മറ്റു പിന്നാക്കജാതികളില്‍ പെട്ടവരാണ്. ഏഴുശതമാനം ഉയര്‍ന്ന ജാതിക്കാരും.

തീവ്ര ഗോരക്ഷാ അജണ്ടയ്ക്കു പിന്നിലെ ലക്ഷ്യം വ്യക്തമല്ല. കാരണം പുരാതന മതപരമായ ചടങ്ങുകളും ഗോവധ നിരോധനവും തമ്മില്‍ ബന്ധമില്ലെന്ന് ചരിത്രകാരന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. ‘ഇന്ത്യയുടെ പാല്‍ക്കാരന്‍’ എന്ന് അറിയപ്പെട്ടിരുന്ന വര്‍ഗീസ് കുര്യന്‍ തന്റെ ആത്മകഥയില്‍ പറയുന്നത് മുപ്പതുവര്‍ഷത്തോളം ആര്‍എസ്എസ് തലവനായിരുന്ന എം എസ് ഗോള്‍വാള്‍ക്കര്‍ ഗോരക്ഷാവാദം തുടങ്ങിയത് സര്‍ക്കാരിനെ അമ്പരപ്പിക്കാന്‍ വേണ്ടി മാത്രമാണെന്നാണ്.

1870-ല്‍ പഞ്ചാബിലെ ഒരു വിഭാഗം സിക്കുകാരാണ് ആദ്യത്തെ സംഘടിത ഹിന്ദു ഗോരക്ഷാ നീക്കം സംഘടിപ്പിച്ചത്. 1882-ല്‍ സ്വാമി ദയാനന്ദ് സരസ്വതി ആദ്യ ഗോരക്ഷാ സമിതിക്കു രൂപം നല്‍കി. ഗോവധം സംബന്ധിച്ചുണ്ടായ കലാപങ്ങള്‍ 1893-ല്‍ നൂറിലധികം ആളുകളുടെ മരണത്തിന് ഇടയാക്കിയെന്ന് ബിബിസി പറയുന്നു. 1966-ല്‍ ഗോവധനിരോധനം ആവശ്യപ്പെട്ട് പാര്‍ലമെന്റിനു മുന്നില്‍ എത്തിയ കലാപകാരികളില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. 1979-ല്‍ ആചാര്യ വിനോബ ഭാവെ ഗോവധനിരോധനം ആവശ്യപ്പെട്ട് നിരാഹാരസമരം നടത്തിയിരുന്നു.

ഗോ രക്ഷക്
സ്വയം പ്രഖ്യാപിത ഗോ സംരക്ഷകരാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഗോ രക്ഷക് എന്ന പദം രാജ്യത്തെ രാഷ്ട്രീയ, സാംസ്‌കാരിക വൃത്തങ്ങളില്‍ നിറച്ചത്. ആര്‍ക്കും ഗോ രക്ഷകരാകാം. പശുസംരക്ഷണം സ്വന്തം കടമയാണെന്ന വിശ്വാസം മാത്രമേ ഇതിന് ആവശ്യമുള്ളൂ.

‘പശുക്കളെ കൊല്ലുന്നവര്‍ക്കെതിരെയുള്ള യുദ്ധമാണിത്. അതിനായി കുടുംബത്തെ ഉപേക്ഷിക്കുകയും വെടിയേല്‍ക്കുകയും ചെയ്യേണ്ടിവന്നാലും എനിക്കു ഖേദമില്ല,’ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ ഗൗരവ് പറയുന്നു. ‘ഞങ്ങള്‍ മുസ്ലിങ്ങള്‍ക്കോ ദളിതര്‍ക്കോ എതിരെയല്ല. പശുസംരക്ഷകര്‍ മാത്രമാണ്. കാരണം അതാണ് എന്റെ മതവും മാതാപിതാക്കളും മത ഗ്രന്ഥവും പഠിപ്പിക്കുന്നത്.’

ഗൗരവിനെപ്പോലുള്ള ഗോരക്ഷാ ദള്‍ അംഗങ്ങള്‍ പുലര്‍ച്ചെ നാലരയ്ക്ക് ഉണരുന്നു. രാത്രി കന്നുകാലി കടത്തുന്നവര്‍ക്കുവേണ്ടി കാവലിരുന്ന മറ്റൊരു സംഘമാണ് ഇവരെ ഉണര്‍ത്തുന്നത്. ‘അവരെ വിടരുത്. അവരുടെ വാഹനത്തില്‍ നിങ്ങളുടെ വാഹനം ഇടിക്കുക. പൊലീസിനുവേണ്ടി കാത്തിരിക്കരുത്.’ രാത്രി കന്നുകാലികളെ കടത്തുന്നവരെ നേരിടാന്‍ വേണ്ടി ഈ സംഘം ജിമ്മില്‍ പരിശീലനം നേടുന്നു. ഗോശാലയിലെ ജോലികള്‍ കഴിഞ്ഞ് അവര്‍ വാളുകള്‍ ഉപയോഗിക്കാന്‍ പഠിക്കുന്നു, തോക്കുകളും. വാഹനങ്ങള്‍ക്കുനേരെ ചാടലും പരിശീലനത്തില്‍പ്പെടും. അവരുടെ നേട്ടങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നു. കന്നുകാലിക്കച്ചവടക്കാരെ മര്‍ദ്ദിക്കുന്നതിന്റെ വിഡിയോ വിവരണാത്മകമാണ്.

ഉച്ചകഴിഞ്ഞ് ചിലര്‍ കന്നുകാലികളെ തീറ്റുന്നു. കന്നുകാലികളുടെ സങ്കരമിശ്രണത്തെപ്പറ്റിയുള്ള ക്ലാസുകളുമുണ്ട്. ഇന്ത്യയില്‍നിന്ന് ജഴ്‌സിപ്പശുക്കളെ ഇല്ലാതാക്കുകയും ഗോരക്ഷക്കാരുടെ ലക്ഷ്യമാണ്. ഇന്ത്യന്‍ പശു മാത്രമേ വിശുദ്ധമായുള്ളൂ. വൈകിട്ട് ചന്തയില്‍നിന്ന് പശുവിന്‍ തീറ്റ വാങ്ങുകയാണ് മറ്റൊരു ജോലി. സംഭാവന നല്‍കുന്നവര്‍ മാങ്ങയും പഴവും അടങ്ങുന്ന സഞ്ചികളുമായി വരുന്നു. ചിലര്‍ പണം നല്‍കുന്നു. പലപ്പോഴും സംഭാവന ലക്ഷങ്ങളാണ്.

22 സംസ്ഥാനങ്ങളിലെ അംഗങ്ങളുമായി ഈ സംഘം ബന്ധം പുലര്‍ത്തുന്നു. ഉനയിലും ദാദ്രിയിലും ഗോരക്ഷക്കാര്‍ അഴിച്ചുവിട്ട അക്രമത്തെപ്പറ്റി പറഞ്ഞാല്‍ സംഘം പ്രകോപിതരാകുന്നു. ‘ഞങ്ങളെ അക്രമികളും വര്‍ഗീയവാദികളുമായി ചിത്രീകരിക്കരുത്. ഞങ്ങളുടെ വിശുദ്ധമൃഗത്തെപ്പറ്റി അവര്‍ക്കു ചിന്തയില്ലെങ്കില്‍ ഞങ്ങള്‍ അവരെ വെറുതെ വിടില്ല. അവര്‍ക്കു പശുവിറച്ചി തിന്നണമെങ്കില്‍ പാക്കിസ്ഥാനിലേക്കു പോകട്ടെ.’ – രാത്രി കാവലിനു സമയമായി. അവരില്‍ ചിലരുടെ പക്കല്‍ വടികളുണ്ട്. ടയര്‍ അടയാളങ്ങള്‍ കണ്ടാല്‍പ്പോലും വാഹനത്തില്‍ കന്നുകാലികളുണ്ടോ എന്നു പറയാനാകുമെന്ന്’ ചിലര്‍ അഭിമാനിക്കുന്നു. പല വാഹനങ്ങളും പരിശോധിച്ചെങ്കിലും ഒന്നിലും പശുക്കളില്ല. നേരം പുലരുമ്പോള്‍ സംഘം ഗോശാലയിലേക്കു മടങ്ങുന്നു.

നിയമം ലംഘിക്കുകയാണെങ്കിലും ഗോരക്ഷക്കാര്‍ അത് ചെയ്യുന്നത് ശിക്ഷ ലഭിക്കില്ലെന്ന ഉറപ്പോടെയാണ്. രാഷ്ട്രീയനേതാക്കള്‍ സംരക്ഷിക്കുമെന്ന് അവര്‍ കരുതുന്നു. ദളിതരെയും മുസ്ലിങ്ങളെയും അപമാനിക്കുമ്പോഴും കൊലപാതകം വരെ നടത്തുമ്പോഴും അവരുടെ തോന്നല്‍ ബിജെപിയുടെ ഹിന്ദുത്വ അജണ്ട നടപ്പാക്കുകയാണെന്നാണ്. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും ആശയസംഹിത നടപ്പാക്കാന്‍ സഹായിക്കുകയാണ് എന്നാണ്.

 

This post was last modified on July 26, 2016 5:32 pm

Related Post
Leave a Comment