X

മതേതര, ലിബറല്‍ കക്ഷികളോട്: സിപിഎമ്മിന്റെ ഓപ്പറേഷന്‍ സംഘപരിവാറിനെ വിമര്‍ശിക്കേണ്ടതുണ്ടോ?

സാജു കൊമ്പന്‍

സംഘപരിവാര്‍ ഹിന്ദുത്വയോടുള്ള വിമര്‍ശനം സിപിഎം കടുപ്പിക്കുകയാണോ? ആ പാര്‍ട്ടിയുടെ സമീപകാല പ്രവര്‍ത്തനങ്ങളും നേതാക്കളുടെ പ്രസ്താവനകളും നിരീക്ഷിക്കുമ്പോള്‍ അങ്ങനെ വേണം കരുതാന്‍. കഴിഞ്ഞ വര്‍ഷം ശ്രീകൃഷ്ണ ജയന്തി നടത്തിയതിലൂടെയുള്ള പരിഹാസവും കല്ലേറും സിപിഎമ്മിനെ ഒട്ടൊന്നു പരിഭ്രമിപ്പിച്ചിരുന്നു. ശ്രീകൃഷ്ണ ജയന്തി ദിവസം കണ്ണൂരില്‍ നടന്ന ബാലസംഘം ഘോഷയാത്രയില്‍ ശ്രീനാരായണ ഗുരുവിനെ തൂക്കിലേറ്റി എന്നാരോപിച്ച് ബിജെപിയുടെ ആശീര്‍വാദത്തോടെ വെള്ളാപ്പള്ളി നടേശനും കൂട്ടരും തെരുവില്‍ കാട്ടിക്കൂട്ടിയ പ്രകടനങ്ങള്‍ ഒട്ടൊന്ന് പാര്‍ട്ടിയെ ഉലയ്ക്കുകയും ചെയ്തു. കോട്ടയത്ത് പിണറായി വിജയന്റെ സമ്മേളനത്തില്‍ അടക്കം വെള്ളാപ്പള്ളിയുടെ അനുകൂലികള്‍ പ്രതിഷേധിച്ച് കയ്യേറാന്‍ ശ്രമിച്ചത് സിപിഎം മറന്നിട്ടില്ല. (ഇന്ന് ആ പിണറായി മുഖ്യമന്ത്രിയായപ്പോള്‍ വെള്ളാപ്പള്ളി, ലീഡറെ എന്നു വിളിച്ച് പിന്നാലെ കൂടിയിരിക്കുകയാണ് എന്നത് രാഷ്ട്രീയ വിധിയുടെ കളി.) അന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി ജയരാജന്‍ ഒഴികെ എല്ലാ നേതാക്കളും വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് വഴുവഴുപ്പന്‍ നിലപാടുകള്‍ സ്വീകരിച്ചതും ചരിത്രം.

എന്നാല്‍ രാഷ്ട്രീയ അന്തരീക്ഷം മാറി. സിപിഎം സമ്പൂര്‍ണ്ണ മേധാവിത്വത്തോടെ അധികാരത്തില്‍ വന്നു. യുഡിഎഫ് തകര്‍ന്നു തരിപ്പണമായി. ബിജെപി രാജേട്ടനില്‍ കവിഞ്ഞ് ഒന്നും നേടാന്‍ ആകില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. വലിയ വീരവാദങ്ങള്‍ മുഴക്കി രംഗപ്രവേശം ചെയ്ത ബിഡിജെഎസിനെ മഷിയിട്ട് നോക്കിയാലും കാണാനില്ലാത്ത അവസ്ഥയായി. വല്ലാതെ ഹൈന്ദവവത്ക്കരിക്കപ്പെടുന്നു എന്നു കരുതിയ കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷത്തില്‍ വീണ്ടും ഇടതു പാര്‍ട്ടികളും കാഴ്ചപ്പാടുകളും ചര്‍ച്ചാവിഷയമായിത്തുടങ്ങി. ഇടതുപക്ഷം പ്രത്യേകിച്ചും സിപിഎം ഹിന്ദുത്വ ശക്തികളെ അതിശക്തമായി കടന്നാക്രമിക്കാന്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി മുഖ്യമന്ത്രിയെ പിണറായി വിജയന്‍ അടക്കം സിപിഎം മന്ത്രിമാരും നേതാക്കളും നടത്തിയ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത് സംഘപരിവാര ശക്തികള്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുള്ള എല്ലാ മാളങ്ങളും സിപിഎം അടക്കാന്‍ ശ്രമിക്കുന്നു എന്നതാണ്. അത് വിജയിക്കുമോ അല്ലെങ്കില്‍ വിപരീത ഫലം ചെയ്യുമോ എന്നുള്ളത് വരുംകാലം തെളിയിക്കും. 

ഇത്തവണയും സംഭവവികാസങ്ങളുടെ തുടക്കം കണ്ണൂരില്‍ നിന്നു തന്നെ. ശ്രീകൃഷ്ണ ജയന്തി ആഘോഷ ദിവസം ശ്രീനാരായണ ഗുരുവിന്റെ ‘നമുക്ക് ജാതിയില്ല’ വിളംബരത്തിന്റെ ശതാബ്ദി, ആഘോഷ പരിപാടിയാക്കാനാണ് സിപിഎം തീരുമാനിച്ചത്. ആഗസ്ത് 24 ചട്ടമ്പി സ്വാമി ദിനം മുതല്‍ ആഗസ്ത് 28 അയ്യങ്കാളി ദിനം വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജാതിയില്ല പ്രഖ്യാപനങ്ങളുമായി ഘോഷയാത്ര നടന്നു. വിവിധ ജാതി, മത കലാരൂപങ്ങളും നവോത്ഥാന നായകരുടെ ഛായാചിത്രങ്ങളുമൊക്കെ പിടിച്ചുകൊണ്ടുള്ള യാത്രയില്‍ രാഷ്ട്രീയ ഭേദമന്യേ പ്രാദേശിക സാംസ്കാരിക, മത നേതാക്കളെ അണിനിരത്തുന്നതില്‍ സിപിഎമ്മിന്റെ സംഘനാ സംവിധാനം വിജയിക്കുക തന്നെ ചെയ്തു. ഇതിനിടയില്‍ നിരവധി വിമര്‍ശനങ്ങളും ഉണ്ടായി. എന്നാല്‍ സിപിഎം ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നു എന്ന വിമര്‍ശനത്തെ ഫലപ്രദമായി തടയാന്‍ ഇത്തവണ സാധിച്ചു. അതേ സമയം, തളിപ്പറമ്പ് നടന്ന ഘോഷയാത്രയില്‍ നടന്ന തിടമ്പേറ്റത്തില്‍ സംഘപരിവാര്‍ കയറിപ്പിടിച്ചു. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ആചാരപരമായി നടക്കാറുള്ള തിടമ്പേറ്റത്തെ സിപിഎം അപമാനിച്ചു എന്ന വിമര്‍ശനവുമായി സംഘപരിവാര്‍ എത്തി. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ മുതല്‍ റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ എന്‍കെ പ്രേമചന്ദ്രന്‍ വരെ വന്നു ആരാധന നടത്തിയിട്ടുള്ള ക്ഷേത്രമാണ് രാജരാജേശ്വര ക്ഷേത്രം. അപ്പോള്‍ ഈ ക്ഷേത്രത്തിന്റെ രാഷ്ട്രീയ സാധ്യത എന്താണെന്ന് ബിജെപിയെയോ വിശ്വഹിന്ദു പരിഷത്തിനെയോ ആരും പഠിപ്പിക്കേണ്ടതില്ല. ക്ഷേത്രങ്ങള്‍ക്കൊണ്ട് രാഷ്ട്രീയം കളിച്ചാണല്ലോ ആ പാര്‍ട്ടി ഇത്രയും വളര്‍ന്നത്.

സംഘപരിവാറിന്റെ തിടമ്പേറ്റ വിമര്‍ശനത്തെ കൂസാന്‍ ജില്ല സെക്രട്ടറി പി ജയരാജന്‍ തയ്യാറായില്ല. തിടമ്പേറ്റം പോലുള്ള സാംസ്കാരിക രൂപങ്ങളെ മതേതരത്വത്തിന് വേണ്ടി ഇനിയും ഉപയോഗപ്പെടുത്തും എന്നാണ് അദ്ദേഹം കണ്ണൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞത്. അതിനു മറുപടിയായി വടക്കെ മലബാറിലെ കാവുകള്‍, ക്ഷേത്രാചാരങ്ങള്‍ എന്നിവ സംരക്ഷിക്കാന്‍ വിശാല ഹൈന്ദവ കൂട്ടായ്മ രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘപരിവാര്‍ സംഘടനകള്‍.

കഴിഞ്ഞ അന്തരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സര്‍വസൂക്തി ഐക്യ മന്ത്രം ചൊല്ലിയതിനെ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ വിമര്‍ശിച്ചതും പരിവാര ശക്തികളുടെ ഹാലിളക്കാന്‍ പോന്നതായിരുന്നു. യോഗ ഒരു മതപരമായ ആചാരമല്ല, മതത്തിന്റെ ഭാഗമല്ലാത്തതും ഏല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതുമായ പ്രാര്‍ത്ഥനാഗാനമാണ് ആലപിക്കേണ്ടിയിരുന്നത് എന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. യോഗ ഒരു മതവിഭാഗത്തിന്റെ മാത്രമല്ല. യോഗയില്‍ മതേതരത്വം കാത്തു സൂക്ഷിക്കണം. രാജ്യത്ത് മതവിശ്വാസം ഉള്ളവരും ഇല്ലാത്തവരും ജീവിക്കുന്നുണ്ട്. അവരവര്‍ക്ക് അവരുടെ ദൈവങ്ങളെ പ്രാര്‍ഥിക്കുന്നതിനുള്ള അവകാശമുണ്ട് – ശൈലജ ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം മന്ത്രി ജി സുധാകരനും സമാനമായ പ്രസ്താവനയുമായി രംഗത്ത് വന്നു. ‘സര്‍ക്കാര്‍ പരിപാടികളില്‍ യാതൊരു പ്രാര്‍ത്ഥനയും പാടില്ല. കാരണം ഭരണഘടനയ്ക്ക് ജാതിയില്ല, മതമില്ല. ഗവണ്‍മെന്റ് പരിപാടിയില്‍ ഒരു മതത്തിന്റെയും ഒരു പാട്ടും പാടിക്കൂട. നിലവിളക്കും കൊളുത്തരുത്. എല്ലാ സ്‌കൂളുകളിലും കോളേജുകളിലും മോണിംഗ് അസംബ്ലിയില്‍ പറയേണ്ടത് നമുക്ക് ജാതിയില്ല എന്നാണ്. നമ്മുടെ ദൈവത്തിന്റെയും ദേവിമാരുടെയും ഒന്നും സ്തോത്രം ചൊല്ലിയിട്ട് യാതൊരു കാര്യവുമില്ല.’ മുതുകുളത്ത് നടന്ന പരിപാടിയില്‍ ജി സുധാകരന്‍ പറഞ്ഞത് ഇതാണ്.

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ചും യാഥാസ്ഥിതിക ഹിന്ദുക്കളെ അസ്വസ്ഥപ്പെടുത്തുന്ന പ്രസ്താവനകളുമായാണ് സിപിഎം നേതാക്കള്‍ രംഗത്ത് വന്നിരിക്കുന്നത്. മാസമുറയുടെ പേര് പറഞ്ഞ് ശബരിമലയില്‍ സ്ത്രീപ്രവേശനം തടയരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ ആവശ്യപ്പെട്ടു. ഈ കാര്യം വിശദീകരിച്ചുകൊണ്ട് പാര്‍ട്ടി മുഖപത്രത്തില്‍ അദ്ദേഹം ലേഖനം എഴുതുകയുണ്ടായി. സ്ത്രീകളെ ശബരിമലയില്‍ കണ്ടാല്‍ പുരുഷന്മാരുടെ നിയന്ത്രണം വിട്ടുപോകുമെന്ന വാദം അയ്യപ്പഭക്തന്മാരെയാകെ അധിക്ഷേപിക്കുന്നതാണെന്നും സ്ത്രീകള്‍ ശബരിമലയില്‍ എത്തിയാല്‍ ഭക്തന്മാര്‍ ഭക്തി ഉപേക്ഷിച്ച് ലൗകികചിന്തയിലാണ്ടുപോകുമെന്ന വാദം പരിഹാസ്യമാണെന്നും ലേഖനത്തില്‍ കോടിയേരി പറഞ്ഞു. പാര്‍ട്ടി സെക്രട്ടറിയുടെ നിലപാട് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയായിരുന്നു തുടര്‍ന്ന് ജനാധിപത്യാ മഹിളാ അസോസിയേഷന്‍ നേതാക്കളായ പികെ ശ്രീമതിയും ഡോ. ടിഎന്‍ സീമയും.

ഇതിനിടയില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഡ്യൂട്ടി സമയത്ത് ഓണാഘോഷം നടത്തരുത് എന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നതും വിവാദമായി. കേരളത്തിന്റെ ദേശീയ ഉത്സവം എന്ന രീതിയില്‍ ഓണത്തിനുണ്ടായിരുന്ന മതേതര മുഖത്തെ തകര്‍ത്ത് കൂടുതല്‍ ഹൈന്ദവവത്ക്കരിക്കാനുള്ള തങ്ങളുടെ ശ്രമത്തിന് ഓര്‍ക്കാപ്പുറത്ത് കിട്ടിയ ഒരവസരമായി സംഘപരിവാര്‍ ഇതിനെ ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ പൂക്കളമിടുന്നത് നിരോധിച്ചു എന്ന മട്ടിലാണ് ബിജെപിയുടെ ഓണ്‍ലൈന്‍ ബുദ്ധികേന്ദ്രങ്ങളുടെ പ്രചരണം. ഓണം നിരോധിച്ച മുഖ്യമന്ത്രി വെള്ളിയാഴ്ചകളിലെ നിസ്കാരം നിരോധിക്കുമോ എന്നായിരുന്നു ദുരുപധിഷ്ഠിതമായ മറുചോദ്യം. എന്തായാലും ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ കയറി ഇറങ്ങിയിട്ടുള്ള സാധാരണ മലയാളികള്‍ക്ക് സത്യം അറിയാവുന്നതുകൊണ്ട് ആ പ്രചരണവും ഏശിയില്ല എന്നതാണ് സത്യം. 

ഏറ്റവും ഒടുവില്‍ ദേവസ്വം മന്ത്രി കടകംപള്ളിയുടേതാണ് ഉഗ്രപ്രയോഗം. ഇന്നലെ അദ്ദേഹം ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള അമ്പലങ്ങളില്‍ ശാഖ നടത്താന്‍ ആര്‍എസ്എസിനെ അനുവദിക്കില്ല എന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. അത് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രഖ്യാപിക്കുകയും ചെയ്തു.

‘ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ആർ.എസ്.എസ് ഉൾപ്പടെയുള്ള സംഘടനകൾ നടത്തി വരുന്ന അനധികൃത പ്രവർത്തനങ്ങളെ കുറിച്ച് നിരവധി പരാതികളാണ് എനിക്ക് ദിവസേന ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ ഇത് സംബന്ധിച്ച് പൊതുസമൂഹത്തിൽ നിലനിൽക്കുന്ന ആശങ്കകളകറ്റേണ്ടതുണ്ട്. ക്ഷേത്രങ്ങൾ ആചാരങ്ങളുടേയും വിശ്വാസങ്ങളുടേയും കേന്ദ്രമാണ്. വിശ്വാസികളെ ക്ഷേത്രങ്ങളിൽ നിന്നും അകറ്റി, ക്ഷേത്രങ്ങളെ ആയുധപ്പുരകളാക്കി മാറ്റാനാണ് ആർ.എസ്.എസ് ശാഖയും ആയുധപരിശീലനവും നടത്തുക വഴി ശ്രമിക്കുന്നത്. നാടിന്റെ മതേതര സ്വഭാവവും സമാധാനാന്തരീക്ഷവും തകർക്കുന്ന ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളായി ക്ഷേത്രങ്ങളെ മാറ്റാൻ അനുവദിക്കില്ല. പ്രസ്തുത പരാതികൾക്ക് മേൽ അടിയന്തരനടപടികൾ സ്വീകരിക്കാനും അനധികൃത പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനും വേണ്ട കർശനമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉടനുണ്ടാകും.’ ഇതാണ് കടകംപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 

മന്ത്രിയാകുന്നതിന് മുന്‍പ് സിപിഎം തിരുവനന്തപുരം ജില്ല സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള കടകംപള്ളിയെ ക്ഷേത്രങ്ങള്‍ ബിജെപിയിലേക്കുള്ള ആളെ കൂട്ടുന്നതിനുള്ള കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണ് എന്നത് പഠിപ്പിക്കേണ്ട കാര്യമില്ല. തിരുവനന്തപുരം നഗരസഭയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് അങ്ങ് ഡല്‍ഹിയിലുള്ള നരേന്ദ്ര മോദിയുടെ പ്രഭാവം കൊണ്ടൊന്നുമല്ല എന്ന് ബിജെപിക്കാര്‍ പോലും സമ്മതിക്കുന്ന കാര്യമാണ്. സിപിഎമ്മിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി ജയന്‍ ബാബു പാങ്ങോട് വാര്‍ഡില്‍ തോറ്റത് ഉദിയന്നൂര്‍ ക്ഷേത്ര ഭാരവാഹിയായ ബിജെപി നേതാവിനോടാണ്. പ്രശസ്തമായ ആറ്റുകാല്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ആറ്റുകാല്‍ വാര്‍ഡ് വര്‍ഷങ്ങളായി സിപിഎം ജയിച്ചു കൊണ്ടിരുന്ന സ്ഥലമാണ്. എന്നാല്‍ ഇത്തവണ അത് ബിജെപിയുടെ കയ്യിലായി. ഈ രീതിയില്‍ അമ്പലങ്ങള്‍ കേന്ദ്രീകരിച്ചുള്ള ബിജെപി മുന്നേറ്റങ്ങള്‍ കൊടുങ്ങല്ലൂരിലും പാലക്കാടും കാസര്‍ഗോഡുമൊക്കെ സംഭവിക്കുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ മാത്രം വളര്‍ച്ച കാംക്ഷിക്കുന്ന സിപിഎം ഇതിലെ അപകട സൂചന തിരിച്ചറിഞ്ഞിരിക്കുന്നു എന്നാണ് നേതാക്കളുടെ ‘സുധീര’മായ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്. ഇത് പക്ഷേ, കേവലം അധികാര രാഷ്ട്രീയത്തിന് വേണ്ടി മാത്രമുള്ള സിപിഎമ്മിന്റെ മറ്റൊരു അടവ് തന്ത്രമായി തള്ളിക്കളയുന്നത് മൂഡത്വമായിരിക്കും.  

ശ്രീകൃഷ്ണ ജയന്തി മുതല്‍ വിനായക ചതുര്‍ത്ഥി പോലുള്ള ഉത്സവാഘോഷങ്ങള്‍ ഇന്ത്യയുടെ വടക്കേ അറ്റത്ത് നിന്നു കേരളത്തിലേക്ക് ഇറക്കുമതി ചെയ്ത സംഘപരിവാര്‍ സംഘടനകള്‍ കേരളത്തില്‍ പണി തുടങ്ങിയിട്ട് ദശാബ്ദങ്ങളായി. ഇപ്പോഴാണ് കാ പറിച്ചു തിന്നാനുള്ള അവസരം ഉണ്ടായി തുടങ്ങിയത്. കാച്ച് ദെം യംഗ് എന്ന നാസി സിദ്ധാന്തം തന്നെയാണ് അവര്‍ ഇവിടെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നതും. ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകളില്‍ കുട്ടികളെ കണ്ണന്റെ വേഷം കെട്ടിച്ച് വെയിലത്ത് നിര്‍ത്താനുള്ള മോഹം കേവലം കാഴ്ച സുഖത്തിന് അപ്പുറം ഭക്തിയുടെയും രാഷ്ട്രീയത്തിന്റെയും മുഖം കൈവന്നിരിക്കുന്നു. വിനായക ചതുര്‍ത്ഥി ആഘോഷത്തിന്റെ ഭാഗമായി മുക്കിന് മുക്കിന് ഗണപതി വിഗ്രഹങ്ങള്‍ അലങ്കരിച്ച് പൂജിക്കപ്പെടുന്നതും അവിടങ്ങളില്‍ കുട്ടികളുടെ സംഗീത പരിപാടി സംഘടിപ്പിക്കുന്നതുമൊക്കെ ഇപ്പോള്‍ തിരുവനന്തപുരത്ത് മാത്രമല്ല കേരളമൊട്ടുക്കുമുള്ള കാഴ്ചയാണ്. സെക്യുലര്‍ ആയ സംഗീത വിദ്യാലയങ്ങള്‍ ഉപേക്ഷിച്ചു കുട്ടികള്‍ ക്ഷേത്രങ്ങളോട് ചേര്‍ന്നുള്ള സംഗീത ക്ലാസുകളില്‍ തന്നെ ചേര്‍ന്ന് പഠിക്കാന്‍ നിര്‍ബന്ധിതരാവുന്നു. (ഒരു സംഗീതാധ്യാപകന്‍ സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞിട്ടുള്ളതാണ്) 

എന്തായാലും കേരളം അതിവേഗം മാറുകയാണ്. വര്‍ഗ്ഗീയ ധ്രുവീകരണത്തിന്റെ തോത് അതിശക്തമാണ്. ഒരു തെരഞ്ഞെടുപ്പ് വിജയം കൊണ്ടൊന്നും അത് അവസാനിപ്പിക്കാന്‍ സാധിക്കില്ല എന്ന് സിപിഎമ്മിന് അറിയാം. തല്‍ക്കാലം സിപിഎമ്മിന്റെ ബുദ്ധിയില്‍ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെയേ തോന്നുന്നുള്ളൂ. അതിനെ കര്‍ക്കശമായ പ്രത്യയശാസ്ത്ര അളവുകോല്‍ വെച്ച് അളക്കേണ്ടതുണ്ടോ എന്നു മാത്രമാണ് മതേതര – ലിബറല്‍ പൊതു ഇടം ആഗ്രഹിക്കുന്ന സമൂഹം സ്വയം ചോദിക്കേണ്ടത്.  

(അഴിമുഖം സീനിയര്‍ എഡിറ്ററാണ് ലേഖകന്‍) 

This post was last modified on August 30, 2016 3:52 pm