X

കുമ്മനത്ത് വീടുകയറി ആക്രമിച്ച എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ തള്ളിപ്പറഞ്ഞ് സിപിഎം

റിജേഷ് മദ്യപിച്ചിട്ടാണ് അക്രമണം നടത്തിയത് എന്ന പ്രചാരണം വിഎന്‍ വാസവന്‍ നിഷേധിച്ചു

കുമ്മനത്ത് വീടുകയറി ആക്രമിച്ച എസ് എഫ് ഐ ജില്ലാ സെക്രട്ടറിയെ തളിപ്പറഞ്ഞു സിപിഎം. റിജേഷ് കെ ബാബുവിന്റെ നേതൃത്വത്തില്‍ കുമ്മനത്ത് നടത്തിയ അക്രമണം ഒരു വിധത്തിലും ന്യായീകരിക്കാന്‍ ആവില്ലെന്ന് നാശനഷ്ടം ഉണ്ടായ വികെ സുകുവിന്‍റെ വീട് സന്ദര്‍ശിച്ച് സിപിഎം ജില്ലാ സെക്രട്ടറി വിഎം വാസവന്‍ പറഞ്ഞു. രണ്ടു കൂട്ടരുടെയും ഭാഗത്ത് തെറ്റുണ്ട് എന്നാണ് പാര്‍ട്ടി നിലപാടെന്ന് വാസവന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം റിജേഷ് മദ്യപിച്ചിട്ടാണ് അക്രമണം നടത്തിയത് എന്ന പ്രചാരണം അദ്ദേഹം നിഷേധിച്ചു. റിജേഷിനൊപ്പം ഉണ്ടായിരുന്നവര്‍ കാറില്‍ ഇരുന്നു ഫോണ്‍ ചെയ്യുകയായിരുന്നു. ആ സമയത്ത് കാറ് മാറ്റിയിടണം എന്ന ആവിശ്യവുമായി സുകുവിന്‍റെ മരുമകന്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് വീടാക്രമത്തിലേക്ക് കലാശിച്ചത്. റിജേഷിന് മര്‍ദ്ദനമേറ്റതറിഞ്ഞു സുഹൃത്തുക്കള്‍ എത്തുകയായിരുന്നു എന്നും വാസവന്‍ പറഞ്ഞു. പ്രശ്നം രമ്യമായി പരിഹരിക്കണം എന്നാണ് പാര്‍ട്ടി നിലപാടെന്നും വാസവന്‍ കൂട്ടിച്ചേര്‍ത്തു.

വീടിന് മുന്നിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ റിജേഷ് കെ ബാബുവിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് വീട്ടുകാര്‍ പോലീസില്‍ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം.

കുമ്മനം ഇളങ്കാവ് ക്ഷേത്രത്തിന് സമീപം കല്ലുമട റോഡില്‍ വികെ സുകുവിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. രാത്രിയില്‍ വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളിലിരുന്ന് മദ്യപിച്ച യുവാക്കളെ സുകുവിന്റെ മരുമകന്‍ സുജിന്‍ ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറഞ്ഞത്. വീടിന് മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കുകളും സംഘം അടിച്ചു തകര്‍ത്തിരുന്നു.

This post was last modified on May 10, 2017 5:59 am