X

മറ്റൊരു റെക്കോര്‍ഡ് ലക്ഷ്യമിട്ട് ഇന്ന് മലിംഗ ഇറങ്ങും

ഇന്ന് മത്സരത്തിന് ഇറങ്ങുമ്പോള്‍ ശ്രീലങ്ക ഏറെ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്ന താരമാണ് മലിംഗ

ബൗളിംഗ് ആക്ഷനാണ് ശ്രീലങ്കയുടെ ലസിത് മലിംഗയുടെ പ്രത്യേകത. പരിമിത ഓവര്‍ ക്രിക്കറ്റില്‍ പ്രത്യേകിച്ചും ട്വന്റി 20യില്‍ മിന്നും പ്രകടനമാണ് മലിംഗ കാഴ്ചവെച്ചിട്ടുള്ളത്. ഇന്ന് ബംഗ്ലാദേശിനെതിരെ കളത്തിലിറങ്ങുമ്പോള്‍ മലിംഗ മറ്റൊരു റെക്കോര്‍ഡ് നേട്ടത്തിന്റെ അരികിലാണ്.

ഇന്ന് നാല് വിക്കറ്റ് നേടിയാല്‍ ലോകകപ്പില്‍ 50 വിക്കറ്റ് ക്ലബില്‍ എത്തുന്ന നാലാമത്തെ താരമാവും മലിംഗ. 39 മത്സരങ്ങളില്‍നിന്ന് 71 വിക്കറ്റ് നേടിയ ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മഗ്രാത്ത് ആണ് ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍. 40 മത്സരങ്ങളില്‍നിന്ന് 68 വിക്കറ്റ് നേടിയ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍ രണ്ടാമതും.

പാകിസ്ഥാന്റെ വസീം അക്രമാണ് മൂന്നാമത്. 38 മത്സരങ്ങളില്‍ നിന്ന് 55 വിക്കറ്റ്. ഇന്ന് മത്സരത്തിന് ഇറങ്ങുമ്പോള്‍ ശ്രീലങ്ക ഏറെ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്ന താരമാണ് മലിംഗ. അതേസമയം പരിശീലനത്തിനിടെ പരിക്കേറ്റ നുവാന്‍ പ്രദീപ് ഇല്ലാതെയാണ് ലങ്കയിറങ്ങുക.

അഫ്ഗാനിസ്ഥാനെതിരെ നാല് വിക്കറ്റ് വീഴ്ത്തിയ പ്രദീപിന് പകരം ജീവന്‍ മെന്‍ഡിസ് ടീമില്‍ എത്താനാണ് സാധ്യത. അതിനാല്‍ ലങ്കയ്ക്ക് മലിംഗയെ കൂടുതലായി ആശ്രയിക്കേണ്ടിവരും. വൈകിട്ട് മൂന്ന് മുതല്‍ ബ്രിസ്റ്റോളിലാണ് മത്സരം.

അതേസമയം ബ്രിസ്‌റ്റോളില്‍ മഴ ഭീഷണിയുണ്ട്. അതുകൊണ്ട് തന്നെ പിച്ചില്‍ മാത്രമല്ല മാനത്തും നോക്കിയിരിക്കുകയാണ് ഇരു ടീമുകളും. വെള്ളിയാഴ്ച ഇവിടെ നടക്കേണ്ടിയിരുന്ന ശ്രീലങ്ക-പാകിസ്ഥാന്‍ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടുമണിയോടെ മഴ തുടങ്ങുമെന്നാണ് കാലാവസ്ഥാ പ്രവചനം.

read more:ദക്ഷിണാഫ്രക്കയെ കാത്ത് മറ്റൊരു ലോകകപ്പ് ദുരന്തം; മഴ ചതിച്ച പ്രോട്ടിയകളെ സാധ്യതകള്‍ ഇനിയിങ്ങനെ