X

എന്തായിരുന്നു സര്‍ക്കാരിന്റെ പ്ലാന്‍ ബി എന്നല്ല, പ്ലാന്‍ എ ഉണ്ടായിരുന്നോ?

കെ.ജെ ജേക്കബ്

 

വാര്‍ത്തകള്‍ എഡിറ്റര്‍മാരെ ഞെട്ടിക്കരുതെന്ന് പഠിപ്പിച്ചത് ‘ദ് വീക്കി’ല്‍ ജോലിചെയ്യുമ്പോള്‍ ഗുരുവായിരുന്ന വി എസ് ജയചന്ദ്രനാണ്. ‘Editors are always on top of the situation’എന്നായിരുന്നു ആളുടെ നിലപാട്. കാര്യങ്ങള്‍ അറിഞ്ഞുവെയ്ക്കുക എന്നത് എഡിറ്ററുടെ ജോലിയാണ്.

നോട്ടു റദ്ദാക്കല്‍ തീരുമാനം ഇത്തിരി അതിശയം, സന്തോഷം പോലും, ഉണ്ടാക്കിയിരുന്നു എന്നതാണ് സത്യം. പക്ഷെ അതെന്നെ ഞെട്ടിച്ചില്ല. സര്‍ക്കാര്‍ കള്ളപ്പണത്തിനെതിരെയുള്ള യുദ്ധത്തില്‍ ഒരു ചുവടു വച്ച് എന്ന് തന്നെ ഞാന്‍ കരുതി. കള്ളപ്പണക്കാര്‍ക്ക് നികുതിയടച്ചു രക്ഷപ്പെടാന്‍ ഒരവസരം നല്കിയതിനുശേഷം നടത്തേണ്ട ന്യായമായ, ലോജിക്കലായ ഒരു കാര്യമായി ആ തീരുമാനത്തെ കരുതി, പിന്തുണച്ചു. അതില്‍ എനിക്ക് ഇപ്പോഴും ഖേദമില്ല.

ഇടതുപക്ഷക്കാരും അല്ലാത്തവരുമായ എന്റെ പല സുഹൃത്തുക്കളോടും എനിക്ക് വിയോജിക്കേണ്ടി വരിക ഒരു കാര്യത്തിലാണ്. കള്ളപ്പണത്തിനെതിരെയുള്ള നടപടികളുടെ വിജയം അത് ഖജനാവിലേക്ക് സംഭരിക്കുന്ന, പിടിച്ചെടുക്കുന്ന, നിര്‍വ്വീര്യമാക്കുന്ന നോട്ടുകളുടെ എണ്ണത്തില്‍ മാത്രമല്ല എന്നാണ് എന്റെ നിലപാട്. അത്തരം ശക്തമായ നടപടികള്‍ ഉണ്ടായാല്‍ അത് സത്യസന്ധമായി ജീവിക്കുന്ന മനുഷ്യര്‍ക്കുള്ള ഒരംഗീകാരമാണ് എന്ന് ഞാന്‍ കരുതും. കൈയിലുള്ള കറന്‍സി സമൂഹത്തോടും അവനവനോടുമുള്ള മൂല്യനിര്‍ണയത്തിന്റെ കൂടി അളവുകോലായി ഞാന്‍ കാണും. എന്റെ സുഹൃത്തുക്കളില്‍ പലരും അതിനെ ‘അസൂയ’ എന്ന് വിശേഷിപ്പിച്ചത് കണ്ടു. ആയിക്കോട്ടെ. അങ്ങനെത്തന്നെ. പക്ഷെ അതത്ര മോശം കാര്യമായി ഞാന്‍ കരുതില്ല. അതുകൊണ്ടുതന്നെ, കറന്‍സി റദ്ദാക്കുന്ന നടപടി പ്രധാനമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അംഗീകരിക്കാവുന്ന കാര്യമായിത്തന്നെ ഞാന്‍ കരുതി.

പക്ഷെ കാര്യങ്ങള്‍ മെല്ലെ മാറിയത് മൂന്നാം ദിവസം, 10-ആം തിയതി ബാങ്കുകളില്‍ പണം വന്നില്ല എന്നറിയുമ്പോഴാണ്. എടിഎമ്മുകളില്‍ വരാനുള്ള സാധ്യത പോലും ഇല്ലെന്നറിഞ്ഞപ്പോഴാണ്. പ്രധാനമന്ത്രി പറഞ്ഞ ടൈംലൈനുകളെല്ലാം തെറ്റുന്നു എന്നത് ഇത്തിരി അമ്പരപ്പിച്ചു തുടങ്ങി. കേന്ദ്ര സര്‍ക്കാരിലും സംസ്ഥാന സര്‍ക്കാരിലും ഉയര്‍ന്ന പദവികളില്‍ ജോലി ചെയ്തിട്ടുള്ള ഉദ്യോഗസ്ഥന്മാരുമായി ഞാന്‍ സംസാരിച്ചിട്ടുണ്ട്. അവര്‍ തന്നിട്ടുള്ള ധാരണയനുസരിച്ചാണെങ്കില്‍ ഇതിങ്ങിനെയല്ലല്ലോ വരേണ്ടത് എന്ന് മനസ്സില്‍ കരുതി. തീരുമാനമെടുക്കല്‍ പ്രക്രിയയ്ക്ക് എന്തോ കാര്യമായ തകരാറു പറ്റി എന്ന് തന്നെ എനിക്ക് തോന്നിത്തുടങ്ങി.

 

 

ഞാന്‍ ശരിക്കും ഞെട്ടിയത് ഇന്നാണ്. ഒരു വാര്‍ത്ത കണ്ടപ്പോള്‍. അതിതാണ്. ഇന്നലെ രാത്രി പുലരുവോളം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കറന്‍സി റദ്ദാക്കലുമായി ബന്ധപ്പെട്ട് ഒരു പ്രധാന യോഗം നടന്നു. അവിടെ ചില സുപ്രധാന തീരുമാനങ്ങള്‍ എടുത്തു. എന്തൊക്കെയാണ് ആ തീരുമാനങ്ങള്‍?

1. ഓരോ സംസ്ഥാനത്തേയും പണത്തിന്റെ ലഭ്യത മോണിറ്റര്‍ ചെയ്യാന്‍ ധന മന്ത്രാലയത്തിലെ ഓരോ മുതിര്‍ന്ന ഉദ്യോഗസ്ഥന്മാരെ ചുമതലപ്പെടുത്തുന്നു, അടിയന്തിരമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവരെ അധികാരപ്പെടുത്തുന്നു.
2. പുതിയ 500, 1000 രൂപ നോട്ടുകള്‍ കൂടി ഉള്‍ക്കൊള്ളത്തക്കവിധം എ ടി എം മെഷീനുകള്‍ റീകാലിബ്രെയ്റ്റ് ചെയ്യാന്‍ റിസര്‍വ്വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ എസ് എസ് മുന്ദ്രയുടെ നേതൃത്വത്തില്‍ ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നു;
3. കൈയില്‍ കൊണ്ടുനടക്കാവുന്ന മൈക്രോ എടിഎം വഴി അത്യാവശ്യ സ്ഥലങ്ങളില്‍ പണമെത്തിക്കാന്‍ സംവിധാനമൊരുക്കുന്നു.
4. ചെറുകിട വ്യവസായങ്ങള്‍ക്ക് ശമ്പളം കൊടുക്കാന്‍ ഒരാഴ്ചയില്‍ 50,000 രൂപ വരെ പിന്‍വലിക്കാന്‍ അനുവാദം നല്‍കുന്നു.
5. ഗ്രാമങ്ങളില്‍ പണമെത്തിക്കുന്ന ബിസിനസ് കറസ്‌പോണ്ടന്റുമാര്‍ക്കു കൈകാര്യം ചെയ്യാനുള്ള പണത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു,

 

രാജ്യത്തിന്റെ ധനവ്യവസ്ഥയെ സുനാമിപോലെ എടുത്തടിച്ച, രാജ്യത്തെ ബഹുഭൂരിപക്ഷം സാധാരണ പൗരന്മാരുടെ ജീവിതങ്ങളെ അനിശ്ചിതത്തിലാഴ്ത്തിയ, അവര്‍ കൈകാര്യം ചെയ്യുന്ന നോട്ടുകളുടെ മൂല്യം കണക്കാക്കിയാല്‍ 84 ശതമാനത്തോളം വരുന്ന നോട്ടുകള്‍ നിന്ന നില്‍പ്പില്‍ ഇല്ലാതാക്കിയ തീരുമാനം എടുത്ത സര്‍ക്കാരിന് അഞ്ചു ദിവസം വേണ്ടിവന്നു അതിന്റെ പ്രത്യാഘാതങ്ങള്‍ കണക്കാക്കാനും അതിനു പ്രതിവിധി കണ്ടെത്താനും എന്ന് വേണ്ടേ നമുക്ക് മനസിലാക്കാന്‍?

നിലവിലുള്ള എടിഎമ്മുകള്‍ക്കു കൈകാര്യം ചെയ്യാന്‍ പറ്റാത്ത വിധത്തിലാണ് പുതിയ നോട്ടുകള്‍ ഡിസൈന്‍ ചെയ്തത് എന്ന കാര്യം അറിയുമ്പോള്‍ നമ്മള്‍ക്ക് ഒന്ന് ഞെട്ടാന്‍ തോന്നില്ലേ? ഈ പ്രഖ്യാപനം വന്നതിനുശേഷമാണ് എടിഎമ്മുകള്‍ റീകാലിബ്രെയ്റ്റ് ചെയ്യണം എന്ന് സര്‍ക്കാരിന് മനസിലായത് എന്നും ആ പണി ചെയ്യാനുള്ള ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാന്‍ വീണ്ടും അഞ്ചു ദിവസം കൂടി ഇക്കാണായ മനുഷ്യര്‍ മുഴുവന്‍ തീ തിന്നേണ്ടി വന്നു എന്നറിയുമ്പോള്‍?

കൊച്ചുകുട്ടികളെ സ്‌കൂളില്‍ വിടുമ്പോള്‍ അറിയാതെ മൂത്രമൊഴിച്ചാല്‍ മാറാന്‍ ഒരുടുപ്പുകൂടി സ്‌കൂളില്‍ സൂക്ഷിക്കുന്ന നാട്ടില്‍ അഞ്ചാമത്തെ ദിവസമാണ് ഓരോ സംസ്ഥാനത്തേയും കാര്യങ്ങള്‍ നിരീക്ഷിക്കാനും ആവശ്യമായ തീരുമാനങ്ങള്‍ എടുക്കാനും ഓരോരുത്തരെ ചുമതലപ്പെടുത്തിയത് എന്നറിയുമ്പോള്‍, എന്തായിരുന്നു സര്‍ക്കാരിന്റെ പ്ലാന്‍ ബി എന്നല്ല, എന്തായിരുന്നു സര്‍ക്കാറിന്റെ പ്ലാന്‍ എ എന്ന് തന്നെ നമ്മള്‍ ചോദിക്കേണ്ടി വരില്ലേ?

 

അതൊക്കെ ഒരു ഞെട്ടലാണ് സാര്‍.

 

(കെ.ജെ ജേക്കബ് ഫേസ്ബുക്കില്‍ എഴുതിയത്: https://www.facebook.com/kj.jacob.7)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

This post was last modified on November 15, 2016 2:06 pm