X

ഡിജിറ്റല്‍ ഇന്ത്യയില്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുപ്പുകള്‍ ഇല്ല; അനുസരിക്കുക!

കല്‍പന ശര്‍മ
വിവര്‍ത്തനം: അനഘ സി.ആര്‍

അന്ന് ബാബറി. ഇന്ന് ദാദ്രി. ഇതിനു രണ്ടിനുമിടയ്ക്ക് ഗോധ്രയും. 1992ല്‍ ഹിന്ദുത്വ തീവ്രവാദികളാല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്‌ മുതല്‍തന്നെ ഭൂരിപക്ഷം ഭരിക്കുകയും ന്യൂനപക്ഷം ഭീതിയില്‍ കഴിയുകയും ചെയ്യുന്ന, അസഹിഷ്ണുത തിങ്ങുന്ന ഒരു രാജ്യമായി ഇന്ത്യയെ മാറ്റുന്ന പ്രക്രിയകള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ഗോമാംസം വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന സംശയത്തിന്‍റെ പേരില്‍ മാത്രം ദാദ്രിയില്‍ മുഹമ്മദ്‌ അഖ്ലഖ് എന്നയാള്‍ മൃഗീയമായി കൊലചെയ്യപ്പെട്ട സംഭവത്തോടെ  ഇത്തരം പ്രക്രിയകള്‍ ഒരു നിര്‍ണ്ണായക തലത്തില്‍ എത്തിനില്‍ക്കുകയാണെന്ന് കാണാം.

അടുത്തിടെ സിലിക്കന്‍ വാലി സന്ദര്‍ശിച്ച സമയത്ത് ഡിജിറ്റല്‍ ഇന്ത്യയെന്ന വാഗ്ദാനം ലോകത്തിനു മുന്നില്‍ വച്ചുകൊണ്ട് 21-ആം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്ന് നമ്മുടെ പ്രധാന മന്ത്രി പ്രഖ്യാപിച്ചു. എന്നാല്‍ അതൊരു വിദൂര സ്വപ്നമാണ്. അഖ്ലഖിന്റെ കൊലപാതകം ഉദാഹരിക്കുന്ന വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് ഇന്നത്തെ യാഥാര്‍ഥ്യം. ഇതിനു വര്‍ഗ്ഗീയ സംഘങ്ങളെ മാത്രം പഴിചാരിയിട്ടു കാര്യമില്ല. നിരോധനങ്ങളുടെയും വിലക്കുകളുടെയും സംസ്കാരത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് നമ്മുടെ ജീവിതത്തിന്‍റെ എല്ലാ തലങ്ങളിലുമുള്ള ഇടപെടലുകള്‍ക്ക് നിയമസാധുത നേടിയെടുത്ത ഒരു സര്‍ക്കാരും ഭരണപ്പാര്‍ട്ടിയും ഇതിനു തുല്യ ഉത്തരവാദികളാണ്. നമ്മള്‍ എന്ത് കഴിക്കണം, എന്ത് ധരിക്കണം, എന്ത് വായിക്കണം, എന്ത് കാണണം, ആരെ കാണണം, ആരെ വിവാഹം ചെയ്യണം എന്ന് തുടങ്ങി ആത്യന്തികമായി എന്ത് ചിന്തിക്കണം എന്നതുപോലും തീരുമാനിക്കുന്നത് തങ്ങളാണെന്ന അവകാശവാദമുന്നയിക്കുന്നവരാണ് നമ്മെ ഭരിക്കുന്നത്. 

മുതിര്‍ന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ദാദ്രിയിലെ നിഷ്ഠൂര  കൊലപാതകത്തെ ഒരു “അപകട”വും “നിര്‍ഭാഗ്യ സംഭവവുമായി” മാത്രമേ വിലയിരുത്താന്‍ കഴിയുന്നുള്ളുവെങ്കില്‍ സമൂഹം നിശ്ചയിക്കുന്ന ചില ധാര്‍മിക രേഖകള്‍ കടക്കുന്ന സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടുമ്പോഴും ഇതേ ന്യായീകരണം ഉപയോഗിക്കപ്പെടും. ഇത്തരത്തില്‍ സംശയവും വിദ്വേഷവും സൃഷ്ടിക്കപ്പെടുകയും അക്രമപ്രവര്‍ത്തനങ്ങള്‍ ന്യായീകരിക്കപ്പെടുകയും ചെയ്യുമ്പോള്‍ വ്യത്യസ്തമായി ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന ഒരാള്‍ക്ക് സുരക്ഷിതരായിരിക്കുവാന്‍ കഴിയുകയില്ല. 

ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും വര്‍ഗീയ കേന്ദ്രങ്ങളിലാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടക്കുന്നതെന്നാവും നമ്മുടെ ധാരണ. എന്നാല്‍ ദക്ഷിണേന്ത്യയിലേക്ക് നോക്കൂ. കര്‍ണാടക പോലൊരു സംസ്ഥാനത്ത് നടക്കുന്നതെന്തെന്ന് സൂക്ഷ്മമായി കാണണം. ദശാബ്ദങ്ങളോളം അവിടെ സമാധാനമുണ്ടായിരുന്നു. എന്നാല്‍ വര്‍ഗീയതയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച  മംഗലാപുരം പോലൊരു കോസ്മോപോളിറ്റന്‍ നഗരം സ്ഥിതി ചെയ്യുന്ന ദക്ഷിണ കര്‍ണാടക ജില്ലയെപ്പോലും സാമുദായിക സംഘര്‍ഷങ്ങളുടെ കേന്ദ്രമാക്കി മാറ്റിക്കഴിഞ്ഞിരിക്കുന്നു. 

പല രൂപത്തിലുള്ള സദാചാര പോലീസിങ്ങിനു ഇരയാകേണ്ടി വരുന്ന സ്ത്രീകളെയാണ് ഇത്തരം സാഹചര്യങ്ങള്‍ ഏറ്റവും മോശമായി ബാധിക്കുന്നത്. ദക്ഷിണ കര്‍ണാടക ജില്ലയുടെ സാമൂഹിക സൂചകങ്ങള്‍ കാണുക. 67 ശതമാനം ഹിന്ദുക്കളും 24 ശതമാനം മുസ്ലീങ്ങളും 8 ശതമാനം ക്രിസ്ത്യാനികളും ഒരുമിച്ച് പാര്‍ക്കുന്ന ഇവിടെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീകള്‍ക്ക് അനുകൂലമായ ലിംഗാനുപാതവും (1020), ഉയര്‍ന്ന സ്ത്രീ സാക്ഷരതയു(91%)മാണുള്ളതെന്നത് ശ്രദ്ധേയമാണ്. ഇങ്ങനെയുള്ള ഒരു പ്രദേശത്താണ് സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചു കറങ്ങി നടക്കുന്നത് വിലക്കപ്പെട്ടിരിക്കുന്നത്. ആരെങ്കിലും അതിനു തുനിഞ്ഞിറങ്ങിയാല്‍ അവര്‍ക്കതിനു വലിയ വിലകൊടുക്കേണ്ടിയും വരും.

മാളുകളിലും മറ്റു പൊതുസ്ഥലങ്ങളിലും വിഹരിക്കുന്ന “മിശ്ര സംഘങ്ങള്‍” എന്ന് വിളിക്കപ്പെടുന്ന ആണ്‍-പെണ്‍ കൂട്ടങ്ങള്‍ ആക്രമിക്കപ്പെടുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹിന്ദു പെണ്‍കുട്ടികള്‍ക്കൊപ്പം നടക്കുന്ന മുസ്ലിം യുവാക്കള്‍ ഭീഷണിക്കും ശാരീരിക കയ്യേറ്റങ്ങള്‍ക്കും വിധേയരാകുമ്പോള്‍ തക്കീതുകളാണ് പെണ്‍കുട്ടികളെ കാത്തിരിക്കുന്നത്. മദ്യപിക്കുന്ന സ്ത്രീകളെക്കണ്ടാല്‍, അവരേതു മതത്തില്‍പ്പെട്ടവരാണെങ്കിലും, 2009ല്‍ ഒരു പബ്ബില്‍ സംഭവിച്ചത് പോലെ, പുറത്തേക്ക് വലിച്ചിഴക്കപ്പെട്ട് അപമാനിക്കപ്പെടും. ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്വകാര്യ പാര്‍ട്ടികള്‍ സംഘടിപ്പിച്ചാല്‍ അത് പോലും സദാചാര ഗുണ്ടകള്‍ ഉന്നം വച്ചിരിക്കും. 2012ല്‍ ഇത്തരത്തില്‍ സംഘടിപ്പിക്കപ്പെട്ട ഒരു ജന്മദിന പാര്‍ട്ടി അലങ്കോലപ്പെട്ടുവെന്നു മാത്രമല്ല മുഴുവന്‍ സംഭവങ്ങളും ടിവിയില്‍ സംപ്രേക്ഷണം ചെയ്യപ്പെടുകയുമുണ്ടായി.

ഇതെല്ലാം ഉയര്‍ത്തുന്നത് ചോദ്യമിതാണ്. നമ്മള്‍ മുന്നോട്ടു കുതിക്കുകയാണോ അതോ നേരെ പിറകോട്ട് പോവുകയായാണോ? ഇന്റര്‍നെറ്റിന്‍റെ വിവര-ആശയവിനിമയ സാധ്യതകളെ ഉപയോഗപ്പെടുത്തിക്കൊണ്ട് കരിയറിലേക്ക് ഉറ്റുനോക്കുന്ന വിദ്യാസമ്പന്നകളായ പെണ്‍കുട്ടികളുടെ തലമുറ ഇവിടെയുണ്ടെങ്കിലും തങ്ങളുടെ ഓരോ നീക്കവും നിരീക്ഷിക്കപ്പെടുന്ന ഈ കാലത്ത് അവരുടെ നിലനില്‍പ് ഏറെ ക്ലേശകരമായിരിക്കും. ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണഭോക്താക്കളായ വലിയൊരു വിഭാഗം യുവജനങ്ങളുള്ള മംഗലാപുരം പോലൊരു നഗരത്തില്‍ പഠനത്തിനും സര്‍ഗാത്മകതയ്ക്കും ഉതകാത്ത ഒരു അന്തരീക്ഷമാണ് ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നത്.

ഇന്നിവ മംഗലാപുരത്തുനിന്നുള്ള കഥകളാണ്. നാളെയിത് ഇന്ത്യയിലെവിടെയും സംഭവിക്കും. വാസ്തവത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു. എല്ലായ്പ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്ന് മാത്രം.

അസഹിഷ്ണുതയുടെയും ഹിംസയുടെയും ഈ സംസ്കാരത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതികരണത്തെ അല്ലെങ്കില്‍ പ്രതികരണമില്ലായ്മയെക്കുറിച്ചോര്‍ത്ത് നാമെന്തിനു വ്യാകുലപ്പെടണം? സര്‍വ്വോപരി, നിയമവാഴ്ചയും ക്രമസമാധാന പാലനവും സംസ്ഥാനങ്ങള്‍ കൈകാര്യം ചെയ്യേണ്ട വിഷയവുമാണ്. യുപി സര്‍ക്കാര്‍ ദാദ്രി സംഭവത്തില്‍ ഇടപെടുകയും ചെയ്തു. എന്നാല്‍, നിശബ്ദനായ ഒരു പ്രധാനമന്ത്രിയോടൊപ്പം സ്ത്രീകള്‍ക്ക് ചെയ്യാന്‍ കഴിയുന്നതും അല്ലാത്തതുമായ കാര്യങ്ങള്‍ പോലുള്ള തന്‍റെ പഴഞ്ചന്‍ ആശയങ്ങള്‍ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു സാംസ്‌കാരിക മന്ത്രി കൂടിയാകുമ്പോഴാണ് പ്രശ്നം സങ്കീര്‍ണമാകുന്നത്. വര്‍ഗ്ഗീയ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്ന തരത്തിലുള്ളവയാണ് ഉത്തരവാദപ്പെട്ടവരുടെ ഇത്തരം നിലപാടുകള്‍.

ദാദ്രി ഒരൊറ്റപ്പെട്ട സംഭവമല്ല. ചിലയാളുകള്‍കാണുവാനാഗ്രഹിക്കുന്ന ഇന്ത്യയുടെ വലിയ ചിത്രത്തിന്‍റെ ഭാഗമാണത്. ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കുവാന്‍ പോരാടിയവര്‍ സ്വപ്നം കണ്ട ഇന്ത്യ ഇതല്ല. എല്ലാ മതങ്ങള്‍ക്കും തുല്യസ്ഥാനമുള്ള, സ്ത്രീകള്‍ക്ക് അവകാശങ്ങളുള്ള, അഭിപ്രായ പ്രകടനത്തിന് അവസരമുള്ള ഒരു ജനാധിപത്യ, മതേതര, ബഹുസ്വര ഇന്ത്യയിലേക്കാണ് നമ്മള്‍ 1947ല്‍ ഉറ്റുനോക്കിയത്. ഈ ബിന്ദുക്കള്‍ എല്ലാം ചേര്‍ത്തുവരക്കുമ്പോള്‍, എന്ത് തരം ഇന്ത്യയാണ് ഇന്ന്  വിഭാവനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതെന്നു കാണാന്‍ കഴിയും. ഏകസാംസ്കാരികമായി നിര്‍മ്മിക്കപ്പെടുന്ന ആ ഇന്ത്യയില്‍ നിങ്ങള്‍ക്ക് ചോയ്സുകള്‍ ഇല്ല, അനുസരിക്കുക!

(ദി ഹിന്ദുവില്‍ പ്രസിദ്ധീകരിച്ച ലേഖനം)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

This post was last modified on October 13, 2015 8:35 am