X

‘ഇനിയാര്‍ക്കും ഈ ഗതി വരരുത്, അവരെന്നെ അതിക്രൂരമായി പീഡിപ്പിച്ചു’

കെപിഎസ് കല്ലേരി

‘അവരെന്നെ പീഡിപ്പിച്ചത് അതിക്രൂരമായി. ഇനി ആര്‍ക്കും ഈ ഗതി വരരുതെന്ന് കരുതിയാണ് പുറത്തുപറയുന്നത്. ദിവസങ്ങളോളം പീഡനമായിരുന്നു. പലപ്പോഴും ഭക്ഷണം പോലും കിട്ടിയില്ല. അന്യസംസ്ഥാനത്ത് പഠിക്കാന്‍ ചെല്ലുമ്പോള്‍ മലയാളികള്‍ ഉണ്ടെന്നറിഞ്ഞത് വലിയ ആശ്വാസമായിരുന്നു. കാരണം ഭാഷപോലും എനിക്ക് വലിയ പിടിയില്ല. പക്ഷെ എന്നെ പീഡിപ്പിച്ചതിന് നേതൃത്വം നല്‍കിയത് മുഴുവന്‍ മലയാളികളായിരുന്നെന്ന് പറയുമ്പോള്‍ ചങ്കുപൊട്ടിപ്പോവുന്നു…’ ബംഗളുരു നഴ്‌സിങ് കോളേജില്‍ കൊടിയ റാഗിങ്ങിന് ഇരയായ ദളിത് വിദ്യാര്‍ത്ഥിനി അശ്വതിയുടെ വാക്കുകളാണിത്.

റാഗിങ്ങിനിടെ ബാത്ത്‌റൂം ക്ലീനര്‍ കുടിപ്പിച്ചതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് അശ്വതി തനിക്ക് നേരിട്ട ദുരനുഭവത്തിന്റെ കഥകള്‍ അഴിമുഖത്തിനോട് പറഞ്ഞത്. അയല്‍ സംസ്ഥാനങ്ങളില്‍ കേരളത്തില്‍ നിന്ന് പഠിക്കാന്‍ പോകുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുപോലെ പീഡനങ്ങള്‍ക്കിരയാവുന്നുണ്ട്. അവിടത്തുകാരായ സീനിയേഴ്‌സിന്റെ പീഡനങ്ങള്‍ക്കിരയാവുമ്പോള്‍ പലപ്പോഴും അവര്‍ക്ക് സ്വാന്തനമാകാറുള്ളത് മലയാളി വിദ്യാര്‍ത്ഥികളാണ്. പക്ഷെ അശ്വതി ജീവിതത്തിന്റേയും മരണത്തിന്റേയും നൂല്‍പ്പാലത്തിലൂടെ ഇഴഞ്ഞ് നീങ്ങുന്നത് മലയാളികള്‍ക്ക് ഇരയായിട്ടാണെന്നതാണ് ഞെട്ടലുണ്ടാക്കുന്നത്.

മെയ് ഒമ്പതാണ് അശ്വതിയുടെ ജീവിതത്തിലെ കാളരാത്രി. കര്‍ണാടക ഗുല്‍ബര്‍ഗയിലെ സ്വകാര്യ നഴ്‌സിങ് കോളേജിന്റെ ഹോസ്റ്റല്‍ മുറിയാണ് പീഡനത്തിന് വേദിയായത്. “ക്ലാസ് ആരംഭിച്ചതു മുതല്‍ തന്നെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗിംങിന്റെ പേരില്‍ പീഡിപ്പിച്ചു തുടങ്ങിയിരുന്നു. കറുത്തവളെന്ന് വിളിച്ചായിരുന്നു പരിഹാസം മുഴുവന്‍. ജാതിയും ജാതിപ്പേരും മാത്രമാണ് വിളിക്കുക. അന്നുരാത്രി ഹോസ്റ്റല്‍ മുറിയിലെത്തിയ എട്ടോളം വരുന്ന സംഘത്തില്‍ അഞ്ചുപേരും മലയാളികളായിരുന്നു. അവരാണ് ലീഡര്‍മാര്‍. വസ്ത്രമഴിച്ചുവെച്ച് നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടു. അതിന് വിസമ്മതിച്ചപ്പോള്‍ തൊഴിച്ചു താഴെയിട്ടു. അതിനുശേഷമാണ് ബാത്ത്‌റൂം ക്ലീനര്‍ എടുത്ത് വായിലേക്ക് തള്ളിയിറക്കി ഒഴിച്ചത്. രാസലായിനി അകത്ത് കടന്നതോടെ തന്റെ ബോധം പോയി അതിനുശേഷം നടന്നതൊക്കെ സഹപാഠികള്‍ പറഞ്ഞാണ് അറിഞ്ഞത്…” മെഡിക്കല്‍ കോളേജിലെ ഇരുപതാം നമ്പര്‍ വാര്‍ഡില്‍ വയ്യാത്ത അവസ്ഥയില്‍ ഇത്രയും പറയുമ്പോള്‍ അവള്‍ വിതുമ്പുകയായിരുന്നു. 

ബോധം പോയപ്പോള്‍ റാഗിംങ് ചെയ്ത സീനിയര്‍ വിദ്യാര്‍ത്ഥികളെല്ലാം ഓടിപ്പോയി. പിന്നീട് മുകളിലത്തെ നിലയില്‍ നിന്നെത്തിയവരാണ് അശ്വതിയെ ആശുപത്രിയിലെത്തിച്ചതെന്ന് അരികിലിരുന്ന് അമ്മ ജാനകി കൂട്ടിച്ചേര്‍ത്തു. അവശനിലയിലായ അശ്വതി ബംഗളൂരിലെ ആശുപത്രിയില്‍ അഞ്ചുദിവസം ചികിത്സയില്‍ കഴിഞ്ഞു. തുടര്‍ചികിത്സ ബാധ്യതയാവുമെന്ന് അറിഞ്ഞതിനാല്‍ കോളജ് അധികൃതര്‍ മറ്റൊരു കുട്ടിക്കൊപ്പം നാട്ടിലേക്കയക്കുകയായിരുന്നു. എടപ്പാളിലെയും തൃശൂരിലെയും ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ആശ്വാസം ലഭിച്ചില്ല. തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയില്‍ അന്നനാളത്തിനു ഗുരുതരമായ പൊള്ളലുണ്ടെന്ന് കണ്ടെത്തി. അത്രയും മാരകമായിരുന്നു ഉള്ളിലെത്തിയ ആസിഡ് കലര്‍ന്ന ദ്രാവകം. കഴുത്തില്‍ ദ്വാരമിട്ട് അതുവഴി ദ്രാവകരൂപത്തിലുള്ള ഭക്ഷണം നല്‍കിയാണ് ഇപ്പോള്‍ അശ്വതിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.  ആറുമാസത്തിനുശേഷം നടത്തേണ്ട ശസ്ത്രക്രിയ മാത്രമാണ് ഏക  പ്രതീക്ഷ.

“കോളജില്‍ പോയശേഷം എപ്പോ വിളിച്ചാലും വീട്ടിലേക്ക് മടങ്ങണമെന്ന് അവള്‍ പറയുമായിരുന്നു. എന്നാല്‍ വീട്ടില്‍ നിന്നും വിട്ടുനില്‍ക്കുന്നതിന്റെ വിഷമത്തിലായിരിക്കാം അതെന്നായിരുന്നു ആദ്യം കരുതിയത്. പലപ്പോഴും അമ്മാവന്‍ ഭാസ്‌കരനാണ് ഫോണ്‍ എടുക്കാറ്. അപ്പോഴെല്ലാം എങ്ങനെ നാട്ടിലേക്ക് തിരിച്ചുവരും എന്നതായിരുന്നു അവളുടെ വാക്കുകളില്‍.” അപ്പോഴൊന്നും ഇത്രയും വലിയ പീഡനം മകള്‍ അവിടെ അനുഭവിക്കുന്നുണ്ടെന്നത് അറിയില്ലായിരുന്നെന്ന് ജാനകി പറഞ്ഞു.

കൂലിപ്പണി എടുത്ത് ദിവസത്തേക്കുള്ള വക കണ്ടെത്തുന്ന അമ്മയും അമ്മാവനും ചേച്ചിയും അടങ്ങുന്ന കൊച്ചുകുടംബമാണ് അശ്വതിയുടേത്. അച്ഛന്‍ നേരത്തെ ഉപേക്ഷിച്ച് പോയതാണ്. അതുകൊണ്ടു തന്നെ അശ്വതിയായിരുന്നു ആ അമ്മയുടെ ഏക പ്രതീക്ഷ. ഭക്ഷണം കഴിക്കാന്‍ പോലും നിവൃത്തിയില്ലാതെ മകളിപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ 20-ാം വാര്‍ഡില്‍ കിടക്കുമ്പോള്‍ എന്തുചെയ്യണമെന്നറിയാതെ വിറങ്ങലിച്ച് നില്‍ക്കുകയാണ് അമ്മ ജാനകിയും അമ്മാവന്‍ ഭാസ്‌കരനും.  ഹോസ്റ്റലില്‍ നിന്നും വീട്ടില്‍ തിരികെ എത്തിയ അശ്വതി ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് അമ്മാവന്‍ ചോദിച്ചപ്പോഴാണ് അശ്വതിക്ക്  നേരിടേണ്ടി വന്ന ക്രൂര റാഗിങ്ങിനെ കുറിച്ച് അറിയുന്നത്. സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടനുഭവപ്പെട്ട അശ്വതി സമീപവാസിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അഡ്വ: മുഹമ്മദ് ഷാഫിക്ക് പരാതി എഴുതി നല്‍കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.

അഞ്ചുമാസം മുമ്പാണ് അശ്വതി അവിടെ നഴ്‌സിംഗിനു ചേര്‍ന്നത്. നാട്ടില്‍ അഡ്മിഷന്‍ ലഭിക്കാത്തതിന്‍റെ തുടര്‍ന്നാണ് ബാംഗ്ലൂരില്‍ എത്തിയത്. നാലു ലക്ഷം രൂപ വായ്പയെടുത്ത് അതില്‍ നിന്നു 75,000 രൂപ ഫീസടച്ചാണ് അശ്വതി ഗുല്‍ബര്‍ഗിലെ കോളജില്‍ ചേര്‍ന്നത്. റാഗിങ്ങിന്റെ പേരില്‍ വര്‍ഷങ്ങളായി കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ മറ്റ് സംസ്ഥാനങ്ങളിലെ കോളേജുകളില്‍ അനുഭവിക്കുന്നത് വലിയ പീഡനമാണ്. വാഹനമിടിച്ച് അപായപ്പെടുത്തലും പതിവാകുന്നു. ഇത്തരം നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാരുകള്‍ റാഗിങിനെതിരായ കര്‍ശന നടപടികള്‍ സ്വീകരിക്കാത്തതാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുന്നത്. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

This post was last modified on June 22, 2016 10:03 am