X

ട്രെന്‍ഡിംഗ് ആകാത്ത ചില മനുഷ്യര്‍, ചില സമരങ്ങള്‍

വി കെ അജിത്‌ കുമാര്‍ 

ഇറോം ശര്‍മ്മിള അവരുടെ പതിനാറു വര്‍ഷം നീണ്ടുനിന്ന ഉപവാസം ഇന്നലെ അവസാനിപ്പിച്ചു. വെറും ഒരു സാധാരണ ജീവിതത്തില്‍ നിന്നാണ് അവര്‍ ചില അസഹിഷ്ണുതകളുടെ പ്രതിയോഗിയായി മാറിയത്. നീണ്ട പതിനാറു വര്‍ഷങ്ങള്‍ അവര്‍ കടമെടുത്തത് മനുഷ്യനെന്നും പെണ്ണെന്നും മറ്റും സാദാ ലിഖിതങ്ങളില്‍ എഴുതപ്പെടേണ്ട അവസ്ഥയില്‍ നിന്നുമാണ്. ഒരു യാത്രയ്കിടയില്‍ അവര്‍ ദൃക്സാക്ഷിയായ കുപ്രസിദ്ധമായ മൌലോം കൂട്ടക്കുരുതിയായിരുന്നു അവരുടെ ജിവിതത്തെ പ്രതികരണത്തിന്‍റെ പ്രതീകമാക്കി മാറ്റിയത്. സ്വന്തം ശരീരം സമരഭൂമിയായി പ്രഖ്യാപിച്ചുകൊണ്ട് അവര്‍ സമരമാരംഭിച്ചു. നിരവധി തവണ ആത്മഹത്യാശ്രമം എന്ന പിടിവള്ളി ഉപയോഗിച്ച് അവരെ അവഹേളിക്കാന്‍ ഭരണകൂടഭീകരത ശ്രമിച്ചുകൊണ്ടുമിരുന്നു.ആ സമരമാണ് ഇന്നലെ അവസാനിച്ചത്‌. അത് നമ്മുടെ ട്രെന്‍ഡ് ന്യൂസില്‍‍ എത്തിയില്ല. ഒരു പക്ഷെ ശര്‍മിളയുടെ സമരം നിണ്ടുപോയത് കൊണ്ടുമാകാം. ഒരു സമരം എത്രമാത്രമാകണം എന്ന് നിര്‍വചിച്ചുതന്നവര്‍ ഇവിടെയേറെയുണ്ട്. അണ്ണാഹസാരയും പതഞ്ജലി സാമിയും കൈകോര്‍ത്ത അഴിമതി വിരുദ്ധസമരം ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്. ഓളം സൃഷ്ടിച്ചുകൊണ്ടു നടത്തുന്ന  സമരങ്ങള്‍ നമ്മുടെ സാമൂഹിക മാധ്യമങ്ങള്‍ ശരിക്കും ആഘോഷിക്കാറുണ്ട്. 

വിണ്ടും ഒന്ന് കൂടി ഓര്‍മ്മപ്പെടുത്തുന്നു. അസഹിഷ്ണുതയല്ല, മറിച്ചു ചില കാര്യങ്ങള്‍ നമ്മള്‍ ഒരു കാര്യവുമില്ലാതെ ആഘോഷിക്കുന്നു. തീര്‍ച്ചയായും അബ്ദുല്‍ കലാം  നമ്മുടെ ഹൃദയം കവര്‍ന്ന രാഷ്ട്രപതിയായിരുന്നു. ജീവിതത്തിന്‍റെ പൊങ്ങച്ചങ്ങളില്‍ നിന്നും എങ്ങനെ വ്യക്തിജീവിതത്തെ അകറ്റിനിര്‍ത്താം എന്ന് പഠിപ്പിച്ച സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ വ്യത്യസ്തനായ മനുഷ്യന്‍. കലാമിനെ അങ്ങനെ കാണുന്നതിലാകും അദ്ദേഹത്തോട് നമ്മള്‍ പുലര്‍ത്തേണ്ട സത്യസന്ധത നിലനില്‍ക്കുന്നത്. ഇന്നത്തെ ട്രെന്‍ഡ് ന്യൂസുകളില്‍ ഒന്ന് നമ്മള്‍ അദ്ദേഹത്തിന്‍റെ മരണത്തിന്‍റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചതാണ്. എന്നാല്‍ പലതവണ നമ്മള്‍ ചര്‍ച്ചചെയ്ത കലാമിന്‍റെ രാഷ്ട്രീയം എന്തായിരുന്നു. ഒരു തവണകൂടി രാഷ്‌ട്രപതി ഭവന്‍റെ ഒറ്റമുറി ജീവിതം അദ്ദേഹവും സ്വപ്നം കണ്ടിരുന്നു. എന്നാല്‍ ഒരു തവണ കൂടി അവസരം നല്‍കില്ല എന്ന് പറയാതെ പറഞ്ഞ് ഒഴിവാക്കപ്പെട്ട മറ്റൊരു പ്രസിഡന്‍റ്  നമുക്കുണ്ടായിരുന്നു. കലാമിനെ അഭിവാദ്യം ചെയുകയും കെ ആര്‍ നാരായണന്‍ എന്ന രാഷ്ട്രപതിയെ മറക്കുകയും ചെയ്യുന്നിടത്താണ് ആഘോഷത്തിന്‍റെയും തിരസ്കരണത്തിന്‍റെയും പുതിയ ഇന്ത്യ ജീവിക്കുന്നത്.

ടി എന്‍ ശേഷന്‍ എന്ന ശക്തനായ എതിരാളിയെ കെ ആര്‍ നാരായണനെതിരെ നിര്‍ത്താന്‍ മുന്‍നിരയില്‍ നിന്നവരുടെ പക്ഷത്തുനിന്നാണ് കലാം എന്ന നാട്യമില്ലാത്ത മനുഷ്യന്‍ നടന്നു വന്നത്. ആപേക്ഷിക വിലയിരുത്തല്‍ ഒരു കാര്യത്തിലും നന്നല്ല, അത് നല്ല ഒരു കീഴ്‌വഴക്കവുമല്ല എങ്കിലും നാരായണനും കലാമും ഇരുന്നത് ഒരേ കസേരയിലായിരുന്നു. അവിടെ നിന്നും ചിന്തിക്കുമ്പോള്‍ മനസിലാകുന്നത് നാരായണന്‍ എന്നത് പ്രസിഡന്റും കലാം ഒരു ഷോമാനും ആയിരുന്നെന്നാണ്. പറഞ്ഞ് പഴകിയ അത്തരം കാര്യങ്ങള്‍ ഇവിടെ വെളിപ്പെടുത്തിയിട്ടും കാര്യമില്ല.

അതിവ്യാകുലതയുടെ ഒരു ബാല്യം നമ്മള്‍ കലാമില്‍ മാത്രം കാണുമ്പോള്‍ ഒഴിച്ച് നിര്‍ത്തലിന്‍റെയും പോരാട്ടങ്ങളുടെയും പഠനത്തിനുള്ള അദമ്യമായ ആഗ്രഹത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയും ദളിത് ജീവിതം മാത്രം മതി നാരായണന്‍ എന്ന മനുഷ്യന്‍റെ ഉയര്‍ച്ചയുടെ ഔന്നത്യം വിലയിരുത്താന്‍.

ഒരു രാജ്യത്തിന്‍റെ സൈനികശേഷി മാത്രം വികസിപ്പിക്കാന്‍ വേണ്ട പരീക്ഷണങ്ങളിലും പ്രഹര ശേഷിയുള്ള മിസൈലുകള്‍ മെനഞ്ഞെടുക്കാനും മാത്രം കലാം ഉപയോഗിച്ച പൂര്‍വജിവിതവും  നയതന്ത്ര ബന്ധങ്ങളില്‍ നിന്നുകൊണ്ട് കെ ആര്‍ നാരായണന്‍ നയിച്ചിരുന്ന പൂര്‍വജീവിതവും താരതമ്യം ചെയ്യുമ്പോഴും ഇവര്‍ രണ്ടുപേരും വീണ്ടും വ്യത്യസ്തരാകുന്നു. പിന്നെ എന്തുകൊണ്ട് കലാം? ലാളിത്യം മാത്രമാണു കാരണമെങ്കില്‍ അതിലേറെയില്ലേ കെ ആര്‍ നാരായണനെ പറ്റി പറയാന്‍. അപ്പോള്‍ അതൊന്നുമല്ല യഥാര്‍ത്ഥ്യം. ഇരുട്ടുകൊണ്ട് അടയ്ക്കപ്പെടുന്ന ദ്വാരങ്ങള്‍, ഫോട്ടോഷോപ്പ് വിക്രിയകളിലൂടെ നേതൃപാടവത്തിലെത്തുന്ന പുതിയ ലോകത്ത് യഥാര്‍ത്ഥ മനുഷ്യന്‍ തിരസ്കരിക്കപ്പെടുകയും സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് തന്ത്രങ്ങള്‍ മെനയുന്ന മറ്റ്ചിലര്‍ വാഴ്ത്തപ്പെടുകയും ചെയ്യുന്നു. അണ്ണാ ഹസാരെ സ്തുതിക്കപ്പെടുമ്പോള്‍ ശര്‍മ്മിള തിരസ്കരിക്കപ്പെടുന്നതും ഇതേ രാഷ്ട്രീയത്തിന്‍റെ മറ്റൊരു തെളിവാണ്. 

പശുവും പുസ്തകവും ഭീകര ജീവികളാകുന്ന പുതിയ ലോകത്ത്, ദളിതനു മുന്‍പില്‍  അവന്‍റെ ജിവനോപധികളായ ചത്തപശുക്കള്‍ പോലും കൊമ്പുയര്‍ത്തി കുത്താന്‍ വരുന്ന പുതിയ കാലത്ത്, ഒരു പുസ്തകം എഴുതിയതിന്‍റെ പേരില്‍ നട്ടെല്ലിനു ക്ഷതമേല്‍ക്കെണ്ടി വരുന്ന ജീവിതങ്ങള്‍ നിറയുന്ന കാലത്ത് ആകെ പിടികിട്ടുന്നില്ല. ഒന്ന് ശരിക്കും മനസിലാകുന്നു. സെക്കുലറിസം എന്നത്  കലാമിനെ ആരാധിക്കലും പത്തു  ദളിതനെ കൊല്ലുന്നതിന് സമവും നാലു എഴുത്തുകാരുടെ നേരെ അക്രോശിക്കുന്നതുമാണെന്നും തോന്നുന്നു; അല്ല അത് മാത്രം മനസിലാകുന്നു.

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

This post was last modified on July 28, 2016 8:27 am