X

ആൾട്ടോ 800ഉം ഇയോണും ക്വിഡും അഴിഞ്ഞാടുന്ന കളത്തില്‍ ഡാട്‌സൺ റെഡിഗോ

കൊൽക്കത്ത. കൊളോണിയൽ ബംഗ്ലാവുകളുടെയും വൃത്തിഹീനമായ ഗലികളുടെയും നഗരം. വമ്പൻ രമ്യഹർമ്യങ്ങളുടെയും അംബരചുംബികളുടെ യും നഗരം. മഞ്ഞ പെയിന്റടിച്ച അംബാസഡർ ടാക്‌സികളുടെ നഗരം. ഏറ്റവും ഒടുവിൽ കൊൽക്കത്തയിൽ വന്നു പോയത് കൊച്ചിയിൽ നിന്ന് ഭൂട്ടാനിലേക്ക് ഡ്രൈവ് ചെയ്തപ്പോഴാണ്. കൊച്ചി-കൊൽക്കത്ത-സിലിഗുരി-ജയ്ഗാവ് വഴിയാണ് അന്ന് ഭൂട്ടാനിൽ പ്രവേശിച്ചത്.

ഇന്ന് കൊൽക്കത്തയിലേക്കുള്ള വരവ് മറ്റൊരു ഉദ്ദേശത്തോടുകൂടിയാണ്. ഡാട്‌സൺന്റെ റെഡിഗോ എന്ന ചെറു ഹാച്ച്ബായ്ക്ക് ടെസ്റ്റ് ഡ്രൈവ് ചെയ്യുക. ഇന്ത്യയിലേറ്റവുമധികം വിൽക്കപ്പെടുന്ന വാഹന സെഗ്‌മെന്റാണത്. മാരുതി ആൾട്ടോ 800ഉം ഹ്യുണ്ടായ് ഇയോണും റെനോ ക്വിഡും അഴിഞ്ഞാടുന്ന കളം. അവിടേക്ക് ചുവടുവെയ്ക്കുകയാണ് ഡാട്‌സൺ റെഡിഗോ. ഗോ, ഗോ പ്ലസ് എന്നിവയാണ് ഡാട്‌സൺന്റെ മുൻ മോഡലുകൾ. അവ വിജയമാകാതെ പോയത് നിലവാരക്കുറവു കൊണ്ടു തന്നെയാണ്. വില അല്പം കൂടിയാലും നല്ലനിലവാരമുള്ള വാഹനങ്ങളാണ് ഇന്ത്യക്കാരന് പഥ്യം. വില കുറയ്ക്കാനായി ചെയ്ത തന്ത്രങ്ങളാണ് ഗോയ്ക്കും ഗോ പ്ലസിനും വിനയായത്. ഈ പാഠങ്ങൾ ഡാട്‌സൺ ഉൾക്കൊണ്ടു എന്നാണ് റെഡിഗോ ഓടിച്ചപ്പോൾ തോന്നിയത്. 

ഇതാ, വിശദമായ ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട്.

കാഴ്ച

റെനോ ക്വിഡിന്റെ പ്ലാറ്റ്‌ഫോമിലാണ് റെഡിഗോ പിറന്നുവീണിരിക്കുന്നത്. സസ്‌പെൻഷൻ, ഗിയർ ബോക്‌സ്, എഞ്ചിൻ എന്നിവയെല്ലാം ഇരു പൈതങ്ങൾക്കും ഒന്നു തന്നെ. പക്ഷെ കാഴ്ചയിൽ ക്വിഡിനെ ഈസിയായി തോൽപ്പിക്കുന്നു, റെഡിഗോ. സുന്ദരമാണ് രൂപകല്പന. ക്വിഡിനെക്കാൾ അല്പം വലിപ്പക്കുറവുണ്ടെങ്കിലും കാഴ്ചയിൽ അതു തോന്നുകയില്ല. ക്വിഡിനെക്കാൾ ഉയരം കൂടുതലാണ് റെഡിഗോയ്ക്ക് എന്നതും അറിയുക.

എസ് യു വികളുടേതു പോലെ ഉയർന്ന രൂപമാണ് റെഡിഗോയ്ക്ക്. അതുകൊണ്ടുതന്നെ, ‘സ്‌മോൾഹാച്ച്’ എന്നല്ല, ‘അർബൻ ക്രോസ്’ എന്നാണ് ഡാട്‌സൺ, റെഡിഗോയെ വിളിക്കുന്നത്. ഇതിന് പിൻബലമേകുന്ന ഒരു കാര്യം കൂടിയുണ്ട്-ഗ്രൗണ്ട് ക്ലിയറൻസ്. എസ്‌യുവികളെപ്പോലും ഞെട്ടിക്കുന്ന 185 കി.മീ ആണ് ഗ്രൗണ്ട് ക്ലിയറൻസ്.

വലിയ ഗ്രിൽ ആണ് മുൻഭാഗ ശോഭയ്ക്കു കാരണം. അതിനു ചുറ്റും ക്രോമിയം ലൈനുണ്ട്. താഴേക്ക് ഒഴുകിക്കിടക്കുന്ന വലിയ ഹെഡ്‌ലാമ്പ്. ചെത്തിയെടുത്തതു പോലെ  ബമ്പർ. അതിൽ ചെറിയൊരു എയർഡാമും താഴെ അലൂമിനിയം ഫിനിഷുള്ള സ്‌കഫ്‌പ്ലേറ്റും. പറയാൻ മറന്നു, ഡേടൈം റണ്ണിങ് ലാമ്പുകൾ ഈ സ്‌കഫ് പ്ലേറ്റിനു മേലെയായി കൊടുത്തിട്ടുണ്ട്. ഈ സെഗ്‌മെന്റിൽ ആദ്യമായാണ് ഡേടൈം റണ്ണിംഗ് ലാമ്പ് പ്രത്യക്ഷപ്പെടുന്നത്. പവർ ബൾജുകളുള്ള ബോണറ്റ് കൂടിയാകുമ്പോൾ മുൻഭാഗത്തിന്റെ വർണ്ണന പൂർണ്ണമായി. 

വശങ്ങളിൽ നിന്നു നോക്കുമ്പോൾ നമ്മളെ വിട്ടുപിരിഞ്ഞു പോയ ഹ്യുണ്ടായ് സാൻട്രോയുടെ ടോൾബോയ് ഡിസൈൻ ഓർമ്മ വരും. ഹെഡ്‌ലാമ്പിന്റെ താഴെ നിന്നും ഡോറിന്റെ നടുവിൽ നിന്നുമൊക്കെ ബോഡി ലൈനുകൾ ആരംഭിച്ച് പലയിടങ്ങളിലായി അവസാനിക്കുന്നുണ്ട്.

പിൻഭാഗം അതീവ സുന്ദരമാണ്. ‘എൽ’ ഷെയ്പ്പുള്ള ടെയ്ൽലാമ്പ് വശങ്ങളിൽ നിന്നു തുടങ്ങുന്നു. ഒടിവുകളും മടക്കുകളുമൊക്കെയാണ് പിന്നിൽ ബൂട്ടിൽ പലയിടത്തും. താഴെ അലൂമിനിയം ഫിനിഷുള്ള ബമ്പറിന്റെ ഭാഗവും കാണാം.

ഒരു കാര്യം തീർച്ചയാണ്. ഭംഗിയുടെയും തലയെടുപ്പിന്റെയും കാര്യത്തിൽ ഈ സെഗ്‌മെന്റിൽ റെഡിഗോ തന്നെ മുന്നിൽ.

ഉള്ളിൽ

ചാരനിറവും ബീജ് നിറവുമാണ് ഉള്ളിൽ. ഇത് ഉൾഭാഗം പ്രസന്നമാക്കുന്നുണ്ട്. എന്നാൽ പ്ലാസ്റ്റിക്കിന്റെ നിലവാരം അത്ര മികച്ചതല്ല. വില കുറവായതുകൊണ്ട് ചില കോംപ്രമൈസുകൾ വേണ്ടിവരുമല്ലോ. ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ‘ഗോ’യിലേതുപോലെ തന്നെ. നീല അനലോഗ് സ്പീഡോ മീറ്റർ,  ട്രിപ്പ് മീറ്ററും ടാക്കോമീറ്ററുമുള്ള ഓറഞ്ച് നിറമുള്ള ഡിജിറ്റൽ സ്‌ക്രീൻ എന്നിവ ഇതിലുണ്ട്. മൂന്നു എസി വെന്റുകളിലൊന്ന് പിന്നിലേക്ക് വായു ലഭിക്കത്തക്ക വണ്ണം ഫിക്‌സ് ചെയ്തിരിക്കുന്നത് രസമുള്ള കാഴ്ചയാണ്.

ഡാഷ്‌ബോർഡിൽ തുറന്ന സ്റ്റോറേജ് സ്‌പേസുണ്ട്. ഗ്ലോബോക്‌സ് ചെറുതാണ്. ഹാൻഡ്‌ബ്രേക്കിന് താഴെയും ചെറിയ സാധനങ്ങൾ സൂക്ഷിക്കാം. സെൻട്രൽ ലോക്കിങ്ങ് പോലെയുളള കാര്യങ്ങൾ ചെലവു കുറയ്ക്കാനായി വേണ്ടെന്നു വെച്ചിട്ടുണ്ട്. ഡ്രൈവർ എയർബാഗ് ഓപ്ഷണലാണ്. എബിഎസ് ഇല്ല.

ഓഡിയോ സിസ്റ്റത്തിൽ റേഡിയോ, സിഡി പ്ലെയർ, യുഎസ്ബി കണക്ടിവിറ്റിയൊക്കെയുണ്ട്. ബ്ലൂടൂത്ത് മാത്രമില്ല. മുൻസീറ്റിലും പിൻസീറ്റിലും ലെഗ്‌സ്‌പേസ് ഇഷ്ടം പോലെ. സീറ്റിങ് പൊസിഷനും കൊള്ളാം. തുട സപ്പോർട്ടുള്ള അപ്‌ഹോൾസ്റ്ററി നൽകിയിട്ടുണ്ട് സീറ്റിന്.
222 ലിറ്ററാണ് ബൂട്ട്‌സ്‌പേസ്. എന്നാൽ ബൂട്ട് ഉയർന്നിരിക്കുന്നതുമൂലം സാധനങ്ങൾ കയറ്റാൻ ബുദ്ധിമുട്ടുണ്ടാകും. പാർസൽ ട്രേയും കൊടുത്തിട്ടുണ്ട്.

എഞ്ചിൻ

റെനോ ക്വിഡിന്റെ 799 സിസി, 3 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് റെഡിഗോയിലുള്ളത്. 54 ബിഎച്ച്പിയാണ് ഈ എഞ്ചിൻ. 72 ന്യൂട്ടൺ ലിറ്റർ ടോർക്ക്. 5 സ്പീഡ് മാനുവലാണ് ഗിയർബോക്‌സ്. ക്വിഡിലേതിനെക്കാൾ എഞ്ചിന്റെ ഭാരം 25 കി.ഗ്രാം കുറച്ചിട്ടുണ്ട്. മൈലേജും വർദ്ധിച്ചു. 1000-1200 ആർപിഎം വരെ മന്ദതയിൽ തുടരുന്ന റെഡിഗോയിലെ 3 സിലിണ്ടർ എഞ്ചിൻ പിന്നെ കുതിച്ചു പായാൻ സജ്ജമാകുന്നുണ്ട്. 4500 ആർപിഎം വരെ ഈ കുതിപ്പ് നിലനിൽക്കുന്നു. പൊതുവെ 3 സിലിണ്ടർ എഞ്ചിനുകളിൽ കണ്ടുവരുന്ന ശബ്ദവും വിറയലുമൊന്നും ഈ എഞ്ചിൻ കാര്യമായി അനുഭവപ്പെടില്ല.

വളരെ ലൈറ്റാണ് ഗിയർബോക്‌സും ക്ലച്ചും. ഉയർന്ന സീറ്റിങ് പൊസിഷനും ഉള്ളതുകൊണ്ട് റെഡിഗോ മികച്ച ഡ്രൈവിങ് അനുഭവം സമ്മാനിക്കുന്നുണ്ട്. അതുപോലെ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും മോശമല്ലാത്ത സസ്‌പെൻഷൻ സെറ്റപ്പും സമ്മാനിക്കുന്ന യാത്രാസുഖവും എടുത്തു പറയണം. 9.46 മീറ്ററിൽ റെഡിഗോയെ തിരിച്ചെടുക്കുകയും ചെയ്യാം

വിധിന്യായം 

25.17 കി.മീ/ലിറ്റർ എന്ന സർട്ടിഫൈഡ് മൈലേജ് റെഡിഗോയുടെ കരുത്താകും. കൂടാതെ, ഈ സെഗ്‌മെന്റിലെ ഏറ്റവും ഭംഗിയും ഗ്രൗണ്ട് ക്ലിയറൻസുള്ള കാർ എന്ന ഖ്യാതിയും റെഡിഗോയ്ക്കു തന്നെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ബൈജു എന്‍ നായര്‍

കേരളത്തിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റായ ലേഖകന്‍ സ്മാര്‍ട്ട് ഡ്രൈവ് മാസികയുടെ ചീഫ് എഡിറ്ററാണ്.

More Posts

Follow Author:

This post was last modified on December 16, 2016 2:02 pm