X

നമ്മള്‍ കഴുതകള്‍ എന്നു വിളിക്കുന്നവരുടെ ജനാധിപത്യ അനുഭവങ്ങള്‍

വി കെ അജിത്‌കുമാര്‍

ജനാധിപത്യത്തിന്‍റെ സംരക്ഷണം ദൈവമേ നീ ഈ കൈകളിലാണല്ലോ ഏല്‍പ്പിച്ചിരിക്കുന്നത്. എനിക്ക് മുന്നിലേക്ക്‌ നീണ്ടുവന്ന ഇടതു കൈയ്യിലെ കറുത്തചൂണ്ടുവിരല്‍ ചുക്കി ചുളിഞ്ഞതായിരുന്നു. നഖം വെറ്റക്കറ കൊണ്ട് കറുത്തിരുന്നു. ഞാന്‍ ആ കൈകളുടെ ഉടമസ്ഥയെ നോക്കി. കറുത്ത നഖവും ഇരുണ്ട നിറവും ചേരുന്നിടത്ത്‌ പതിയെ വയലറ്റ് നിറത്തിലുള്ള ചായം തേച്ചു കൊടുത്തു. ജനാധിപത്യത്തിന്‍റെ പൌരാവകാശതെളിവ് രേഖപ്പെടുത്തല്‍ എന്ന ചടങ്ങ്. കൈകളുടെ ഉടമസ്ഥയുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ അവിടെ പല്ലുകളില്ലാത്ത  മോണകള്‍ ഒളിപ്പിച്ചു ചിരിക്കുന്ന ഒരു മുത്തശ്ശിയുണ്ടായിരുന്നു. ആ ചിരിയില്‍ അവരുടെ സ്വയമേ ഇല്ലാതിരുന്ന കണ്ണുകള്‍ കൂടി പങ്കു ചേര്‍ന്നതായെനിക്ക് തോന്നി. കുനിഞ്ഞുതാഴുന്ന നടുവ്. പണ്ടെന്നോ ചെത്തിമിനുക്കിയ ഒരു ചുരല്‍ വടിയുടെ സഹായത്തില്‍  ശരീരം താങ്ങി മുത്തശ്ശി സന്തോഷത്തോടെ നടന്നത് EVM എന്ന് ഞങ്ങള്‍ തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥര്‍ വിളിക്കുന്ന വോട്ടിടല്‍ യന്ത്രം വച്ചിരിക്കുന്ന മറപ്രദേശത്തേക്കായിരുന്നു.

അമ്മയ്ക്ക് വോട്ടു ചെയ്യാന്‍ അറിയാമോ? ആ ചോദ്യത്തിനും പഴയ ചിരി തന്നെയായിരുന്നു മറുപടി. ഡിജിറ്റല്‍ ഇന്ത്യയിലേക്ക്‌ ചൂരലൂന്നി പോകുന്ന മുത്തശ്ശിയുടെ കൂനുവീണ നടുവില്‍ തെളിഞ്ഞു നിന്ന നട്ടെല്ലിന്‍റെ ഓര്‍മ്മപ്പെടുത്തലില്‍ ഞാന്‍ കണ്ടത് വെയിലേറ്റു കറുത്ത ചര്‍മ്മമായിരുന്നു. ഇനി ഒരു ബ്യൂട്ടിഷ്യനും സൗന്ദര്യ സംവര്‍ദ്ധക വസ്തുവിനും തിരികെ കൊണ്ടുവരാന്‍ സാധിക്കാത്ത തനികറുപ്പായിരുന്നു അത്. പല കാലങ്ങളിലൂടെ വെയില്‍ചൂട് വരച്ച കറുത്ത കളം … കണ്ണില്‍ നിന്നും ഇപ്പോഴും അത് മായുന്നില്ല.

ഇന്ത്യന്‍ ജനാധിപത്യത്തെ താങ്ങി നിര്‍ത്താന്‍ തക്ക ത്രാണി ഈ മുത്തശ്ശീക്കുണ്ടല്ലോ എന്ന് വെറുതെ ഓര്‍ത്തുപോയി. വോട്ടെടുപ്പ് ദിനമാണ്‌ ചിലര്‍ രാജാക്കന്മാരും റാണിമാരുമാകുന്നതെന്നു ചിന്തിച്ചപ്പോള്‍ വിദ്യാഭ്യാസമെന്ന കലര്‍പ്പ് ആ പഴയ ചൊല്ലിലേക്ക് എന്നെ പെട്ടെന്ന് കൊണ്ട്‌ പോകുകയും ചെയ്തു…Every Dog has a Day …അതറിഞ്ഞിട്ടെന്നപോലെ അവരെന്നോടു പറഞ്ഞത്. ‘കുഞ്ഞേ അമ്പത്തേഴു മുതല്‍ ഞാന്‍ വോട്ടു ചെയ്യുവാ..അന്ന് കമ്മ്യുണിസം വന്നപ്പോ മുതല്‍…ഇപ്പോഴും ഇഷ്ടമാ ഒരു കാര്യവുമില്ലെങ്കിലും- ഇങ്ങനെ വന്നു നമ്മുടെയൊക്കെ ജിവിതമുണ്ടെന്നൊന്നു കാണിക്കണ്ടെ. ഇന്നാണെങ്കി..ആരും മാറിനിക്കാന്‍ പറയില്ല’    തിരിച്ചറിവിന്‍റെ മഹാപാഠങ്ങള്‍ ഇവരിലിങ്ങനെ നിറഞ്ഞുനില്‍ക്കുമ്പോഴാണ് നമ്മള്‍ അവരെ കഴുതകള്‍ എന്നും സംസ്കാരം(?) ഇല്ലാത്തവര്‍ എന്നെല്ലാം വിളിക്കുന്നത്‌.

Election urgentഎന്ന ബോര്‍ഡും വച്ച് വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്ന തെരഞ്ഞെടുപ്പു കാലത്ത് ആരുടെ അടിയന്തിരാവശ്യം എന്നറിയണമെങ്കില്‍ കുട്ടിയെന്ന ഈ  മുത്തശ്ശിയുടെ അവസ്ഥകൂടി നമ്മള്‍ ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. 
അമ്പത്തേഴു മതല്‍ വോട്ടു ചെയ്യുകയും ഇഷ്ടപ്പെട്ടവരില്‍ പലരേയും വിജയിപ്പിക്കുകയും ചെയ്ത ഇവരുടെയോക്കെ കുനിഞ്ഞ നടുവും ഒട്ടിയ വയറും ഒരു ഭാഗത്ത് നില്‍ക്കുമ്പോഴാണ് കേരളം വിട്ടു നമ്മള്‍ പട്ടിണിയുടെ കണക്കെടുപ്പിനു പോകേണ്ടെന്നു ബോധ്യമാകുന്നത്‌. സംവരണ ചര്‍ച്ചയ്ക്ക് കേരളം മാറ്റി നിര്‍ത്തേണ്ടന്നു ബോധ്യപ്പെടുന്നത്. ബീഫും ജൈവകൃഷിയുമൊന്നും വേണ്ട മൂന്ന് നേരം വിശപ്പടങ്ങാന്‍ എന്തെങ്കിലും സംവരണം ചെയ്യണമെന്നു നമുക്ക് തോന്നിപ്പോകുന്നത്. കണ്ണുകളിലെ ദൈന്യതയും വാക്കുകളിലെ ഉള്‍വലിയലും അനുഭവിക്കുന്ന ഒരു വിഭാഗം വോട്ടു ചെയ്യുവാന്‍ മാത്രം നമുക്ക് ചുറ്റും ജീവിച്ചിരിക്കുന്നു നമ്മള്‍ കൊട്ടിഘോഷിച്ച കേരള മോഡലും മെട്രോയുമൊന്നും അറിയാതെ ഇവര്‍ ചെവി മുറിഞ്ഞും കണ്ണുകള്‍ അടച്ചും നാവു പൂട്ടിയും ഈ ചുറ്റുപാടില്‍ ജീവിക്കുന്നുണ്ട്. 

തെരഞ്ഞെടുപ്പു ദിവസം മാത്രം പേന പിടിക്കുന്നവര്‍. പണ്ട് പഠിച്ച സാക്ഷരതയുടെ വെളിച്ചത്തില്‍ വട്ടം ചുറ്റിയും അക്ഷരങ്ങള്‍ പെറുക്കിയെടുത്തും ഒപ്പിട്ടു കാണിക്കുന്ന നിഷ്കളങ്ക ജീവിതങ്ങള്‍; ആന്തരിക ശക്തി മുഴുവന്‍ ആവാഹിച്ചെടുത്ത് വോട്ടു രാജിസ്റ്ററില്‍ ഒപ്പിട്ടശേഷം അറിയാതെ പേനയെടുത്ത് നമുക്ക് മുന്പിലെക്കിട്ട് അവരില്‍ പലരും സ്വാഭിമാനത്തോടെ ഞെളിഞ്ഞു നില്‍ക്കുന്നതും കണ്ടു. ഇത്തരം കാഴ്ചകള്‍ ഇവിടെയിപ്പോഴും നിലനില്‍ക്കുന്നത് ഭരിച്ചു രസിക്കുന്ന ജനാധിപത്യമേ നിന്‍റെ കാരുണ്യം കൊണ്ടാണ്.

വോട്ടെടുപ്പ് ദിവസം മദ്യഷാപ്പുക്കള്‍ തുറക്കാതിരുന്നതിനെ വെല്ലുവിളിച്ചു വന്ന പലരും ലക്ഷ്യം വച്ച് വന്ന ചിഹ്നവും പേരും മറക്കാതിരുന്നത് പോളിറ്റിക്കല്‍ സാക്ഷരത ഇപ്പോഴും അവനവനില്‍ ശക്തമായി  നിലനില്‍ക്കുന്നതിനാലാണ്. നമ്മള്‍ ഇപ്പോഴും ഇങ്ങനെയൊക്കെ കടന്നു പോകുന്നത് ഈ വിധത്തില്‍ ചിലര്‍കൂടി നമ്മളില്‍ ഉള്ളതു കൊണ്ടുമാണ്. 

മതവും രാഷ്ട്രീയവും രണ്ടാണെന്ന് കാണിക്കാന്‍ ശ്രമിക്കുന്ന ബി പി എല്‍ ജീവിതങ്ങള്‍ ഇപ്പോഴുമുള്ളതിനാലാണ് ഇവിടെ മതനിരപേക്ഷതയുടെ ഇത്തിരി വെളിച്ചമെങ്കിലും അവശേഷിക്കുന്നത്. പക്ഷെ മതം, ജാതി എന്നിവയുടെ വ്യക്തമായ സ്വാധിനം അറിയുവാനും നമ്മള്‍ വടക്കെ ഇന്ത്യയെ തേടി പോകേണ്ടതില്ലെന്ന് നമ്മളുടെ  പുതിയ ഗ്രാമ പഞ്ചായത്ത്, വാര്‍ഡ്‌ തല തെരഞ്ഞെടുപ്പുകളുടെ പോസ്റ്ററുകള്‍ കാണിച്ചുതന്നു. നമ്മള്‍ പരിഷ്കൃതര്‍ എന്നവകാശപ്പെടുന്നവര്‍ നടത്തുന്ന തലതിരിഞ്ഞ തീരുമാനങ്ങള്‍.  ജനസേവനത്തിന്‍റെയും പൌരബോധത്തിന്‍റെയും എല്ലാ യോഗ്യതകളേയും വെട്ടിനിരത്തി ഭൂരിപക്ഷ ജാതി വര്‍ഗ്ഗീയതയെന്ന പുതിയ മുഖം നമുക്ക് മുന്‍പില്‍ ഫ്ലക്സ് വച്ച് കാണിക്കാന്‍ ഒരു കക്ഷിയും പിന്നിലല്ല എന്ന തിരിച്ചറിവിലാണ് നമ്മളിപ്പോള്‍. തുല്യ പൌരാവകാശമെന്ന ഭരണഘടനാ തത്വം പരസ്യമായി ലംഘിക്കപ്പെടുന്നതും നമ്മള്‍ കാണുന്നു. ദളിതനെ പ്രതിനിധീകരിക്കാന്‍ ദളിതനും ബ്രാഹ്മണനെ പ്രതിനിധികരിക്കാന്‍ ബ്രാഹ്മണനും വേണമെന്ന വാദം ശക്തമായി നിറയുമ്പോള്‍ നമ്മിലെ തുല്യത പരസ്പര ബഹുമാനം ആദരവ് ഇതെല്ലാമാണ് പെട്ടെന്ന് ഇല്ലാതാകുന്നത്.

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

This post was last modified on November 12, 2015 1:37 pm