X

നോട്ട് പിന്‍വലിക്കല്‍ ഇന്ത്യയുടെ ജിഡിപിയില്‍ ഇടിവുണ്ടാക്കും

അഴിമുഖം പ്രതിനിധി

നോട്ട് നിരോധനമൂലം ഉടലെടുത്തിട്ടുള്ള പണപ്രതിസന്ധിയെ തുടര്‍ന്ന് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനം 6.9 ശതമാനമായി താഴുമെന്ന് കമ്പോള വിശകല ഏജന്‍സിയായ ഫിറ്റ്ച്ച് റേറ്റിംഗ്‌സ് പറയുന്നു. നേരത്തെ ഇത് 7.4 ശതമാനമായിരിക്കും എന്നാണ് കണക്കാക്കിയിരുന്നത്. ഉപഭോക്താക്കള്‍ക്കും കര്‍ഷകര്‍ക്കും തീരുമാനം ഉണ്ടാക്കുന്ന പ്രതിസന്ധി കണക്കിലെടുത്താണ് പുതിയ വിലയിരുത്തല്‍ നടത്തിയിരിക്കുന്നതെന്ന് ഫിച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നും.

2017-18 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം ആഭ്യന്തര ഉല്‍പാദന വളര്‍ച്ച നിരക്ക് നേരത്തെ കണക്കാക്കിയിരുന്ന എട്ട് ശതമാനത്തില്‍ നിന്നും 7.7 ശതമാനമായി കുറയുമെന്നും ഏജന്‍സി വിലയിരുത്തുന്നു. നോട്ട് നിരോധനം ജിഡിപിയില്‍ സൃഷ്ടിക്കുന്ന മധ്യകാല ആഘാതങ്ങളെക്കുറിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. എന്നാല്‍ അനൗപചാരിക മേഖല പ്രതിസന്ധിയെ പെട്ടെന്ന് അതിജീവിക്കാന്‍ സാധ്യതയുള്ളതിനാല്‍ വലിയ ആഘാതങ്ങള്‍ക്ക് സാധ്യതയില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നോട്ട് നിരോധനം മൂലം നാലം പാദത്തിലെ (സെപ്തംബര്‍-ഡിസംബര്‍) സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാവും. ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ വാങ്ങുന്നതിന് പണം തികയാത്തതിനാല്‍ പലയിടത്തും വിതരണശൃംഗലകള്‍ മുറിയുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വിത്തും വളവും വാങ്ങുന്നതിന് ആവശ്യത്തിന് പണം കണ്ടെത്താന്‍ കര്‍ഷകരും ബുദ്ധിമുട്ടുന്നു. എന്നാല്‍ അനൗപചാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ ഉയര്‍ന്ന മുല്യമുള്ള നോട്ടുകളും സ്വര്‍ണം പോലെയുള്ളവയും ഉപയോഗിച്ച് തങ്ങളുടെ ആസ്തികള്‍ സംരക്ഷിക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
 
എന്നാല്‍ ഘടനപരിഷ്‌കാരങ്ങള്‍ക്കുള്ള പുതിയ നയങ്ങള്‍ പടിപടിയായി നടപ്പാക്കുന്നത് ഉയര്‍ന്ന വളര്‍ച്ചയ്ക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഉദാഹരണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 24 ശമ്പളവര്‍ദ്ധന വരുത്തിയത് യഥാര്‍ത്ഥ ചിലവഴിക്കല്‍ വരുമാനത്തില്‍ വലിയ വര്‍ദ്ധനയുണ്ടാക്കും. പക്ഷെ വിവരങ്ങള്‍ കൃത്യമായി ലഭ്യമല്ലാത്തതിനാല്‍ നിക്ഷേപങ്ങള്‍ എപ്പോള്‍ പഴയ നിലവീണ്ടെടുക്കും എന്ന് പ്രവചിക്കുക അസാധ്യമാണെന്നും ഫിറ്റ്ച്ച് റേറ്റിംഗ്‌സ് ചൂണ്ടിക്കാണിക്കുന്നു.